Column
ലൈംഗികാവയവ പ്രദര്‍ശനം ഒരു രോഗമാണോ?
Click the Play button to hear this message in audio format
Column

ലൈംഗികാവയവ പ്രദര്‍ശനം ഒരു രോഗമാണോ?

റീന വി.ആർ
|
18 July 2022 5:22 AM GMT

കുട്ടികളുടെ മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച ചലച്ചിത്ര നടന്‍ യഥാര്‍ഥ രോഗിയാണോ അല്ലേ എന്ന സംശയത്തിന് പ്രസക്തിയുണ്ട്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ അയാള്‍ പ്രയോഗിക്കുന്ന തന്ത്രമാണോ എന്നും സംശയിക്കാം. പക്ഷെ, അതിനുമപ്പുറം, അത്തരമൊരു രോഗമേയില്ലെന്ന തീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കുന്നതിന് കാരണമെന്തായിരിക്കും?

കുട്ടികളുടെ മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്നത് ഒരുരോഗമാണോ? സമാന സംഭവത്തില്‍ ഈയിടെ അറസ്റ്റിലായ മലയാള ചലച്ചിത്ര നടന്‍ താന്‍ ഇത്തരം ഒരു രോഗത്തിന്റെ പിടിയിലാണെന്ന് വെളിപ്പെടുത്തിയത് കേരളത്തില്‍ വലിയ ചര്‍ച്ചയായി. രോഗാവസ്ഥയാണെന്ന വാദം പരിഗണിച്ച് നടന് കോടതി ജാമ്യവും അനുവദിച്ചു. പക്ഷെ, സോഷ്യല്‍ മീഡിയ മലയാളികള്‍ നടനെ ട്രോളിയും പൊലീസിനെയും നിയമ സംവിധാനങ്ങളെയും പരിഹസിച്ചും ആ പ്രതികരണം ആഘോഷമാക്കി. ഇതൊരു രോഗമാണോ അല്ലേ എന്ന് അന്വേഷിക്കുകപോലും ചെയ്യാതെയാണ് പലരും പരിഹാസ പ്രതികരണങ്ങള്‍ നടത്തിയത് എന്ന് അവ കണ്ടാല്‍ മനസ്സിലാകും. നടന്‍ യഥാര്‍ഥ രോഗിയാണോ അല്ലേ എന്ന സംശയത്തിന് പ്രസക്തിയുണ്ട്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ അയാള്‍ പ്രയോഗിക്കുന്ന തന്ത്രമാണോ എന്നും സംശയിക്കാം. പക്ഷെ, അതിനുമപ്പുറം, അത്തരമൊരു രോഗമേയില്ലെന്ന തീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കുന്നതിന് കാരണമെന്തായിരിക്കും? അജ്ഞത തന്നെ.

ഇത്തരം ഒരു രോഗം മനഃശാസ്ത്ര ചികിത്സാ ശാഖയിലുണ്ട്. ഈ അവസ്ഥക്ക് /രോഗത്തിന് എക്‌സിബിഷനിസ്റ്റിക്ക് ഡിസോര്‍ഡര്‍/എക്‌സിബിഷനിസം എന്നാണ് പേര്. ലൈംഗികാവയവ പ്രദര്‍ശനക്കമ്പമാണ് ഇതിന്റെ പ്രകട രൂപം. അപ്രതീക്ഷിതമായി ഒരാളുടെയൊ ഒരു കുട്ടികയുടെയോ മുന്നില്‍ ജനനേന്ദ്രിയം തുറന്നു കാട്ടുന്നതിലൂടെ ലൈംഗിക ആവേശവും സംതൃപ്തിയും കൈവരിക്കുന്ന അവസ്ഥയാണിത്. ഈ പ്രദര്‍ശനത്തിന് ഇരയാകുന്ന വ്യക്തിയുമായി ലൈംഗിക ബന്ധത്തിന് ശ്രമിക്കാതെ, സ്വയം പ്രദര്‍ശനത്തിലൂടെ ഇരയെ ഞെട്ടിച്ച് ലൈംഗിക സംതൃപ്തി കൈവരിക്കുകയാണ് ഇത്തരമാളുകള്‍ ചെയ്യുന്നത്. പുരുഷന്‍മാരില്‍ മാത്രമല്ല സ്ത്രീകളിലും ഈ അവസ്ഥ സംഭവിക്കാറുണ്ട്.

തന്റെ ലൈംഗികാവയവങ്ങള്‍ മറ്റുള്ളവര്‍ കാണണമെന്ന് ലൈംഗീകോത്തേജന സമയത്ത് ആഗ്രഹിക്കുന്നുവെന്നതാണ് എക്‌സിബിഷനിസത്തില്‍ സംഭവിക്കുന്നത്. ചിലപ്പോള്‍ ഇത് sexual ഫാന്റസികളുടെ ഫലയും ചെയ്യാറുണ്ട്. ആഗ്രഹകള്‍ക്കനുസരിച്ച് സെക്‌സില്‍ ഏര്‍പ്പെടാന്‍ കഴിയാത്തവരിലും ഇത്തരം വൈകല്യങ്ങള്‍ കണ്ടുവരാറുണ്ട്. എക്‌സിബിഷനിസ്റ്റുകള്‍ ആയ പുരുഷന്മാര്‍ അവരുടെ ജനനേന്ദ്രിയങ്ങള്‍ ആണ് സാധാരണ അപരിചിതര്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ ലൈംഗികമായി അവര്‍ ആവേശഭരിതരാകും. ഇരയെ ആശ്ചര്യപ്പെടുത്താനോ ഞെട്ടിപ്പിക്കാനോ മതിപ്പുളവാക്കാനോ ഒക്കെ ആകും ഇവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുക. ഇര മിക്കവാറും/എല്ലായ്പ്പോഴും ഒരു സ്ത്രീയോ അല്ലെങ്കില്‍ ഏതെങ്കിലും ലിംഗത്തിലുള്ള കുട്ടിയോ ആകും. യഥാര്‍ഥ ലൈംഗിക ബന്ധം ഇവര്‍ ആഗ്രഹിക്കാറില്ല. അതുകൊണ്ട് തന്നെ എക്‌സിബിഷനിസ്റ്റുകള്‍ ശാരീരിക അതിക്രമങ്ങള്‍ക്കോ ബലാത്സംഗത്തിനോ മുതിരുന്നത് അപൂര്‍വമാണ്. വിവാഹിതരായ മിക്ക എക്‌സിബിഷനിസ്റ്റുകളുടെയും വിവാഹജീവിതം പ്രശ്നകരവുമായിരിക്കും.

ലൈംഗിക ഉത്തേജനത്തിനായി അപരിചിതര്‍ക്ക് മുന്നില്‍ ലൈംഗികാവയവങ്ങള്‍ തുറന്നുകാട്ടുന്നത് അപൂര്‍വമായെങ്കിലും സ്ത്രീകളിലും കാണപ്പെടാറുണ്ട്. സ്ത്രീകള്‍ സ്വയം തുറന്നുകാട്ടാന്‍ മറ്റ് വഴികളാണ് ഉപയോഗിക്കുന്നത്. ഈ ഡിസോര്‍ഡറുള്ളവരില്‍ ഒരു വിഭാഗം, അവയവങ്ങള്‍ പ്രദര്‍ശിപ്പിക്കാവുന്ന തരത്തിലുള്ള വസ്ത്രധാരണ രീതികള്‍ സ്വീകരിക്കാറുണ്ട്. ചിലര്‍ പൊതു വേദികളില്‍ ഈ തരത്തില്‍ പ്രത്യക്ഷപ്പെടും. മറ്റുള്ളവര്‍ തന്റെ ലൈംഗിക പ്രവൃത്തികള്‍ കാണണമെന്ന് അതിയായി ആഗ്രഹിക്കുന്ന ചിലരുണ്ട്. ഇതിന്റെ ഫലമായും എക്‌സിബിഷനിസം സംഭവിക്കാറുണ്ട്.

എന്നാല്‍, എല്ലാ എക്‌സിബിഷനിസ്റ്റുകളും എക്‌സിബിഷനിസ്റ്റ് ഡിസോര്‍ഡര്‍ രോഗം ഉള്ളവരാകണമെന്നില്ല. എല്ലാതരം അവയവ പ്രദര്‍ശന പ്രവണതകളും (എക്സിബിഷനിസം) എക്സിബിഷനിസ്റ്റിക്ക് ഡിസോര്‍ഡറുമല്ല. ഇത്തരം ഡിസോര്‍ഡര്‍ ഉള്ള ഒരു വ്യക്തിക്ക് പലപ്പോഴും ലൈംഗികാവയവങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മാത്രമേ ലൈംഗികോത്തേജനം കൈവരിക്കാന്‍ കഴിയൂ. ഇത് തുടര്‍ച്ചയായി സംഭവിച്ചാല്‍ ശ്രദ്ധിക്കണം. എക്‌സിബിഷനിസ്റ്റിക് ഫാന്റസികള്‍, പ്രേരണകള്‍, അല്ലെങ്കില്‍ പെരുമാറ്റങ്ങള്‍ തുടങ്ങിയവ 6 മാസത്തില്‍ കൂടുതല്‍ ഒരു വ്യക്തിയില്‍ സംഭവിക്കുകയോ അല്ലെങ്കില്‍ അയാളുടെ പ്രധാന പ്രവര്‍ത്തന മേഖലകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു തുടങ്ങുകയോ ചെയ്യുമ്പോള്‍ ഇത് ഒരു ഡിസോര്‍ഡര്‍ ആയി മാറുന്നുവെന്ന് തിരിച്ചറിയണം.

എക്‌സിബിഷനിസ്റ്റിക് ഡിസോര്‍ഡര്‍ എന്നത് പാരാഫിലിക് ഡിസോര്‍ഡറുകളുടെ ഒരു ഉപവിഭാഗമാണ്. പാരാഫീലിയ എന്ന വാക്കിന്റെ അര്‍ഥം സാധാരണ ജനനേന്ദ്രിയ ഉത്തേജനം അല്ലാത്ത തീവ്രമായ ലൈംഗിക താല്‍പ്പര്യം എന്നാണ്. തുടര്‍ച്ചയായ ഫാന്റസികള്‍, ആഗ്രഹങ്ങള്‍, ലൈംഗിക പെരുമാറ്റങ്ങള്‍ എന്നിവയാലൊക്കെ സംഭവിക്കുന്ന അതിരുകടന്നതും തുടര്‍ച്ചയായുണ്ടാകുന്നതുമായ ലൈംഗിക താല്‍പര്യമാണ് പാരാഫീലിയ. അത്തരമാളുകള്‍ കുട്ടികള്‍ മുതല്‍ മൃഗങ്ങള്‍ വരെ എന്തിനെയും ലൈംഗികാവശ്യങ്ങള്‍ക്കായി സമീപിക്കാനും മടിയില്ലാത്തവരായിരിക്കും.

എക്‌സിബിഷനിസ്റ്റിക് ഡിസോര്‍ഡര്‍ സാധാരണയായി കൗമാരത്തിലാണ് വികസിക്കുന്നത്. സാമൂഹിക വിരുദ്ധമായ ചുറ്റുപാടുകള്‍, മദ്യം അല്ലെങ്കില്‍ മറ്റ് ലഹരിവസ്തുക്കളുടെ ദുരുപയോഗം, പീഡോഫിലിക് ലൈംഗിക മുന്‍ഗണന എന്നിവ എക്‌സിബിഷനിസ്റ്റിക് ഡിസോര്‍ഡര്‍ രൂക്ഷമാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. വിഷാദരോഗം (depression ), ഉത്ക്കണ്ഠാരോഗാവസ്ഥ (anxiety disorder ), പൊരുത്തപ്പെടല്‍ പ്രശ്‌നങ്ങള്‍ (adjustment problems), ദ്വിമുഖ വൈകാരികരോഗാവസ്ഥ (bipolar disorder ), സ്‌കിസോഫ്രീനിയ, മസ്തിഷ്‌കത്തിലെ ഫ്രോണ്ടല്‍ ലോബില്‍ ഉണ്ടാകുന്ന ട്യൂമര്‍, ഡിമെന്‍ഷ്യ എന്നിവയൊക്കെ ലൈംഗികാവയവ പ്രദര്‍ശനത്തിന്റെ കാരണമാകാമെന്നാണ് നിഗമനം. എന്നാല്‍, ഇവ ഈ ഡിസോര്‍ഡറുണ്ടാകാനുള്ള കാരണമാണെന്ന് പൂര്‍ണമായി തെളിയിക്കപ്പെട്ടിട്ടില്ല.

എക്‌സിബിഷനിസ്റ്റിക് ഡിസോര്‍ഡര്‍ ഒരു വ്യക്തിയുടെ ജീവിതത്തിലുടനീളം സംഭവിക്കും. അത് ആവര്‍ത്തിച്ച് സംഭവിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. പെരുമാറ്റം മെച്ചപ്പെടുത്താനും സ്വയം നിയന്ത്രിക്കാനും അടുപ്പമുള്ളവരുടെ പങ്കാളിത്തം പ്രധാനമാണ്. ഇത്തരം അവസ്ഥയിലേക്ക് വഴുതി വീഴാതിരിക്കാനുതകുന്ന പശ്ചാത്തലവും ദിനചര്യകളും നിലനിര്‍ത്തുന്നതിന് കുടുംബാംഗങ്ങള്‍ക്ക് സഹായിക്കാനാകും.

നമുക്ക് അടുത്ത ബന്ധമുള്ള ഒരാള്‍ക്ക് ഇത്തരം ഒരു അവസ്ഥ ഉണ്ടായാല്‍ ഇതിനെയെങ്ങിനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച അവബോധം സമൂഹത്തിന് ഉണ്ടാകേണ്ടതുണ്ട്. എക്‌സിബിഷനിസ്റ്റിക് ഡിസോര്‍ഡര്‍ ഉണ്ടെന്ന് സംശയമുണ്ടായാല്‍, നിങ്ങളുടെ ലൈംഗിക പ്രേരണകളെക്കുറിച്ചും ഫാന്റസികളെക്കുറിച്ചും പങ്കാളിയോട് സത്യസന്ധമായി തുറന്ന് സംസാരിക്കണം. ഇതുവഴി പങ്കാളികളുടെ/ബന്ധുക്കളുടെ പിന്തുണ ഉറപ്പാക്കാനാകും. അവര്‍ക്കും രോഗാവസ്ഥയെക്കുറിച്ച് തിരിച്ചറിയാന്‍ കഴിയും. എക്‌സിബിഷനിസ്റ്റിക് ഡിസോര്‍ഡര്‍ അനുഭവിക്കുന്ന വ്യക്തികളില്‍ ലജ്ജയും വൈകാരിക ക്ലേശവും അമിതമായുണ്ടാകും. ആന്തരിക സംഘര്‍ഷവും പ്രത്യാഘാതങ്ങളെക്കുറിച്ച ഭയവും ഒറ്റപ്പെടലിലേക്ക് നയിച്ചേക്കാം. ആരോഗ്യകരമായ ലൈംഗിക ബന്ധങ്ങള്‍ കണ്ടെത്തുന്നതിനോ സത്യസന്ധമായി ആശയവിനിമയം നടത്തുന്നതിനോ ഇവര്‍ക്ക് ബുദ്ധിമുട്ടുണ്ടായിരിക്കും. ലൈഫ്സ്റ്റൈല്‍ കമ്മ്യൂണിറ്റികളിലെ സമാന ചിന്താഗതിക്കാരായ വ്യക്തികളുമായി നിങ്ങളുടെ ആകുലതകള്‍ പങ്കുവയ്ക്കുകയോ അത്തരം കമ്മ്യൂണിറ്റികളില്‍നിന്ന് പറ്റിയ ഒരു പങ്കാളിയെ കണ്ടെത്തുകയോ ചെയ്യാം. പെരുമാറ്റ വൈകല്യങ്ങള്‍ കുറയ്ക്കുന്നതിനും മാനസികാരോഗ്യ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും സെക്സ് തെറാപ്പിസ്റ്റിന്റെ സേവനവും തേടാം. സൈക്കോതെറാപ്പികളും, മെഡിസിനുകളും ഒക്കെ ചികിത്സയിലുള്‍പ്പെടുന്നു എങ്കിലും ചികിത്സയുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള പഠനങ്ങള്‍ കുറവാണ്.

Similar Posts