അന്ന് മാസം രണ്ട് രൂപ, ഇന്ന് രണ്ടായിരം കോടി; വട്ടപ്പൂജ്യത്തില്‍ നിന്ന് വെട്ടിപ്പിടിച്ചവള്‍ കല്‍പ്പന
|മഹാരാഷ്ട്രയിലെ ഒരു ദളിത് കുടുംബത്തില്‍ ജനിച്ച കല്‍പ്പന സരോജിന്റെ കീഴില്‍ ഇന്ന് രണ്ടായിരം കോടി ആസ്തിയുള്ള ഏഴ് വ്യവസായ സംരംഭങ്ങളാണുള്ളത്
മുംബൈ: ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ കൈവന്ന് ചേരുന്നതല്ല വിജയം. അത് പതിറ്റാണ്ടുകളുടെ പരിശ്രമത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും ആകെ തുകയാണ്. വിജയത്തിലേക്കുള്ള പാതയില്‍ പരാജയങ്ങളുണ്ടായേക്കാം. ചിലപ്പോള്‍ വഴുതിവീഴാം. പക്ഷേ, ദൃഢനിശ്ചയത്തോടെ ആ പാതയില്‍ മുന്നേറുന്നവരെ വിജയം കാത്തിരിക്കുന്നുണ്ടാകും.
പൂജ്യത്തില്‍ നിന്നും വിജയം വെട്ടിപ്പിടിച്ചവരുടെ കഥകള്‍കൊണ്ട് സമ്പന്നമാണ് നമ്മുടെ രാജ്യം. അവര്‍ക്ക് രാജ്യത്തെ പട്ടിണി മുഴുവന്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് അത്താണിയായി മാറാനായി. അവയുടെ മുന്‍പന്തിയില്‍ ചേര്‍ത്തുവെക്കാന്‍ തക്കവണ്ണമുള്ളൊരു കഥയാണ് രണ്ട് രൂപ മാസവരുമാനത്തില്‍ നിന്ന് തുടങ്ങി ഇന്ന് രണ്ടായിരം കോടി ആസ്തിയുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയും സാമൂഹ്യ പ്രവര്‍ത്തകയുമായ കല്‍പ്പന സരോജിന്റെതും.
മഹാരാഷ്ട്രയിലെ റോപ്പര്‍ഖേദ ഗ്രാമത്തില്‍ ദളിത് കുടുംബത്തില്‍ ജനിച്ച കല്‍പ്പന സരോജ്, 12-ാം വയസില്‍ വിവാഹിതയായി. ശൈശവ വിവാഹത്തിന്റെ കഷ്ടതകളെല്ലാം അനുഭവിച്ച കല്‍പ്പന, ഭര്‍തൃ വീട്ടിലെ പീഡനങ്ങള്‍ സഹിക്കവയ്യാതെ തന്റെ ഗ്രാമത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ സ്വന്തം കുടുംബത്തില്‍ നിന്ന് പോലും നേരിടേണ്ടി വന്ന അവഗണനയും കുത്തുവാക്കുകളും കല്‍പ്പനയെ പരിമിതമായ വിദ്യാഭ്യാസ യോഗ്യതകള്‍ക്കുതകുന്ന ജോലികളെടുക്കാനായി നിര്‍ബന്ധിതയാക്കി.
മാസം രണ്ട് രൂപ വരുമാനത്തില്‍ ഒരു വസ്ത്രശാലയില്‍ ജോലിക്ക് കയറിയ കല്‍പ്പന പിന്നീട് മുംബൈയില്‍ തന്നെ നഴ്സായും മറ്റ് പല ജോലികളും ചെയ്തു. അങ്ങനെയിരിക്കെയാണ് സ്വന്തമായി ബിസിനസ് തുടങ്ങണമെന്ന ആഗ്രഹം കല്‍പ്പനക്കുണ്ടാകുന്നത്.
ബാങ്കില്‍ നിന്ന് ലോണെടുത്ത് പണം കൊണ്ട് തയ്യല്‍ മെഷീനുകള്‍ വാങ്ങി വില്‍ക്കുന്ന സംരംഭമാണ് കല്‍പ്പന ആദ്യം തുടങ്ങിയത്. അതില്‍ നിന്നും കിട്ടിയ ലാഭം കൊണ്ട് ഫര്‍ണീച്ചര്‍ ബിസിനസ് ആരംഭിച്ച കല്‍പ്പന പിന്നീട് സിനിമാ നിര്‍മാണ കമ്പനിക്കും തുടക്കമിട്ടു.
1985ല്‍ കെ.എസ് എന്ന പേരിലുള്ള സിനിമാ നിര്‍മാണ കമ്പനിയുടെ ബാനറില്‍ പുറത്തിറക്കിയ ആദ്യ സിനിമ മൂന്ന് ഭാഷകളിലായാണ് പ്രദര്‍ശിപ്പിച്ചത്. പിന്നീട് നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കണ്‍മണി ട്യൂബ്സ് എന്ന സ്റ്റീല്‍ പൈപ്പ് നിര്‍മാണ കമ്പനിയും കല്‍പ്പന ഏറ്റെടുത്തു.
വിജയപാതയിലും നിരവധി പ്രതിസന്ധികളും സാമ്പത്തിക നഷ്ടങ്ങളും ജാതീയമായ വിവേചനങ്ങളും നേരിടേണ്ടിവന്ന കല്‍പ്പന സരോജ് നിശ്ചയദാര്‍ഢ്യം കൊണ്ട് അതെല്ലാം മറികടന്നു. ഇന്ന് രണ്ടായിരം കോടി ആസ്തിയുള്ള ഏഴ് വ്യവസായ സംരംഭങ്ങളാണ് കല്‍പ്പന ഗ്രൂപ്പിന്റെ കീഴിലുള്ളത്. സംരംഭകത്വത്തിന് പുറമേ അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും സ്ത്രീകളുടെയും ദളിതരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തക കൂടിയാണ് പത്മശ്രീ ജേത്രി കൂടിയായ ഈ 62 കാരി.