Column
മനുഷ്യാവകാശ സംഘടനക്കുള്ളിലെ മനുഷ്യാവകാശ ലംഘനങ്ങൾ: ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിൽ നടക്കുന്നതെന്ത്? 
Column

മനുഷ്യാവകാശ സംഘടനക്കുള്ളിലെ മനുഷ്യാവകാശ ലംഘനങ്ങൾ: ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിൽ നടക്കുന്നതെന്ത്? 

മറിയ സാലിം
|
23 Sep 2018 3:52 PM GMT

ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിൽ ജാതീയതയും മുസ്‌ലിം വിരോധവും ജനാധിപത്യ വിരുദ്ധതയും കൊടികുത്തി വാഴുന്നു എന്ന് വെളിപ്പെടുത്തുകയാണ് മനുഷ്യാവകാശ പ്രവർത്തകയും ഗവേഷകയുമായ മറിയ സാലിം

"നമ്മുടെ ഓഫീസിലെ ശുചീകരണ തൊഴിലാളികൾക്ക് മറ്റാരെയും പോലെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും അപരവൽക്കരിക്കപ്പെടാതിരിക്കാനും ഉള്ള അവകാശം വേണമെന്ന് വിശ്വസിക്കുന്നവർ കൈ ഉയർത്തൂ. ഈ വൃത്തികെട്ട യൂണിഫോമുകൾ ധരിക്കാൻ അവർ നിർബന്ധിക്കപ്പെടാൻ പാടില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിലും നിങ്ങളുടെ കൈകൾ ഉയർത്തൂ," ഓഗസ്റ്റ് ഒന്നിന് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ പല ശ്രേണികളിൽ ഉൾപ്പെട്ട ജോലിക്കാരടങ്ങിയ ഒരു മീറ്റിംഗിൽ വെച്ച് ഞാൻ ചോദിച്ചു.

അരികുവൽക്കരണവും വിവേചനവും സംബന്ധിച്ച വിഷയങ്ങളിൽ മുതിർന്ന മാനേജർമാർക്ക് പരിമിതമായ ധാരണ മാത്രം ഉണ്ടായിരുന്ന ഒരു തൊഴിലിടത്തിലേക്കാണ് ഞാൻ കാലെടുത്തുവെച്ചത്. എന്നെപ്പോലെ വിവിധ പശ്ചാത്തലങ്ങളിൽ നിന്നും വരുന്ന ജോലിക്കാരോട് വളരെ മോശമായി മാത്രം പെരുമാറിയിരുന്ന അവർക്ക് അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുടെ വേദനകളെ കുറിച്ച് ഒന്നും അറിയുമായിരുന്നില്ല

താഴ്ന്ന സാമ്പത്തിക സാഹചര്യങ്ങളിൽ നിന്ന് വരുന്ന ഈ ശുചീകരണ തൊഴിലാളികളെ ഇത്തരം വസ്ത്രം ധരിക്കാൻ നിർബന്ധിക്കുന്ന മുതിർന്ന നേതൃത്വം ഒഴികെ ബാക്കിയുള്ള 90% പേരും എന്റെ അഭിപ്രായത്തോട് യോജിച്ചു. അത്കൂടാതെ, അടുത്ത ആറു മാസത്തേക്കെങ്കിലും പുതിയ രീതിയുമായി മുന്നോട്ട് പോകാമെന്ന് ഹ്യൂമൺ റിസോഴ്സ് ഡിപ്പാർട്മെന്റ് മേധാവി തീരുമാനിക്കുകയും ചെയ്തു.

സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനത്തിൽ ഉയർന്ന ജാതിയിൽ പെട്ട ഒരാൾ അരികുവൽക്കരിക്കപ്പെട്ട സ്ത്രീകളോട് എന്ത് ധരിക്കണം, എന്ത് ധരിക്കരുത് എന്ന് കൽപ്പിക്കുന്നത് ശരിയായ ഏർപ്പാടാണോ? അല്ല എന്നാണ് എന്റെ വിശ്വാസം.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ സംഘടനയെന്ന് കരുതപ്പെടുന്ന ആംനസ്റ്റി ഇന്റർനാഷണലിലെ എന്റെ ജോലി കഴിഞ്ഞയാഴ്ച രാജി വെക്കാനുണ്ടായ പല കാരണങ്ങളിൽ ഒന്നാണിത്. മുസാഫർനഗർ കലാപത്തിൽ കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീകളെ കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കുന്നതിന് വേണ്ടി ഒരു കൺസൾട്ടന്റ് ആയി 2016 ൽ ആംനസ്റ്റി ഇന്റർനാഷണലിൽ ജോലി ഏറ്റെടുക്കുമ്പോൾ എട്ടു മാസത്തിനുള്ളിൽ ആ ജോലി ഉപേക്ഷിക്കുമെന്ന് ഞാൻ ചിന്തിക്കുക പോലും ചെയ്തിരുന്നില്ല.

അരികുവൽക്കരണവും വിവേചനവും സംബന്ധിച്ച വിഷയങ്ങളിൽ മുതിർന്ന മാനേജർമാർക്ക് പരിമിതമായ ധാരണ മാത്രം ഉണ്ടായിരുന്ന ഒരു തൊഴിലിടത്തിലേക്കാണ് ഞാൻ കാലെടുത്തുവെച്ചത്. എന്നെപ്പോലെ വിവിധ പശ്ചാത്തലങ്ങളിൽ നിന്നും വരുന്ന ജോലിക്കാരോട് വളരെ മോശമായി മാത്രം പെരുമാറിയിരുന്ന അവർക്ക് അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുടെ വേദനകളെ കുറിച്ച് ഒന്നും അറിയുമായിരുന്നില്ല. തൊഴിൽരഹിതയായിരിക്കെ ഇതെഴുതുന്ന സമയത്ത് എന്നിൽ അവശേഷിക്കുന്ന ഒരേയൊരു വിഷമം എന്ത് കൊണ്ട് കുറച്ച് കൂടി നേരത്തെ ജോലി രാജിവെക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല എന്നത് മാത്രമാണ്.

രാജിക്കത്തിൽ ഞാൻ എഴുതി: "വിവേചനം നേരിട്ടതായും അവഹേളിക്കപ്പെട്ടതായും ഒഴിച്ചുനിറുത്തപ്പെട്ടതായും അവസരങ്ങൾ നിഷേധിക്കപ്പെട്ടതായും എനിക്ക് അനുഭവപ്പെടുന്നു. പരിചയസമ്പന്നയായ ഒരു മനുഷ്യാവകാശ പ്രവർത്തക എന്ന നിലക്ക് ഇത്തരം സമീപനങ്ങൾക്ക് വിധേയയാകുന്നതിൽ എനിക്ക് താല്പര്യമില്ല. മാത്രമല്ല, മുൻധാരണകളുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ എന്നോട് മോശമായി പെരുമാറാൻ ഞാൻ ആരെയും അനുവദിക്കുകയുമില്ല."

വിവേചനം നേരിട്ടതായും അവഹേളിക്കപ്പെട്ടതായും ഒഴിച്ചുനിറുത്തപ്പെട്ടതായും അവസരങ്ങൾ നിഷേധിക്കപ്പെട്ടതായും എനിക്ക് അനുഭവപ്പെടുന്നു. പരിചയസമ്പന്നയായ ഒരു മനുഷ്യാവകാശ പ്രവർത്തക എന്ന നിലക്ക് ഇത്തരം സമീപനങ്ങൾക്ക് വിധേയയാകുന്നതിൽ എനിക്ക് താല്പര്യമില്ല. മാത്രമല്ല, മുൻധാരണകളുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ എന്നോട് മോശമായി പെരുമാറാൻ ഞാൻ ആരെയും അനുവദിക്കുകയുമില്ല

എന്റെ അഭിപ്രായത്തിൽ, ആംനസ്റ്റി ഇന്റർനാഷണലിന്റെ ഉയർന്ന ജാതിയിലും ഉന്നത സാമ്പത്തിക നിലവാരത്തിലും പെട്ട നേതൃത്വം ഒരിക്കലും ആ സംഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്ക് അനുയോജ്യരല്ല. എന്റെ വാദത്തെ സ്ഥിരീകരിക്കുന്ന തെളിവുകൾ അടങ്ങിയ നിരവധി സംഭവങ്ങൾ എനിക്ക് വിവരിക്കാനാവും. മുസ്‌ലിം-ദലിത് തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ആംനസ്റ്റിയിലെ അവരുടെ കഴിഞ്ഞ കുറെ മാസങ്ങൾ തീർത്തും ഭീകരമായിരുന്നു. പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികൾ ജോലിസ്ഥലത്തെ പീഡനത്തിന്റെയും ജാതി വിവേചനത്തിന്റെയും പേരിൽ ആംനസ്റ്റിയിലെ പല മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും പരാതികൾ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, ആംനസ്റ്റി തന്നെ നിയമിച്ച അന്വേഷണ കമ്മിറ്റികൾ പരാതികളിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ പ്രഥമ ദൃഷ്ട്യാ വിവേചനപരമല്ലെന്ന് പറഞ്ഞുകൊണ്ട് അവയെ തള്ളിക്കളയുകയാണ് ചെയ്യാറ്.

ആംനസ്റ്റിയിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട ക്യാമ്പയിന് നേതൃത്വം നൽകിയിരുന്ന കേരളക്കാരിയായ ഒരു മുതിർന്ന ദലിത് ആക്ടിവിസ്റ്റ് ഉണ്ടായിരുന്നു. ഞാൻ ആംനസ്റ്റിയിൽ ചേർന്ന സമയത്ത് മൂന്നു മാസത്തോളം അവർ എന്റെ മാനേജർ കൂടിയായിരുന്നു. 2018 മാർച്ചിൽ ജോലി രാജിവെക്കുന്നതിന് മുമ്പായി അവർ പറഞ്ഞത് സംഘടനയുടെ മുതിർന്ന നേതാക്കൾ ഉൾപ്പെട്ട പ്രോഗ്രാം മാനേജ്മെന്റ് വിഭാഗം അവരെ പുറത്താക്കാൻ വേണ്ടി നടത്തിയ മാനസിക പീഡനത്തിന്റെ ഫലമായിട്ടാണ് അവർ ജോലി രാജിവെക്കുന്നത് എന്നാണ്. താഴ്ന്ന ജാതിക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമപ്രകാരം അവർ നേരിട്ടത് ജാതിവിവേചനം ആണെന്ന് വരെ അവർ പറഞ്ഞു. ആ സംഭവത്തിന് ശേഷം ചുരുങ്ങിയ സമയത്തിനുള്ളിൽ അവർ രാജിവെച്ചതിനും അവരുടെ രാജിക്കത്ത് അര മണിക്കൂറിനുള്ളിൽ അവരുടെ മാനേജർ സ്വീകരിച്ചതിനും പിന്നീട് ഞാൻ സാക്ഷിയായി.

2018 ഓഗസ്റ്റിൽ എന്റെ ടീമിലെ അംഗങ്ങളിൽ ഒരാളായ കർണാടകയിൽ നിന്നുള്ള ഒരു അറിയപ്പെട്ട ആക്ടിവിസ്റ്റ് കരഞ്ഞു കൊണ്ടാണ് ആംനസ്റ്റിയിൽ നിന്നും പിരിഞ്ഞു പോയത്. സംഘടനയുടെ നേതൃത്വത്തിലുള്ള ആരോ ഒരാൾക്ക് അവർക്ക് വേണ്ടത്ര യോഗ്യതയില്ല എന്ന് തോന്നിയത് കാരണം അവരുമായി പറഞ്ഞുറപ്പിച്ച തുകക്ക് അവരുടെ കരാർ പുതുക്കി നൽകാത്തതിന്റെ പേരിലാണ് അവർക്ക് സംഘടന വിടേണ്ടി വന്നത്. "സാരമില്ല, എന്റെ ഇംഗ്ലീഷ് അവരുടെ ഇംഗ്ലീഷിന്റെ അത്ര വരില്ല, ഞാൻ അവരെ പോലെ ഉന്നതകുലജാതയുമല്ല. എന്റെ ശമ്പളത്തിൽ നിന്ന് അയ്യായിരം രൂപ കുറയുന്നത് കൊണ്ടല്ല ഞാൻ പോകുന്നത്. മറിച്ച്, എന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ വേണ്ടിയാണ്," സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന ഞങ്ങളോട് അറുപതുകാരിയായ അവർ പറഞ്ഞു. 25 വർഷത്തെ പ്രവർത്തി പരിചയമുള്ള അവർ ഏതൊരു സംഘടനക്കും വലിയൊരു മുതൽക്കൂട്ടാവുമായിരുന്നു. അവർക്ക് പകരം ആംനസ്റ്റി നിയമിച്ച ആൾക്ക് അവരെക്കാൾ ശമ്പളം ഉണ്ടായിരുന്നു, ഇംഗ്ലീഷ് ഭാഷയിൽ അവരെക്കാൾ മികച്ച പ്രാവീണ്യവും.

ബാപ്പ്സയുടെ സ്ഥാപകരിലൊരാളും ജെ.എൻ.യുവിൽ നിന്ന് ഗവേഷണം പൂർത്തിയാക്കുകയും ചെയ്ത എന്റെ തന്നെ മറ്റൊരു സഹപ്രവർത്തകയും തുടർച്ചയായ പീഡനത്തിനും വിവേചനത്തിനും വിധേയയായിട്ടുണ്ട്. ആംനസ്റ്റിയുടെ ഒരു ഡയറക്ടർക്കെതിരെ ജാതി വിവേചനത്തിന്റെ പേരിൽ നൽകിയ പരാതിയിൽ രൂക്ഷമായ ആരോപണങ്ങളാണ് അവർ ഉന്നയിച്ചത്. ആദിവാസികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ജോലികൾക്ക് ഒരു ആദിവാസിയെ നിയമിക്കണം എന്ന നിർദേശത്തോട് മൃഗങ്ങളുടെ അവകാശങ്ങളെ കുറിച്ച് പഠിക്കാൻ ഞങ്ങൾക്ക് മൃഗങ്ങളെ നിയമിക്കേണ്ട ആവശ്യമില്ല എന്നത് പോലെ ആദിവാസികളുടെ അവകാശങ്ങളെ കുറിച്ച് പഠിക്കാൻ ഒരു ആദിവാസിയെ തന്നെ നിയമിക്കേണ്ടതില്ല എന്നാണ് ആ ഡയറക്ടർ മറുപടി പറഞ്ഞത് എന്നാണ് അവർ ആരോപിച്ചത്. എന്നാൽ, അവരുടെ പരാതി ആംനസ്റ്റിയുടെ തലപ്പത്തിരിക്കുന്നവർ തള്ളിക്കളയുകയാണുണ്ടായത്.

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ജയിൽ മോചിതനായപ്പോൾ അദ്ദേഹത്തെ സ്വാഗതം ചെയ്ത് കൊണ്ട് പ്രസ്താവനയിറക്കാൻ ആംനസ്റ്റി ഒട്ടും അമാന്തിച്ചില്ല. പക്ഷെ, ആംനസ്റ്റിയുടെ തലപ്പിത്തിരിക്കുന്നവർ എന്ത്കൊണ്ടാണ് ഈ ക്യാമ്പയിന് വേണ്ടി ചന്ദ്രശേഖർ ആസാദിനെ തന്നെ തെരെഞ്ഞെടുത്തത് എന്നത് പുറം ലോകത്തിന് അറിയില്ല. 2018 ന്റെ അവസാനത്തോട് കൂടി 7,00,000 ൽ കൂടുതൽ പുതിയ അംഗങ്ങളെ ചേർക്കണമെന്ന് ആംനസ്റ്റി ഇന്ത്യക്ക് അന്താരാഷ്ട്ര നേതൃത്വത്തിന്റെ നിർദേശമുണ്ട്. എന്നുവെച്ചാൽ, മെമ്പർഷിപ്പ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ആംനസ്റ്റി എന്നർത്ഥം. മനുഷ്യാവകാശ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും അവക്ക് പിന്തുണ നേടിയെടുക്കാനും വേണ്ടിയാണ് ഇത്രയും അംഗത്വം ആംനസ്റ്റി ഉപയോഗപ്പെടുത്തുന്നതും.

ഞാൻ ആംനസ്റ്റിയിൽ ചേരുന്നതിന് ശേഷം ഓരോ ക്യാമ്പയിനിന്റെയും അനന്തര ഫലങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു കൂട്ടുന്ന യോഗങ്ങളിൽ ആകെ ഉയർന്നിരുന്ന ചോദ്യം ക്യാമ്പയിന് ശേഷം എത്ര പുതിയ മിസ്സ്ഡ് കാൾ ലഭിച്ചു, അല്ലെങ്കിൽ എത്ര പുതിയ മെമ്പർഷിപ്പ് ഉണ്ടായി എന്നത് മാത്രമാണ്. ചന്ദ്രശേഖർ ആസാദിന് വേണ്ടി ക്യാമ്പയിൻ നടത്തിയതിന് പിന്നിലെ പ്രധാന ഉദ്ദേശ്യം അദ്ദേഹത്തിന്റെ പേര് സംഘടനയിലേക്ക് കൂടുതൽ ആളെ ചേർക്കാൻ സഹായിക്കും എന്നത് കൊണ്ടാണ്. ആംനസ്റ്റി ഇന്ത്യ പിന്നോക്ക വിഭാഗക്കാരുടെ അവകാശങ്ങളിൽ വിശ്വസിക്കുന്നു എന്ന് തെറ്റിദ്ധരിക്കുന്ന ഭീം ആർമി പ്രവർത്തകർ മിസ്സ്ഡ് കാൾ അടിച്ച് അംഗത്വം എടുക്കുന്നത് തങ്ങളുടെ ഉത്തരവാദിത്വം ആയി കണക്കാക്കി. അങ്ങനെ, ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ 1,60,000 മിസ്സ്ഡ് കാളുകൾ ആണ് ലഭിച്ചത്.

മീറ്റിംഗുകളിൽ പുതിയതായി ലഭിച്ച അംഗങ്ങളെ കുറിച്ച് പറഞ്ഞതല്ലാതെ ദലിതുകളുടെ അവകാശങ്ങൾക്ക് വേണ്ടി ആംനസ്റ്റി എന്താണ് ചെയ്തത് എന്ന് അവരോട് ചോദിക്കണം. റോഹിങ്ക്യകൾക്ക് വേണ്ടി നടത്തിയ ക്യാമ്പയിന് വേണ്ടി ലഭിച്ച 7,00,000 മിസ്സ്ഡ് കാളും സിഖ് കൂട്ടക്കൊലക്കെതിരെയുള്ള ക്യാമ്പയിന് വേണ്ടി ആവശ്യപ്പെട്ട മിസ്സ്ഡ് കാളും എന്ത് ചെയ്തു എന്നും അവരോട് ചോദിക്കണം. മിസ്സ്ഡ് കാളുകളും സൈൻ അപ്പുകളുമൊക്കെ മനുഷ്യാവകാശ ലംഘനങ്ങളിൽ നടപടിയെടുക്കാൻ സർക്കാരിൽ സമ്മർദ്ദമുണ്ടാക്കും എന്നാണ് ധാരണ. എന്നാൽ, ബന്ധപ്പെട്ട വകുപ്പിന് നടപടിയെടുക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ഒരു കത്ത് സമർപ്പിച്ചു എന്നല്ലാതെ മറ്റൊന്നും നടന്നില്ല എന്നതാണ് വാസ്തവം.

ദലിതുകൾക്കും മറ്റു അരികുവൽക്കരിക്കപ്പെട്ടവർക്കും നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെ കണക്കെടുക്കുന്നത് പോലെതന്നെ പ്രധാനമാണ് അവരുടെ അവകാശ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്നതും. ബലാത്സംഗം പോലോത്ത ഒരു കുറ്റകൃത്യം നടക്കുമ്പോൾ വെറും പ്രസ്താവനയിറക്കുകയും ട്വീറ്റ് ചെയ്യുകയും മാത്രമാണ് ചെയ്യുന്നതെങ്കിൽ മറ്റു മാധ്യമ സ്ഥാപനങ്ങളിൽ നിന്നും ഒട്ടും വ്യത്യസ്തമാവുകയില്ല ആംനസ്റ്റി ഇന്റർനാഷണൽ

ആംനസ്റ്റി നടത്തിയിട്ടുള്ള പ്രശംസനീയമായ പ്രവർത്തനങ്ങളെയൊക്കെ നിരാകരിക്കുക എന്നതല്ല ഈ തുറന്നെഴുത്തിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്. പ്രാധാന്യമർഹിക്കുന്ന പ്രവർത്തനങ്ങളൊക്കെ സംഘടന തുടർന്നും ചെയ്യേണ്ടതുണ്ട്. എന്നാൽ, ദലിതുകൾക്കും മറ്റു അരികുവൽക്കരിക്കപ്പെട്ടവർക്കും നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെ കണക്കെടുക്കുന്നത് പോലെതന്നെ പ്രധാനമാണ് അവരുടെ അവകാശ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്നതും. ബലാത്സംഗം പോലോത്ത ഒരു കുറ്റകൃത്യം നടക്കുമ്പോൾ വെറും പ്രസ്താവനയിറക്കുകയും ട്വീറ്റ് ചെയ്യുകയും മാത്രമാണ് ചെയ്യുന്നതെങ്കിൽ മറ്റു മാധ്യമ സ്ഥാപനങ്ങളിൽ നിന്നും ഒട്ടും വ്യത്യസ്തമാവുകയില്ല ആംനസ്റ്റി ഇന്റർനാഷണൽ. ആംനസ്റ്റി ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ ബഹുമാനിക്കുമ്പോൾ തന്നെ ആ സംഘടനയുടെ നേതൃത്വത്തിലുള്ള ഉയർന്ന ജാതിക്കാരുടെ മൂല്യബോധങ്ങൾക്കെതിരെയാണ് ഞാൻ ശബ്ദമുയർത്തുന്നത്. ഇത് എഴുതുന്ന സമയത്ത് ഞാൻ ഒരു തൊഴിൽ രഹിതയായിരിക്കാം, പക്ഷെ ആ ജോലി രാജിവെച്ചതിലൂടെ എന്റെ അന്തസ്സിനെയും മനുഷ്യാവകാശങ്ങളിലുള്ള വിശ്വാസത്തെയുമാണ് ഞാൻ ഉയർത്തിപ്പിടിച്ചത്.

വിവർത്തനം: ഇർഫാൻ ആമയൂർ

Similar Posts