ആ താക്കോലുകൾ ഇവരുടെ കൈയിൽ തന്നെയുണ്ട്
|ദശാബ്ദങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച് പോയ വീടുകളുടെ താക്കോലുകൾ ഫലസ്തീനികൾ ഇന്നും സൂക്ഷിച്ചുവെക്കുന്നു; എന്നെങ്കിലും ഒരിക്കൽ തിരിച്ചുപോകുമെന്ന പ്രതീക്ഷയോടെ.1948ൽ നടന്ന ‘നഖ്ബ’ അഥവാ ‘മഹാദുരന്തം’ അതിജീവിച്ച ഫലസ്തീനികളെ സംബന്ധിച്ചെടുത്തോളം അത്യന്തം പ്രതീകാത്മകമായ ഒരു വസ്തുവാണ് താക്കോൽ. ഇസ്രായേൽ രാജ്യം സ്ഥാപിക്കപ്പെട്ടതോടെ അഭയാർത്ഥികളായ ഏഴര ലക്ഷത്തോളം അറബ് മനുഷ്യർക്ക് മുന്നിൽ അവരുടെ വീടുകൾ മാത്രമല്ല കൊട്ടിയടക്കപ്പെട്ടത്; അവരുടെ ദേശത്തിന്റെ വാതിലുകളിലും എന്നെന്നേക്കുമായി അന്ന് താഴ് വീണു. ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ തിരിച്ചു വരുമെന്നും തലമുറകളായി കഴിഞ്ഞിരുന്ന വീടുകളിൽ തങ്ങൾ വീണ്ടും നടന്നു കയറുമെന്നും അന്ന് അവരിൽ പലർക്കും ഉറപ്പായിരുന്നു.
ഇസ്രായേൽ രാജ്യം സ്ഥാപിക്കപ്പെട്ടതോടെ അഭയാർത്ഥികളായ ഏഴര ലക്ഷത്തോളം അറബ് മനുഷ്യർക്ക് മുന്നിൽ അവരുടെ വീടുകൾ മാത്രമല്ല കൊട്ടിയടക്കപ്പെട്ടത്; അവരുടെ ദേശത്തിന്റെ വാതിലുകളിലും എന്നെന്നേക്കുമായി അന്ന് താഴ് വീണു. ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ തിരിച്ചു വരുമെന്നും തലമുറകളായി കഴിഞ്ഞിരുന്ന വീടുകളിൽ തങ്ങൾ വീണ്ടും നടന്നു കയറുമെന്നും അന്ന് അവരിൽ പലർക്കും ഉറപ്പായിരുന്നു.
കുറച്ചു ദിവസം മുമ്പ് ആ താക്കോലുകളിലൊന്ന് ഞാനെന്റെ കൈയിൽ പിടിച്ചു. വല്ലാത്തൊരു അമ്പരപ്പും ഞെട്ടലുമാണ് അനുഭവപ്പെട്ടത്. ബ്രിട്ടീഷുകാരും അമേരിക്കക്കാരും നൂറോളം വർഷങ്ങൾക്കു മുൻപ് ഉപയോഗിച്ച തരത്തിലുള്ള കനമേറിയ ഇരുമ്പു താക്കോലായിരുന്നു അത്. അതിന്റെ ഉടമസ്ഥനായ കർഷകൻ ഫലസ്തീൻ അതിർത്തിക്കടുത്ത അൽ ഖലീസ ഗ്രാമത്തിലാണ് ജീവിച്ചിരുന്നത്. ഹഗാനയെന്ന ജൂത സായുധസംഘം സ്വന്തം മണ്ണിൽ കഴിയാനുള്ള ഗ്രാമീണരുടെ അപേക്ഷ തള്ളിയതോടെ 1948 മെയ് 11 ന് അദ്ദേഹം തന്റെ കല്ലു കൊണ്ടു പണിത വീട് അവസാനമായി പൂട്ടിയിറങ്ങി.
ഗ്രാമത്തിന്റെ ഈ ചരിത്രം സത്യമാണെന്ന് ഇസ്രായേലിലെയും ഫലസ്തീനിലെയും ചരിത്രകാരന്മാർ സമ്മതിച്ചിട്ടുണ്ട്. അൽ ഖലീസ ഇന്ന് കിര്യാത്ത് ഷ്മോണ എന്ന ഇസ്രായേലി അതിർത്തി പട്ടണമാണ്. ശോചനീയാവസ്ഥയിലുള്ള ലബനാൻ ക്യാമ്പുകളിൽ ജീവനോടെ ബാക്കിയുള്ള അഭയാർത്ഥികൾക്ക് രാജ്യത്തിന്റെ തെക്കു ഭാഗത്തെ അതിർത്തി വരമ്പുകളിലൂടെ നോക്കിയാൽ ഇന്നും തങ്ങളുടെ പഴയ ഭൂമി കാണാം.
ചാറ്റിലയിലെ പരമദരിദ്രമായ ചേരിപ്രദേശങ്ങളേക്കാൾ ദാരുണമായ ക്യാമ്പുകൾ കുറവാണ്. അവിടെയാണ് മുഹമ്മദ് ഇസ്സി ഖാത്വിബ് അത്രത്തോളം തന്നെ ശോചനീയമായ തന്റെ ‘ഓർമ്മകളുടെ മ്യൂസിയം’ നടത്തിവരുന്നത്. ഫലസ്തീനികൾ കൃഷിക്കുപയോഗിച്ചിരുന്ന അരിവാളുകൾ മുതൽ ബ്രിട്ടീഷ്-ഓട്ടോമൻ ഭൂരേഖകളുടെ ഫോട്ടോകോപ്പികളും 1940കളിലെ റേഡിയോ സെറ്റുകളും ചെമ്പുകൊണ്ടുണ്ടാക്കിയ കാപ്പിപ്പാത്രങ്ങളും വരെ അണിനിരത്തിയ കുടിലാണത്. കൂട്ടത്തിൽ മൂന്ന് താക്കോലുകളും. അതിലൊരെണ്ണം തൊഴുത്തോ മറ്റോ പൂട്ടാൻ ഉപയോഗിച്ചതാണെന്ന് തോന്നുന്നു.
ഖാത്വിബിൻറെ സ്വന്തം കുടുംബവീടിന്റെ താക്കോൽ എന്നോ നഷ്ടപ്പെട്ടുപോയിരുന്നു (എനിക്ക് കിട്ടിയത് കമൽ ഹസൻ എന്ന ഒരു അഭയാർത്ഥിയുടെ മുത്തച്ഛന്റെ താക്കോലാണ്). തന്റെ മാതാപിതാക്കൾ അൽ ഖലീസ വിട്ട് രക്ഷപ്പെട്ടതിന് പിന്നാലെ ലബനാനിലാണ് മുഹമ്മദ് ഖാത്വിബ് ജനിച്ചത്. ഇസ്രായേൽ എന്ന പുതിയ രാജ്യം സൃഷ്ടിക്കപ്പെടുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ്.
1948ലെ യു.എൻ ജനറൽ അസംബ്ലിയുടെ 194ആം പ്രമേയം അറബുകൾക്ക് അവരുടെ മണ്ണിലേക്ക് തിരിച്ചു പോകാനുള്ള അവകാശം നൽകുന്നുണ്ട്. അറബുകളെ കുടിയൊഴിപ്പിച്ചത് തെറ്റായിപ്പോയി എന്ന് പല ഇസ്രായേലികളും സമ്മതിക്കുന്നുമുണ്ട്. പക്ഷെ 1949ൽ ഇസ്രായേൽ യു.എന്നിന്റെ ഭാഗമായ കാര്യം പണ്ഡിതനും പുരോഗമനചിന്താഗതിക്കാരനുമായ ഇസ്രായേലുകാരൻ ആവി ഷ്ലൈം എന്നെ ഓർമ്മിപ്പിക്കുന്നു. “നിയമവിരുദ്ധമല്ലാത്ത കാര്യങ്ങൾ നീതിപൂർണമാകണമെന്നില്ല,” അദ്ദേഹം പറഞ്ഞു.
1948ലെ യു.എൻ ജനറൽ അസംബ്ലിയുടെ 194ആം പ്രമേയം അറബുകൾക്ക് അവരുടെ മണ്ണിലേക്ക് തിരിച്ചു പോകാനുള്ള അവകാശം നൽകുന്നുണ്ട്. അറബുകളെ കുടിയൊഴിപ്പിച്ചത് തെറ്റായിപ്പോയി എന്ന് പല ഇസ്രായേലികളും സമ്മതിക്കുന്നുമുണ്ട്.
എന്നാൽ ഇങ്ങനെയൊരു വാദം മുഹമ്മദ് ഖാത്വിബിന്റെ മുന്നിൽ എനിക്ക് അവതരിപ്പിക്കാൻ സാധിക്കില്ല. 10 വർഷം മുമ്പ് വിരമിക്കുന്നതു വരെ യു.എന്നിന്റെ ദുരിതാശ്വാസ സംഘടനയിൽ ഡോക്ടറായി പ്രവർത്തിച്ച മുഹമ്മദ് നഖ്ബയുടെ ഇരകളെയും പിന്നീട് 1967ലെ പശ്ചിമേഷ്യൻ യുദ്ധകാലത്ത് വീടുപേക്ഷിച്ചു വന്നവരെയും വർഷങ്ങളോളം പരിപാലിച്ച വ്യക്തിയാണ്. 1948-49 കാലയളവിൽ അഭയാർത്ഥികളായവരുടെ മക്കളും പേരമക്കളുമടക്കം 50 ലക്ഷത്തോളം ഫലസ്തീനികളെ ദൌത്യസംഘം പരിചരിച്ചിട്ടുണ്ട്. അതിൽ ഏകദേശം പകുതിയോളം പേർ ലബനാനിലാണ്.
ഖാത്വിബിന്റെ മ്യൂസിയത്തിനകത്ത് പുകയിലയുടെയും പഴയ കടലാസുകളുടെയും തുരുമ്പിന്റെയും മണം നിറഞ്ഞു നിൽക്കുന്നു. റമദാനാണെങ്കിലും ചിലരൊന്നും നോമ്പെടുത്തിട്ടില്ല എന്ന് അവർ ചിരിച്ചുകൊണ്ട് സമ്മതിക്കുന്നു.
അവിടെ കണ്ട രേഖകളും തവിട്ടു നിറത്തിലുള്ള പാസ്പോർട്ടുകളും ഞാൻ മുമ്പും കണ്ടിട്ടുണ്ട്. മിക്കതിലും ഫലസ്തീന്റെ “സംരക്ഷകരായി” നിയോഗിക്കപ്പെട്ട ബ്രിട്ടന്റെ ഔദ്യോഗിക മുദ്ര കാണാം. ഒരു കിരീടത്തിന്റെയും സിംഹത്തിന്റെയും യൂനികോണിന്റെയും ചിത്രത്തിന് കീഴിലായി ‘ഇതിനെപ്പറ്റി കുറ്റം പറയുന്നവർക്ക് നാണക്കേടുണ്ടാകട്ടെ’ എന്ന് ഫ്രെഞ്ചിൽ എഴുതിവെച്ചിട്ടുണ്ട്.
എന്നാൽ ഞങ്ങൾ ബ്രിട്ടീഷുകാരെ തന്നെയാണ് ഇവർ ഇപ്പോൾ കുറ്റം പറയുന്നത്. “നിങ്ങളാണ് ഇത് മുഴുവൻ ചെയ്തത്,” താക്കോലുകളിലേക്ക് ചൂണ്ടി അദ്ദേഹം പറഞ്ഞു. അദ്ദേഹം ചിരിക്കുകയായിരുന്നു. 101 വർഷം മുമ്പ് ഫലസ്തീനിൽ ഒരു ജൂതദേശത്തിന് ബ്രിട്ടന്റെ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രചിക്കപ്പെട്ട ബാൽഫോർ പ്രഖ്യാപനത്തിന്റെ ചരിത്രം അവിടെ കൂടിയിരുന്ന എല്ലാവർക്കും പരിചിതമായിരുന്നു. “നിലവിലുള്ള ജൂതരല്ലാത്ത സമുദായങ്ങൾ” എന്നാണ് അവിടെയുണ്ടായിരുന്ന അറബ് വിഭാഗങ്ങൾ അന്ന് വിശേഷിപ്പിക്കപ്പെട്ടത്.
ഫലസ്തീനിലേക്ക് ഒരു തിരിച്ചുപോക്ക് എന്ന ഏറെക്കുറെ ഫലസ്തീനികളൊക്കെ ഉപേക്ഷിച്ച സ്വപ്നത്തെക്കുറിച്ച് ഞാൻ ഖാത്വിബിനോട് ചോദിച്ചു. എന്നാൽ ഒരിക്കൽ തിരിച്ചുപോകുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വിശ്വാസം. “ഇസ്രായേൽ ഒരു വിദേശവസ്തുവാണ്. പുറത്തുനിന്ന് നടപ്പെട്ട അങ്ങനെയൊരു രാജ്യത്തിന് അവിടെ നിലനിൽക്കാൻ സാധിക്കില്ല,” അദ്ദേഹം വാദിക്കുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇറാനിലെ മുൻ പ്രധാനമന്ത്രി അഹ്മദി നജാദിനെ ഓർമ്മിപ്പിച്ചുവെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അറബുകൾ അവരുടെ അയൽക്കാരെ ഇങ്ങനെ വീക്ഷിക്കാൻ തുടങ്ങിയാൽ ‘ദ്വിരാഷ്ട്ര പ്രതിവിധി’ (Two State Solution) യുടെ വിധിയെന്താവും? എന്നാൽ ഇസ്രായേലികളുടെ നിരന്തര ആക്രമണങ്ങൾ മൂലം മുമ്പ് ഇങ്ങനെയൊരു പ്രതിവിധി ആഗ്രഹിച്ച ഫലസ്തീനികളൊക്കെ അത് ഏതാണ്ട് ഉപേക്ഷിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത് ശരിയാണെന്ന് എനിക്കും തോന്നി.
അപ്പോൾ ഇത്രയും കാലത്തിനിടയ്ക്ക് ഫലസ്തീനികൾ ഒരു കുറ്റവും ചെയ്തിട്ടില്ലേ? ഞാൻ ചോദിച്ചു. “ചെയ്തിട്ടുണ്ട്,” ഖാത്വിബ് പറഞ്ഞു. “ഫലസ്തീൻ ഉപേക്ഷിച്ചു പോയി എന്നതാണ് അവർ ചെയ്ത കുറ്റം. ജീവൻ അപകടത്തിലായിരുന്നെങ്കിലും ഞങ്ങളുടെ പിതാക്കളും മുത്തച്ഛന്മാരും അവിടെ തന്നെ നിൽക്കണമായിരുന്നു. മരിച്ചാൽ പോലും. എന്റെ ഉമ്മ ഒരിക്കൽ എന്നോട് പറഞ്ഞു, “ഞങ്ങൾ എന്തിനാണ് ഓടിയത്? നിന്നെ എന്റെയരികിൽ വെച്ച് അവിടെ തന്നെ കഴിഞ്ഞാൽ മതിയായിരുന്നു”.
നിന്നവരും ഉണ്ട്. എന്നാൽ അതിൽ പലരും ദാർ യാസിനിൽ അടക്കം കൂട്ടത്തോടെ കൊല ചെയ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിന്റെ സംഘർഷങ്ങൾക്കിടയിൽ പതിനായിരക്കണക്കിന് അറബുകൾക്ക് വീട് നഷ്ടപ്പെടുന്നതിനെക്കുറിച്ച് കൂടി ചിന്തിക്കാൻ സാധിക്കാത്ത ഒരു അവസ്ഥയിലായിരുന്നു അന്ന് പാശ്ചാത്യലോകം. മുഹമ്മദിന്റെ വികാരങ്ങൾ എനിക്ക് മനസ്സിലാക്കാൻ സാധിക്കുമെങ്കിലും അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ചിലപ്പോൾ അത് തന്നെ ചെയ്തേനെ. മുൻവാതിലിന്റെ താക്കോലും കൈയിലേന്തി അവിടെത്തന്നെ നിൽക്കുക പ്രയാസകരമാണ്. മാത്രമല്ല, കുറച്ചു ദിവസത്തേക്ക് മാത്രം പോവുകയാണെന്ന് കരുതിയാണ് അന്ന് മിക്കപേരും ഓടിയത്.
മുഹമ്മദിന്റെയും മാതാപിതാക്കളുടെയും ഫലസ്തീനിലേക്ക് ഞാൻ പല തവണ തിരിച്ചു പോയിട്ടുണ്ട്. പൂട്ടുകൾ മാറ്റിയിട്ടുണ്ടെങ്കിലും ബാക്കിയുള്ള പഴയ അറബ് വീടുകളിലേക്ക് ഞാൻ താക്കോലുമേന്തി ചെന്നു. ഒരു വീട്ടിൽ താമസിക്കുന്ന ജൂതനായ ഇസ്രായേലിക്ക് മുമ്പ് താമസിച്ചവരുടെ കാര്യത്തിൽ വ്യസനമുണ്ടായിരുന്നു. അക്കാര്യം അവരെ അറിയിക്കാൻ അവർ ആവശ്യപ്പെടുകയും ഞാൻ അങ്ങനെ ചെയ്യുകയും ചെയ്തു.
ഹോളോകോസ്റ്റിനു ശേഷം പോളണ്ടിൽ നിന്ന് കുടിയേറിയ മറ്റൊരു വൃദ്ധനായ ജൂതൻ താൻ ഒരിക്കൽ താമസിച്ചിരുന്ന സ്ഥലം എനിക്ക് ഭൂപടത്തിൽ അടയാളപ്പെടുത്തി തന്നു. അദ്ദേഹത്തിന്റെ മാതാവ് ഓഷ്വിട്സിൽ കൊല്ലപ്പെട്ടതായിരുന്നു. ഞാൻ ഒരിക്കൽ അദ്ദേഹത്തിന്റെ പഴയ വീട് കണ്ടുപിടിച്ച് അവരുടെ വാതിൽക്കൽ മുട്ടി. ഒരു പോളിഷ് വനിതയാണ് വാതിൽ തുറന്നത്. അറബുകൾ സ്വത്തു തിരിച്ചുപിടിക്കുമോയെന്ന് ആശങ്കപ്പെടുന്ന ജൂതന്മാരെപ്പോലെ അവരും ചോദിച്ചു, “അവർ തിരിച്ചു വരുന്നുണ്ടോ?” നാസികൾ പിടിച്ചെടുത്ത സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ ജൂതപൌരന്മാർക്ക് പോളണ്ട് അധികാരം നൽകിയിട്ടുണ്ട്.
ഫലസ്തീനികൾക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ലോകത്തെ അറിയിക്കാനുള്ള മുഹമ്മദ് ഖാത്വിബിന്റെ ആഗ്രഹം എനിക്ക് മനസ്സിലാകും. ഞാനൊരു ഫലസ്തീൻ അനുകൂലി ആയതെങ്ങനെയെന്ന് അദ്ദേഹം എന്നോട് ചോദിക്കുന്നു. ഞാൻ ഫലസ്തീന്റെയല്ല, സത്യത്തിന്റെ അനുകൂലിയാണെന്ന് ഞാൻ വിശദീകരിച്ചു. രണ്ടും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് അദ്ദേഹം കരുതുന്നതായി എനിക്ക് തോന്നിയില്ല.
ഫലസ്തീനികൾക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ലോകത്തെ അറിയിക്കാനുള്ള മുഹമ്മദ് ഖാത്വിബിന്റെ ആഗ്രഹം എനിക്ക് മനസ്സിലാകും. ഞാനൊരു ഫലസ്തീൻ അനുകൂലി ആയതെങ്ങനെയെന്ന് അദ്ദേഹം എന്നോട് ചോദിക്കുന്നു. ഞാൻ ഫലസ്തീന്റെയല്ല, സത്യത്തിന്റെ അനുകൂലിയാണെന്ന് ഞാൻ വിശദീകരിച്ചു. രണ്ടും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് അദ്ദേഹം കരുതുന്നതായി എനിക്ക് തോന്നിയില്ല. അദ്ദേഹത്തിന്റെ കുടുംബവീട്ടിൽ മൂന്നു മുറികളും അതിനടുത്ത് ഒരു അരുവിയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ബ്രിട്ടീഷുകാർക്ക് വേണ്ടി ജോലി ചെയ്ത ഒരു പോലീസുകാരനായിരുന്നു. ചരിത്രം ഭൂതകാലത്തിലേക്ക് മാത്രമല്ല, ഭാവിയിലേക്കും നീണ്ടു കിടക്കുന്നു എന്ന തോന്നലോടെ ഞാൻ അദ്ദേഹത്തോട് വിട പറഞ്ഞു. അദ്ദേഹം ഒരിക്കലും തിരിച്ചുപോകില്ലെന്നും അവിടെയുള്ള ചെറിയ മ്യൂസിയം പ്രതീക്ഷയേക്കാൾ കുറ്റബോധത്തിന്റെ ചിഹ്നമാണെന്നും ഇറങ്ങുമ്പോൾ ഞാൻ ആലോചിച്ചു.