കോഴിഫാം തുടങ്ങാൻ പണം വേണോ? ഒമ്പത് ലക്ഷം വരെ വായ്പകളുമായി സ്ഥാപനങ്ങൾ
|ബ്രോയിലർ കോഴിഫാമിന് പദ്ധതി ചെലവിന്റെ 75 % വരെ വായ്പ ലഭിക്കും. 5000 കോഴികളുള്ള ഫാമിന് പരമാവധി മൂന്ന് ലക്ഷം വീതം ലഭിക്കും. ഒരു കർഷകന് പരമാവധി ഒമ്പത് ലക്ഷം രൂപയാണ് അനുവദിക്കുക.
നമ്മുടെ വീടിനോട് ചേർന്ന് നല്ലൊരു ബിസിനസ് ആരംഭിക്കാൻ താൽപ്പര്യമുള്ളവർക്ക് മുമ്പിൽ ഒരുപാട് ചോയ്‌സുകളുണ്ട്. ഏറ്റവും കുറഞ്ഞ മുടക്ക് മുതലിൽ ആരംഭിച്ച് വലിയ രീതിയിൽ പതിയെ വളർത്തിയെടുക്കാവുന്ന ബിസിനസുകളായിരിക്കും ഇത്തരക്കാർക്ക് നല്ലത്. എന്നും വിപണിയുള്ള, മികച്ച ആദായം നൽകുന്ന വിരലിലെണ്ണാവുന്ന ബിസിനസുകളിൽ ഒന്നാണ് പൗൾട്രി ഫാം. അഥവാ കോഴിഫാം. എത്ര കുറഞ്ഞ മുതൽമുടക്കിലും തുടങ്ങാനാകുമെങ്കിലും ഇടത്തരം രീതിയിൽ ആരംഭിച്ചാൽ വലിയ ലാഭം നേടാം. എന്നാൽ വലിയ ഫാം തുടങ്ങണമെങ്കിൽ സ്വന്തം പോക്കറ്റ് കൂടി നോക്കണമെന്നായിരിക്കും പലരുടെയും ഉത്തരം. ഈ ബിസിനസിന് മുതൽമുടക്ക് കണ്ടെത്താൻ വലിയ പ്രയാസമില്ല.കാരണം പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളുമൊക്കെ ഈ സംരംഭം തുടങ്ങാൻ വായ്പ അനുവദിക്കും. കോഴി വളർത്തലും മൃഗ സംരക്ഷണവുമൊക്കെ കാർഷിക വായ്പകൾക്ക് കീഴിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
എസ്ബിഐ പൗൾട്രി ലോൺ
പൊതുമേഖലാ ബാങ്കായ എസ്ബിഐ വിവിധ തരത്തിലുള്ള കാർഷിക വായ്പകൾ നൽകുന്നുണ്ട്. ഇതിലൊന്നാണ് എസ്ബിഐ പൗൾട്രി ലോൺ. പുതിയ കർഷകർക്ക് പൗൾട്രി ഷെഡ് ,ഫീഡ് റൂം, മറ്റ് ഉപകരണങ്ങൾ എന്നിവ നിർമിക്കാനും വാങ്ങാനുമായി വരുന്ന ചെലവുകൾക്കാണ് ഈ വായ്പാ പദ്ധതി പണം നൽകുന്നത്.
യോഗ്യത: പൗൾട്രി ഫാമിങ്ങ് മേഖലയിൽ മതിയായ വിവരമോ മുൻപരിചയമോ ഉണ്ടെന്ന് അപേക്ഷകൻ തെളിയിക്കണം. കോഴി ഫാം നിർമിക്കാൻ ആവശ്യമായ സ്ഥലം ഉണ്ടെന്ന് ഉറപ്പുവരുത്തിയാൽ ഈ വായ്പക്കായി അപേക്ഷിക്കാം.
കൊളാറ്ററൽ സെക്യൂരിറ്റി: പൗൾട്രി ഷെഡും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്ന സ്ഥലം സെക്യൂരിറ്റിയായി നൽകണം. അഞ്ച് വർഷത്തേക്കാണ് ഈ വായ്പ അനുവദിക്കുന്നത്. തെരഞ്ഞെടുപ്പ് ഐഡി കാർഡ്,പാൻകാർഡ്,പാസ്‌പോർട്ട്,ആധാർ കാർഡ്,ഡ്രൈവിങ് ലൈസൻ എന്നിവയിൽ ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖകൾ സഹിതം ബാങ്കിന്റെ അപേക്ഷാഫോറം പൂരിപ്പിച്ച് നൽകിയാൽ മതി. അപേക്ഷാഫോറത്തിന് ബാങ്കിന്റെ ശാഖയിൽ നിന്നോ വെബ്‌സൈറ്റിലോ ലഭിക്കും. ബ്രോയിലർ കോഴിഫാമിന് പദ്ധതി ചെലവിന്റെ 75 % വരെ വായ്പ ലഭിക്കും. 5000 കോഴികളുള്ള ഫാമിന് പരമാവധി മൂന്ന് ലക്ഷം വീതം ലഭിക്കും. ഒരു കർഷകന് പരമാവധി ഒമ്പത് ലക്ഷം രൂപയാണ് അനുവദിക്കുക.
പിഎൻബി ലോൺ
കോഴികർഷകർക്കായി പഞ്ചാബ് നാഷനൽ ബാങ്കും കാർഷിക വായ്പ അനുവദിക്കുന്നുണ്ട്. നിങ്ങൾ സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ മുതൽമുടക്കിന് വേണ്ടി പിഎൻബിയെ സമീപിക്കാം. ഫാം ഷെഡ് നിർമിക്കാനും ഉപകരണങ്ങൾ വാങ്ങാനും മാത്രമല്ല ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നതിനും കോഴിത്തീറ്റയും മരുന്നുകൾ വാങ്ങാനും പിഎൻബി വായ്പ നൽകും. വായ്പകൾക്കൊപ്പം പ്രൊഡക്ഷൻ ക്രെഡിറ്റും ബാങ്ക് നല്കും. ഫാം ആരംഭിക്കാൻ മതിയായ സ്ഥലമുണ്ടെന്ന് തെളിയിക്കണം. വായ്പ ലഭിക്കണമെങ്കിൽ സെക്യൂരിറ്റിയായി ഭൂമി പണയപ്പെടുത്തുകയോ മൂന്നാം കക്ഷി ഗ്യാരന്റി നിൽക്കുകയോ ചെയ്യണം. വായ്പാതുക പൗൾട്രി ഫാമിന്റെ വലിപ്പത്തിന് അനുസരിച്ചായിരിക്കും നൽകുക. 12 മുതൽ 18 മാസമാണ് തിരിച്ചടവ് കാലാവധി. പഞ്ചാബ് നാഷനൽ ബാങ്കിന്റെ വെബ്‌സൈറ്റിൽ തന്നെ വായ്പയ്ക്കായി അപേക്ഷിക്കാം.