![Massive Jump In Stock Market After Exit Polls Predict BJP Win Massive Jump In Stock Market After Exit Polls Predict BJP Win](https://www.mediaoneonline.com/h-upload/2024/06/03/1426511-share-market.webp)
എക്‌സിറ്റ് പോളുകൾ ബി.ജെ.പി വിജയം പ്രവചിച്ചതിന് പിന്നാലെ സ്റ്റോക്ക് മാർക്കറ്റിൽ വൻ കുതിപ്പ്
![](/images/authorplaceholder.jpg?type=1&v=2)
2,600 പോയിന്റാണ് സെൻസെക്‌സിലെ നേട്ടം. സെൻസെക്‌സ് 76,738ഉം നിഫ്റ്റി 23,338ഉം കടന്നു.
മുംബൈ: എക്‌സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പി വീണ്ടും അധികാരം നിലനിർത്തുമെന്ന് പ്രവചിച്ചതിന് പിന്നാലെ സ്റ്റോക്ക് മാർക്കറ്റിൽ വൻ കുതിപ്പ്. 2,600 പോയിന്റാണ് സെൻസെക്‌സിലെ നേട്ടം. സെൻസെക്‌സ് 76,738ഉം നിഫ്റ്റി 23,338ഉം കടന്നു.
എല്ലാ സെക്ടറൽ സൂചികകളും മികച്ച നേട്ടത്തിലാണ്. പൊതുമേഖലാ ബാങ്ക് സൂചിക 4.50 ശതമാനത്തിലേറെ ഉയർന്നു. നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യ സേവനം, മീഡിയ, റിയാൽറ്റി സൂചികകൾ മൂന്ന് ശതമാനത്തോളം നേട്ടത്തിലാണ്. ആദ്യമായി നിഫ്റ്റി ബാങ്ക് സൂചിക 50,000 പിന്നിട്ടു.
ബി.എസ്.ഇ മിഡ് ക്യാപ് സൂചികയിൽ നാല് ശതമാനവും സ്‌മോൾ ക്യാപ് സൂചികയിൽ രണ്ട് ശതമാനവുമാണ് നേട്ടം. അദാനി പോർട്‌സ്, അദാനി എന്റർപ്രൈസസ്, ശ്രീരാം ഫിനാൻസ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ 10 ശതമാനംവരെ നേട്ടമുണ്ടാക്കി. ബാങ് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനാറ ബാങ്ക്, എസ്.ബി.ഐ, യൂക്കോ ബാങ്ക്, ഇന്ത്യൻ ബാങ്ക് തുടങ്ങിയവ 3.50 ശതമാനത്തിലേറെ ഉയരത്തിലാണ്.
ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് ജൂൺ ഒന്നിന് പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. 272 സീറ്റ് നേടുന്ന പാർട്ടിക്കോ മുന്നണിക്കോ ആണ് സർക്കാർ രൂപീകരിക്കാൻ കഴിയുക. വ്യക്തമായ ഭൂരിപക്ഷമുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽവരുമെന്ന എക്‌സിറ്റ് പോൾ സൂചനകളാണ് വിപണിയിൽ പ്രതിഫലിച്ചതെന്നാണ് ഓഹരി വിപണിയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.