Kerala
കത്‍വ ഫണ്ട് തട്ടിപ്പ് പരാതി: പി കെ ഫിറോസിനും സി കെ സുബൈറിനുമെതിരെ കേസെടുത്തു
Kerala

കത്‍വ ഫണ്ട് തട്ടിപ്പ് പരാതി: പി കെ ഫിറോസിനും സി കെ സുബൈറിനുമെതിരെ കേസെടുത്തു

|
17 Feb 2021 7:03 AM GMT

യൂത്ത് ലീഗ് മുന്‍ നേതാവ് യൂസഫ് പടനിലത്തിന്‍റെ പരാതിയില്‍ കുന്ദമംഗലം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കത്‍വ ഫണ്ട് തട്ടിപ്പ് പരാതിയിൽ യൂത്ത് ലീഗ് നേതാക്കളായ സി കെ സുബൈര്‍, പി കെ ഫിറോസ് എന്നിവര്‍ക്കെതിരെ കേസെടുത്തു. യൂത്ത് ലീഗ് മുന്‍ നേതാവ് യൂസഫ് പടനിലത്തിന്‍റെ പരാതിയില്‍ കുന്ദമംഗലം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുജനങ്ങളില്‍ നിന്ന് പണം പിരിച്ച് മറ്റ് ആവശ്യങ്ങള്‍ക്കായി വകമാറ്റിയെന്നാണ് പരാതി.

ഐപിസി 420 അനുസരിച്ച് വഞ്ചനാകുറ്റമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിക്കാരനോട് തെളിവുകള്‍ ഹാജരാക്കാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ന്നാകും അന്വേഷണം തുടങ്ങുക.

പി കെ ഫിറോസിന്‍റെ പ്രതികരണമിങ്ങനെ-

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഞാനുണ്ടാക്കിയ പ്രശ്നങ്ങള്‍ക്ക് എനിക്ക് നല്‍കാവുന്ന ഏറ്റവും ചെറിയ ശിക്ഷയാണ് ഈ കേസെടുക്കുക എന്നത്. സാധാരണ അവര്‍ വധശിക്ഷയാണ് നല്‍കാറുള്ളത്. എത്രത്തോളം മുന്‍പോട്ട് പോവാന്‍ പറ്റുമെന്ന് അവര്‍ നോക്കട്ടെ. ഞങ്ങളും പരാതി കൊടുക്കാന്‍ പോവുകയാണ്. അഭിമന്യുവിന്‍റെ പേരിലും ഡല്‍ഹി കലാപത്തിന് പിന്നാലെയും സിപിഎം പിരിവ് നടത്തിയിട്ടുണ്ട്. ഒരു വെള്ള കടലാസില്‍ ആക്ഷേപം ഉന്നയിച്ച് പരാതി കൊടുത്താല്‍ പിണറായിക്കും കോടിയേരിക്കും എതിരെ കേസെടുക്കുമോ എന്ന് നോക്കാം. അതില്‍ നിന്നും പൊലീസിന്‍റെ നിലപാട് വ്യക്തമാവുമല്ലോ.
പി കെ ഫിറോസ്

യൂസഫ് പടനിലം ആരോപണം ഉന്നയിച്ചതിന് പിന്നാലെ യൂത്ത് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത് പെണ്‍കുട്ടിയുടെ പിതാവിന് അഞ്ച് ലക്ഷം രൂപയും അഭിഭാഷകര്‍ക്ക് ഒമ്പതര ലക്ഷത്തോളം രൂപയും നല്‍കിയെന്നാണ്. അഭിഭാഷകന്‍ മുബീന്‍ ഫാറൂഖിക്ക് കേസ് നടത്തിപ്പിനായി പണം കൈമാറിയെന്നാണ് യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചത്. പിന്നാലെ കേസ് നടത്തിപ്പിനായി ഒരു അഭിഭാഷകനും പണം വാങ്ങിയിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർമാരാണ് കേസ് നടത്തുന്നതെന്നും അഭിഭാഷക ദീപിക സിംഗ് രജാവത്ത് പ്രതികരിക്കുകയുണ്ടായി.

അതേസമയം യൂത്ത് ലീഗിൽ നിന്ന് സാമ്പത്തിക സഹായവും നിയമ സഹായവും ലഭിച്ചിരുന്നുവെന്ന് കത്‍വ കേസിലെ ഇരയുടെ കുടുംബം മീഡിയവണിനോട് പറഞ്ഞു. പല നിലയിൽ മുസ്‍ലിം യൂത്ത് ലീഗ് തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും ഇപ്പോഴും സഹായം തുടരുകയാണെന്നും പിതാവ് പ്രതികരിച്ചു. അഞ്ച് ലക്ഷം രൂപ ധനസഹായം ലഭിച്ചുവെന്ന യൂത്ത് ലീഗ് വാദം കുടുംബം ശരിവെച്ചു.

Similar Posts