Column
കോടതിവിധികളും മതങ്ങളും
Column

കോടതിവിധികളും മതങ്ങളും

ഫൈസാൻ മുസ്തഫ
|
3 Nov 2018 2:10 AM GMT

പ്രകൃത്യാതീത ഒരു ഉയർന്ന ശക്തിക്ക് കീഴ്പ്പെടലാണ് ഏതു മതത്തിന്റെയും അന്തസത്ത. ഭരണഘടനകൾ മതങ്ങൾ ചെയ്യുന്ന പോലെ, പൊതുവേ ക്രമരഹിതമായ ലോകത്തെ ഒരു ക്രമത്തിലും നിയമത്തിലും കൊണ്ടുവരാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്

മതം മനുഷ്യന്റെ നിലനിൽപ്പിന് അനിവാര്യമായ ഒന്നാണ്, മാത്രവുമല്ല നമ്മുടെ ജീവിതത്തിൽ നിന്ന് പൊടുന്നനെ ഒഴിവാക്കാൻ പറ്റുന്ന ഒന്നുമല്ല മതം. ഇന്ത്യൻ സമൂഹം പ്രധാനമായും മതപരമാണ്. അതിന്റെ ഫലമായി, മതേതരത്വം എന്ന ആശയത്തോട് നമുക്കത്ര താല്പര്യമുണ്ടായിരുന്നില്ല. ഇന്നും നമ്മുടെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ മതം ഒരു മുഖ്യപങ്ക് വഹിക്കുണ്ട്.

ഒരു വ്യക്തി തന്റെ ‘ഏകാന്തതയിൽ' ചെയ്യുന്നത് എന്താണോ അതാണ് മതം എന്നാണ് ആൽഫ്രഡ് നോർത്ത് വൈറ്റ്ഹെഡ് മതത്തെ നിർവചിക്കുന്നത്. മുൻ രാഷ്ട്രപതി എസ് രാധാകൃഷ്ണന്റെ അഭിപ്രായത്തിൽ 'നൈതിക നിയമങ്ങളുടെ ഒരു കോഡ് ആണ് മതം. ആചാരാനുഷ്ഠാനങ്ങൾ, കർമങ്ങൾ, ചടങ്ങുകൾ ആരാധനാലയങ്ങൾ, എന്നിവ അതിന്റെ ബാഹ്യ പ്രകടനങ്ങളാണ്’. പ്രകൃത്യാതീത ഒരു ഉയർന്ന ശക്തിക്ക് കീഴ്പ്പെടലാണ് ഏതു മതത്തിന്റെയും അന്തസത്ത. ഭരണഘടനകൾ മതങ്ങൾ ചെയ്യുന്ന പോലെ, പൊതുവേ ക്രമരഹിതമായ ലോകത്തെ ഒരു ക്രമത്തിലും നിയമത്തിലും കൊണ്ടുവരാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്.

അതുകൊണ്ടാണ് സ്‌റ്റേറ്റും ചർച്ചും തമ്മിലുള്ള അകലം നിലനിൽക്കത്തന്നെ, അമേരിക്കയെ പോലും ‘സഭയുടെ ആത്മാവുള്ള രാജ്യം’ (nation with the soul of [a] church), എന്ന് വിളിക്കപ്പെടുന്നത്. "Supreme Beingനെ മുൻനിർത്തിയുള്ള സാമൂഹ്യ സ്ഥാപനങ്ങൾ ഉള്ള മതപരതയുള്ള ഒരു ജനതയാണ് നമ്മൾ " എന്ന് ജസ്റ്റിസ് വില്യം ഒ ഡഗ്ലസ് (Justice William O Douglas) അമേരിക്കൻ സമൂഹത്തെകുറിച്ചുള്ള തന്റെ ഒരു വിധിയിൽ പറഞ്ഞിട്ടുണ്ട്.

'വിശ്വാസങ്ങൾ' ആണ് മതങ്ങളുടെ കാതൽ. യുക്തിയും അനുഭവജ്ഞാനവും മതങ്ങള്‍ക്ക് അന്യമാണ്. മാത്രമല്ല, പല തരത്തിലുള്ള വിവേചനവും പുറംതള്ളലും മതങ്ങളിലുണ്ട്. സുപ്രീംകോടതി വിധിക്കെതിരെ ശബരിമല പ്രതിഷേധം അങ്ങേയറ്റം പിന്തിരിപ്പനാണെങ്കിലും പുതുമയോ ആശ്ചര്യമുളവാക്കുന്നതോ അല്ല. ഷാബാനു വിധിക്കു ശേഷം സമാനമായ അനുഭവം നമുക്കുണ്ടായി. ഭരണഘടനാ ധാർമികതയുടെ പേരിൽ മത കാര്യങ്ങളിൽ കോടതിയുടെ അതിരു കടന്ന ഇടപെടലും, മതങ്ങൾ പരിഷ്ക്കരിക്കുന്നതിനുള്ള ഉത്സാഹവും, പ്രത്യേകിച്ചും ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള വിവേചനപരമായ മതാചാരങ്ങൾ, തികച്ചും അത്ഭുതമുളവാക്കുന്ന ഒന്നാണ്. പരിഷ്കാരങ്ങൾ അനിവാര്യമാണ്, പക്ഷെ, മുകളിൽ- നിന്നും താഴോട്ട് കെട്ടിയിറക്കുന്ന പരിഷ്കാരങ്ങൾ പലപ്പോഴും വിപരീത ഫലമുളവാക്കുന്നവയാണ്, കൂടാതെ ഇത്തരം നീക്കങ്ങൾ മതഭ്രാന്തരെ സാമൂഹിക വ്യവഹാരങ്ങൾ കയ്യടക്കാൻ സഹായിക്കുകയും ചെയ്യുന്നു.

മതങ്ങൾ തീർച്ചയായും പിന്തിരിപ്പനാണ്, എന്നാൽ ലിബറൽ ജനാധിപത്യ സംവിധാനങ്ങൾ മതപരമായ ചട്ടക്കൂടുകളെ വർദ്ധിച്ച തോതിൽ ഉപയോഗപ്പെടുത്തുന്നത് കാണാം. ആധുനിക ഭരണഘടനകളും മതങ്ങളെപ്പോലെ ആയിത്തീർന്നുകൊണ്ടിരിക്കുകയാണ്. ഫലത്തിൽ ഒരുതരം ഭരണഘടനാപരമായ മതഭരണം (constitutional theocracy). 1838 ൽ അബ്രഹാം ലിങ്കൺ ‘ദേശത്തിന്റെ രാഷ്ട്രീയ മതത്തെ’ (political religion of the nation) ബോധപൂർവം അനുസരിക്കാൻ അമേരിക്കക്കാരോട് ആഹ്വാനം ചെയ്തു. ഇന്ത്യൻ ഭരണഘടനമാത്രമാണ് തന്റെ വിശുദ്ധ ഗ്രന്ഥമെന്നു 2014 ൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖാപിച്ചു.

ലാലുപ്രസാദ് മുതൽ ആള്‍കൂട്ട കൊലപാതകങ്ങളുടെ ഇരകൾ, ലൈംഗിക പീഡകർ തുടങ്ങി എല്ലാവരും പ്രതിജ്ഞ ചെയ്യുമ്പോൾ നീതിന്യായ വ്യവസ്ഥയിലുള്ള "വിശ്വാസം" പ്രകടിപ്പിച്ചുകൊണ്ടു മത ചുവയുള്ള പ്രസ്താവനകൾ നടത്തുന്നത് കാണാം. വിശ്വാസം എന്നത് മതത്തിന്റെ മറ്റൊരു പേരല്ലേ?

പൊതുവെ എല്ലാ വിശ്വാസവും അന്ധമാണ്‌. അതിനാൽ, ഒരു ഭക്തനോടും ഭക്തിയുടെ യുക്തി അന്വേഷിച്ചിട്ട് കാര്യമില്ല, അവനൊരു ദൈവഭക്തനോ രാഷ്ട്രീയക്കാരന്റെ ഭക്തനോ ആവട്ടെ. അടൽ ബിഹാരി വാജ്പേയി 1971 ൽ ഇന്ദിരാഗാന്ധിയെ ദുർഗ്ഗ എന്ന് വിളിച്ചത് സുപ്രസിദ്ധമാണ്. സമീപകാലത്ത്, മഹാരാഷ്ട്രാ ബി.ജെ.പി വക്താവ് അവാദത്ത് വാഗ് (Avadhut Wagh) പ്രധാനമന്ത്രിയെ വിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമെന്നു വിശേഷിപ്പിച്ചിരുന്നു. രാഹുൽ ഗാന്ധി താനും ഒരു ഹൈന്ദവ വിശ്വാസിയാണെന്നു തെളിയിക്കാൻ ക്ഷേത്രങ്ങൾ സന്ദർശിച്ചുകൊണ്ടിരിക്കുകയാണ്. മിക്ക ഇന്ത്യൻ മന്ത്രിമാരും "ഞാൻ ഉറപ്പിച്ചുപറയുന്നു" എന്നതിന് പകരമായി "ദൈവ"നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നു.

നമ്മുടെ കോടതികൾ ‘നീതിയുടെ ക്ഷേത്രങ്ങൾ' എന്ന് വിളിക്കപ്പെടുന്നു. 'യതോ ധർമ്മ സ്തതോ ജയഃ' (ധർമ്മം എവിടെയാണുള്ളത്, അവിടെ നീതിയുണ്ട്) എന്നാണു സുപ്രിം കോടതിയുടെ തന്നെ മുദ്രയിലുള്ളത്. 'ധർമ്മം', 'നിയമം' എന്നിവ ഹിന്ദു മതത്തിൽ പര്യായങ്ങളാണ്. നമ്മുടെ സുപ്രീം കോടതിയും അവയെ ഒരേപോലെ ഉപയോഗിക്കുന്നു.

ഭരണഘടന - ദൈവിക നിയമത്തെ പോലെ - എല്ലാ നിയമങ്ങളേക്കാളും ഉയർന്ന നിയമമാണെന്നും എല്ലാവരും അതിനു കീഴ്പ്പെടേണ്ടതാണെന്നും നമ്മൾ പറയാറില്ലേ? നമ്മുടെ സുപ്രീം കോടതി ജഡ്ജിമാർ ഭരണഘടനാ ധാർമികതയുടെ പേരിൽ പുതിയൊരു സിവിൽ മതമുണ്ടാക്കുവാൻ ശ്രമിക്കുകയല്ലേ? നമ്മുടെ ജഡ്ജിമാർ ഇടക്കിടെ, ചിലപ്പോൾ ആനാവശ്യമായും, ലോക കാര്യങ്ങൾ തീരുമാനിക്കുന്നതിൽ മതഗ്രന്ഥങ്ങള്‍ ഉദ്ധരിക്കുന്നുവെന്നത് ഒരു യാഥാർഥ്യമല്ലേ? ദൈവത്തിനു നമ്മുടെ മേൽ അധികാരമുണ്ട്; നിയമത്തിന്റെയും ആകെത്തുക അധികാരമാണ്.

ഈ പൗരമതത്തിന്റെ പുരോഹിതന്മാർ ന്യായാധിപരാണ്- സഭാവസ്ത്രങ്ങളും അണിയുന്നവരാണവർ. പുരോഹിതന്മാരെ പോലെ അവർക്ക് മാത്രമാണ് വിശുദ്ധ ഗ്രന്ഥത്തിന്റെ അർഥം നൽകാനുള്ള അധികാരമുള്ളത്. “My Lords” എന്നാണവർ അഭിസംബോധന ചെയ്യപ്പെടുന്നത്.

ഭരണഘടന എന്നത് ആധുനിക സിവില്‍ മതത്തിന്റെ വിശുദ്ധഗ്രന്ഥമാണ്. മറ്റ് സംഘടിത മതങ്ങളെപ്പോലെ, ഈ സിവിൽ മതത്തിനും അതിന്റേതായ സ്തുതിഗീതങ്ങളും പവിത്രമായ ചടങ്ങുകളുമുണ്ട്‌, പ്രവാചകരും രക്തസാക്ഷികളുമുണ്ട്. പൂർണാർത്ഥത്തിൽ ഉപയോഗിച്ചാൽ ഈ ഭരണഘടനാ ദൈവശാസ്ത്രത്തിനും ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ പ്രയോഗത്തിലെ ‘ഭരണഘടനാ നവോത്ഥാന'ത്തിനും നീതി, സ്വാതന്ത്ര്യം, സമത്വം എന്നിവയുടെ ശരിയായ സാക്ഷാത്ക്കാരത്തിലൂടെ ഭൂമിയിൽ സ്വർഗ്ഗം കൊണ്ടുവരാൻ കഴിയും, സാഹോദര്യവും; അത് വളരെ കുറച്ചു മാത്രമാണ് ഊന്നിപ്പറയപ്പെട്ടിട്ടുള്ളതെങ്കിൽ പോലും.

ഈ പൗരമതത്തിന്റെ പുരോഹിതന്മാർ ന്യായാധിപരാണ്- സഭാവസ്ത്രങ്ങളും അണിയുന്നവരാണവർ. പുരോഹിതന്മാരെ പോലെ അവർക്ക് മാത്രമാണ് വിശുദ്ധ ഗ്രന്ഥത്തിന്റെ അർഥം നൽകാനുള്ള അധികാരമുള്ളത്. “My Lords” എന്നാണവർ അഭിസംബോധന ചെയ്യപ്പെടുന്നത്. വിമർശനവും / അനുസരണക്കേടും ദൈവദൂഷണം പോലെ ശിക്ഷാർഹമാണ്. നിരവധി തവണ ഈ പ്രഭുക്കന്മാർ നമ്മുടെ ജനാധിപത്യത്തെ ഏകാധിപത്യത്തിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്, ഒരു ദൈവത്തെപ്പോലെ. ചില സമയങ്ങളിൽ മരണത്തിനും ജീവിതത്തിനും മുകളിൽ അവരും ചില ഏകപക്ഷീയമായ തീരുമാനങ്ങളുമെടുക്കുന്നു.

മതങ്ങൾ ഭരണഘടനാ സദാചാരത്തിനും യുക്തിക്കും വിധേയമാക്കേണ്ടതുണ്ടോ? യുക്തിയും മതവിശ്വാസങ്ങളും ഒന്നിച്ചു പോവുകയില്ല, ഭരണഘടനയോ ഈ വിശ്വാസങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. നമ്മുടെ ഭരണഘടന ആമുഖത്തിൽ തന്നെ, ‘ചിന്താ, ആവിഷ്കാര, വിശ്വാസ, ആരാധന എന്നിവയുടെ സ്വാതന്ത്ര്യം ഉറപ്പു നൽകുന്നു.' ആർട്ടിക്കിൾ 26 മതപരമായ കാര്യങ്ങളിൽ എല്ലാ മത വിശ്വാസങ്ങൾക്കും നിയമവാഴ്ച, ആരോഗ്യം, ധാർമികത എന്നിവക്ക് വിധേയയമായി സ്വയം നിർണയാവകാശം നൽകുന്നു.

ഈ ആർട്ടിക്കിൾ വ്യാഖ്യാനിച്ച് എല്ലാ മതപരമായ ആചാരങ്ങക്കും ഭരണഘടനാപരമായ സംരക്ഷണമുണ്ടാവില്ലെന്ന് സുപ്രീംകോടതി പ്രസ്താവിച്ചിരുന്നു. ‘അനിവാര്യ ആചാരങ്ങൾക്ക്' (essential practices) മാത്രമായി മത സ്വാതന്ത്ര്യത്തെ കോടതി പരിമിതപ്പെടുത്തി. ഈ പ്രക്രിയയിൽ, ഒരു ആചാരത്തിനു മീതെ മറ്റൊരു ആചാരത്തിന് പരിഗണന കൊടുക്കുന്നത് ശരിയല്ലെന്ന വസ്തുതയെ കോടതി അവഗണിച്ചു.

ആചാരങ്ങളുടെയും സമുച്ചയമാണ് മതം. ഇസ്മായിൽ ഫാറൂഖി (1994) വിധിയിൽ മതസ്വാതന്ത്ര്യത്തെ കോടതി ഒന്നുകൂടി പരിമിതപ്പെടുത്തി. 'മത ആചാരങ്ങളുടെ സവിശേഷ പ്രാധാന്യം' (peculiar significance of religious practice) എന്ന പുതിയ തത്വം കൂട്ടിച്ചേർത്തും പുതിയ വ്യവസ്ഥകൾ വച്ചും വിവിധ മതങ്ങളിലെ ആചാരങ്ങളെ താരതമ്യ പരിശോധനക്ക് വിധേയമാക്കിയുമാണ് കോടതി ഇത് ചെയ്തത്. ഈ രണ്ട് നിബന്ധനകളും കോടതിയുടെ മുൻ വിധിന്യായങ്ങൾക്കെതിരാണ്. അതിനാൽ തന്നെ ഇവ രണ്ടും ഒരു വലിയ ബെഞ്ചിന്റെ പുനർപരിശോധന അർഹിക്കുകയും ചെയ്യുന്നു. ശബരിമല വിധിയിൽ (2018 ) ജസ്റ്റിസ് ഡി ചന്ദ്രചൂഡ് ഈ അനിവാര്യതാ പരിശോധനയിൽ പ്രശ്നങ്ങളുണ്ടെന്ന് അംഗീകരിക്കുന്നുണ്ട്.

ये भी पà¥�ें- ‘മുസ്‍ലിംകള്‍ക്ക് നമസ്കാരത്തിന് പള്ളി അനിവാര്യമല്ല’ എന്താണ് 1994ലെ ഇസ്മാഈല്‍ ഫറൂഖി കേസ്?

കോടതികൾ വൈദികരെ പോലെ പെരുമാറരുതെന്ന് ഈ എഴുത്തുകാരൻ നിരന്തരം വാദിച്ചിട്ടുണ്ട് . മതങ്ങൾ പരിഷ്ക്കരിക്കുക എന്നത് നീതിന്യായ സംവിധാനത്തിന്റെ ജോലിയല്ല. ശബരിമല പ്രക്ഷോഭവും, പ്രശ്നത്തിന്റെ രാഷ്ട്രീയവൽക്കരണവും. മതപരമായ കാര്യങ്ങളിൽ നമ്മൾ വളരെ ശ്രദ്ധാപൂർവ്വം നീങ്ങണം എന്നതിന്റെ മറ്റൊരു ഓർമ്മപ്പെടുത്തലാണ്.

ഭരണഘടനയുടെ ആധിപത്യം എന്നത് നിയമപൂജയായി പരിവർത്തിക്കപ്പെടേണ്ടതില്ല. ഭരണഘടനാ ധാർമികത എന്നത് പ്രശംസനീയമായ ഒരു ലക്ഷ്യമാണ്. എന്നാൽ നമ്മൾ ഇനിയുമതിന് തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. ഭരണഘടന പാഠങ്ങൾ ഉണ്ടെങ്കിലും പ്രയോഗതലത്തിൽ മതസ്വാതത്രം 'മതത്തിൽ നിന്നുള്ള സ്വാതത്രമല്ല". മത സ്വാതന്ത്ര്യം എന്ന തത്വം ‘മതത്തിനുള്ളിൽ തന്നെയുള്ള സ്വതന്ത്ര്യവും' ഉൾക്കൊള്ളുന്നില്ല- വിശേഷിച്ചും സ്ത്രീകൾക്ക്.

കടപ്പാട്: ഇന്ത്യന്‍ എക്‍സ്പ്രസ്
വിവര്‍ത്തനം: മുഹമ്മദലി

Similar Posts