Business
ദേശതാത്പര്യങ്ങൾ ബലി കഴിക്കുന്നു; ടാറ്റയുമായി കൊമ്പുകോർത്ത് കേന്ദ്രസർക്കാർ
Business

ദേശതാത്പര്യങ്ങൾ ബലി കഴിക്കുന്നു; ടാറ്റയുമായി കൊമ്പുകോർത്ത് കേന്ദ്രസർക്കാർ

Web Desk
|
14 Aug 2021 1:28 PM GMT

ദേശീയതയുടെ സ്പിരിറ്റിൽ സംസാരിക്കുമ്പോൾ മാധ്യമങ്ങൾ അതിനെ പിന്തിരിപ്പനായി ചിത്രീകരിക്കുന്നുവെന്ന് മന്ത്രി പിയൂഷ് ഗോയല്‍

മുംബൈ: ഇന്ത്യൻ വ്യവസായ ഭീമനായ ടാറ്റയുടെ ദേശതാത്പര്യങ്ങൾ ചോദ്യം ചെയ്ത് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഉപഭോക്താക്കൾക്ക് ലഭിക്കേണ്ട നേട്ടങ്ങൾ ടാറ്റ സൺസ് തടയുകയാണ് എന്നും വിദേശകമ്പനികൾക്കു വേണ്ടി ദേശതാത്പര്യങ്ങൾ ബലി കഴിക്കുകയാണ് എന്നും മന്ത്രി കുറ്റപ്പെടുത്തി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) വാർഷിക യോഗത്തിലായിരുന്നു മന്ത്രിയുടെ വിമർശം.

'എന്റേത്, എന്റെ കമ്പനി-എന്ന സമീപനം മാറണം. നിങ്ങളെ പോലുള്ള കമ്പനി, നിങ്ങൾ ഒന്നോ രണ്ടോ വിദേശകമ്പനികളെ വാങ്ങിയിട്ടുണ്ടാകാം. അവരുടെ പ്രാധാന്യം ദേശീയ താത്പര്യത്തിനും മുകളിലാണോ?' - ടാറ്റ സൺസ് ഇൻഫ്രാസ്ട്രക്ചർ പ്രസിഡണ്ട് ബൻമാലി അഗ്രവാല കൂടി പങ്കെടുത്ത വിർച്വൽ യോഗത്തിൽ അദ്ദേഹം ചോദിച്ചു.

ടാറ്റ സ്റ്റീൽ അടക്കമുള്ള ഇന്ത്യൻ കമ്പനികളുടെ മുൻഗണനകളും ഗോയൽ ചോദ്യം ചെയ്തു. പത്തു പൈസ ലാഭത്തിനായി ഇന്ത്യയിലെ കമ്പനികൾ ഉരുക്ക് ഇറക്കുമതി ചെയ്യുന്ന സാഹചര്യമാണ്. എന്നിട്ട് ഇറക്കുമതിച്ചുങ്കം ഒഴിവാക്കാനായി സർക്കാറിൽ സമ്മർദം ചെലുത്തുകയും ചെയ്യുന്നു. ജപ്പാനിലും കൊറിയയിലുമുള്ള കമ്പനികൾക്ക് 'ദേശസ്‌നേഹമുണ്ട്'. അവർ ഉരുക്ക് ഇറക്കുമതി ചെയ്യുന്നില്ല. ടാറ്റ സ്റ്റീലിന് അവരുടെ ഉത്പന്നങ്ങൾ ജപ്പാനിലും കൊറിയയിലും വിൽക്കാനാകുമോ? നമ്മൾ ദേശീയതയുടെ സ്പിരിറ്റിൽ സംസാരിക്കുമ്പോൾ മാധ്യമങ്ങൾ അതിനെ പിന്തിരിപ്പനായി ചിത്രീകരിക്കും. ജപ്പാനിലും കൊറിയയിലും അങ്ങനെ പറയില്ല' - മന്ത്രി പറഞ്ഞു.

'ഏറ്റവും ചുരുങ്ങിയത് ഈ വിദേശികളുടെ അത്യാഗ്രഹത്തെയെങ്കിലും നിങ്ങൾ പ്രതിരോധിച്ചു നിർത്തണം. സത്യസന്ധമായ, നല്ല ബിസിനസ് ചെയ്യുന്നതിനെ സ്വാഗതം ചെയ്യുന്നു. ചില കൈകളിലേക്ക് മാത്രം കൂടുതൽ ലാഭം വരുന്നത് രാജ്യത്ത് ഒരുപാട് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. ചിലരുടെ ആർത്തി ധാരാളം പേരെ ദരിദ്രരാക്കുന്നുണ്ട്' - ഗോയൽ കൂട്ടിച്ചേർത്തു.

രാജ്യത്തെ വ്യവസായ ലോകത്തിന് സമ്പൂർണ പിന്തുണ നൽകി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഭാഷണത്തിന് പിന്നാലെയാണ് മന്ത്രിയുടെ വിമർശനങ്ങൾ. ചടങ്ങിൽ മന്ത്രി നടത്തിയ പ്രഭാഷണം കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ഇൻഡസ്ട്രി യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. വിഷയത്തിൽ കോൺഫറേഷനോ ഗോയലിന്റെ ഓഫീസോ പ്രതികരിച്ചിട്ടില്ല.

എതിർപ്പുമായി പ്രതിപക്ഷവും വ്യവസായ ലോകവും

പിയൂഷ് ഗോയലിന്റെ പ്രസ്താവനയെ വിമർശിച്ച് പ്രതിപക്ഷവും വ്യവസായ ലോകവും രംഗത്തെത്തി. വ്യവസായ ലോകത്തെ നായകരെ ഇത്തരത്തിൽ വിമർശിക്കുന്നതും അവരുടെ ദേശതാത്പര്യത്തെ ചോദ്യം ചെയ്യുന്നതും നാണക്കേടാണെന്ന് ശിവസേനാ നേതാവ് പ്രിയങ്ക ചതുർവേദി പറഞ്ഞു. 'മാന്യതയില്ലാത്തത്' എന്നാണ് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനാറ്റെ പരാമർശത്തെ വിശേഷിപ്പിച്ചത്. ബുദ്ധിഭ്രമം സംഭവിച്ച മന്ത്രിയുടെ അട്ടഹാസം എന്നാണ് പ്രസംഗത്തെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര പരിഹസിച്ചത്.

ബിജെപിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന സ്ഥാപനങ്ങളിലൊന്നാണ് ടാറ്റ ഗ്രൂപ്പ് എന്നതാണ് ഏറെ കൗതുകരം. 2018-19 സാമ്പത്തിക വർഷത്തിൽ ടാറ്റയുടെ നിയന്ത്രണത്തിലുള്ള പ്രോഗ്രസീവ് ഇലക്ടോറൽ ട്രസ്റ്റ് 356 കോടി രൂപയാണ് ബിജെപിക്ക് നൽകിയത്. മുംബൈ ആസ്ഥാനമായാണ് ഈ ട്രസ്റ്റ് പ്രവർത്തിക്കുന്നത്. ഇതേ ട്രസ്റ്റ് 55 കോടി രൂപ മാത്രമാണ് കോൺഗ്രസിന് നൽകിയിരുന്നത്, ബിജെപിക്ക് നൽകിയതിന്റെ 15 ശതമാനം മാത്രം.

Similar Posts