ആത്മാവില്‍ സ്നേഹം നിറച്ച മട്ടാഞ്ചേരിയുടെ കാഴ്ചകള്‍
|മട്ടാഞ്ചേരിയുടെ ഈ മഴവില്ലഴകിനെ പകർത്താൻ വേണ്ടിയാണ് ബിജു ഇബ്രാഹീം എന്ന കൊണ്ടോട്ടിക്കാരൻ ഫോട്ടോഗ്രാഫർ കാമറയും തൂക്കി ആ സ്നേഹനഗരത്തിലേക്ക് വണ്ടി കയറിയത്.
തീരമണയുന്നവരെ സ്നേഹം വിളമ്പി സത്കരിച്ചിരുത്തിയ പാരമ്പര്യം കണ്ണിമുറിയാതെ ഇന്നും കാത്തുസൂക്ഷിക്കുന്നവരുടെ നാടാണ് മട്ടാഞ്ചേരി. നിറമുള്ള ജീവിതത്തിനും കച്ചവടത്തിനും രാഷ്ട്രീയ അഭയംതേടിയും കടൽ മുറിച്ചു കടന്നവരെ നെഞ്ചോട് ചേർക്കാൻ മുസ്രിസിന്റെ ആത്മാവിൽ സ്നേഹമെന്നുമവശേഷിച്ചിരുന്നു.
ഇത്തിരി വട്ടത്തിൽ ഒത്തിരി പേരെ ഉൾക്കൊള്ളാൻ മാത്രം വിശാലമാണ് ആ നാടിന്റെ ഹൃദയം. മത-ജാതി-നിറ വൈജാത്യങ്ങൾ നിലനിൽക്കെ തന്നെ അവിടുത്തെ മനുഷ്യർ അവരുടെ അടുക്കളകളിൽ സ്നേഹം പാകം ചെയ്യുന്നു. എന്നിട്ടതിനെ കരുതലോടെ അവർക്കും അവരുടെ അതിഥികൾക്കും വേണ്ടി വിളമ്പുന്നു.
മട്ടാഞ്ചേരിയുടെ ഈ മഴവില്ലഴകിനെ പകർത്താൻ വേണ്ടിയാണ് ബിജു ഇബ്രാഹീം എന്ന കൊണ്ടോട്ടിക്കാരൻ ഫോട്ടോഗ്രാഫർ കാമറയും തൂക്കി ആ സ്നേഹനഗരത്തിലേക്ക് വണ്ടി കയറിയത്. അവിടെ അയാൾ പകർത്തിയതത്രയും ആ നാടിന്റെ ആത്മാവിന്റെ ചിത്രങ്ങളായിരുന്നു. അതിൽ കുടികൊള്ളുന്ന സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും നിറമുള്ള ചിത്രങ്ങൾ. ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിലും ആ ചിത്രങ്ങൾക്ക് തിളക്കമേറെയാണ്.
മുസ്ലിംകളും ക്രിസ്ത്യാനികളും ജൂതരും ഹിന്ദുക്കളുമടങ്ങിയതാണ് മുസ്രിസിന്റെ ജനസഞ്ചയം. അറേബ്യയിൽ നിന്നും ഗുജറാത്തിൽ നിന്നുമൊക്കെ കച്ചവടത്തിന് വന്നവരും അധിനിവേശാർത്ഥം കടൽ കടന്നെത്തിയ പോര്‍ച്ചുഗീസുകാരും ഡച്ചുകാരുമൊക്കെയാണ് അവരുടെ പ്രപിതാക്കൾ. സ്വന്തം നാട്ടിലെ അക്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടു വന്നവരും ജോലി തേടി അന്യനാട്ടിൽ നിന്ന് വന്നുചേർന്നവരുമൊക്കെ അവരിലുണ്ട്.
വെറും അഞ്ചു കിലോമീറ്റര്‍ വിസ്തൃതിയിൽ നീണ്ടു കിടക്കുന്ന ഒരു ഭൂപ്രദേശത്ത് കൊണ്ടും കൊടുത്തും അവർ ജീവിച്ചു, ഇന്നും ജീവിക്കുന്നു. വെറുപ്പിന്റെ ഭയാനകമായ രാഷ്ട്രീയത്തിന് അവരുടെ സ്നേഹത്തിനു മേൽ പോറലേൽപ്പിക്കാനായിട്ടില്ല ഇന്നും.
ക്യാമറയുമായി തങ്ങളുടെ ജീവിതം പകർത്താൻ വന്നവനെ തുടക്കത്തിൽ സംശയത്തോടെ നോക്കിയെങ്കിലും അയാളുടെ വരവിന്റെ ഉദ്ദേശം ബോധ്യമായപ്പോൾ അയാളെ അവർ അവരുടെ നാടിന്റെ ആത്മാവിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ അയാൾ കണ്ണിന് കുളിരേകുന്ന ഒരുപാട് കാഴ്ചകൾ കണ്ടു. അവയെ ശ്രദ്ധാപൂർവ്വം കാമറയിൽ പകർത്തി. അവയുടെ ആത്മാവ് നഷ്ടപ്പെടാതെ തന്നെ. ട്രാൻസെൻഡൻസ്/കൊച്ചി എന്ന ചിത്രപ്രദർശന വേദിയിൽ ആ ചിത്രങ്ങളെയൊക്കെ പ്രദർശിപ്പിച്ചിട്ടുണ്ട് ബിജു ഇബ്രാഹിം.
"ഓരോ നാടിനും ആത്മാവുണ്ട്, മട്ടാഞ്ചേരിയുടെ ആത്മാവ് വളരെ മിസ്റ്റിക്കലാണ്. നമ്മുടെ ജനകീയ സംസ്കാരത്തില്‍ പ്രത്യേകിച്ചും സിനിമയില്‍ വളരെ ഹിംസ നിറഞ്ഞ സ്ഥലമായാണ് മട്ടാഞ്ചേരിയെ ഭാവന ചെയ്യാറുള്ളത്. പക്ഷെ വസ്തുത നേരെ തിരിച്ചാണ്, ഇത്രയേറെ വൈവിധ്യവും സഹവര്‍ത്തിത്വവും ഉള്ള മറ്റൊരിടം ഞാന്‍ കണ്ടിട്ടില്ല." ബിജു ഇബ്രാഹിം സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ വിശ്വാസത്തിലും ആചാരങ്ങളിലും അഭിമാനിക്കുമ്പോൾ തന്നെ മറ്റുള്ളവരെ നെഞ്ചോട് ചേർക്കാനും മറക്കുന്നില്ല അവർ.
സമകാലിക ഇന്ത്യയെ ആഴത്തിൽ മുറിവേൽപ്പിച്ചു കൊണ്ടിരിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം മട്ടാഞ്ചേരിയുടെ ഇടുങ്ങിയ തെരുവുകളിലേക്ക് അരിച്ചെത്താതിരിക്കട്ടെ എന്ന് ആത്മഗതം ചെയ്യുന്നുണ്ട് ബിജു ഇബ്രാഹിം. മുസ്രിസിന്റെ ആത്മാവ് എന്നും സ്നേഹം നിറച്ചു വെക്കട്ടെ. അവരുടെ അതിഥികൾക്ക് സ്നേഹം വിളമ്പാൻ അവരുടെ അടുപ്പത്തു സ്നേഹം വേവുന്ന കലങ്ങൾ തിളച്ചുകൊണ്ടേയിരിക്കട്ടെ. സ്നേഹം തന്നെയാണ് മുസ്രിസിന്റെ ആത്മാവ്.
(പ്രശസ്ത കലാകാരനും ക്യൂറേറ്ററുമായ റിയാസ് കോമുവിന്റെ നേതൃത്വത്തിലുള്ള ഉരു ആര്‍ട്ട് ഹാര്‍ബറിന്റെ ആര്‍ട്ടിസ്റ്റ് ഇന്‍ റെഡിഡന്‍സി പദ്ധതിയുടെ ഭാഗമായാണ് ഈ ഫോട്ടോഗ്രാഫി പ്രൊജക്ട് നടത്തപ്പെട്ടിരിക്കുന്നത്.)