പണപ്പെരുപ്പം ഉയരുമ്പോൾ നിങ്ങൾക്ക് നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെ?
|. എന്നാൽ ഒരു സാധാരണക്കാരനെ സംബന്ധിച്ച് പണപ്പെരുപ്പം അവരുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കുമെന്ന് അറിഞ്ഞിരിക്കണം. നിത്യജീവിതത്തിൽ പണപ്പെരുപ്പം ഉയരുമ്പോൾ ഉണ്ടാകാവുന്ന സാമ്പത്തി നേട്ടങ്ങളും കോട്ടങ്ങളും ഇവിടെ വിവരിക്കാം.
ലോകരാജ്യങ്ങളിൽ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകൾക്കൊപ്പം തന്നെ പണപ്പെരുപ്പ നിരക്കുകൾ കുത്തനെ കുതിച്ചുയർന്നത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. യുഎസിൽ പണപ്പെരുപ്പം നിയന്ത്രിക്കാനായി നിരക്കുവർധനവുകൾ ഉൾപ്പെടെ പല ഘട്ടങ്ങളിലായി യുഎസ് ഫെഡറൽ പരിഗണിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ വിപണിയിൽ ചാഞ്ചാട്ടം പതിവാകുന്നുമുണ്ട്. യൂറോപ്പും ഓസ്ട്രേലിയയും ഇന്ത്യയുമൊക്കെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും പതിവിൽ കവിഞ്ഞ വർധനവിലൂടെ തന്നെ കാര്യങ്ങൾ മുമ്പോട്ട് പോകുന്നു.യുഎസിൽ 8.5 ശതമാനവും ഇന്ത്യയിൽ 7.41%വുമാണ് പണപ്പെരുപ്പ നിരക്ക്. ഈ പണപ്പെരുപ്പം കാരണം ഓഹരി വിപണികളിലൊക്കെ കുറച്ചുകാലമായി സ്ഥിരതയാർന്ന വളർച്ച അനുഭവപ്പെട്ടിട്ടില്ല. എല്ലാ മേഖലയിലുമുള്ള നിക്ഷേപകർ പണപ്പെരുപ്പം മൂലം എന്ത് സംഭവിക്കുമെന്ന ആശങ്കകളിൽ പിൻവലിയുന്നതും പ്രകടമാണ്. എന്നാൽ ഒരു സാധാരണക്കാരനെ സംബന്ധിച്ച് പണപ്പെരുപ്പം അവരുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കുമെന്ന് അറിഞ്ഞിരിക്കണം. നിത്യജീവിതത്തിൽ പണപ്പെരുപ്പം ഉയരുമ്പോൾ ഉണ്ടാകാവുന്ന സാമ്പത്തി നേട്ടങ്ങളും കോട്ടങ്ങളും ഇവിടെ വിവരിക്കാം.
ആസ്തികളിൽ വ്യത്യസ്ത പ്രതിഫലനങ്ങൾ
പണപ്പെരുപ്പം എല്ലാ മേഖലകളെയും ഒരുപോലെയല്ല ബാധിക്കുന്നത്. ഉദാഹരണമായി പണപ്പെരുപ്പം കൂടിയ സാഹചര്യത്തിൽ വീട് പോലുള്ള ആസ്തികൾക്ക് മൂല്യം കുറയാനാണ് ഇടയാക്കുന്നത്. അതേസമയം ഗ്യാസ് ,ഇന്ധന വില കുതിച്ചുയരുന്നതും കാണാം. ഇന്ത്യ ഏറ്റവും കൂടുതൽ പണപ്പെരുപ്പം നേരിട്ട 2008ൽ നമ്മൾ ഇത് അനുഭവിച്ചതാണ്. വീടും ഫ്ളാറ്റും ഉൾപ്പെടുന്ന റിയൽഎസ്റ്റേറ്റ് ആസ്തികളുടെ വിലയിൽ 20% ഇടിവായിരുന്നു അന്ന് രേഖപ്പെടുത്തിയത്. സമാനമായ രീതിയാണ് ഇന്നും അനുഭവപ്പെടുന്നത്. എന്നാൽ എണ്ണവില ഇരട്ടിയായി കുതിച്ചുകയറുകയാണ് ചെയ്യുന്നത്. ഇത് കമ്പനികൾക്ക് മാത്രമാണ് ലാഭമുണ്ടാക്കുന്നത്. ഈ രണ്ട് വിഷയങ്ങളിലും പണപ്പെരുപ്പം പൗരന്മാർക്ക് നഷ്ടമുണ്ടാക്കുന്നു.2008 ജൂലൈയിൽ പണപ്പെരുപ്പ നിരക്ക് 8.35 % ആയിരുന്നപ്പോൾ ക്രൂഡ് ബാരലിന് 128 ഡോളർ എന്ന എക്കാലത്തെയും ഉയർന്ന വിലയിലാണ് എത്തിയത്.
എണ്ണ വില ഗ്യാസ് വിലയെയും ബാധിക്കും. യുഎസിൽ പല ഭാഗത്തും പണപ്പെരുപ്പ സമയത്ത് ഗ്യാസ് വില ഒരു ഗ്യാലണ് നാലു ഡോളർ ഉയർന്നിരുന്നു. ഇന്ധന,എണ്ണ വില കുതിച്ചുയർന്നാൽ സാധാരണക്കാരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട സകല മേഖലകളിലും വിലക്കയറ്റം പ്രകടമാകും. ജീവിതച്ചെലവുകൾ കണ്ടെത്താൻ കൂടുതൽ പണം ആവശ്യമായി വരികയാണ് ചെയ്യുന്നത്. ഗ്യാസ് വില കൂടുന്നതോടെ അടുക്കള ബജറ്റും താളം തെറ്റും. എണ്ണവില കൂടിയാൽ അവശ്യസാധനങ്ങളുടെ വിലയാണ് കുതിച്ചുയരുന്നത്.
യുഎസിൽ കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള തിരിച്ചുവരവിൽ ഉപഭോക്തൃവില സൂചിക 9.1 ശതമാനമായി ഉയർന്നിരുന്നു. 1990 ന് ശേഷം ആദ്യമായാണ് ഇത്രയും വലിയ കുതിപ്പ് രേഖപ്പെടുത്തുന്നത്.
സമ്പദ് വ്യവസ്ഥയ്ക്ക് ചില ഗുണങ്ങളും
ചില സമയങ്ങളിൽ പണപ്പെരുപ്പം സമ്പദ് വ്യവസ്ഥയെ സഹായിക്കും. ആളുകൾ പണപ്പെരുപ്പം ഭാവിയിൽ കൂടുമെന്ന് പ്രതീക്ഷിച്ച് ഇപ്പോൾ തന്നെ വിപണിയിൽ പണം ചെലവിടാൻ തുടങ്ങും. ഉപഭോക്താക്കളുടെ ഈ ചെലവിടൽ ശീലം സാമ്പത്തിക വളർച്ചയിലേക്കാണ് നയിക്കുന്നത്.
റിട്ടയർമെന്റ് പ്ലാനുകളെ ബാധിക്കും
പണപ്പെരുപ്പം ഉയരുന്നത് റിട്ടയർമെന്റ് പ്ലാനുകളെ മോശമായി ബാധിക്കും. ഭാവിയിൽ മെച്ചപ്പെട്ട ജീവിതത്തിനായി മുമ്പുള്ളതിനേക്കാൾ കൂടുതൽ പണം മാറ്റിവെക്കേണ്ട സ്ഥിതിയാണ ്പണപ്പെരുപ്പമുണ്ടായാൽ വേണ്ടി വരിക. പണപ്പെരുപ്പം വിപണിയിൽ വില നിലവാരത്തെ ബാധിക്കുന്നതിനാൽ സാധനങ്ങൾക്കും സേവനങ്ങൾക്കും ഇന്നുള്ള വിലയായിരിക്കില്ല. ഭാവിയിൽ പണപ്പെരുപ്പം ഉയരുന്നതോടുകൂടി നേരത്തെ തീരുമാനിച്ചുവെച്ച നീക്കിയിരുപ്പുകൾ ശിഷ്ടകാലം അടിച്ചുപൊളിച്ച് ജീവിക്കാൻ മതിയാകാതെ വരും. നിങ്ങൾക്ക് ആവശ്യമുണ്ടെന്ന് തോന്നുന്നതിനേക്കാൾ കൂടുതൽ തുക റിട്ടയർമെന്റ് പ്ലാനുകളിൽ നിക്ഷേപിച്ചാൽ ഭാവിയിലുണ്ടാകാവുന്ന ഇത്തരം പ്രതിസന്ധികൾ മറികടക്കാൻ സാധിക്കും. കൂടാതെ കൂട്ടുപ്പലിശയുടെ ഗുണം കൂടുതൽ ലഭിക്കുകയും ചെയ്യും.
ട്രഷറി ബോണ്ടുകൾക്ക് ദോഷം ചെയ്യും
നിങ്ങൾ ബോണ്ടുകളിലോ ട്രഷറി നോട്ടുകളിലോ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ പണപ്പെരുപ്പം കാര്യമായി ശ്രദ്ധിക്കണം. ഈ സ്ഥിര വരുമാന ആസ്തികൾ ഓരോ വർഷവും ഒരേ തുകയാണ് മടക്കി നൽകുന്നത്. ഈ ആസ്തികളുടെ വരുമാനത്തേക്കാൾ വേഗത്തിൽ പണപ്പെരുപ്പം ഉയർന്നാൽ അവയുടെ മൂല്യമാണ് കുറയുന്നതെന്ന് മനസിലാക്കുക. ആളുകൾ അവ വിൽക്കാൻ ധൃതി കാണിച്ചേക്കും. അങ്ങിനെയുണ്ടായാൽ വീണ്ടും ആസ്തികളുടെ മൂല്യം ഇടിയും. അതുകൊണ്ട് ബോണ്ടുകളിലും ട്രഷറി നോട്ടുകളിലും പണം ഇറക്കാൻ പറ്റിയ സാഹചര്യമല്ല ഇതെന്ന് തിരിച്ചറിയുക
പലിശയിൽ നേട്ടവും കോട്ടവും
നിങ്ങൾക്ക് ഭവന വായ്പ പോലുള്ള ദീർഘകാല വായ്പകൾ ഉണ്ടെങ്കിൽ പണപ്പെരുപ്പ നിരക്ക് മോശമായി ബാധിക്കും. ഈ വായ്പകളിന്മേലുള്ള പലിശ നിരക്കുകൾ ഫ്ളക്സിബിളാണെങ്കിൽ പണപ്പെരുപ്പ സമയം വർധിക്കുന്ന നിരക്കു വർധനവുകൾ കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാക്കുകയാണ് ചെയ്യുക. കാരണം ബാങ്കുകൾ പുതിയ സാഹചര്യത്തിൽ പലിശ നിരക്കുകൾ ഉയർത്തുമ്പോൾ വായ്പയെടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ വലിയ പലിശ നിരക്കാണ് ബാധകമാകുന്നത്. അതുകൊണ്ട് തന്നെ വലിയ തുകയുടെ വായ്പയുള്ളവർക്ക് ഭീമമായ നഷ്ടമാണ് ഇത് വരുത്തിവെക്കുന്നത്. അതേസമയം സ്ഥിര പലിശ നിരക്കിലാണ് പലിശ നിശ്ചയിച്ചിട്ടുള്ളതെങ്കിൽ ഈ പ്രതിസന്ധി നേരിടില്ല. നമ്മുടെ രാജ്യത്തെ പുതിയ സാമ്പത്തിക സാഹചര്യത്തിൽ പണപ്പെരുപ്പം അടുത്ത മൂന്നോ നാലോ വർഷത്തേക്ക് കൂടി തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന. എന്നാൽ പണപ്പെരുപ്പം ഉയരുമ്പോൾ നമുക്ക് നേട്ടം കൊയ്യാവുന്ന മേഖലകളുമുണ്ട്. ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളിൽ പണം നിക്ഷേപിക്കുന്നവർക്ക് മികച്ച വരുമാനമുണ്ടാക്കാൻ സാധിക്കും. കാരണം ആർബിഐ റിപ്പോ നിരക്കുകൾ വർധിപ്പിക്കുന്നത് കണക്കിലെടുത്ത് വായ്പാ നിരക്കുകളിൽ മാത്രമല്ല നിക്ഷേപ പലിശയും ബാങ്കുകൾ ഉയർത്തേണ്ടി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇക്കാലയളവിൽ നിക്ഷേപം വർധിപ്പിക്കുന്നവർക്ക് കൂട്ടപ്പലിശയുടെ ഗുണങ്ങളും ലഭിക്കും.