Column
ബ്രസീല്‍ തീവ്രവലത് പക്ഷത്തേക്ക്; പുതിയ പ്രസിഡന്‍റ് വരുമ്പോള്‍ 
Column

ബ്രസീല്‍ തീവ്രവലത് പക്ഷത്തേക്ക്; പുതിയ പ്രസിഡന്‍റ് വരുമ്പോള്‍ 

പ്രതാപ് വി.കെ
|
29 Oct 2018 10:22 AM GMT

അമേരിക്കയുടെയും ട്രംപിന്‍റെയും കടുത്ത ആരാധകനാണ് ബൊല്‍സൊനാരോ. ഇസ്രായേലിന്‍റെ അപകടകരമായ വിദേശനയത്തെയും അദ്ദേഹം പിന്തുണച്ചുവരുന്നു.

ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ബ്രസീലിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു.തീവ്രവലതുപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ ലിബറല്‍ പാര്‍ട്ടി (പി.എസ്.എല്‍)യുടെ നേതാവ് ജൈര്‍ ബൊല്‍സൊനാരോ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ 9ന് നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ 46 ശതമാനം വോട്ട് നേടി ജൈര്‍ ബൊല്‍സൊനാരോ ഒന്നാമതെത്തിയിരുന്നു. അന്ന് രണ്ടാം സ്ഥാനത്തെത്തിയത് 29 ശതമാനം വോട്ട് നേടിയ ഫെര്‍ണാണ്ടോ ഹര്‍ദാദ് ആയിരുന്നു. വര്‍ക്കേഴ്സ് പാര്‍ട്ടിയുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രസീലിന്‍റെയും സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്നു ഹര്‍ദാദ്. 13 പേരായിരുന്നു പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജനസമ്മതി തേടിയിരുന്നത്. 50 ശതമാനം വോട്ട് ആര്‍ക്കും നേടാനാവാഞ്ഞതിനാല്‍ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുപ്പ് നീളുകയായിരുന്നു.

ഒന്നും രണ്ടും സ്ഥാനത്തെത്തിയവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇന്നലെ നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിലാണ് 55.2 ശതമാനം വോട്ട് നേടി ബൊല്‍സൊനാരോ പുതിയ ബ്രസീല്‍ പ്രസിഡന്‍റായിരിക്കുന്നത്. ഹര്‍ദാദിന് ലഭിച്ചത് 44.8 ശതമാനം വോട്ട്. 2003 മുതല്‍ 13 വര്‍ഷം തുടര്‍ച്ചയായി ഇടതുപക്ഷ വിഭാഗമായ വര്‍ക്കേഴ്സ് പാര്‍ട്ടിയായിരുന്നു ബ്രസീലിന്‍റെ ഭരണാധികാരത്തില്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി യാഥാസ്ഥിതിക വിഭാഗത്തിന്‍റെ നേതാവായിരുന്ന മൈക്കല്‍ ടീമറുടെ ഭരണത്തിന്‍കീഴിലും. ടീമര്‍ക്കെതിരെ ബ്രസീലിലാകെ വ്യാപക അഭിപ്രായ വ്യത്യാസം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നിരുന്നത്.

രാജ്യത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന അഴിമതിക്ക് അന്ത്യം കുറിക്കുമെന്നും വര്‍ധിച്ചുവരുന്ന കുറ്റകൃത്യ നിരക്ക് കുറക്കുമെന്ന തുമായിരുന്നു ബൊല്‍സൊനാരോയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. 1955ല്‍ ജനിച്ച ബൊല്‍സൊനാരോ 1971 മുതല്‍ 17 വര്‍ഷം ബ്രസീലിയന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചു. ക്യാപ്റ്റന്‍ പദവിയിലിരിക്കെ 1988ല്‍ വിരമിച്ചു. ഭ്രൂണഹത്യ, വംശീയത, സ്വവര്‍ഗരതി, കുടിയേറ്റം, തോക്ക് കൈവശം വയ്ക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്‍റെ പേരില്‍ ബൊല്‍സാനാരോക്കെതിരേ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. മുന്‍പ് സോഷ്യല്‍ ക്രിസ്റ്റ്യന്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഈ വര്‍ഷമാദ്യം സോഷ്യല്‍ ലിബറല്‍ പാര്‍ട്ടിയിലേക്ക് ചുവടുമാറുകയായിരുന്നു.

സെപ്തംബര്‍ മാസത്തിലെ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ ഉണ്ടായ ഒരു കത്തിക്കുത്ത് ആക്രമണത്തില്‍ ബൊല്‍സൊനാരോക്ക് മാരകമായി പരിക്കേറ്റിരുന്നു. ശരീരത്തില്‍ നിന്ന് 40 ശതമാനത്തിലധികം രക്തംവാര്‍ന്നുപോയതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതിനുശേഷം മാസങ്ങള്‍ നീണ്ടുനിന്ന ചികിത്സയിലായിരുന്നു. അതിപ്പോഴും തുടരുന്നു. അമേരിക്കയുടെയും ട്രംപിന്‍റെയും കടുത്ത ആരാധകനാണ് ബൊല്‍സൊനാരോ. ഇസ്രായേലിന്‍റെ അപകടകരമായ വിദേശനയത്തെയും അദ്ദേഹം പിന്തുണച്ചുവരുന്നു. കമ്യൂണിസത്തിനും സോഷ്യലിസത്തിനും ഇടത് തീവ്രവാദത്തിനുമെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചായിരുന്നു ബൊല്‍സൊനാരോ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ടായിരുന്നത്.

1964 മുതല്‍ 1985 വരെ ബ്രസീലിനെ അടക്കിഭരിച്ച പട്ടാളഭരണത്തെ ശക്തമായി പിന്തുണക്കുന്ന കടുംപിടുത്തക്കാരായ നേതാക്കളുടെ ഗണത്തില്‍പെട്ടയാളാണദ്ദേഹം. മൈക്കല്‍ റിനാല്‍ഡോ ആണ് ബൊല്‍സൊനാരോയുടെ ഇപ്പോഴത്തെ ജീവിതപങ്കാളി. മൂന്ന് ഭാര്യമാരിലായി അഞ്ച് മക്കള്‍. 2019 ജനുവരി ഒന്നിനാണ് ബ്രസീലിന്‍റെ 38ാമത് പ്രസിഡന്‍റായി ജൈര്‍ ബൊല്‍സൊനാരോ അധികാരമേല്‍ക്കുക.

Similar Posts