ഇന്ധനതീരുവ കുറച്ചിട്ടും മെരുങ്ങാതെ പണപ്പെരുപ്പം, വായ്പയ്ക്ക് ചെലവേറും; ആർബിഐ നയം പറയുന്നത്
|റിപ്പോ നിരക്കുകൾ വർധിപ്പിച്ചത് ഏറ്റവും കൂടുതൽ ബാധിക്കുക വായ്പയെടുത്തവരെയാണ്
മുംബൈ: 2022-23 സാമ്പത്തിക വർഷത്തിന്റെ രണ്ടാം ധനനയ സമിതി യോഗത്തിലും ബാങ്കുകൾക്ക് നൽകുന്ന പണത്തിന്റെ പലിശനിരക്കായ റിപ്പോ ഉയർത്താൻ തീരുമാനിച്ചിരിക്കുകയാണ് റിസർവ് ബാങ്ക്. റിപ്പോയിൽ അമ്പത് ബേസിസ് പോയിന്റ് (0.5%) വർധനയാണ് കേന്ദ്ര ബാങ്ക് വരുത്തിയത്. മേയില് വരുത്തിയ നാലു ശതമാനം വർധനയ്ക്ക് പിന്നാലെയാണ് ആർബിഐയുടെ തീരുമാനം. ഇതോടെ 4.90 ശതമാനമായി റിപ്പോ നിരക്ക്.
2023 സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം പഴയതു തന്നെ, 7.2 ശതമാനം. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ അനുമാനം 5.7 ശതമാനത്തിൽനിന്ന് 6.7 ശതമാനമാക്കി ഉയർത്തി. റിപ്പോ ഉയർത്തിയത്, വളർച്ചാ അനുമാനം പഴയതാക്കി നിലനിർത്തിയത്, പണപ്പെരുപ്പ അനുമാനം വർധിപ്പിച്ചത് എന്നീ മൂന്നു കാര്യങ്ങളാണ് ബുധനാഴ്ച ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നടത്തിയ വാർത്താ സമ്മേളനത്തിന്റെ ഹൈലൈറ്റ്.
പിടിച്ചിട്ടു കിട്ടാത്ത പണപ്പെരുപ്പം
പണപ്പെരുപ്പം നിയന്ത്രിച്ചു നിർത്താനാണ് ആർബിഐ റിപ്പോ നിരക്ക് വർധിപ്പിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചതിലൂടെ കേന്ദ്രസർക്കാർ പണപ്പെരുപ്പം പിടിച്ചുനിർത്താൻ ആവതു ശ്രമിച്ചതായി ശക്തികാന്ത ദാസ് പറയുന്നു. എന്നാൽ അതു കൊണ്ട് മെരുങ്ങുന്നതല്ല പണപ്പെരുപ്പം എന്നാണ് ആർബിഐയുടെ പുതിയ ധനനയം പറയുന്നത്.
വരുന്ന മൂന്നു പാദങ്ങളിലും ഇൻഫ്ളേഷൻ നിരക്ക് നിശ്ചിത പരിധിയായ ആറു ശതമാനത്തിനും മുകളിലാകും എന്നാണ് ആർബിഐ വിലയിരുത്തൽ. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് പിന്നാലെ വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളാണ് പണപ്പെരുപ്പത്തിന് പിന്നിലെന്നാണ് ദാസ് പറയുന്നത്. ചില വിദേശരാജ്യങ്ങളിലും പണപ്പെരുപ്പം ഉയർന്നു നിൽക്കുന്ന സാഹചര്യമാണുള്ളത്. ലോകത്തെ അമ്പതോളം കേന്ദ്ര ബാങ്കുകൾ കഴിഞ്ഞ ദിവസങ്ങളിലായി പലിശനിരക്കുകൾ ഉയർത്തിയിരുന്നു.
ഇഎംഐ എത്രയാകും
റിപ്പോ നിരക്കുകൾ വർധിപ്പിച്ചത് ഏറ്റവും കൂടുതൽ ബാധിക്കുക വായ്പയെടുത്തവരെയാണ്. പ്രതിമാസ ഇഎംഐ അടക്കാൻ കൂടുതൽ പണം മുടക്കേണ്ടി വരും. ഗാർഹിക, വാഹന, മറ്റു വായ്പാ തിരിച്ചടവുകളെയെല്ലാം ഇതു ബാധിക്കും. അതേസമയം, ബാങ്ക് നിക്ഷേപങ്ങളുടെ പലിശ ഉയരുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസത്തിന് വക നൽകുന്നതാണ്.
നിലവിലെ വർധനയോടെ, റിപ്പോ നിരക്കിൽ 0.9 ശതമാനം വർധയാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്രബാങ്കിന്റെ നിരക്കു വർധനയുടെ ചുവടുപിടിച്ച് ബാങ്കുകളും ഭവന സാമ്പത്തിക സ്ഥാപനങ്ങളും അവർ നൽകുന്ന വായ്പയ്ക്കും പലിശ കൂടുതൽ ചുമത്തും. ഉദാഹരണത്തിന്, ഇരുപത് വർഷത്തെ കാലാവധിക്ക് 30 ലക്ഷം രൂപയുടെ ഗാർഹിക വായ്പയാണ് എടുത്തിട്ടുള്ളത് എങ്കിൽ (പലിശനിരക്ക് ഏഴു ശതമാനം) ഇഎംഐയിൽ 1648 രൂപയുടെ വർധനയുണ്ടാകും. അഥവാ, പ്രതിമാസം 23259 രൂപ അടക്കേണ്ടിടത്ത് 24,907 രൂപ നൽകേണ്ടി വരും. ഓരോ ലക്ഷം രൂപയുടെ വായ്പയ്ക്കും 55 രൂപയാണ് അധികം നൽകേണ്ടി വരിക.
അതുപോലെ, പത്തു ശതമാനം പലിശ നിരക്കിൽ എട്ടു ലക്ഷം രൂപയുടെ ഏഴു വർഷത്തെ വായ്പയ്ക്ക്, പ്രതിമാസ തിരിച്ചടവ് 13,281യിൽനിന്ന് 13,656 രൂപയാകും. 375 രൂപയുടെ വർധനയാണ് ആകെയുണ്ടാകുക.
അഞ്ചു വർഷത്തെ കാലാവധിയിൽ അഞ്ചു ലക്ഷത്തിന്റെ വ്യക്തിഗത വായ്പയാണ് എങ്കിൽ തിരിച്ചടവിൽ 235 രൂപയുടെ വർധനയുണ്ടാകും. 11,634 രൂപയിൽനിന്ന 11,869 രൂപ ആയാണ് വർധിക്കുക.
സഹകരണ ബാങ്കുകളുടെ വ്യക്തിഗത ഭവന വായ്പാ പരിധി നൂറ് ശതമാനമാക്കി ഉയർത്താനും ആർബിഐ തീരുമാനിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഗുണകരമാകുന്ന തീരുമാനമാണിതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
Summary: The Reserve Bank of India has increased the policy repo rate by 0.5 per cent or 50 basis points in the June MPC meeting. Earlier, in the first meeting of the Monetary Policy Committee (MPC) for the financial year 2022-23 held in April 2022 had maintained status quo with policy repo rate at 4 per cent.