മൻമോഹന്റെ കാലത്ത് സാമ്പത്തിക വളർച്ച മുരടിച്ചു: നാരായണ മൂർത്തി
|മെയ്ക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ട് അപ് ഇന്ത്യ പദ്ധതികൾ കൊണ്ടു വന്ന മോദി സർക്കാറിനെ നാരായണമൂർത്തി പ്രശംസിച്ചു
അഹമ്മദാബാദ്: മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാറിന്റെ കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിശ്ചലമായെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻആർ നാരായണമൂർത്തി. മൻമോഹൻ സിങ് അസാധാരണ വ്യക്തിത്വമായിരുന്നു എന്നും എന്നാൽ അത് ഭരണത്തിൽ പ്രതിഫലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഹമ്മദാബാദ് ഐഐഎമ്മിൽ വിദ്യാർത്ഥികളോട് സംവദിക്കുകയായിരുന്നു നാരായണമൂർത്തി.
'ലണ്ടനിൽ എസ്എസ്ബിസിയുടെ ബോർഡിലുണ്ടായിരുന്നു ഞാൻ. 2008-2012 കാലയളവിൽ. ആദ്യത്തെ കുറച്ചു വർഷം ചൈനയുടെ പേര് യോഗത്തിൽ രണ്ടോ മൂന്നോ തവണ പരാമർശിക്കപ്പെട്ടു. ഇന്ത്യയുടെ പേര് ഒരിക്കൽ മാത്രമേ ചർച്ചയ്ക്ക് വന്നുള്ളൂ. മൻമോഹൻ സിങ്ങിന്റെ കാലത്ത് - അദ്ദേഹം എനിക്ക് ബഹുമാനമുള്ള അസാധാരണ വ്യക്തിത്വമായിരുന്നു- എന്തു കൊണ്ടോ ഇന്ത്യ നിശ്ചലമായി. തീരുമാനങ്ങൾ വേഗത്തിലെടുത്തില്ല.' - അദ്ദേഹം പറഞ്ഞു.
മെയ്ക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ട് അപ് ഇന്ത്യ തുടങ്ങിയ പദ്ധതികൾ കൊണ്ടു വന്ന മോദി സർക്കാറിനെ നാരായണ മൂർത്തി പ്രശംസിച്ചു. മറ്റു രാജ്യത്തെ ജനങ്ങൾ ഇന്ത്യയെ ചെറുതായി കണ്ട കാലമുണ്ടായിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് ഇന്ന് നിശ്ചിത അളവിൽ ആദരവു കിട്ടുന്നുണ്ട്. ഇന്ത്യയിപ്പോൾ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. നേരത്തെ ചൈനക്ക് കിട്ടിയ ആദരവ് ഇപ്പോൾ ഇന്ത്യക്ക് കിട്ടുന്നുണ്ട് ' - അദ്ദേഹം കൂട്ടിച്ചേർത്തു.
'എന്റെ ചെറുപ്പത്തിൽ ഇന്ത്യയിൽ വലിയ പ്രതീക്ഷയില്ലാത്തതു കൊണ്ട് കൂടുതൽ ഉത്തരവാദിത്വങ്ങളുണ്ടായിരുന്നില്ല. ഇന്ന് നിങ്ങൾ രാജ്യത്തെ മുമ്പോട്ടു നയിക്കുമെന്നാണ് പ്രതീക്ഷകൾ. നിങ്ങൾ ഇന്ത്യയെ ചൈനയോട് മുട്ടി നിർത്തുന്ന രാജ്യമാക്കി മാറ്റുമെന്നാണ് കരുതുന്നത്.' - നാരായണമൂർത്തി പറഞ്ഞു.