കാൽലക്ഷം കോടി എവിടെപ്പോയി? സർക്കാർ കണക്കുകളിൽ വൻ ക്രമക്കേട്; സി.എ.ജി റിപ്പോർട്ടിൽ രൂക്ഷവിമർശനം
|ബഹിരാകാശ വകുപ്പിന് അനുവദിച്ച 154.9 കോടി ബാങ്കുകളിലെ കറന്റ് അക്കൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുകയാണെന്നും സി.എ.ജി കണ്ടെത്തല്‍
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ കണക്കുകളിൽ പതിനായിരക്കണക്കിന് കോടി രൂപയുടെ വ്യത്യാസമെന്ന് സി.എ.ജി. നിശ്ചിത ആവശ്യത്തിന് വേണ്ടി സെസ് പിരിച്ച് വെറുതെ വച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബജറ്റിൽ പ്രത്യേക പദ്ധതികൾക്ക് അനുവദിച്ച തുക അജ്ഞാതമായ ആവശ്യങ്ങൾക്ക് വകമാറ്റിയെന്നും സി.എ.ജി കണ്ടെത്തി.
സി.എ.ജി റിപ്പോർട്ടിലെ സർക്കാരിന്റെ അക്കൗണ്ടിങ് സംബന്ധിച്ച അധ്യായത്തിലാണ് ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സർക്കാരുകളുമായി പങ്കുവയ്ക്കേണ്ടതില്ലാത്ത സെസുകൾ നിർണിത ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കാതെ വയ്ക്കുകയോ വകമാറ്റുകയോ ചെയ്തിരിക്കുന്നു. പൊതുപണം സർക്കാർ അക്കൗണ്ടുകൾക്ക് പുറത്ത് നിക്ഷേപിച്ചിരിക്കുന്നു. ബാധ്യതകൾ കുറച്ചുകാണിച്ചു, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം വഴി ലഭിക്കുന്ന ഡിവിഡന്റ് സംബന്ധിച്ച കണക്കുകളിൽ ക്രമക്കേട് തുടങ്ങിയ ഗുരുതരമായ കാര്യങ്ങളാണ് സി.എ.ജി ചൂണ്ടിക്കാട്ടുന്നത്.
പൊതുകടമായി സർക്കാർ കാണിക്കുന്നത് 6.01 ലക്ഷം കോടിയാണ്. എന്നാൽ, കണക്കുകൾ പരിശോധിക്കുമ്പോൾ 6.23 ലക്ഷം കോടിയും. 21,560 കോടിയുടെ വ്യത്യാസമാണ് സി.എ.ജി കണ്ടെത്തിയത്. ബഹിരാകാശ വകുപ്പിന് അനുവദിച്ച 154.9 കോടി ബാങ്കുകളിലെ കറന്റ് അക്കൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് സി.എ.ജി കണ്ടെത്തി. ടെലികോം ഓപറേറ്റർമാരിൽനിന്ന് പിരിച്ചത് 10,376 കോടിയാണ്. എന്നാൽ, ലെവി ശേഖരിക്കുന്ന യൂനിവേഴ്സല്‍ സർവീസ് ഒബ്ളിഗേഷൻ ഫണ്ടിലെത്തിയത് 8,300 കോടി മാത്രമാണ്. 1,600 കോടി രൂപ എവിടെപ്പോയെന്നതിനു കണക്കില്ല. കണക്കുകൾ വിശദീകരിക്കാൻ നൽകിയ അടിക്കുറിപ്പുകൾ തൃപ്തികരമല്ലെന്നും സി.എ.ജി ചൂണ്ടിക്കാട്ടുന്നു.
Summary: CAG finds ‘cash diversion’ by central govt to unknown repositories, understated external debt