Business
വിശ്വാസം കുറയുന്നു; അദാനി കമ്പനികളുടെ റേറ്റിങ് നെഗറ്റീവിലേക്ക് താഴ്ത്തി മൂഡീസ്
Business

വിശ്വാസം കുറയുന്നു; അദാനി കമ്പനികളുടെ റേറ്റിങ് നെഗറ്റീവിലേക്ക് താഴ്ത്തി മൂഡീസ്

abs
|
11 Feb 2023 12:03 PM GMT

വിപണിയിലെ അതിവേഗ തിരിച്ചടികളാണ് തീരുമാനത്തിന് പിന്നിലെന്ന് മൂഡീസ്

മുംബൈ: നാല് അദാനി ഗ്രൂപ്പ് കമ്പനികളുടെ റേറ്റിങ് സുസ്ഥിരതയിൽ നിന്ന് നെഗറ്റീവിലേക്ക് താഴ്ത്തി അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മൂഡീസ്. അദാനി കമ്പനികള്‍ക്ക് ഓഹരി വിപണിയിൽ തിരിച്ചടി തുടരുന്ന സാഹചര്യത്തിലാണ് മൂഡീസിന്റെ തീരുമാനം. അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, അദാനി ഗ്രീൻ എനർജി റസ്ട്രിക്ടഡ് ഗ്രൂപ്പ്, അദാനി ട്രാൻസ്മിഷൻ സെറ്റെപ്-വൺ ലിമിറ്റഡ്, അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡ് എന്നീ കമ്പനികളുടെ റേറ്റിങ്ങാണ് സ്‌റ്റേബിളിൽനിന്ന് നെഗറ്റീവിലേക്ക് താഴ്ത്തിയത്.

അദാനി പോർട് ആന്റ് സ്‌പെഷ്യൽ എകണോമിക് സോൺ ലിമിറ്റഡ്, അദാനി ഇന്റർനാഷണൽ കണ്ടയ്‌നർ ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡ്, അദാനി ഗ്രീൻ എനർജി റസ്ട്രിക്ടഡ് ഗ്രൂപ്പ്, അദാനി ട്രാൻസ്മിഷൻ റസ്ട്രിക്ടഡ് ഗ്രൂപ്പ് 1 എന്നിവയുടെ റേറ്റിങ് സ്റ്റേബിളിൽ നിലനിർത്തിയിട്ടുണ്ട്.

ഓഹരിമൂല്യം പെരുപ്പിച്ചു കാണിച്ചാണ് ലിസ്റ്റഡ് കമ്പനികളുടെ വ്യാപാരം നടത്തുന്നത് എന്ന ഹിൻഡൻബർഗ് റിപ്പോർട്ടാണ് അദാനി ഗ്രൂപ്പിന് തിരിച്ചടിയായിരുന്നത്. ജനുവരി 24ന് വന്ന റിപ്പോർട്ടിന് പിന്നാലെ അദാനിയുടെ വിപണിമൂല്യത്തിൽ നൂറു മില്യൺ ഡോളറിലേറെ നഷ്ടമാണ് ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആരോപണത്തിന് പിന്നാലെ കടം തിരിച്ചടക്കാൻ ലക്ഷ്യമിട്ട് ഗ്രൂപ്പ് മുമ്പോട്ടു വച്ച ഇരുപതിനായിരം കോടി രൂപയുടെ ഫോളോ ഓൺ പബ്ലിക് ഓഫർ റദ്ദാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ആഗോള ഓഹരി സൂചിക സമാഹകരായ മോർഗൻ സ്റ്റാൻലി കാപിറ്റൽ ഇന്റർനാഷണൽ അദാനി എന്റർപ്രൈസസ്, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, എസിസി ലിമിറ്റഡ് എന്നിവയുടെ ഫ്രീ ഫ്‌ളോട്ട് സ്റ്റാറ്റസ് ഇല്ലാതാക്കിയിരുന്നു. സെക്യൂരിറ്റി മാർക്കറ്റിൽനിന്ന് അന്താരാഷ്ട്ര നിക്ഷേപകർക്ക് വാങ്ങാൻ പറ്റാവുന്ന പൊതുഓഹരികളുടെ അളവാണ് ഒരു ഫ്രീ ഫ്‌ളോട്ട്.

അതിനിടെ, ഫ്‌ളാഗ്ഷിപ് കമ്പനിയായ അദാനി എന്റർപ്രൈസസിന്റെ വായ്പാ തിരിച്ചടവിനായി ഓഹരി ഈട് നൽകി അദാനി ഗ്രൂപ്പ് വായ്പ തരപ്പെടുത്തി. അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ എകണോമിക് സോൺ, അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് കമ്പനികളുടെ ഓഹരികളാണ് ഗ്രൂപ്പ് ഈടായി നൽകിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള എസ്ബിഐ ക്യാപ് ട്രസ്റ്റീസ് കോർപറേഷനിൽനിന്നാണ് വായ്പ ലഭ്യമായത്. ക്യാപ് ട്രസ്റ്റീസ് വെള്ളിയാഴ്ച ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന് നൽകിയ വിവരത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തിൽനിന്ന് 100 ബില്യൺ ഡോളറാണ് ജനുവരി 24 മുതൽ ഒലിച്ചു പോയത്. സ്റ്റോക് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ പത്തിൽ എട്ടു കമ്പനികളും നഷ്ടത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഫെബ്രുവരി പത്തിന് മാത്രം 3.3 ശതമാനം നഷ്ടമാണ് അദാനിക്ക് നേരിട്ടത്. ജനുവരി 24ൽനിന്ന് ഗ്രൂപ്പിന്റെ മൂല്യം 51 ശതമാനം കുറഞ്ഞതായി എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ റീട്ടെയിൽ റിസർച്ച് മേധാവി ദീപക് ജസാനി പറഞ്ഞു.

റഗുലേറ്ററി ഫയലിങ് പ്രകാരം അദാനി പോർട്ട് 75,00,000 ഓഹരികളാണ് ഈടായി വച്ചത്; 0.35 ശതമാനം. 0.65 ശതമാനം ഓഹരികൾ പോർട്‌സ് നേരത്തെ ഈടായി വച്ചിരുന്നു. ഇതോടെ ആകെ ഈട് ഒരു ശതമാനമായി. 13,00,000 അധിക ഓഹരികൾ ഈടായി നൽകാമെന്നാണ് അദാനി ട്രാൻസ്മിഷൻ അറിയിച്ചിട്ടുള്ളത്, 0.11 ശതമാനം. നേരത്തെ നൽകിയ 0.44 ശതമാനം ഓഹരികൾ കൂടി പരിഗണിച്ചാൽ ആകെ ഈട് 0.55 ശതമാനമായി. 60,00,000 ഓഹരികളാണ് (0.38%) അദാനി ഗ്രീൻ നൽകിയത്. ഇതോടെ ആകെ ഈട് 1.06 ശതമാനമായി.

Summary: Global ratings agency Moody's Investor Service downgraded its ratings outlook for four Adani Group companies from stable to negative





Related Tags :
Similar Posts