ലഡാക്കിൽ വച്ച് ഹൃദയാഘാതം; വ്യവസായി അംബരീഷ് മൂർത്തി അന്തരിച്ചു
|ഫർണിച്ചർ ശൃംഖലയായ പെപ്പർഫ്രൈ സഹസ്ഥാപകനും സി.ഇ.ഒയുമാണ് അംബരീഷ് മൂർത്തി
ശ്രീനഗർ: ഫർണിച്ചർ ശൃംഖലയായ പെപ്പർഫ്രൈ സഹസ്ഥാപകനും സി.ഇ.ഒയും വ്യവസായിയുമായി അംബരീഷ് മൂർത്തി അന്തരിച്ചു. 51 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ലഡാക്കിലാണ് അന്ത്യം. ബിസിനസ് പങ്കാളി ആശിഷ് ഷായാണു വിവരം പുറത്തുവിട്ടത്.
''എന്റെ സുഹൃത്തും വഴികാട്ടിയും സഹോദരനും ആത്മമിത്രവുമെല്ലാമായ അംബരീഷ് മൂർത്തി മരിച്ച വിവരം അത്യധികം വേദനയോടെയാണ് അറിയിക്കുന്നത്. ഇന്നലെ ലേയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അദ്ദേഹത്തിനു വേണ്ടിയും കുടുംബത്തിനും ബന്ധുക്കൾക്കും (ഇതു നേരിടാൻ) ത്രാണി നൽകാനും പ്രാർത്ഥിക്കണം''-ആശിഷ് ട്വീറ്റ് ചെയ്തു.
2012ൽ ആശിഷിനൊപ്പം ചേർന്നാണ് അംബരീഷ് മുംബൈയിൽ ഫർണിച്ചർ കമ്പനിക്കു തുടക്കമിടുന്നത്. 1996ൽ ചോക്ലേറ്റ് നിർമാതാക്കളായ കാഡ്ബറിയിൽ സെയിൽസ് ആൻഡ് മാർക്കറ്റിങ് വിഭാഗത്തിലൂടെയാണ് കരിയറിനു തുടക്കം. ഇവിടെ അഞ്ചര വർഷം ജോലി ചെയ്ത ശേഷം ഐ.സി.ഐ.സി.ഐയിൽ മാർക്കറ്റിങ് ആൻഡ് കസ്റ്റമർ സർവീസ് വൈസ് പ്രസിഡന്റ് ആയി ചേർന്നു.
ഇതിനുശേഷം ലിവൈസിലും ബ്രിട്ടാനിയയിലും ഇ-ബേ ഇന്ത്യയിലുമെല്ലാം പ്രമുഖ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. കൽക്കട്ട ഐ.ഐ.എം പൂർവ വിദ്യാർത്ഥിയാണ്.
Summary: Pepperfry co-founder Ambareesh Murty dies of cardiac arrest at Leh