'ഇതെന്റെ ഹൃദയം തകർക്കുന്നു'; വികാരനിർഭരമായ കുറിപ്പുമായി ബൈജു രവീന്ദ്രൻ
|"ഞാൻ മാപ്പു ചോദിക്കുന്നു. ഇതൊരിക്കലും ഞങ്ങളുദ്ദേശിച്ച പോലെ എളുപ്പമുള്ള പ്രക്രിയ ആയിരുന്നില്ല"
ബംഗളൂരു: തൊഴിലാളികളെ പരിച്ചുവിടാനുള്ള നടപടിയിൽ ഖേദം പ്രകടിപ്പിച്ച് ബൈജൂസ് ചീഫ് ഓപറേറ്റിങ് ഓഫീസർ ബൈജു രവീന്ദ്രൻ. ചെലവു ചുരുക്കലിന്റെ ഭാഗമായാണ് തൊഴിലാളികളെ പിരിച്ചുവിടുന്നതെന്നും അതൊരിക്കലും എളുപ്പമല്ലെന്നും ജീവനക്കാർക്ക് അയച്ച ഇ-മെയിലിൽ അദ്ദേഹം എഴുതി. അടുത്ത മാർച്ചോടെ 2500 തൊഴിലാളികളെയാണ് ബൈജൂസ് പിരിച്ചുവിടുന്നത്.
'ലാഭത്തിന്റെ വഴിയിൽ സഞ്ചരിക്കണമെങ്കിൽ വലിയ വില കൊടുക്കേണ്ടതുണ്ട്. ബൈജൂസ് വിടാൻ പോകുന്നവർ ക്ഷമിക്കണം. അതെന്റെ ഹൃദയം തകർക്കുന്നുണ്ട്. ഞാൻ മാപ്പു ചോദിക്കുന്നു. ഇതൊരിക്കലും ഞങ്ങളുദ്ദേശിച്ച പോലെ എളുപ്പമുള്ള പ്രക്രിയ ആയിരുന്നില്ല.' - അദ്ദേഹം കുറിച്ചു. ആകെ ശേഷിയുടെ അഞ്ചു ശതമാനം പേരെ മാത്രമേ പിരിച്ചുവിടുന്നുള്ളൂ എന്നും രവീന്ദ്രൻ കൂട്ടിച്ചേർത്തു.
'നിങ്ങളെ തിരികെ കൊണ്ടുവന്ന് കമ്പനിയെ സുസ്ഥിര വികസനത്തിലേക്ക് എത്തിക്കുന്നതിനാണ് എന്റെ ആദ്യ മുൻഗണന. പുതിയ അവസരങ്ങളിലെല്ലാം നിങ്ങളെ ആദ്യത്തിൽ പരിഗണിക്കണമെന്ന് എച്ച്ആർ ഡിപ്പാർട്‌മെന്റിന് നിർദേശം നൽകിയിട്ടുണ്ട്.' - രവീന്ദ്രൻ പറഞ്ഞു.
2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം. മുൻ വർഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണ് നഷ്ടം. 2021ലെ വരുമാനം 2511 കോടിയിൽനിന്ന് 2428 കോടിയായി ചുരുങ്ങുകയും ചെയ്തിരുന്നു. 2022 സാമ്പത്തിക വർഷത്തിൽ വരുമാനം പതിനായിരം കോടിയിലെത്തുമെന്നാണ് കമ്പനി പറയുന്നത്. എന്നാൽ ആ വർഷത്തെ ലാഭമോ നഷ്ടമോ കമ്പനി പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള എജ്യു സ്റ്റാർട്ടപ്പാണ് മലയാളിയായ ബൈജു രവീന്ദ്രൻ നേതൃത്വം നൽകുന്ന ബൈജൂസ്. 22 ബില്യൺ ഡോളറാണ് കമ്പനിയുടെ ആകെ മൂല്യം. ആകാശ അടക്കമുള്ള വമ്പൻ കമ്പനികളെ ബൈജൂസ് ഏറ്റെടുത്തെങ്കിലും ഓൺലൈൻ ട്യൂഷൻ രംഗത്ത് മത്സരം കടുത്തത് ബൈജൂസിന്റെ വളർച്ചയ്ക്ക് തടസ്സമായി. രണ്ടു വർഷത്തിനിടെ മാത്രം ഏറ്റെടുക്കലുകൾക്ക് മാത്രമായി 2.5 ബില്യൺ യുഎസ് ഡോളറാണ് ബംഗളൂരു ആസ്ഥാനമായ കമ്പനി ചെലവഴിച്ചിരുന്നത്.
Summary: Edutech unicorn Byju's founder Baiju Raveendran sought forgiveness from the 2,500 employees who are in the process of being fired by the edtech, as it pursues a plan to achieve profitability by the end of FY23.