ബി.പി മണ്ഡൽ എന്ന നിശബ്ദ സാമൂഹിക വിപ്ലവം
|ഇന്ത്യയിലെ രാഷ്ട്രീയ ജനാധിപത്യത്തില്‍ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക പ്രാതിനിധ്യത്തെക്കുറിച്ച സംവാദങ്ങള്‍ക്ക് തിരി കൊളുത്തിയത് മണ്ഡല്‍ കമ്മീഷനായിരുന്നു.
ഇന്ത്യയിലെ താഴ്ന്ന വിഭാഗക്കാർക്ക് രാഷ്ട്രീയത്തിലും പൊതുവിടങ്ങളിലുമുള്ള സ്ഥാനത്തിന് പുതിയ മാനം നൽകുകയും സ്വന്തം മൂല്യത്തെ കുറിച്ച് അവർക്കു തന്നെ പുതിയ അറിവുകൾ നേടിക്കൊടുക്കുകയും ചെയ്ത വിപ്ലവകാരിയായ രാഷ്ട്രീയ നേതാവായിരുന്ന ബി.പി മണ്ഡലിന്റെ നൂറാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തിലേക്കും രാഷ്ട്രീയത്തിലേക്കും ഒരു തിരിഞ്ഞുനോട്ടം.
1990കളിൽ ആഗോളതലത്തിൽ ഏറെ ഉയർന്നു വന്ന പേരുകളായിരുന്നു മണ്ഡലും മണ്ടേലയും. വർണവെറിയും സാമൂഹിക വേർതിരിവും അവസാനിപ്പിക്കാൻ പോരാടിയ ഈ രണ്ട് വ്യക്തിത്വങ്ങളും യാദൃശ്ചികമായി ജനിച്ചത് ഒരേ വർഷമാണ്- 1918. 1990കളിലാണ് സാമൂഹിക-രാഷ്ട്രീയ ഉത്ഭോദനത്തിൻറെ സന്ദേശങ്ങൾ ഇരുവരും പ്രചരിപ്പിച്ചത്. ബി.പി മണ്ഡൽ എന്നു വിളിക്കുന്ന ബിന്ദേശ്വരി പ്രസാദ് മണ്ഡലിന്റെ നൂറാം ജന്മ വാർഷികമാണ് ആഗസ്റ്റ് 25ന് കടന്നുപോയത്. 1918ൽ മുർഹോ എന്ന ബീഹാറിലെ തന്റെ മാതാപിതാക്കളുടെ നാട്ടിൽ നിന്ന് കുറെ ദൂരെയുള്ള വരാനസിയിലാണ് അദ്ദേഹം ജനിച്ചത്. ഇന്ത്യയിലെ സാമൂഹിക പരിവർത്തന പ്രസ്ഥാനത്തിൽ പ്രമുഖമായ ഒരു പങ്ക് വഹിച്ചിട്ടും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് വളരെ കുറച്ച് മാത്രമേ എഴുതപ്പെട്ടിട്ടുള്ളൂ എന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പാർശ്വവത്കരിക്കപ്പെട്ടവരെയും അവർക്കും വേണ്ടി സംസാരിക്കുന്നവരെയും മുഖ്യധാരയിൽ നിന്ന് ഒഴിവാക്കി നിർത്താനുള്ള ശ്രമങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.
മണ്ഡൽ-കമണ്ഡൽ പ്രസ്ഥാനങ്ങൾ എന്ന ദ്വന്ദ്വത്തിൽ കുടുങ്ങിയാണ് കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇന്ത്യൻ രാഷ്ട്രീയം മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് മണ്ഡലിന്റെ ആശയങ്ങൾ ശൂദ്രന്മാരും അതിശൂദ്രന്മാരും ആദിവാസികളും മുസ്‍ലിംകളുമടങ്ങുന്ന അടിച്ചമർത്തപ്പെട്ട ബഹുജനങ്ങളെ പ്രതിനിധീകരിക്കുന്നു. സാമൂഹിക നീതിക്കും ഭരണപദങ്ങളിൽ തങ്ങൾക്കർഹതപ്പെട്ട പ്രാതിനിധ്യത്തിനും വേണ്ടി പോരാടുന്നവരുടെ കൂട്ടത്തിൽ എണ്ണത്തിൽ ഇവർ എടുത്തു നിന്നു. അതേ സമയം സംവരണത്തിനും നീതിപരമായ വേർതിരിവിനുമെതിരെ സംസാരിച്ച ചൂഷകവിഭാഗങ്ങൾ കമണ്ഡൽ വിശ്വാസവ്യവസ്ഥയുടെ ഭാഗമായി. അതിനവരെ പ്രധാനമായും പിന്തുണക്കുന്നത് വലതുപക്ഷ ഹിന്ദുത്വ വാദികളാണ്.
ബി.പി മണ്ഡൽ അധ്യക്ഷനായ മണ്ഡൽ കമ്മീഷൻ 1990 ആഗസ്റ്റ് 7ന് വിശ്വനാഥ് പ്രതാപ് സിങിന് കീഴിലെ അന്നത്തെ യുനൈറ്റഡ് ഫ്രന്റ് സർക്കാർ നടപ്പിലാക്കിയെങ്കിലും 1992 നവംബറിലെ ഇന്ദ്രാ സോഹ്നി വിധിയോടെ 1993ലാണ് കമ്മീഷന്റെ നിർദ്ദേശങ്ങൾ പ്രായോഗിക തലത്തിൽ നടപ്പിലാക്കപ്പെട്ടു തുടങ്ങിയത്. ഇങ്ങനെ നോക്കുമ്പോൾ മണ്ഡൽ കമ്മീഷൻ നടപ്പിലാക്കപ്പെട്ടതിന്റെ 25ാം വാർഷികം കൂടിയാണ് 2018ൽ കടന്നുപോകുന്നത്. നാഷനൽ കമ്മീഷൻ ഫോർ ബാക്ക്വേർഡ് ക്ലാസസിന് ഭരണഘടനാ പദവി നൽകിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭ പാസാക്കിയത് ഈ വർഷം ആഗസ്റ്റ് 2നാണ് എന്നതാണ് യാദൃശ്ചികമായ മറ്റൊരു കാര്യം.
പാർശ്വവത്കരിക്കപ്പെട്ടവരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഇന്ത്യൻ സാമൂഹിക ചിത്രം വരച്ചു കാട്ടുന്നതിൽ വിജയം കണ്ട വീക്ഷകനും വിപ്ലവകാരിയുമായ നേതാവായിരുന്നു ബി.പി മണ്ഡൽ. ബ്രിട്ടീഷുകാരുടെ ചൂഷണവും വംശീയ വേർതിരിവും മാത്രമല്ല, കൂടെയുള്ള ഇന്ത്യക്കാരുടെ ഇടയിൽ നിന്നും സാമൂഹികവും ജാതീയവും ലിംഗഭേദപരവുമായ അധിക്ഷേപവും നേരിടേണ്ടി വന്ന കൊളോണിയൽ കാലഘട്ടത്തിലേക്കാണ് മണ്ഡൽ ജനിച്ചു വീണത്. ദേശീയ ഐക്യവും സാമൂഹിക സമാധാനവും സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ഈ വിവേചനങ്ങൾ കാര്യമായി തടസ്സപ്പെടുത്തി.
എത്ര കലുഷിതമായ സാഹചര്യത്തിലും തന്റെ ആദർശങ്ങളിൽ അടിയുറച്ചു നിന്ന, തന്റെ സ്വാഭിമാനത്തെക്കുറിച്ച് തീവ്ര ബോധമുണ്ടായിരുന്ന ഒരു മനുഷ്യനായിരുന്നു ബി.പി മണ്ഡൽ. ഇന്ത്യയിലെ മറ്റനവധി ഉൾഗ്രാമങ്ങൾ പോലെ അദ്ദേഹത്തിന്റെ നാടും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വേർതിരിവുകളിൽ ആണ്ടു പോയിരുന്നു. എന്നാൽ കൽക്കത്തയോട് താരതമ്യേന അടുത്തു നിൽക്കുന്ന നാടായിരുന്നതിനാൽ ബംഗാൾ നവോത്ഥാനത്തിന്റെ ചില പ്രതിധ്വനികൾ അവിടെയും ചാറ്റൽമഴ പോലെ വന്നു വീഴുകയും സാമൂഹിക വികസനത്തിനു വേണ്ടിയുള്ള മണ്ഡലിന്റെ ശ്രമങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുകയും ചെയ്തു. പ്രസംഗത്തിലും യുക്തിനിഷ്ടമായ സംവാദത്തിലുമുള്ള മണ്ഡലിന്റെ കഴിവുകൾ അദ്ദേഹത്തെ വളരെവേഗം ബീഹാർ നിയമസഭയിലെത്തിച്ചു. വിവേചനപരമായ പ്രവർത്തനങ്ങൾക്ക് പ്രായോഗിക പിന്തുണ നൽകാനുള്ള എല്ലാ ശ്രമങ്ങളെയും അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ ഇകഴ്ത്തി കാട്ടിക്കൊണ്ടുളള പ്രസ്താവനകളെയും അദ്ദേഹം ഒരുപോലെ എതിർത്തു. തന്റെ എതിരാളികളെ തരംതാഴ്ത്തിക്കാണിക്കാൻ വേണ്ടി നിയമസഭയിൽ ‘ഗ്വാല’ എന്ന അധിക്ഷേപപരമായ വാക്കുപയോഗിച്ച മേൽജാതിക്കാരനായ ജനപ്രതിനിധിയ്ക്കെതിരെ മണ്ഡൽ ആഞ്ഞടിച്ചത് ഇതിനൊരുദാഹരണമാണ്. അദ്ദേഹത്തിന്റെ ഇടപെടലിന്റെ ഫലമായി സ്പീക്കർ വി.പി വർമ ആ വാക്കിനെതിരെ നോട്ടീസ് നൽകുകയും അതിനെ സഭാചട്ടത്തിന് വിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു.
രാഷ്ട്രീയവും സാമൂഹികവുമായ മേഖലകളിൽ ഏറെ കർമ്മോദ്യകമായ ഒരു കുടുംബമായിരുന്നു മണ്ഡലിന്റേത്. 1941ൽ തൻറെ 23ാം വയസ്സിൽ ബി.പി മണ്ഡൽ ബഗൽപൂർ ജില്ലാ കൌൺസിലിലേക്ക് എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവായ രാശിബായി ലാൽ മണ്ഡൽ ഒരു സാമൂഹിക പരിവർത്തകനായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സ്ഥാപകരിലൊരാളായിരുന്ന അദ്ദേഹം ജാതിവ്യവസ്ഥയുടെ സാമൂഹികമായ അനന്തരഫലങ്ങൾക്കും താഴ്ന്ന ജാതിക്കാരെ സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ നിന്ന് മാറ്റി നിർത്താനുള്ള പ്രവണതകൾക്കും എതിരെ ധീരമായി പോരാടി. 1952ൽ ബീഹാറിലെ മഥേപുര മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായ ബി.പി മണ്ഡൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സോഷ്യലിസ്റ്റ് പാർട്ടിയുടെ ഭൂപേന്ദ്ര നാരായൺ മണ്ഡലിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പിൽ തന്റെ എതിരാളിയായിരുന്നെങ്കിലും മഥേപുരയിൽ സോഷ്യലിസ്റ്റ് സിദ്ധാന്തക്കൾക്ക് പ്രചാരം കൊടുക്കുന്നതിൽ ഭൂപേന്ദ്ര നാരായൺ കാതലായ പങ്ക് വഹിച്ചു എന്ന കാര്യം മണ്ഡൽ അംഗീകരിച്ചിരുന്നു.
അഹ്മദാബാദിനടുത്തുള്ള ഫുൽപൂർ മണ്ഡലത്തിൽ നെഹ്റുവിനെതിരെ മത്സരിച്ച് പരാജയപ്പെട്ട രാം മനോഹർ ലോഹ്യക്കും ഭൂപേന്ദ്ര നാരായണോട് വലിയ മമതയായിരുന്നു. അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് പ്രവർത്താനശയങ്ങളെ പിന്തുണക്കാൻ വേണ്ടി ലോഹ്യ പലപ്പോഴും മഥേപുരയിലേക്ക് നടത്തിയ സന്ദർശനങ്ങളും മണ്ഡലിന്റെ സാമൂഹിക-രാഷ്ട്രീയ കാഴ്ചപ്പാടുകളെ സ്വാധീനിച്ചു. ബീഹാറിലെ പാമാ ഗ്രാമത്തിൽ കീഴ്ജാതിക്കാർക്കെതിരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് മണ്ഡൽ നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവന്നത്. പാമയിലെ രജപുത് ജന്മികൾ കുർമി എന്ന ഗ്രാമത്തെ ആക്രമിക്കുകയും അതിൻറെ ഫലമായി കീഴ്ജാതിക്കാർ പോലീസിന്റെ അതിക്രമത്തിന് ഇരയാവുകയും ചെയ്തു. കുറ്റക്കാരായ പോലീസുകാർക്കെതിരെ സർക്കാർ നടപടിയും ഇരയാവർക്ക് നഷ്ടപരിഹാരവും ആവശ്യപ്പെട്ടു കൊണ്ടുള്ള ബീഹാർ നിയമസഭയിലെ അദ്ദേഹത്തിൻറെ ഹരജി പിൻവലിക്കാൻ അദ്ദേഹത്തിനു മേൽ അതിയായ സമ്മർദ്ദമുണ്ടായിരുന്നു. ട്രഷറി ബെഞ്ച് വിട്ട അദ്ദേഹം പ്രതിപക്ഷ ബെഞ്ചിൽ ചേരുകയും തന്റെ വാദം തുടരുകയും ചെയ്തതോടെ നിഷ്ക്രിയരായിരുന്ന ഭരണപക്ഷം കൂടുതൽ നാണം കെട്ടു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അദ്ദേഹത്തിന് രാം മനോഹർ ലോഹ്യയുടെ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന നിയമസഭാ സമിതിയുടെ പ്രസിഡൻറ് പദവി നേടിക്കൊടുത്തു. ഇതേ പാർട്ടിയുടെ സ്ഥാനാർത്ഥിയായി അദ്ദേഹം പിന്നീട് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ബീഹാറിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിന് നൽകപ്പെടുകയും ചെയ്തു.
ലോഹ്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം അദ്ദേഹം പിന്നീട് പാർട്ടി വിട്ടു. 1967ൽ അദ്ദേഹം ശോഷിത് ദൽ എന്ന പേരിൽ സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചു. 1968 ഫെബ്രുവരി 1ന് ഉത്തരേന്ത്യയിലെ ആദ്യ ശൂദ്ര വിഭാഗക്കാരനായ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയെടുത്തു കൊണ്ട് ബി.പി മണ്ഡൽ ചരിത്രം സൃഷ്ടിച്ചു. ബീഹാർ നിയമസഭയിലെ അംഗമല്ലാത്തതിനാൽ നാല് ദിവസം തന്റെ പാർട്ടിയുടെ എം.എൽ.എയായിരുന്ന സതീഷ് സിങിനെ മുഖ്യമന്ത്രിയാക്കുകയും മണ്ഡൽ നിയമസഭയുടെ ഭാഗമായതിന് ശേഷം പിന്നീട് മുഖ്യമന്ത്രിയായി ചുമതലയെടുക്കുകയുമായിരുന്നു. സവർണ വിഭാഗക്കാരേക്കാൾ ഒ.ബി.സി വിഭാഗക്കാരായ മന്ത്രിമാരുള്ള ഉത്തരേന്ത്യയിലെ ആദ്യ സർക്കാർ എന്ന സവിശേഷതയും മണ്ഡലിന്റെ സർക്കാരിനുണ്ടായിരുന്നു. വെറും 47 ദിവസം മാത്രം നിലനിൽക്കാൻ വിധിയുണ്ടായിരുന്നിട്ടും ഇന്ത്യൻ രാഷ്ട്രീയ ചിത്രത്തിന് പുതിയൊരു ഉന്മേഷം പകരാൻ മണ്ഡലിന്റെ സർക്കാരിന് സാധിച്ചു. ‘എണ്ണം കൂടുതലുള്ളവർക്ക് പ്രാതിനിധ്യം കൂടുതൽ’ എന്ന് പിന്നീടുള്ള കാലത്ത് മണ്ഡൽ കമ്മീഷൻ നടപ്പിലാക്കാൻ ആവശ്യപ്പെട്ടു കൊണ്ട് കാൻശീറാം മുഴക്കിയ മുദ്രവാക്യം സവർണ വിഭാഗങ്ങളുടെ ആധിക്യത്തിന് പകരം ഭൂരിപക്ഷ പ്രാതിനിധ്യം കൊണ്ടുവരേണ്ട ആവശ്യകതയ്ക്ക് വീണ്ടും ഊന്നൽ നൽകി.
കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ വേണ്ടി ടി.എൽ വെങ്കടരാമൻ അയ്യർക്ക് കീഴിൽ സ്ഥാപിക്കപ്പെട്ട അയ്യർ കമ്മീഷൻ പിരിച്ചുവിട്ടുകൊണ്ടുള്ള കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ചാണ് മണ്ഡൽ മുഖ്യമന്ത്രി പദം രാജി വെച്ചത്. 1968ൽ മഥേപുര മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം വീണ്ടും മത്സരിക്കുകയും വലിയ എതിർപ്പുകളില്ലാതെ ലോക്സഭയിലേക്ക് വിജയിക്കുകയും ചെയ്തു. 1974ൽ അദ്ദേഹം ജയപ്രകാശ് നാരായണുമായി കൈകോർക്കുകയും കോൺഗ്രസിന്റെ അഴിമതി നിറഞ്ഞ സർക്കാരിനെതിരെ പ്രതിഷേധിച്ച് വീണ്ടും രാജി വെക്കുകയും ചെയ്തു.
അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്ക് വേണ്ടിയുള്ള മണ്ഡലിന്റെ പിന്തുണയും പ്രവർത്തനങ്ങളും 1978 ഡിസംബർ 20ന് പ്രധാനമന്ത്രി മൊറാർജി ദേശായിക്ക് കീഴിൽ ‘ബാക്ക്വേർഡ് ക്ലാസസ് കമ്മീഷൻ’ അഥവാ മണ്ഡൽ കമ്മീഷന്റെ സ്ഥാപനത്തിലേക്ക് വഴിനയിച്ചു. ബി.പി മണ്ഡലിന്റെ അധ്യക്ഷതയിലുണ്ടായ കമ്മീഷന്റെ ലക്ഷ്യം ഇന്ത്യയിൽ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ അംഗീകരിക്കുകയും ഉയർത്തിയെടുക്കുകയുമായിരുന്നു. ജാതിയധിഷ്ഠിത വിവേചനം നേരിടുന്നവർക്ക് സംവരണം ഉറപ്പാക്കാൻ അവർ ശ്രമിച്ചു. ജാതി, സമ്പത്ത്, സാമൂഹിക സാഹചര്യം എന്നീ ഗണങ്ങളിൽ ‘വിമോചനം നേടിയവരാ’യാണ് 1980കളിൽ ഇന്ത്യയുടെ ജനസംഖ്യയുടെ 52 ശതമാനം വന്നിരുന്ന ഒ.ബി.സി വിഭാഗം പരിഗണിക്കപ്പെട്ടിരുന്നത്. മണ്ഡൽ കമ്മീഷൻ കേന്ദ്ര സർക്കാരിലും പൊതുസ്ഥാപനങ്ങളിലും ഒ.ബി.സി വിഭാഗക്കാർക്ക് 27 ശതമാനം സംവരണം വേണമെന്ന് നിർദേശിച്ചു. സുപ്രീം കോടതി വിധി പ്രകാരം അങ്ങനെ എസ്.സി, എസ്.ടി വിഭാഗക്കാർക്കും ഒ.ബി.സി വിഭാഗക്കാർക്കും കൂടി 49 ശതമാനം സംവരണം ഏർപ്പെടുത്തി.
1980 ഡിസംബര്‍ 31ന് ഇന്ത്യൻ രാഷ്ട്രപതി ഗിയാനി സെയിൽ സിങിന് സമർപ്പിച്ച കമ്മീഷൻ റിപ്പോർട്ടിൽ സാധ്യതകളിൽ തുല്യത ഉറപ്പുവരുത്തുന്നതിലൂടെ സംഭവിക്കാവുന്ന മാറ്റങ്ങളെക്കുറിച്ചു ഒരു മനോഹരമായ ഉദാഹരണം പറയുന്നുണ്ട്:
“സാമ്പത്തികമായി സാമാന്യം ഭേദപ്പെട്ട ഒരു മധ്യവർഗ കുടുംബത്തിലാണ് മോഹൻ ജനിച്ചത്. അവന്റെ രണ്ട് മാതാപിതാക്കളും നന്നായി വിദ്യാഭ്യാസം നേടിയിട്ടുണ്ട്. അക്കാദമികവും അല്ലാത്തതുമായ മേഖലകൾക്ക് നല്ല ശ്രദ്ധ നൽകുന്ന നഗരത്തിലുള്ള നല്ലൊരു വിദ്യാഭ്യാസ സ്ഥാപനത്തിലാണ് മോഹൻ പഠിക്കുന്നത്. വീട്ടിൽ അവനു പഠിക്കാൻ സ്വന്തമായി ഒരു മുറിയുണ്ട്, അവനെ പഠനത്തിൽ സഹായിക്കാൻ രണ്ട് രക്ഷിതാക്കളുമുണ്ട്. അവന്റെ വീട്ടിൽ ഒരു ടി.വിയും റേഡിയോ സെറ്റുമുണ്ട്. അവൻറെ പിതാവ് പല തരത്തിലുള്ള മാസികകൾ വീട്ടിൽ വരുത്തിക്കുന്നുണ്ട്. പഠനത്തിന്റെയും ഭാവിയിലെ ജോലിസാധ്യതകളുടെയും കാര്യത്തിൽ അവന് മാതാപിതാക്കളുടെ നിരന്തരമായ ഉപദേശങ്ങൾ ലഭിക്കുന്നുണ്ട്. അവന്റെ സുഹൃത്തുക്കളുടെ പശ്ചാത്തലങ്ങളും ഏതാണ്ട് സമമാണ്. താൻ നേരിടാൻ പോകുന്ന ലോകം എത്രത്തോളം മത്സരം നിറഞ്ഞതാണെന്നും അവിടെ താൻ സ്വന്തമായി ഒരു പദവി ഉണ്ടാക്കിയെടുക്കേണ്ടവനാണെന്നും അവന് പൂർണ ബോധ്യമുണ്ട്. അവൻറെ ബന്ധുക്കളിൽ പലരും ഉന്നത പദവികളിലിരിക്കുന്നവരാണ്. സമയം വരുമ്പോൾ ആവശ്യമുള്ള സ്ഥലത്ത് അവരുടെ ശിപാർശ ലഭിക്കുമെന്നതും ഉറപ്പാണ്....അതേ സമയം ലല്ലു ജനിച്ചത് ഒരു ഗ്രാമത്തിലാണ്. ഗ്രാമത്തിൻറെ ജാതി ഘടനയിൽ താഴ്ന്ന വിഭാഗക്കാരുടെ കൂട്ടത്തിലാണ് അവൻറെ മാതാപിതാക്കൾ. അവൻറെ അച്ഛന് നാല് ഏക്കർ കൃഷിഭൂമിയുണ്ട്. അച്ഛനോ അമ്മയ്ക്കോ വിദ്യാഭ്യാസമില്ല. എട്ടു പേരടങ്ങുന്ന അവൻറെ കുടുംബം മുഴുവൻ രണ്ട് മുറിയുള്ള ഒരു ചെറിയ കുടിലിലാണ് കഴിയുന്നത്. ഗ്രാമത്തിൽ ഒരു പ്രൈമറി സ്കൂളുണ്ടായിരുന്നെങ്കിലും ഹൈ സ്കൂൾ വിദ്യാഭ്യാസത്തിനു വേണ്ടി ലല്ലുവിന് ദിവസവും മൂന്നു കിലോമീറ്റർ അങ്ങോട്ടും ഇങ്ങോട്ടും നടന്നു പോകണമായിരുന്നു. പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നതിനാൽ അവൻ തെഹസിൽദാർ ഓഫീസിൽ ജോലി ചെയ്യുകയായിരുന്ന ഒരു അമ്മാവൻറെ അടുത്തേക്ക് തന്നെ വിട്ടയക്കാൻ മാതാപിതാക്കളെ സമ്മതിപ്പിച്ചു. ഏതാണ് നല്ല കോഴ്സ് എന്നോ ജോലിയെന്നോ എന്നതിനെ കുറിച്ച് അവന് യാതൊരു ശിക്ഷണവും ലഭിച്ചില്ല. അവന്റെ മിക്ക സുഹൃത്തുക്കളും യു.പി തലത്തിനപ്പുറം പഠിച്ചിട്ടില്ല. തന്റെ ബുദ്ധിയെ ഉത്തേജിപ്പിക്കുന്ന വിധത്തിലുള്ള യാതൊരു സാംസ്കാരിക അനുഭവങ്ങളും അവനിതു വരെ ഉണ്ടായിട്ടില്ല. കാര്യമായ ഒരു പ്രോത്സാഹനവും കൂടാതെയാണ് അവൻ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഗ്രാമത്തിൽ ജനിച്ചു വളർന്നതിനാൽ അവൻ കാഴ്ചയിൽ ഇത്തിരി പഴഞ്ചനാണ്. കോളേജ് വിദ്യാഭ്യാസം പൂർത്തിയായിട്ടും വാക്കുകൾ നന്നായി ഉച്ചരിക്കാനോ ആത്മവിശ്വാസത്തോടെ പെരുമാറാനോ അവനറിയില്ല.”
ഇങ്ങനെ വലിയൊരു വിഭാഗം ആളുകളുടെ വികസനം തടയുന്ന സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പ്രശ്നങ്ങളുടെ അടിവേരുകൾ കണ്ടുപിടിക്കാനും തിരുത്താനുമുള്ള നിർദ്ദേശങ്ങളും കമ്മീഷൻ റിപ്പോർട്ട് ഉൾപ്പെടുത്തി. റിപ്പോർട്ടിൻറെ ആമുഖ വാക്കുകൾ തന്നെ ഏറെ ശ്രദ്ധേമാണ്: “തുല്യരായവർക്കിടയിൽ മാത്രമേ തുല്യതയുണ്ടാവൂ. തുല്യരല്ലാത്തവരെ തുല്യരായി കാണുന്നത് തുല്യതയില്ലായ്മയെ പ്രോത്സാഹിപ്പിക്കുക മാത്രമേ ചെയ്യൂ.” മുഖ്യധാരാ മാധ്യമങ്ങൾ കാണിക്കാൻ ശ്രമിക്കുന്നതു പോലെ സംവരണത്തിന് വേണ്ടി മാത്രമല്ല മണ്ഡൽ കമ്മീഷൻ സംസാരിച്ചത്. തങ്ങൾ ഒന്നിനു കൊള്ളാത്തവരല്ല എന്ന ആത്മവിശ്വാസം ശൂദ്രർക്കിടയിൽ കൊണ്ടു വരാൻ കമ്മീഷന് സാധിച്ചു. നിയമസഭകളിലും പാർലമെൻറിലും ഈ വിഭാഗക്കാർക്ക് പ്രത്യേക സംവരണം ഇല്ലായിട്ടും മണ്ഡൽ കമ്മീഷൻ നടപ്പിലാക്കിയതിന് ശേഷം ഈയിടങ്ങളിൽ ഇവരുടെ പ്രാതിനിധ്യം നാടകീയമായി വർധിച്ചതു തന്നെ കമ്മീഷന്റെ നിർദ്ദേശങ്ങളെ ശരി വെക്കുന്ന ഒരു ഉദാഹരണമാണ്. അതുകൊണ്ടു തന്നെയായിരിക്കും ക്രിസ്റ്റോഫ് ജാഫർലോട്ട് മണ്ഡൽ പ്രസ്ഥാനത്തെ ഇന്ത്യയുടെ നിശബ്ദ വിപ്ലവം എന്ന് വിശേഷിപ്പിച്ചത്. ഇരുമ്പുപണിക്കാരൻ, ക്ഷൌരൻ, അലക്കുകാരൻ, ചെരുപ്പുകുത്തി തുടങ്ങിയ തൊഴിലുകൾ ചെയ്യുന്ന മുസ്‍ലിംകളെ ഒ.ബി.സി വിഭാഗക്കാരായി അംഗീകരിക്കാൻ സാധിച്ചതാണ് മണ്ഡൽ കമ്മീഷന്റെ മറ്റൊരു പ്രധാന വിജയം.
ജനങ്ങളെ ജാതി തിരിച്ചു കാണുന്ന ഇന്ത്യൻ മനോവ്യവസ്ഥയ്ക്കുള്ള നല്ലൊരു പ്രഹരമായിരുന്നു മുസ്‍ലിം ജാതിവിഭാഗങ്ങളെ ഒ.ബി.സി ആയി അംഗീകരിച്ചു കൊണ്ടുള്ള ഈ നീക്കം. ഇത്തരം തൊഴിലുകളെ ഇകഴ്ത്തി കാണിച്ചു കൊണ്ടാണ് പല സവർണ വിഭാഗക്കാരും മണ്ഡൽ കമ്മീഷനെതിരെ പ്രതിഷേധിച്ചത്. സംവരണം തങ്ങളെ ഇത്തരം തൊഴിലുകളെടുക്കാൻ സമ്മർദ്ദപ്പെടുത്തും എന്ന് കാണിക്കാൻ അവർ കൈയിൽ ചൂലുകളുമായി ഇറങ്ങി. 1982ൽ 64ാം വയസ്സിൽ ഹൃദയാഘാതം മൂലം അന്ത്യശ്വാസം വലിച്ച മണ്ഡൽ അങ്ങനെ തൻറെ പ്രവർത്തനങ്ങളിലൂടെ ഇന്ത്യ എന്ന ചെറുപ്പ രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. മണ്ഡൽ നയിച്ച പ്രസ്ഥാനം ഇന്ത്യയിലെ ശൂദ്ര വിഭാഗക്കാർക്ക് അധികാരസ്ഥാനങ്ങളിൽ ഇടം നേടിക്കൊടുത്തെന്നും രാഷ്ട്രീയമായി അവരെ ഉണർത്തിയെന്നും ചരിത്രകാരനായ വില്യം ഡാൽറൈംപിൾ നിരീക്ഷിച്ചിട്ടുണ്ട്. 1960കളിലെ പൌരാവകാശ പ്രസ്ഥാനങ്ങൾ ആഫ്രിക്കൻ അമേരിക്കൻ വിഭാഗക്കർക്കിടയിൽ സൃഷ്ടിച്ച പ്രഭാവത്തിന് സമാനമാണിത്.
കടപ്പാട്: ദി വയർ