സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ പിന്തുണ; എന്താണ് നിര്‍ത്തലാക്കിയ ഏഞ്ചല്‍ ടാക്സ്
|സർക്കാർ കണക്കാക്കുന്ന ഓഹരിമൂല്യത്തിനു പുറമേയുള്ള തുകയും സ്റ്റാർട്ടപ്പുകളുടെ മൂലധനം തന്നെയാണ്
ഡല്‍ഹി: ജനപ്രിയ പദ്ധതികളൊന്നുമില്ലാതെ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഓഹരി വിപണി നിക്ഷേപകര്‍ക്ക് ബജറ്റ് കനത്ത തിരിച്ചടിയാണ് നല്‍കിയത്. ദീര്‍ഘകാല മൂലധന നേട്ട നികുതി (long-term capital gains tax/LTCG) നിലവിലെ 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനവും ചില ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കുള്ള മൂലധന നേട്ട നികുതി ( short-term capital gains tax/STCG) 20 ശതമാനവുമാക്കി. അതേസമയം സ്റ്റാർട്ടപ്പ് വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ വിഭാഗത്തിലുള്ള നിക്ഷേപകർക്കും ഏഞ്ചൽ ടാക്സ് നിർത്തലാക്കുന്നതായി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്താണ് ഏഞ്ചല്‍ ടാക്സ്
സ്റ്റാർട്ടപ്പുകൾക്ക് ആദ്യഘട്ടത്തിൽ ലഭിക്കുന്ന നിക്ഷേപമായ ഏഞ്ചൽ നിക്ഷേപങ്ങൾക്ക് ആദായനികുതി ചുമത്തുന്ന രീതിയെയാണ് 'ഏഞ്ചൽ ടാക്സ്' എന്നു വിളിക്കുന്നത്.വിജ്ഞാനാധിഷ്ഠിത വ്യവസായമായ സ്റ്റാർട്ടപ്പുകളുടെ ഓഹരിമൂല്യം ലോകമെങ്ങും കണക്കാക്കുന്ന രീതിയിൽ നിന്ന് വളരെ കുറവായിട്ടാണ് ആദായനികുതി വകുപ്പ് കണക്കാക്കുന്നത്. സർക്കാർ കണക്കാക്കുന്ന ഓഹരിമൂല്യത്തിനു പുറമേയുള്ള തുകയും സ്റ്റാർട്ടപ്പുകളുടെ മൂലധനം തന്നെയാണ്. എന്നാലിതിനെ വരുമാനമായിട്ടാണ് ആദായനികുതി വകുപ്പ് കാണുന്നത്.
നിക്ഷേപകൻ കണക്കാക്കുന്ന മൂല്യവും സർക്കാരിന്റെ കണക്കും തമ്മിൽ വലിയ വ്യത്യാസമുള്ളതിനാൽ ലക്ഷങ്ങളാണ് സ്റ്റാർട്ടപ്പുകൾ നികുതിയായി നൽകേണ്ടി വരിക. ഉദാഹരണത്തിന് സർക്കാർ 35 രൂപയായി കണക്കാക്കുന്ന ഓഹരിക്ക് നിക്ഷേപകന് നൽകുന്നത് 100 രൂപയാണെങ്കിൽ ബാക്കി 65 രൂപയുടെ നികുതിയും പിഴപ്പലിശയും ചേർത്ത തുക സ്റ്റാർട്ടപ്പ് നൽകണം. 2012ലാണ് ഏഞ്ചല്‍ ടാക്സ് നിലവില്‍ വരുന്നത്.
സ്റ്റാർട്ടപ്പുകളെ ഏഞ്ചൽ ടാക്സ് എങ്ങനെ ബാധിക്കുന്നു?
ഫണ്ട് കുറവായ യുവ സ്റ്റാർട്ടപ്പുകൾക്ക്, കമ്പനിയുടെ പ്രവർത്തനച്ചെലവുകൾക്ക് മുകളിൽ എയ്ഞ്ചൽ ടാക്സ് മൂലമുണ്ടാകുന്ന അധിക നികുതി കടുത്ത ഭാരമായി അനുഭവപ്പെടും. അധിക നികുതി ബാധ്യത നിക്ഷേപത്തെ തടയുകയും സര്‍ക്കാര്‍ വ്യവസായ മേഖലയില്‍ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്ന നവീകരണത്തെയും വളർച്ചയെയും തടസ്സപ്പെടുത്തുകയും ചെയ്യും.
ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികളില്‍ നിക്ഷേപം നടത്തി മൂല്യം പെരുപ്പിച്ച് കാണിച്ച് കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനാണ് 2012ൽ ഏഞ്ചല്‍ ടാക്സ് കൊണ്ടുവരുന്നത്. സ്റ്റാർട്ടപ്പുകളെ സംബന്ധിച്ച് പ്രാരംഭ ഘട്ട നിക്ഷേപങ്ങൾ പലപ്പോഴും നിലവിലെ മൂല്യത്തേക്കാൾ ഭാവി സാധ്യതകളെ അടിസ്ഥാനമാക്കിയാണ് സംഭവിക്കുക. ഇത് സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ മൂല്യനിർണ്ണയത്തെ ന്യായീകരിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ അനുകൂലമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിന് ഏഞ്ചൽ ടാക്സ് എടുത്തുകളയണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വളരെക്കാലമായി ആവശ്യപ്പെടുന്നുണ്ട്.