Column
ഉര്‍ദുഗാന് തുര്‍ക്കി ജനതയുടെ കയ്യൊപ്പ്
Column

ഉര്‍ദുഗാന് തുര്‍ക്കി ജനതയുടെ കയ്യൊപ്പ്

P.K Niaz
|
28 Jun 2018 5:40 PM GMT

വനിതാ അംഗങ്ങളുടെ കാര്യത്തിലും ഉര്‍ദുഗാന്റെ പാര്‍ട്ടി റെക്കോര്‍ഡ് കുറിച്ചു. 52 വനിതകളാണ് ഇത്തവണ എ.കെ പാര്‍ട്ടി എം.പിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

ഇരുപതു വര്‍ഷം പോലും തികയാത്ത ഒരു പാര്‍ട്ടി ആറാം തവണയും ഭരണം നിലനിര്‍ത്തുന്നത് യൂറോപ്പിലെന്നല്ല, ജനാധിപത്യ വ്യവസ്ഥ.യില്‍ തന്നെ ഒരു സംഭവമാണങ്കില്‍ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് ഇനി തുര്‍ക്കിയില്‍നിന്ന് പഠനം തുടങ്ങാം. പ്രസിഡന്‍ഷ്യല്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി (എ.കെ.പാര്‍ട്ടി) നേടിയ ഗംഭീര വിജയം പാര്‍ട്ടിയും അതിന്റെ നേതാവും ജനസമ്മതിയുടെ ഗ്രാഫില്‍ ഉയരത്തില്‍ തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ്. മാത്രമല്ല, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ പ്രവചനങ്ങള്‍ക്ക് യാഥാര്‍ഥ്യവുമായി ബന്ധമില്ലെന്ന സന്ദേശവും തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമെന്നൊക്കെ പ്രവചിക്കപ്പെട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എ.കെ. പാര്‍ട്ടി നേതാവും നിലവിലെ പ്രസിഡണ്ടുമായി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ 52.6 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ മുഖ്യ എതിരാളി മുഹറം ഇന്‍ജെക്ക് 30.6 ശതമാനം വോട്ടുകള്‍ മാത്രമാണ് കിട്ടിയത്.

പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ പ്രവചനങ്ങള്‍ക്ക് യാഥാര്‍ഥ്യവുമായി ബന്ധമില്ലെന്ന സന്ദേശവും തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നു.

പാര്‍ട്ടി രൂപീകരിച്ചതിനു പിന്നാലെ ഗോദയിലിറങ്ങിയ ആദ്യ തെരഞ്ഞെടുപ്പില്‍ (2002 നവംബര്‍) 550 അംഗ പാര്‍ലമെന്റില്‍ 363ലും വിജയിച്ച് അരങ്ങേറ്റം ഗംഭീരമാക്കിയ എ.കെ. പാര്‍ട്ടി ആറാം തവണയും പാര്‍ലമെന്റില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇക്കാലമത്രയും തുര്‍ക്കിയെ നയിക്കാന്‍ പ്രാപ്തിയുള്ള കക്ഷി തങ്ങളാണെന്ന് തെളിയിച്ച എ.കെ പാര്‍ട്ടി ഇത്തവണയും പതിവു തെറ്റിച്ചില്ല. പാര്‍ലമെന്റ് സീറ്റുകള്‍ 600 ആയി വര്‍ധിപ്പിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. എ.കെ. പാര്‍ട്ടി തനിച്ച് 295 സീറ്റുകളില്‍ വിജയിച്ചു. സഖ്യകക്ഷിയായ എം.എച്ച്.പിക്ക് 49 സീറ്റുകളുണ്ട്. അതായത് എ.കെ. പാര്‍ട്ടി നയിച്ച ജനകീയ മുന്നണിക്ക് (പീപ്പിള്‍ അലയന്‍സ്) 348 സീറ്റുകള്‍ ലഭിച്ചു. വോട്ടിംഗ് ഷെയര്‍ 53.7 ശതമാനം. മുഖ്യ എതിരാളികളായ പ്രതിപക്ഷത്തെ സി.എച്ച്.പിക്ക് 146 സീറ്റുകളേ ലഭിച്ചുള്ളൂ. അവരുടെ ദേശീയ മുന്നണിക്ക് (നാഷനല്‍ അലയന്‍സ്) ആകെ സീറ്റുകള്‍ 188 - വോട്ടിംഗ് ഷെയര്‍ 33.9 ശതമാനം. കുര്‍ദ് അനുകൂല എച്ച്.ഡി.പിക്ക് 67 എം.പിമാരുണ്ട്. (വോട്ടിംഗ് ശതമാനം 11.70)

വനിതാ അംഗങ്ങളുടെ കാര്യത്തിലും ഉര്‍ദുഗാന്റെ പാര്‍ട്ടി റെക്കോര്‍ഡ് കുറിച്ചു. 52 വനിതകളാണ് ഇത്തവണ എ.കെ പാര്‍ട്ടി എം.പിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇക്കാര്യത്തില്‍ കുര്‍ദ് അനുകൂല എച്ച്. ഡി.പിയും മികച്ച നേട്ടം കൈവരിച്ചു അവരുടെ 67 അംഗങ്ങളില്‍ 24 പേരും വനിതകളാണ്. എന്നാല്‍ അത്താതുര്‍ക്കിന്റെ ആദര്‍ശം പറയുന്ന മുഖ്യ പ്രതിപക്ഷമായ സി.എച്ച്.പിക്ക് 146 എം.പിമാരില്‍ 19 വനിതകളെ മാത്രമേ പാര്‍ലമെന്റിലേക്ക് അയക്കാനായുള്ളൂ. എം.എച്ച്.പിയുമായുള്ള ഭിന്നിപ്പ് കാരണം പാര്‍ട്ടി വിട്ട മുന്‍ ആഭ്യന്തര മന്ത്രി മിറാല്‍ അക്‌സനര്‍ ഐ.വൈ.എ എന്ന പേരില്‍ പുതിയ പാര്‍ട്ടിയുമായി രംഗത്തുവന്നെങ്കിലും മൂന്നു വനിതകളെ മാത്രമേ ജയിപ്പിക്കാനായുള്ളു. മിറാലിന് സ്വന്തം നിലയില്‍ പോലും ജയിക്കാനായില്ല.

പട്ടാളവും ജുഡീഷ്യറിയുമൊക്കെ അത്താതുര്‍ക്കിന്റെ ആദര്‍ശം പറഞ്ഞ് നടത്തിയ ഭീകരമായ ഇടപെടലുകളും സൈനിക അട്ടിമറികളും ഇല്ലാതാക്കി തുര്‍ക്കിയെ യഥാര്‍ഥ ജനാധിപത്യത്തിലേക്ക് നയിച്ചുവെന്നതാണ് 2002ല്‍ അധികാരത്തിലേറിയ ഉര്‍ദുഗാനും അദ്ദേഹത്തിന്റെ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിയും രാജ്യത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവന. എ.കെ പാര്‍ട്ടി അധികാരത്തിലേറിയതിനു ശേഷം ഒന്നര പതിറ്റാണ്ടിലേറെ കാലം പട്ടാളം ബാരക്കുകളില്‍ തന്നെയായിരുന്നു. തുര്‍ക്കി ആദ്യ പട്ടാള അട്ടിമറിക്ക് സാക്ഷ്യം വഹിച്ചത് 1960ലായിരുന്നു. പിന്നെ മൂന്ന് അട്ടിമറികള്‍ കൂടി നടന്നു- 1971ലും 1980ലും 1997ലും. പതിനേഴ് വര്‍ഷം കഴിഞ്ഞ് 97ലുണ്ടായ അട്ടിമറിയുടെ ലക്ഷ്യം ഒന്നു മാത്രമായിരുന്നു- ജനാധിപത്യ തെരഞ്ഞെടുപ്പിലുടെ അധികാരത്തിലെത്തിയ ഇസ്‌ലാമിക പാരമ്പര്യമുള്ള റഫാഹ് പാര്‍ട്ടിയുടെ നേതാവ് നജ്മുദ്ദീന്‍ അര്‍ബകാനെ പുറത്താക്കുക. അര്‍ബകാനെ രാജിവെച്ചൊഴിയാന്‍ നിര്‍ബന്ധിക്കുകയായിരുന്നു സൈന്യം. തുടര്‍ന്ന് റഫാഹ് പാര്‍ട്ടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും പ്രവര്‍ത്തകരെ ജയിലില്‍ അടക്കുകയും ചെയ്തു.

1980 ല്‍ ജനറല്‍ കന്‍ആന്‍ എഫ്രീന്റെ നേതൃത്വത്തില്‍ നടന്ന അട്ടിമറി ഭീകരമായിരുന്നു. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമായി ആറര ലക്ഷം പേരെയാണ് തടവിലിട്ടത്. അവരില്‍ 517 പേര്‍ക്ക് വധശിക്ഷ വിധിച്ചു. അമ്പതു പേര്‍ക്ക് വധശിക്ഷ നടപ്പാക്കി. മുപ്പതിനായിരം പേരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. പതിനാലായിരം പേരുടെ പൗരത്വം റദ്ദാക്കി. മുപ്പതിനായിരം പേരെ നാടുകടത്തി. നൂറുകണക്കിനാളുകള്‍ തടവറയില്‍ ക്രൂരമായ പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള പൗരാവകാശ സംഘനടകള്‍ റിപ്പോര്‍ട്ട് പുറത്തിറക്കി. എത്രയോ പത്രപ്രവര്‍ത്തകരും അഴികള്‍ക്കകത്തായി. ആയിരത്തോളം സിനിമകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.

എന്നാല്‍ ഉര്‍ദുഗാനെ ആദ്യം പിന്തുണക്കുകയും പിന്നീട് തുര്‍ക്കിയിലെ ഡീപ് സ്റ്റേറ്റ് എന്നു വിശേഷിപ്പിക്കപ്പെടുമാറ് സമാന്തര സംവിധാനങ്ങളുമായി രംഗത്തുവരികയും ചെയ്ത ഫത്ഹുല്ല ഗുലന്റെ പിന്തുണയോടെ 2016 ജുലൈ 15ന് പുലര്‍ച്ചെ നടന്ന അട്ടിമറി നീക്കം ഉര്‍ദുഗാന്റെ സമയോചിതമായ ഇടപെടലുകളെ തുടര്‍ന്ന് പരാജയപ്പെട്ടു. തുര്‍ക്കിയില്‍ അരാജകത്വം ഉണ്ടാക്കാന്‍ ശ്രമിച്ച ശക്തികള്‍ക്കെതിരെ ഉര്‍ദുഗാന്‍ അതി ശക്തമായ നീക്കങ്ങള്‍ നടത്തിയെന്നത് ശരിയാണ്. തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നവരെ പട്ടുവള നല്‍കി ആദരിക്കാന്‍ ആരും തുനിയില്ലല്ലോ. എന്നാല്‍ രാജ്യദ്രോഹ ശക്തികളെ അടിച്ചമര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ചില പാളിച്ചകള്‍ ഉണ്ടായിട്ടുണ്ട്. അട്ടിമറി പ്രവര്‍ത്തനങ്ങളുമായി വിദൂര ബന്ധമുള്ളവരെപ്പോലും ജോലിയില്‍നിന്ന് പുറത്താക്കുകയോ ജയിലില്‍ അടക്കുകയോ ചെയ്ത ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

തുര്‍ക്കിയിലെ ഡീപ് സ്റ്റേറ്റ് എന്നു വിശേഷിപ്പിക്കപ്പെടുമാറ് സമാന്തര സംവിധാനങ്ങളുമായി രംഗത്തുവരികയും ചെയ്ത ഫത്ഹുല്ല ഗുലന്റെ പിന്തുണയോടെ 2016 ജുലൈ 15ന് പുലര്‍ച്ചെ നടന്ന അട്ടിമറി നീക്കം ഉര്‍ദുഗാന്റെ സമയോചിതമായ ഇടപെടലുകളെ തുടര്‍ന്ന് പരാജയപ്പെട്ടു

കൗതുകകരമെന്നു പറയട്ടെ, സമഗ്രാധിപത്യത്തിന്റെ പ്രയോക്താക്കളായ കമ്യൂണിസ്റ്റുകളും അറബ് ലോകത്തെ മര്‍ദ്ദക ഭരണകൂടങ്ങളെ ജനാധിപത്യ പോരാട്ടത്തില്‍ നിലംപരിശാക്കി അധികാരത്തിലേറുന്ന ഇസ്‌ലാമിസ്റ്റുകളെ അട്ടിമറിയിലൂടെ തൂത്തെറിയാന്‍ ആഹ്വാനം ചെയ്യുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വവുമാണ് ഉര്‍ദുഗാന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും വിജയത്തെ അംഗീകരിക്കാനുള്ള മിനിമം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റു പോലും കാണിക്കാത്തത്. ലോകത്ത് പല രാജ്യങ്ങളും പ്രസിഡന്‍ഷ്യല്‍ വ്യവസ്ഥയുമായി മുന്നോട്ടു പോകുമ്പോള്‍ അനുഭവപ്പെടാത്ത പ്രയാസം തുര്‍ക്കിയുടെ കാര്യത്തില്‍ അവര്‍ പ്രകടിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് പോലും നടക്കാത്ത ഏക പാര്‍ട്ടി വ്യവസ്ഥയുള്ള ചൈനയില്‍ പ്രസിഡന്റ് സി ജിന്‍പിംഗിനെ ആജീവനാന്ത പ്രസിഡണ്ടായി വാഴിക്കാന്‍ രാജ്യത്തിന്റെ ഭരണഘടന കഴിഞ്ഞ ഫെബ്രുവരിയില്‍ ഭേദഗതി ചെയ്തത് അത്ര പെട്ടെന്ന് മറക്കാനാവുമോ? അല്‍ജീരിയയിലും ഫലസ്തീനിലും ഈജിപ്തിലുമൊക്കെ ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലേറിയ ഇസ്‌ലാമിസ്റ്റുകളെ ഭരണത്തില്‍നിന്ന് ഇറക്കാന്‍ അട്ടിമറി നടത്തിയ അമേരിക്കയും കൂട്ടാളികളുമാണ് ജനങ്ങളുടെ സമ്മതത്തോടെ, സ്വതന്ത്രമായ ഹിതപരിശോധനയിലൂടെയാണ് പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് കാലെടുത്തുവെക്കുന്ന നടപടിയെ സംശയത്തോടെ കാണുന്നത്.

ഏക പാര്‍ട്ടി വ്യവസ്ഥയുള്ള ചൈനയില്‍ പ്രസിഡന്റ് സി ജിന്‍പിംഗിനെ ആജീവനാന്ത പ്രസിഡണ്ടായി വാഴിക്കാന്‍ രാജ്യത്തിന്റെ ഭരണഘടന കഴിഞ്ഞ ഫെബ്രുവരിയില്‍ ഭേദഗതി ചെയ്തത് അത്ര പെട്ടെന്ന് മറക്കാനാവുമോ?

കുര്‍ദ് വിരോധിയും ഏകാധിപതിയുമൊക്കെയായി ഉര്‍ദുഗാനെ പ്രതിഷ്ഠിക്കുമ്പോള്‍ വിമര്‍ശകര്‍ മറക്കുന്ന ഒരു കാര്യമുണ്ട്. തുര്‍ക്കി ജനതയുടെ അഞ്ചിലൊന്ന് കുര്‍ദുകളാണ്. കുര്‍ദ് ഭാഷയില്‍ സത്യപ്രതിജ്ഞ ചൊല്ലിയതിന് 1991ല്‍ പാര്‍ലമെന്റംഗമായ ലൈല സനയെ ജയിലിലടച്ച പാരമ്പര്യമുണ്ട് തുര്‍ക്കിക്ക്. പാര്‍ലമെന്റംഗത്തിനുള്ള പരിരക്ഷ റദ്ദ് ചെയ്ത് അവരെ വിചാരണ ചെയ്ത് വിഘടനവാദ കുറ്റം ചുമത്തി പത്തു വര്‍ഷത്തോളം ജയിലില്‍ അടച്ചത് മതേതരത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അപ്പോസ്തലന്മായ അത്താതുര്‍ക്കിന്റെ അനുയായികളായിരുന്നു. സഖറോവ് പ്രൈസ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തുകയുണ്ടായി. അതിലൊന്നും ഉര്‍ദുഗാന് പങ്കുണ്ടായിരുന്നുല്ല. അദ്ദേഹം ഇസ്താംബൂള്‍ മേയറായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ്, അഥവാ ഒരു രാഷ്ട്രീയ വിദ്യാര്‍ഥിയായിരുന്ന കാലത്തായിരുന്നു ഈ സംഭവം. ലൈലയോടൊപ്പം മൂന്നു കുര്‍ദ് പാര്‍ലമെന്റംഗങ്ങള്‍ക്കും സ്വന്തം ഭാഷ സംസാരിച്ചതിന് കാരാഗൃഹവാസം അനുഷ്ഠിക്കേണ്ടി വന്നു. എന്നാല്‍ ഉര്‍ദുഗാന്‍ പ്രധാനമന്ത്രിയായപ്പോള്‍ കുര്‍ദുകളുടെ കേന്ദ്രമായ ദിയാര്‍ബാകിറിലെ പ്രചാരണ യോഗത്തില്‍ കുര്‍ദു ഭാഷയില്‍ പ്രസംഗിക്കുക മാത്രമല്ല, 2009 ജനുവരി ഒന്നിന്, തുര്‍ക്കിയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമെന്നു പറയാവുന്ന മുഴുസമയ കുര്‍ദ് ഭാഷയിലുള്ള ടെലിവിഷന്‍ ചാനല്‍ അവര്‍ക്ക് സമ്മാനിക്കുകയും ചെയ്തു.2012 ജൂണില്‍ മറ്റൊരു ചരിത്ര പ്രധാന പ്രഖ്യാപനവും ഉര്‍ദുഗാന്‍ നടത്തി. കുര്‍ദ് ഭാഷ സ്‌കൂളില്‍ പഠിപ്പിക്കാമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

മിഡിലീസ്റ്റിലെ നാല് രാജ്യങ്ങളിലെങ്കിലും കുര്‍ദ് ഭീകരവാദം ഏറിയോ കുറഞ്ഞോ നിലനില്‍ക്കുന്നുണ്ട്. തുര്‍ക്കിയിലെ മതേതര മേലാളന്മാരാണ് കുര്‍ദുകളോട് ചര്‍ച്ചകള്‍ പോലും നടത്തില്ലെന്ന് നിലപാട് സ്വീകരിച്ചത്. അബ്ദുല്ല ഒജലാന്‍ എന്ന പി.കെ.കെ നേതാവിനെ സി.ഐ.എയുടെ സഹായത്താല്‍ കെനിയയിലെ നൈറോബിയില്‍നിന്ന് പിടികൂടി മര്‍മറ കടലിലെ ഇംറാലി ദ്വീപില്‍ ആജീവനാന്തം തടവിലിട്ടതും തുര്‍ക്കിയിലെ കമാലിസ്റ്റ്‌നുകൂല ഭരണകൂടമാണ്. എന്നാല്‍, ഇത്രയും കാലം തുര്‍ക്കി ഭരിച്ച മതേതര, പട്ടാള ഭരണകൂടങ്ങള്‍ ഒന്നും ചെയ്യാത്ത പലതും കുര്‍ദുകള്‍ക്കുവേണ്ടി ഉര്‍ദുഗാന്‍ ചെയ്തിട്ടുണ്ട്. ഏറ്റവും പ്രധാനം കുര്‍ദിഷ് ഭാഷ നിയമവിധേയമാക്കിയതാണ്. സായുധ കുര്‍ദ് സംഘടനയായ പി.കെ.കെ.യുമായി സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുത്തതും ഉര്‍ദുഗാനായിരുന്നു. എന്നാല്‍, 2015ലെ തെരഞ്ഞെടുപ്പില്‍ 13 ശതമാനം വോട്ടുകളും 80 സീറ്റുകളും നേടിയതോടെ തങ്ങളുടെ വിഘടനവാദ രാഷ്ട്രീയവുമായി എച്ച്.ഡി.പി മുന്നോട്ടു പോവുകയായിരുന്നു. മൂന്നു പതിറ്റാണ്ടായി തുടരുന്ന വിഘടനവാദം ശക്തിപ്പെടുത്താന്‍ പി.കെ.കെക്ക് ഇത് സഹായമായി. രാജ്യത്തെ അറിയപ്പെടുന്ന രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നു എച്ച്.ഡി.പി നേതാവ് ദെമിര്‍താസ്. അദ്ദേഹത്തിന്റെ അറസ്റ്റ് വലിയ പ്രതിഷേധങ്ങള്‍ക്കും അന്താരാഷ്ട്ര തലത്തില്‍ ഉര്‍ദുഗാനെതിരെ പ്രതികരണങ്ങള്‍ക്കും കാരണമാവേണ്ടതായിരുന്നു. എന്നാല്‍ അങ്ങനെ സംഭവിച്ചില്ല. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പി.കെ.കെയുമായുള്ള ബന്ധം പരസ്യമാക്കിയതോടെ അമേരിക്ക ഉള്‍പ്പെടെയുള്ള ഉര്‍ദുഗാന്‍ വിമര്‍ശകര്‍ക്ക് പോലും ദെമിര്‍താസ് വേണ്ടാത്തവനായി.

ഇത്രയും കാലം തുര്‍ക്കി ഭരിച്ച മതേതര, പട്ടാള ഭരണകൂടങ്ങള്‍ ഒന്നും ചെയ്യാത്ത പലതും കുര്‍ദുകള്‍ക്കുവേണ്ടി ഉര്‍ദുഗാന്‍ ചെയ്തിട്ടുണ്ട്. ഏറ്റവും പ്രധാനം കുര്‍ദിഷ് ഭാഷ നിയമവിധേയമാക്കിയതാണ്.

കുര്‍ദുകള്‍ക്കെതിരെ ഹലബ്ജയില്‍ സദ്ദാം ഹുസൈന്‍ നടത്തിയതുപോലെയുള്ള വിഷവാതക പ്രയോഗമോ, ജനാധിപത്യവും ഒരിറ്റ് സ്വാതന്ത്ര്യവും ആവശ്യപ്പെട്ട് ടിയനന്‍മെന്‍ സ്‌ക്വയറില്‍ പ്രതിഷേധിച്ചവരെ വെടിവെച്ചും ടാങ്കുകള്‍ കയറ്റിയും കൊന്ന ഡെംഗ് സിയാവോ പിംഗിന്റെ നേതൃത്വത്തിലുള്ള ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം നടത്തിയ ക്രുരതകളോ, കഴിഞ്ഞ 16 കൊല്ലത്തെ എ.കെ പാര്‍ട്ടി ഭരണത്തില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ കുര്‍ദ് ഭീകരവാദത്തിനെതിരെ ശക്തമായ അടിച്ചമര്‍ത്തല്‍ ടര്‍ക്കിഷ് ഭരണകൂടം നടത്തുന്നുമുണ്ട്. അത് രാജ്യത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനും വേണ്ടിയാണ്. വിഘടനവാദികള്‍ക്കും അട്ടിമറിക്കാര്‍ക്കും എതിരെയാണ് ഉര്‍ദുഗാന്‍ ശകതമായ നിലപാട് സ്വീകരിച്ചത്. സയണിസ്റ്റ് അധിനിവേശത്തിനു കീഴില്‍ ഞെരിഞ്ഞമരുന്ന ഫലസ്തീനികള്‍ക്കു വേണ്ടിയാണ് അദ്ദേഹം ശബ്ദിച്ചത്. ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കവെ ഇസ്രായേ

ഇസ്രയേല്‍ പ്രസിഡന്റായിരുന്ന ഷിമോണ്‍ പെരസിന്റെ മുഖത്ത് നോക്കി കുഞ്ഞുങ്ങളെ നിഷ്ഠൂരം കൊന്നൊടുക്കുന്ന ഭീകരരുടെ നേതാവാണ് നിങ്ങളെന്ന് പറയാന്‍ ഒരു ഉര്‍ദുഗാനേ ഉണ്ടായിരുന്നുള്ളു. ഗസ്സയില്‍ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ നെതന്യാഹുവിനെയും ഭീകരവാദിയെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയുണ്ടായി.

പട്ടാള അട്ടിമറികളില്‍നിന്നും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍നിന്നും തുര്‍ക്കിയ രക്ഷിക്കാന്‍ പ്രസിഡന്‍ഷ്യല്‍ സംവിധാനമാണ് ഏറ്റവും ഗുണകരമാവുകയെന്ന എ.കെ.പാര്‍ട്ടിയുടെ ചിന്തകള്‍ ശക്തിപ്പെടുത്താന്‍ ജൂലൈയിലെ അട്ടിമറി നീക്കങ്ങള്‍ വഴിവെച്ചു. അങ്ങനെയാണ് പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് രാജ്യത്തെ മാറ്റുന്നതിന് ജനകീയ ഹിതപരിശോധന ഉര്‍ദുഗാന്‍ മുന്നോട്ടുവെക്കുന്നത്. 2017 ഏപ്രില്‍ 16ന് നടന്ന ഹിതപരിശോധനയില്‍ 51.41 ശതമാനം ജനങ്ങള്‍ പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്കുള്ള മാറ്റത്തെ അംഗീകരിച്ച് വോട്ട് ചെയ്തു. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് ഒന്നര വര്‍ഷത്തെ കാലാവധി ബാക്കിയുണ്ടായിട്ടും പാര്‍ലമെന്റ്, പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ നേരത്തെ നടത്താന്‍ ഉര്‍ദുഗാന്‍ തയ്യാറായത് ഒരു തന്ത്രപരമായ നീക്കമാണ്. എന്നാല്‍ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ പതിവുപോലെ അദ്ദേഹത്തെ കടന്നാക്രമിച്ചു. ഉര്‍ദുഗാന്റെ കാലിനടിയിലെ മണ്ണ് ഇളകുകയാണെന്ന് പ്രവചിച്ചവരില്‍ ഗാര്‍ഡിയന്‍ മുതല്‍ ന്യൂയോര്‍ക്ക് ടൈംസ് വരെയുണ്ടായിരുന്നു.

2014ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്റെ കടുത്ത വിമര്‍ശകനായി രംഗത്തുണ്ടായിരുന്ന തീവ്രവലതുപക്ഷ എം.എച്ച്.പി പാര്‍ട്ടിയുടെ നേതാവ് ദൗലത് ബഷേലി അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് എ.കെ. പാര്‍ട്ടിയുമായി ഐക്യപ്പെട്ടത് എടുത്തു പറയേണ്ടതാണ്. മുന്‍ സൈനിക കേണല്‍ കേണല്‍ അല്‍പര്‍സലാന്‍ അറുപതുകളില്‍ രൂപം നല്‍കിയ എം.എച്ച്.പി, പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്കുള്ള മാറ്റത്തിലും ഉര്‍ദുഗാനൊപ്പമായിരുന്നു. ഉര്‍ദുഗാന്റെ കരിസ്മയും ഭരണപാടവും തിരിച്ചറിഞ്ഞ പാര്‍ട്ടിയുടെ 49 എം.പിമാരും 11.1 ശതമാനം വോട്ടുകളും ഒന്നാം റൗണ്ടില്‍ തന്നെയുള്ള ഉര്‍ദുഗാന്റെ വിജയത്തിലും ജനകീയ സഖ്യത്തിന് പാര്‍ലമെന്റില്‍ വന്‍ ഭൂരിപക്ഷം സമ്മാനിക്കുന്നതിനും സഹായകമായി.

ഇലക്ഷനു മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സഖ്യമുണ്ടാക്കുന്ന പതിവ് തുര്‍ക്കിയിലില്ല. എന്നാല്‍ എന്തു വിലകൊടുത്തും ഉര്‍ദുഗാനെ തോല്‍പിക്കാന്‍ ഉറപ്പിച്ച് ഗോദയിലിറങ്ങിയ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ സി.എച്ച്.പി ഇലക്ഷന് ഏതാണ്ട് ഒന്നര മാസം പുതിയ മുന്നണി രൂപപ്പെടുത്തുന്നതാണ് കണ്ടത്. പാര്‍ട്ടി രൂപം നല്‍കിയ ദേശീയ സഖ്യത്തില്‍ വലതുപക്ഷ കക്ഷികളായ ഐ.വൈ.ഐ, സാദെത്ത് പാര്‍ട്ടി, ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവയാണ് ഉള്‍പ്പെട്ടിരുന്നത്. കമാലിസത്തെ തരിമ്പും വിടാതെ പിന്തുടരുന്ന സി.എച്ച്.പിക്ക് ഇസ്‌ലാമിക വേരുകളുള്ള ഫെലിസിറ്റി പാര്‍ട്ടി എന്നറിയപ്പെടുന്ന സാദെത്ത് പാര്‍ട്ടിയുമായി കൂട്ടുചേരാന്‍ ഒരു പ്രയാസവും ഉണ്ടായില്ല. ഉര്‍ദുഗാന്‍ വിരുദ്ധ രാഷ്ട്രീയം പ്രസരിപ്പിക്കുന്നു എന്നതു മാത്രമായിരുന്നു സാദെത്തിനെ മുന്നണിയില്‍ ഉള്‍പ്പെടുത്താനുണ്ടായിരുന്ന ന്യായം. ഉര്‍ദുഗാന്റെ രാഷ്ട്രീയ ഗുരു നജ്മുദ്ദീന്‍ അര്‍ബക്കാന്‍ രൂപം നല്‍കിയ വെര്‍ച്യൂ പാര്‍ട്ടിയെ ഭരണഘടനാ കോടതി നിരോധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയിലെ പരിഷ്‌കരണവാദികള്‍ 2001ല്‍ എ.കെ.പിക്ക് രൂപം കൊടുത്തപ്പോള്‍ യാഥാസ്തിഥിക വാദികളാണ് സാദെത്ത് പാര്‍ട്ടി ഉണ്ടാക്കിയത്. അന്നു മുതല്‍ എ.കെ.പിക്ക് എതിരായ നിലപാടാണ് അവര്‍ സ്വീകരിച്ചുപോന്നത്. എന്നാല്‍ സാദെത്ത് പാര്‍ട്ടിക്ക് ഒരൊറ്റ സീറ്റു പോലും ഈ തെരഞ്ഞെടുപ്പില്‍ നേടാനായില്ല.

അള്‍ട്രാ സെക്യുലരിസത്തിന്റെ ഭീഷണിയില്‍നിന്നും സൈനികവല്‍കരണത്തില്‍നിന്നും തുര്‍ക്കിയെ മോചിപ്പിച്ച എ.കെ പാര്‍ട്ടിയെ എന്തൊക്കെ പോരായ്മകള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രതികൂലാവസ്ഥയിലും പാര്‍ട്ടി നേടിയ വിജയം. ലോകത്തെ പതിനേഴാമത്തെ വലിയ സാമ്പത്തിക ശക്തിയാണെങ്കിലും ലിറയുടെ മൂല്യത്തകര്‍ച്ചയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുതിയ ഗവണ്‍മെന്റിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്.

Similar Posts