അസിം പ്രേംജിയെ ആകർഷിച്ച 'മലയാളി കരുത്ത്'; നിക്ഷേപമായെത്തിയത് 507 കോടി
|2021 സാമ്പത്തിക വർഷത്തിൽ ഐഡി ഫുഡ്‌സ് 294 കോടി രൂപ വരുമാനം നേടിയിരുന്നു
വിപണി പിടിച്ച് ഭക്ഷ്യ സ്റ്റാർട്ടപ്പായ ഐഡി ഫ്രഷ് ഫുഡ്സ്. 2005-ൽ മലയാളികളായ പി.സി. മുസ്തഫയും അബ്ദുൾ നാസറും അദ്ദേഹത്തിന്റെ സഹോദരന്മാരും ചേർന്ന് തുടങ്ങിയ സംരംഭമാണ് ഇന്നു ലോകശ്രദ്ധ നേടുന്നത്. പ്രധാന നിക്ഷേപകരായിരുന്ന ഹെലിയോൺ വെഞ്ചേഴ്സിന് 10 മടങ്ങ് ആദായം സമ്മാനിച്ചുകൊണ്ടാണ് മലയാളി സംരംഭം പുതിയ നിക്ഷേപം ആകർഷിച്ചതെന്നതും ശ്രദ്ധേയം. നിലവിലെ നിക്ഷേപകൻ കൂടിയായ സാക്ഷാൽ അസിം പ്രേംജി ഓഹരി പങ്കാളിത്തം വീണ്ടും വർധിപ്പിച്ചെന്നതും നിലവിലെ ധനസമാഹരണത്തിന്റെ ഹൈലൈറ്റാണ്.
പുതിയ ധനസമാഹരണത്തോടെ ആദ്യകാല നിക്ഷേപകരായ ഹെലിയോൺ വെഞ്ച്വേഴ്സ് നിക്ഷേപപട്ടികയിൽനിന്നു പുറത്തുപോയതായി കമ്പനി വ്യക്തമാക്കി. നിക്ഷേപത്തിനു 10 മടങ്ങ് ആദായം നൽകിയാണ് നിക്ഷേപകനെ ഐഡി ഫ്രഡ് യാത്രയാക്കിയത്. കമ്പനിയുടെയും ഹെലിയോണിന്റെയും പ്രത്യേക സാമ്പത്തിക ഉപദേഷ്ടാവായി കൊട്ടക് മഹീന്ദ്ര ക്യാപിറ്റലാണ് പ്രവർത്തിച്ചത്. പുതിയ റൗണ്ട് ധനസമാഹരണത്തിൽ 507 കോടി രൂപയാണ് കമ്പനി കൈവരിച്ചത്. ഏകദേശം 400- 450 കോടി രൂപ സമാഹരിക്കാൻ കമ്പനി പദ്ധതിയിടുന്നതായി കഴിഞ്ഞവർഷം സെപ്റ്റംബർ ആദ്യം ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
പുതിയ ധനസമാഹരണം ഫ്രഷ് ഫുഡ് ബിസിനസിന്റെ വിപണി നേതൃത്വം ശക്തിപ്പെടുത്തുന്നതിനും ഉൽപ്പന്ന നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും ശേഷി വർദ്ധിപ്പിക്കുന്നതിനും ഇന്ത്യ, യു.എ.ഇ, യു.എസ് എന്നിവിടങ്ങളിലെ പ്രധാന വിപണികളിലുടനീളം സാന്നിധ്യം വിപുലീകരിക്കുന്നതിനും ഉപയോഗിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. ആഗോള വിപുലീകരണ പദ്ധതികളുടെ ഭാഗമായി, സമീപഭാവിയിൽ സിംഗപ്പൂർ, മലേഷ്യ, മറ്റ് വിപണികളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. 2005ൽ മലയാളികൾ തുടക്കമിട്ട സ്റ്റാർട്ടപ്പിൽ 2014 ലാണ് ഹെലിയോൺ 52 ലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തിയത്. തുടർന്ന് 2017ൽ പ്രേംജി 2.5 കോടി ഡോളറിന്റെ നിക്ഷേപം നടത്തി.
നടപ്പു സാമ്പത്തികവർഷം 500 കോടി രൂപ വരുമാനം കൈവരിക്കുകയാണ് ലക്ഷ്യം. 2021 സാമ്പത്തിക വർഷത്തിൽ ഐഡി ഫുഡ്‌സ് 294 കോടി രൂപ വരുമാനം നേടിയിരുന്നു. കഴിഞ്ഞ വർഷം കർണാടകയിലെ ആനേക്കലിൽ 50 കോടി രൂപ നിക്ഷേപത്തിൽ കമ്പനി ഇഡ്‌ലി- ദോശ ഫാക്ടറി ആരംഭിച്ചിരുന്നു. പുതിയ നിക്ഷേക്ഷപങ്ങളിൽ സന്തോഷമുണ്ടെന്ന് ഐഡി ഫ്രഷ് ഫുഡിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ പി. സി. മുസ്തഫ പറഞ്ഞു.
ബംഗളൂരു ആസ്ഥാനമായുള്ള ബ്രാൻഡിന്റെ ഉൽപ്പന്ന ശ്രേണിയിൽ ഇഡ്‌ലി- ദോശ മാവ്, മലബാർ പറോട്ട, ഗോതമ്പ് പറോട്ട, പനീർ, കട്ടി തൈര്, 'സ്‌ക്യൂസ് ആൻഡ് ഫ്രൈ' വട മാവ്, ഇൻസ്റ്റന്റ് ഫിൽട്ടർ കോഫി ലിക്വിഡ്, സാൻവിച്ച് വൈറ്റ് ബ്രെഡ്, ഗോതമ്പ് സ്ലൈസ്ഡ് ബ്രെഡ് എന്നിവ ഉൾപ്പെടുന്നു. ബംഗളൂരു, ഹൈദരാബാദ്, മുംബൈ, യു.എ.ഇ. എന്നിവിടങ്ങളിൽ കമ്പനിക്ക് നിർമാണ പ്ലാന്റുകളുണ്ട്. യു.എസിലെ പ്ലാന്റ് പണിപ്പുരയിലാണ്.