Business
പ്രധാനമന്ത്രിക്കു മുമ്പിലിരിക്കുന്ന ഈ കില്ലാഡി ആരാണ്? അറിയാം ഈ ബിസിനസ് ഭീമനെ
Business

പ്രധാനമന്ത്രിക്കു മുമ്പിലിരിക്കുന്ന ഈ 'കില്ലാഡി' ആരാണ്? അറിയാം ഈ ബിസിനസ് ഭീമനെ

Web Desk
|
6 Oct 2021 8:16 AM GMT

പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്

കസേരയിൽ ഇരിക്കുന്ന ഒരാൾക്ക് മുമ്പിൽ ശ്രദ്ധിച്ചു നിന്നു കേൾക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി- ട്വിറ്ററിൽ അടുത്ത ദിവസങ്ങളിലായി പറന്നു നടന്ന ഒരു ചിത്രമാണിത്. അപ്പോഴേ അന്വേഷണങ്ങൾ ആരംഭിച്ചു. പ്രധാനമന്ത്രിക്കു മുമ്പിൽ ഇരിക്കുന്ന ഇയാൾ ആരാണ്? നിമിഷങ്ങള്‍ക്കുള്ളില്‍ ട്വിറ്റർ സമൂഹം അതിനുത്തരവും കണ്ടെത്തി. അത്, രാജ്യത്തെ വൻകിട ഇക്വിറ്റി ഇൻവസ്റ്ററും ബിസിനസ് ഭീമനുമായ രാജേഷ് ജുൻജുൻവാല!.

ന്യൂഡൽഹിയിൽ രാകേഷുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ നരേന്ദ്രമോദി തന്നെയാണ് സ്വന്തം ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചത്. ഒരേയൊരു രാകേഷ് ജുൻജുൻവാലയെ കണ്ടതിൽ സന്തോഷം എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.

ആരാണിയാൾ?

ഫോബ്‌സിന്റെ പട്ടിക പ്രകാരം 34,387 കോടിയുടെ ആസ്തിയുള്ള ബിസിനസ് ഭീമനാണ് രാകേഷ് ജുൻജുൻവാല. ബോംബെയിൽ അഗർവാൾ കുടുംബത്തിൽ ജനിച്ച അറുപത്തിയൊന്നുകാരൻ ഇന്ത്യയുടെ വാറൺ ബഫറ്റ് എന്നാണ് അറിയപ്പെടുന്നത്. അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ റെയർ എന്റർപ്രൈസസിന്റെ ഉടമയാണ്. ആപ്‌ടെക് ലിമിറ്റഡ്, ഹങ്കാമ ഡിജിറ്റൽ മീഡിയ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ചെയർമാനുമാണ്.


ജിയോജിത് ഫൈനാൻഷ്യൽ സർവീസ്, ബിൽകെയർ ലിമിറ്റഡ്, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി, വൈസ്രോയ് ഹോട്ടൽസ് ലിമിറ്റഡ് തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡ് അംഗമാണ്. ഓഹരി വിപണിയിലെ നിക്ഷേപവും വിൽപ്പനയുമാണ് രാകേഷിന്റെ വിജയമന്ത്രം. കൃത്യമായി കണക്കുകൂട്ടി ചില ഓഹരികൾ ദീർഘകാലം കൈയിൽവച്ച് പിന്നീട് ലാഭമുണ്ടാകുമ്പോൾ വിറ്റഴിച്ചു പണമുണ്ടാക്കുകയാണ് അദ്ദേഹത്തിന്റെ രീതി.

മാന്ത്രിക സ്പർശമുള്ള നിക്ഷേപകൻ എന്നാണ് ഫോബ്‌സ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. കോളജിൽ പഠിക്കുന്ന കാലം മുതൽ തന്നെ ഓഹരിവിപണിയിൽ നിക്ഷേപമിറക്കിയ രാകേഷിന് ടൈറ്റാൻ, ടാറ്റ, സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്, മെട്രോ ബ്രാൻഡ്‌സ് തുടങ്ങിയ കമ്പനികളിൽ നിക്ഷേപമുണ്ട്.


ഓഹരി വിപണിക്കു പുറമേ, രാകേഷിന്റെ ബോളിവുഡ് പ്രിയവും പ്രസിദ്ധമാണ്. ശ്രീദേവി അഭിനയിച്ച ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രം നിർമിച്ചത് ഇദ്ദേഹമാണ്. രേഖ ജുൻജുൻവാലയാണ് ഭാര്യ.

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ചരിത്രത്തിലെ ഏറ്റവും അധികം ലാഭമുണ്ടാക്കിയിട്ടുളള ഇന്ത്യൻ ഇക്വിറ്റി ഇൻവെസ്റ്റർമാരിൽ ഒരാളാണ് രാകേഷ്. ഹർഷദ് മേത്ത ജയിലിൽ പോയതോടെ 'ബിഗ് ബുൾ' എന്ന വിശേഷണം അർഹിക്കുന്ന ഇൻവസ്റ്റർ. കോവിഡ് മഹാമാരി എല്ലാ വ്യാപാരങ്ങളുടെയും നട്ടെല്ലൊടിച്ചപ്പോൾ ഓഹരി വിപണിയിൽ നിന്ന് 1400 കോടിയിലധികം രൂപ നേടിയെടുത്ത മാന്ത്രികന്‍ കൂടിയാണ് രാകേഷ് ജുൻജുൻവാല.

Similar Posts