മൂന്ന് ബോർഡ് അംഗങ്ങൾ രാജിവച്ചു; ബൈജൂസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്
|ഓഡിറ്റർ സ്ഥാനത്തു നിന്ന് ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഡെലോയ്‌റ്റ് ഹസ്‌കിൻസ് ആൻഡ് സെൽസും രാജിവച്ചു.
മുംബൈ: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന എജ്യുടെക് കമ്പനി ബൈജൂസിന് പുതിയ ആഘാതം. കമ്പനിയുടെ ഡയറക്ടർ ബോർഡിൽനിന്ന് മൂന്നു പേർ രാജിവച്ചു. പീക്ക് എക്‌സ് വി പാട്‌ണേഴ്‌സ് എംഡി ജി.വി രവിശങ്കർ, ഇൻവസ്റ്റ്‌മെന്റ് കമ്പനി പ്രോസസിന്റെ പ്രതിനിധി റസൽ ഡ്രീസെൻസ്റ്റോക്, ചാൻ സക്കർബർഗിൽ നിന്നുള്ള വിവിയൻ വു എന്നിവരാണ് രാജിവച്ചതെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ബിസിനസ് നടത്തിപ്പിലെ അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജി.
വായ്പാ തിരിച്ചടവ്, കേസുകൾ, സാമ്പത്തിക വർഷത്തെ വരവുചെലവ് റിപ്പോർട്ട് സമർപ്പണം എന്നിവ മൂലം ബുദ്ധിമുട്ടുന്ന കമ്പനിക്ക് പുതിയ തീരുമാനം വൻ ആഘാതമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. 'മൂന്ന് നിക്ഷേപകരും ഒന്നിച്ചാണ് രാജി വയ്ക്കാൻ തീരുമാനിച്ചത്. കമ്പനിയും ഓഹരിയുടമകളും തമ്മിലുള്ള ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്.' - കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് എകണോമിക് ടൈംസ് റിപ്പോർട്ടു ചെയ്തു.
ബൈജൂസിലെ നിക്ഷേപം പത്തു ശതമാനത്തിൽ താഴെയാക്കി കഴിഞ്ഞ വർഷം കുറച്ച കമ്പനിയാണ് പ്രോസസ്.
അതിനിടെ, ബൈജൂസിന്റെ ഓഡിറ്റർ സ്ഥാനത്തു നിന്ന് ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഡെലോയ്‌റ്റ് ഹസ്‌കിൻസ് ആൻഡ് സെൽസും രാജിവച്ചു. സാമ്പത്തിക റിപ്പോർട്ടുകൾ ലഭിക്കാൻ കാലതാമസം വരുന്നു എന്നാരോപിച്ചാണ് കമ്പനി രാജിവയ്ക്കുന്നത്. 2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ഫൈനാൻഷ്യൽ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കമ്പനി രാജിക്കുറിപ്പിൽ അറിയിച്ചു.
2022 സെപ്തംബറിൽ വന്ന റിപ്പോർട്ട് പ്രകാരം 2021 സാമ്പത്തിക വർഷത്തിൽ 4588 കോടി രൂപയാണ് ബൈജൂസിന്റെ സഞ്ചിത നഷ്ടം. 2020 വർഷത്തേക്കാൾ 19 മടങ്ങ് കൂടുതലാണിത്. പ്രതിസന്ധിയെ തുടർന്ന് ആയിരക്കണക്കിന് ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടിരുന്നു.