തലതൊട്ടപ്പന്‍
|ആദം അയ്യൂബ് എഴുതുന്ന പംക്തി 'വൈഡ് ആംഗിള്‍' ആരംഭിക്കുന്നു
മലയാള സിനിമാലോകത്ത് നടന്‍, സഹസംവിധായകന്‍, സംവിധായകന്‍ എന്നീ മേഖലകളിൽ എല്ലാം പ്രവര്‍ത്തിച്ച ആദം അയ്യൂബ് ഓര്‍മകള്‍ പങ്കുവെക്കുന്നു. ഏതൊരു ചലച്ചിത്ര വിദ്യാര്‍ഥിക്കും വഴികാട്ടിയാവുന്ന അനുഭവ സാഗരമാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതം. വൈഡ് ആംഗിള്‍ പംക്തി ആരംഭിക്കുന്നു.
1938 ജനുവരി 19. സ്ഥലം മട്ടാഞ്ചേരി പാലസ് റോഡിലെ ഹാജി ഇസാ സ്‌കൂള്‍ ജംങ്ഷന്‍. അവിടെ ഒരാള്‍ക്കൂട്ടം. ഒരാള്‍ ഉറക്കെ വിളിച്ചു പറയുന്നു ''ഇന്ന് രാത്രി''. മറ്റുള്ളവര്‍ ഏറ്റു വിളിക്കുന്നു ''ഇന്ന് രാത്രി'' ''കൃത്യം ആറെ മുപ്പതിന്'', എല്ലാവരും കൂടി '''കൃത്യം ആറെ മുപ്പതിന്'', ''പാരമൗണ്ട് ടാക്കീസില്‍'', പിന്നെയും കോറസ് അതേറ്റു വിളിക്കുന്നു. ''പാരമൗണ്ട് ടാക്കീസില്‍'', ' മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചിത്രം-ബാലന്‍ പ്രദര്‍ശിപ്പിക്കുന്നു''. ജനങ്ങള്‍ അവര്‍ക്ക് ചുറ്റും തടിച്ചു കൂടി. അവര്‍ നോട്ടീസുകള്‍ വിതരണം ചെയ്തു. അന്നത്തെ പരസ്യ രീതി വിചിത്രമായിരുന്നു. ഒരു സംഘം ആളുകള്‍ കവലകളില്‍ കൂടി നിന്ന് മുദ്രാവാക്യം വിളിക്കുന്നത് പോലെ സിനിമയുടെ പേരും പ്രദര്‍ശന സമയവും മറ്റും ഉറക്കെ വിളിച്ചു പറയുകയായിരുന്നു രീതി.
അതൊരു ചരിത്ര സംഭവമായിരുന്നു. മലയാള സിനിമയിലെ ആദ്യത്തെ ശബ്ദ ചിത്രം കേരളത്തില്‍ ആദ്യമായി റിലീസ് ചെയ്തത് കൊച്ചിയിലെ പാരമൗണ്ട് ടാക്കീസില്‍ (പിന്നീട് റോയല്‍ ടാക്കീസ്) ആയിരുന്നു. ഇതിവിടെ പറയാന്‍ കാരണം, ആ ചരിത്ര സംഭവത്തിന് പിന്നില്‍ എന്റെ മുത്തശ്ശന്‍ (ഉമ്മയുടെ പിതാവ്) ആയ അബ്ദുല്‍ സത്താര്‍ സേട്ട് ആയിരുന്നു എന്നതാണ്. അദ്ദേഹമാണ് ചരിത്രം കുറിക്കുന്ന സിനിമയുടെ ആദ്യ പ്രദര്‍ശനം തന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററില്‍ കൊണ്ട് വരാന്‍ കിണഞ്ഞു പരിശ്രമിച്ചത്. അതുവരെ നിശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ''സിനിമാ കൊട്ടകകളില്‍'' ശബ്ദം കേള്‍പ്പിക്കാനുള്ള സൗണ്ട് പ്രോജക്ടര്‍, സ്പീക്കര്‍ എന്നിവ ഉണ്ടായിരുന്നില്ല. സത്താര്‍ സേട്ട് തന്റെ തിയേറ്ററില്‍ ആദ്യമേ ശബ്ദ സംവിധാനങ്ങള്‍ ഒരുക്കി.
സംസാരിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളെയാണ് ടാക്കീസ് എന്ന് വിളിക്കാന്‍ തുടങ്ങിയത്. അങ്ങിനെ പാരമൗണ്ട് തിയേറ്ററിന്റെ ഉടമസ്ഥനും കേരളത്തിലെ അന്നത്തെ പ്രമുഖ വിതരണക്കാരനും തിയേറ്റര്‍ ഉടമയുമായ കൊച്ചീക്കാരന്‍ അബ്ദുല്‍ സത്താര്‍ സേട്ട് മലയാള സിനിമയുടെ ശബ്ദ വിപ്ലവത്തിന്റെ കൊച്ചിയിലെ അമരക്കാരനായി മാറി. ഈ വിവരങ്ങള്‍ 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സിനിമാ പ്രസിദ്ധീകരണത്തില്‍ വരികയുണ്ടായി. ഈയിടെ ''ദാനിയേലിന്റെ മക്കള്‍'' എന്ന ടെലിവിഷന്‍ പരിപാടിയിലും ഈ വിവരങ്ങള്‍ വന്നിരുന്നു, മാതൃഭൂമി പത്രത്തിന്റെ 'നഗരം' സപ്ലിമെന്റ് 2019 ജനുവരി 29 ാ0 തിയ്യതി ഈ വാര്‍ത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ ബാലനില്‍ ഇരുപത്തിമൂന്ന് ഗാനങ്ങള്‍ ഉണ്ടായിരുന്നു എന്നതും കൗതുകകരമായ ഒരു വസ്തുതയാണ്.
സത്താര്‍ സേട്ടിന്റെ കാലശേഷം ഈ പ്രദര്‍ശനശാല പല കൈമാറ്റങ്ങള്‍ നടക്കുകയും ' സെലക്ട്'', ''റോയല്‍'' എന്നീ പേരുകളില്‍ അറിയപ്പെടുകയും ചെയ്തു. തിയേറ്റര്‍ ഇരിക്കുന്ന സ്ഥലത്തെ വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു മാര്‍വാടിയുമായി കേസ്സില്‍ ഏര്‍പ്പെടുകയും കോടതിയില്‍നിന്ന് പ്രതികൂല വിധി വന്നതോടെ അദ്ദേഹത്തിന് തിയേറ്റര്‍ നഷ്ടമാവുകയുമാണ് ഉണ്ടായത്. കൊച്ചിയിലെ പ്രമുഖ സിനിമാ നിര്‍മാതാവായ ടി.കെ പരീക്കുട്ടിയുടെയും മുന്‍ഗാമി ആയിരുന്നു അബ്ദുല്‍ സത്താര്‍ സേട്ട്.
പാരമൗണ്ട് തിയേറ്റര്‍ നഷ്ടമായതിനു ശേഷം സത്താര്‍ സേട്ട്, മട്ടാഞ്ചേരിയിലെ മറ്റൊരു തിയേറ്റര്‍ ആയ ബോസ്‌കോ തിയേറ്ററില്‍ മാനേജര്‍ ആയി ജോലി ചെയ്തിരുന്നു. അന്ന് പ്രദര്‍ശനത്തിനിടയിലെ ഇടവേളകള്‍ സാമാന്യം ദീര്‍ഘമായിരുന്നു. ഈ ഇടവേളകളില്‍ സ്റ്റേജില്‍ മറ്റു കലാപരിപാടികള്‍ നടത്തുമായിരുന്നു. ജീവനുള്ള പാമ്പിനെ ഒരാള്‍ കടിച്ചു മുറിക്കുന്നതായിരുന്നു ഒരു ദിവസത്തെ ഇടവേളയിലെ പരിപാടി. എന്നാല്‍, ഈ ദ്ര്യശ്യം കണ്ട കാണികളില്‍ ചിലര്‍ ചര്‍ദ്ദിച്ചു അവശരായി. ഇതോടെ മാനേജര്‍ സത്താര്‍ സേട്ട് ഇടപെട്ട് ഇടവേളയിലെ ഈ കലാപരിപാടി അവസാനിപ്പിച്ചു.
കച്ഛീ മേമണ്‍ സമുദായ അംഗമായിരുന്ന സത്താര്‍ സേട്ടിനെ സിനിമാ പ്രദര്‍ശനം നടത്തുന്നതിന്റെ പേരില്‍ സമുദായം ആദ്യം എതിര്‍ത്തിരുന്നു. എതിര്‍പ്പ് മറി കടക്കാന്‍ അദ്ദേഹം സമുദായത്തിലെ പ്രമുഖ വ്യക്തികളെ സിനിമ കാണാന്‍ ക്ഷണിച്ചു. ഇത് നേതാക്കളെ ചൊടിപ്പിച്ചു. പിന്നെ ക്രമേണ കച്ഛീ സമുദായക്കാര്‍ ഒളിച്ചും പാത്തും സിനിമ കാണാന്‍ വരാന്‍ തുടങ്ങി. പക്ഷെ, സത്താര്‍ സേട്ട്, അവിടം കൊണ്ടും നിര്‍ത്തിയില്ല. സമുദായത്തിലെ സ്ത്രീകള്‍ക്ക് അന്ന് സിനിമ കാണാന്‍ അനുവാദം ഇല്ലായിരുന്നു. അദ്ദേഹം സ്ത്രീകള്‍ക്ക് മാത്രമായി ഒരു പ്രദര്‍ശനം സംഘടിപ്പിച്ചു. അതില്‍ മറ്റു സ്ത്രീകളോടൊപ്പം കച്ഛീക്കാരായ ചില സ്ത്രീകളും ഉണ്ടായിരുന്നു.
കച്ഛീ മേമൻ സമുദായത്തിന്റെ എതിര്‍പ്പ് മറികടക്കാനുള്ള അവസരം അദ്ദേഹത്തിന് താനെ വീണു കിട്ടി. അന്ന് നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയുന്നവര്‍ സമുദായത്തില്‍ വളരെ കുറവേ ഉണ്ടായിരുന്നുള്ളൂ. അവരില്‍ ഒരാളായിരുന്നു സത്താര്‍ സേട്ട്. ഒരിക്കല്‍ ബ്രിട്ടീഷ്‌കാരനായ പൊലീസ് ഉദ്യോഗസ്ഥന് മുന്നില്‍ സമുദായത്തിന്റെ ഒരു പ്രശ്‌നം അവതരിപ്പിക്കേണ്ടി വന്നപ്പോള്‍ സമുദായ നേതാക്കള്‍ക്ക് സത്താര്‍ സേട്ടിനെ ആശ്രയിക്കേണ്ടി വന്നു. അതോടെ അദ്ദേഹത്തിനെതിരെയുള്ള വിലക്കും അവസാനിച്ചു.
ബോസ്‌കോ തിയേറ്ററില്‍ മാനേജര്‍ ആയി ജോലി ചെയ്യുമ്പോള്‍ തന്നെ അദ്ദേഹം സമാന്തരമായി മറ്റൊരു വ്യവസായം കൂടി തുടങ്ങി, ഹോട്ടല്‍ വ്യവസായം. മട്ടാഞ്ചേരി കോമ്പാറ മുക്കില്‍ അദ്ദേഹം ബിഗ് ബെന്‍ എന്ന പേരില്‍ ഒരു ഹോട്ടല്‍ തുടങ്ങി. പ്രധാനമായും കൊച്ചി തുറമുഖത്തെത്തുന്ന കപ്പലുകളിലെ നാവികരായിരുന്നു ഹോട്ടലിലെ പ്രധാന കസ്റ്റമേഴ്‌സ്. തിയേറ്ററിലെ തിരക്കേറിയ ജോലി കാരണം അദ്ദേഹം ഹോട്ടല്‍ കാര്യക്ഷമമായി നടത്താന്‍ ഒരു മാനേജരെ നിയോഗിച്ചു. എന്നാല്‍, ഉടമസ്ഥന്റെ അസാന്നിധ്യം ആ മാനേജര്‍ ശരിക്കും ദുരുപയോഗം ചെയ്തു. ക്രമേണ കടം വന്നു കുമിഞ്ഞു കൂടുകയും ഹോട്ടല്‍ അദ്ദേഹത്തിന് നഷ്ടമാവുകയും ചെയ്തു. ഈ ഹോട്ടല്‍ അടുത്ത കാലത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോള്‍ അത് വഖഫ് ബോര്‍ഡിന്റെ കീഴിലാണ്. ആ കെട്ടിടത്തില്‍ ഇന്ന് അനേകം കുടുംബങ്ങള്‍ തിങ്ങി, ഞെങ്ങി ഞെരുങ്ങി താമസിക്കുന്നു. 75 വര്‍ഷത്തിലധികം പഴക്കമുള്ള ആ കെട്ടിടം തകര്‍ന്നു വീഴാറായ അവസ്ഥയിലാണ്. നാട്ടുകാരുടെ നിരന്തര പ്രതിഷേധത്തിന്റെ ഫലമായി, താമസക്കാരെ മാറ്റി താമസിപ്പിച്ചു കൊണ്ട് കെട്ടിടത്തിന്റെ പുനരുദ്ധാരണ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.
മലയാള സിനിമയിലെ ആദ്യത്തെ ശബ്ദ ചിത്രം കേരളത്തില്‍ ആദ്യമായി റിലീസ് ചെയ്തത് കൊച്ചിയിലെ പാരമൗണ്ട് ടാക്കീസില്‍ (പിന്നീട് റോയല്‍ ടാക്കീസ്) ആയിരുന്നു. അതുവരെ നിശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ''സിനിമാ കൊട്ടകകളില്‍'' ശബ്ദം കേള്‍പ്പിക്കാനുള്ള സൗണ്ട് പ്രോജക്ടര്‍, സ്പീക്കര്‍ എന്നിവ ഉണ്ടായിരുന്നില്ല. സത്താര്‍ സേട്ട് തന്റെ തിയേറ്ററില്‍ ആദ്യമേ ശബ്ദ സംവിധാനങ്ങള്‍ ഒരുക്കി.
സത്താര്‍ സേട്ടിന് നാല് മക്കള്‍ ആയിരുന്നു. മറിയം ബായ്, അബ്ബാസ് സേട്ട്, കബീര്‍ സേട്ട്, കുല്‍സും ബായ് എന്നിവരായിരുന്നു അവര്‍. ഇവരില്‍ മൂത്ത മകളായ മറിയം ബായിയുടെ മൂത്ത മകനാണ് ഈ ലേഖകന്‍. അല്‍ഹംദുലില്ല എന്റെ മൂത്ത മകന്‍ അര്‍ഫാസ് അയൂബും ഇപ്പോള്‍ ഹിന്ദി, മലയാളം സിനിമകളില്‍ തിരക്കുള്ള കോ-ഡയറക്ടര്‍ ആണ്, സിനിമയില്‍ തിരക്കുള്ള അസ്സോസിയേറ്റ് ഡയറക്ടര്‍ ആണ്.
മട്ടാഞ്ചേരി കരിപ്പാലം മൈതാനത്തിനടുത്തായിരുന്നു എന്റെ നാനാപ്പയുടെ വീട്. എന്റെ ബാല്യകാലത്തിന്റെ കുറച്ച് വര്‍ഷങ്ങള്‍ അവിടെയാണ് കഴിച്ചു കൂട്ടിയത്. ഞാന്‍ ജനിക്കുന്നതിനു മുന്‍പേ അദ്ദേഹം സിനിമയുമായുള്ള ബന്ധം അവസാനിപ്പികുകയും, ഞാന്‍ കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ തന്നെ മരിക്കുകയും ചെയ്തു.
മലയാള സിനിമ വിതരണ-പ്രദര്‍ശന മേഖലകളിലെ ഈ കാരണവര്‍ മലയാള സിനിമയുടെ ചരിത്രത്തിലെ അധികം അറിയപ്പെടാത്ത ഒരു പേര് മാത്രമായി വിസ്മൃതിയില്‍ ലയിക്കാതിരിക്കാനുള്ള എന്റെ എളിയ ശ്രമമാണ് ഈ കുറിപ്പ്.