മൂന്നുവർഷത്തിനുള്ളിൽ 5000 ചാർജിങ് സ്റ്റേഷനുകൾ; പുതിയ നീക്കവുമായി ഹിന്ദുസ്ഥാൻ പെട്രോളിയം
|കൂടാതെ ഗ്രീൻ പവർ, ഗ്രീൻ ഹൈഡ്രജൻ എന്നിവയുടെ സാധ്യതകളും കമ്പനി ആലോചിക്കുന്നുണ്ട്
രാജ്യത്ത് ഉയർന്ന് വരുന്ന ഇന്ധന വില ഇലക്ട്രിക് വാഹന വിപണിയെ ഉത്തേജിപ്പിക്കുകയാണ്. ഉപയോക്താക്കൾക്കിടയിൽ ഇലക്ട്രിക് വാഹനങ്ങളോട് പ്രിയമേറുന്നുണ്ട്. പക്ഷേ ഇന്ത്യയിൽ ചാർജിങ് സ്റ്റേഷനുകൾ കുറവാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്(എച്ച്.പി.സി.എൽ) പുതിയ പദ്ധതി മുന്നോട്ടവെയ്ക്കുകയാണ്. മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തുടനീളമായി 5000 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് എച്ച്.പി.സി.എൽ അറിയിച്ചു.
ഹിന്ദുസ്ഥാൻ പെട്രോളിയത്തിൻ്റെ നിയന്ത്രണത്തിൽ 84 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളാണ് നിലവിൽ രാജ്യത്തുള്ളത്.19000 ഇന്ധന റീട്ടെയിൽ സ്റ്റേഷനുകളാണ് കമ്പനിക്ക് കീഴിലുള്ളത്. ഇതിനോടൊപ്പം ചാർജിങ് സ്റ്റേഷനുകൾ ഒരുക്കാനാണ് പദ്ധതിയിടുന്നത്. കൂടാതെ ഗ്രീൻ പവർ, ഗ്രീൻ ഹൈഡ്രജൻ എന്നിവയുടെ സാധ്യതകളും കമ്പനി ആലോചിക്കുന്നുണ്ട്. പുതിയ നീക്കത്തിലൂടെ ഇലക്ട്രിക് ചാർജിങ് വിപണിയിൽ വലിയ പങ്കാളിത്തമാണ് ഹിന്ദുസ്ഥാൻ പെട്രോളിയം ലക്ഷ്യമിടുന്നത്.