Business
അവിശ്വസനീയ ഡിസ്‌കൗണ്ടിൽ ഇന്ത്യയ്ക്ക് എണ്ണ വാഗ്ദാനം ചെയ്ത് റഷ്യ
Business

അവിശ്വസനീയ ഡിസ്‌കൗണ്ടിൽ ഇന്ത്യയ്ക്ക് എണ്ണ വാഗ്ദാനം ചെയ്ത് റഷ്യ

Web Desk
|
1 April 2022 3:10 PM GMT

വെള്ളിയാഴ്ച ബ്രൻഡ് ക്രൂഡ് ഓയിൽ വില 104.93 ഡോളറാണ്

മോസ്‌കോ: അന്താരാഷ്ട്ര സമൂഹം പ്രഖ്യാപിച്ച ഉപരോധത്തെ മറികടക്കാൻ ഇന്ത്യക്ക് വമ്പൻ ഡിസ്‌കൗണ്ടിൽ അസംസ്‌കൃത എണ്ണ വാഗ്ദാനം ചെയ്ത് റഷ്യ. യുക്രൈനിലെ റഷ്യൻ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പുള്ള വിലയിൽ ക്രൂഡ് ഓയിൽ നൽകാമെന്നാണ് മോസ്‌കോ അറിയിച്ചത്. ബാരൽ ഒന്നിന് 30-35 ഡോളർ ഡിസ്‌കൗണ്ടിൽ എണ്ണ നൽകാമെന്നാണ് റഷ്യയുടെ വാഗ്ദാനമെന്ന് ഫൈനാൻഷ്യൽ എക്‌സ്പ്രസ് റിപ്പോർട്ടു ചെയ്യുന്നു.

യുക്രൈനിൽ ഫെബ്രുവരി 23ന് റഷ്യൻ ആക്രമണം ആരംഭിക്കുന്ന വേളയിൽ 97 യുഎസ് ഡോളറായിരുന്നു അസംസ്‌കൃത എണ്ണയുടെ വില. വില 14 വർഷത്തെ ഉയർന്ന നിരക്കായ 139 ഡോളർ വരെ ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്ത്യയിലും ഇന്ധന വില കുതിച്ചുയർന്നു. തെരഞ്ഞെടുപ്പ് കാലത്ത് മരവിപ്പു നിര്‍ത്തിയ പെട്രോള്‍-ഡീസല്‍ വില, മാർച്ച് 22 മുതൽ ഒമ്പതു തവണയാണ് വർധിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. വെള്ളിയാഴ്ച 104.93 ഡോളറാണ് ബ്രൻഡ് ക്രൂഡ് ഓയിൽ വില. എന്നിട്ടും രാജ്യത്തെ ഇന്ധന വില കുറച്ചിട്ടില്ല. വിലക്കുറവില്‍ ക്രൂഡ് ഓയില്‍ വാങ്ങിയാലും അതിന്‍റെ നേട്ടം എണ്ണക്കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറിയേക്കില്ല.

ഈ വർഷം 15 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് റഷ്യ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. പ്രധാന ഉപഭോക്താവായ യൂറോപ്യൻ യൂണിയൻ വിൽപ്പന വെട്ടിക്കുറച്ച സാഹചര്യത്തിലാണ് റഷ്യ ഇന്ത്യയെ സമീപിച്ചിട്ടുള്ളത്. സാഹചര്യങ്ങൾ മുതലെടുത്ത് ചൈന റഷ്യൻ ഇന്ധനം ഡിസ്‌കൗണ്ട് നിരക്കിൽ വാങ്ങിത്തുടങ്ങിയിട്ടുണ്ട്.

2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പത്തു മാസം 419,000 ടൺ ക്രൂഡ് ഓയിലാണ് ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങിയത്. ആകെ ഇറക്കുമതിയുടെ 0.2 ശതമാനം മാത്രമേ ഇതു വരൂ. 175.9 ദശലക്ഷം ടൺ അസംസ്‌കൃത എണ്ണയാണ് കഴിഞ്ഞ വർഷം ഇന്ത്യ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തത്. 2021 സാമ്പത്തിക വർഷം ആകെ ഇറക്കുമതിയുടെ 0.3 ശതമാണ് ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങിയത്. 633,000 ടൺ. മഹാമാരിക്ക് മുമ്പുള്ള 2020ൽ 2.93 ദശലക്ഷം ടണ്ണും. ആകെ ഇറക്കുമതിയുടെ 1.3 ശതമാനം.

രാജ്യത്തിന് ആവശ്യമുള്ള മൊത്തം ഇന്ധനത്തിന്റെ 85 ശതമാനവും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണ് എങ്കിലും, ഉയർന്ന തോതിലുള്ള കടത്തുകൂലി കാരണം ചെറിയ അളവിലേ ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാറുള്ളൂ. വ്യാപാരം സുഗമമാക്കുന്നതിന്റെ ഭാഗമായി റൂപീ-റൂബിൾ വിനിമയവും റഷ്യൻ ബാങ്കുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലുള്ള റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായുള്ള ചർച്ചകൾക്കിടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകും എന്നാണ് കരുതപ്പെടുന്നത്. റഷ്യയ്ക്ക് സഹായകരമാകുന്ന തരത്തിൽ ഇന്ധനം വാങ്ങുന്നതിനെ യുഎസും യൂറോപ്യൻ യൂണിയനും എതിർക്കുന്ന സാഹചര്യവുമുണ്ട്.

Summary: Russia is offering hefty discounts to India for direct oil purchases, which will make it attractive for New Delhi to get into contracts with Moscow despite elevated freight costs. Russia wants India to buy 15 million barrels this year.

Similar Posts