ഫലസ്തീനികളെ കൊല്ലാൻ അമേരിക്ക സഹായം ചെയ്യുന്നത് ഇങ്ങനെയാണ്
|ഗസ്സയ്ക്കു മേലുള്ള ഏറ്റവും പുതിയ അതിക്രമത്തിന്റെ ആഴ്ചകൾ മാത്രം മുമ്പ് ഒരു സംഭവമുണ്ടായി. ഇസ്രായേലിനുള്ള സാമ്പത്തിക സഹായം കുറക്കണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പുരോഗമനപക്ഷക്കാരായ ചിലര്‍ ഒരു പ്രമേയം കൊണ്ടുവന്നു.
അധിനിവിഷ്ട ഫലസ്തീനിൽ ഇസ്രായേൽ സൈനിക ആക്രമണം നടത്തുമ്പോൾ അതേക്കുറിച്ച് യുഎസ് മാധ്യമങ്ങൾ സാധാരണയായി റിപ്പോർട്ട് ചെയ്യാറുള്ളത്, ആ സംഘർഷത്തിൽ അമേരിക്കക്ക് ഒരു പങ്കുമില്ല എന്നവിധത്തിലാണ്. ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ അമേരിക്ക ആരുടെയും പക്ഷം പിടിക്കരുതെന്നാണ് അമേരിക്കക്കാരിൽ ഭൂരിപക്ഷവും പതിറ്റാണ്ടുകളായി രാഷ്ട്രീയകക്ഷികളോട് ആവശ്യപ്പെടാറുള്ളത്. പക്ഷേ, മാധ്യമങ്ങളും രാഷ്ട്രീയക്കാരും തങ്ങളുടെ പക്ഷപാതിത്വത്തെ മറയ്ക്കുന്നത് എല്ലാ അക്രമങ്ങൾക്കും കാരണം ഫലസ്തീനികളാണെന്ന് ആക്ഷേപിച്ചു കൊണ്ടാണ്.
ഫലസ്തീനികളുടെ അക്രമങ്ങളോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് അവർ ആനുപാതികമല്ലാത്ത, വിവേചനരഹിതവും നിയമവിരുദ്ധവുമായ ഇസ്രായേലി ആക്രമണങ്ങളെ വിശേഷിപ്പിക്കുന്നത്. ഇസ്രായേൽ ആയിരക്കണക്കിന് ഫലസ്തീനി സിവിലയന്മാരെ കൊല്ലുകയും ഫലസ്തീനി വീടുകൾ നശിപ്പിക്കുകയും കൂടുതൽ ഫലസ്തീനി നിലങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുമ്പോഴും യു.എസ് ഉദ്യോഗസ്ഥരും കമന്റേറ്റർമാരും സ്ഥിരം പറയാറുള്ളത് 'ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ട്' എന്നാണ്; എന്നാൽ, 'ഫലസ്തീൻകാർക്ക് സ്വയം സംരക്ഷിക്കാനുള്ള അവകാശമുണ്ടെ'ന്ന് അവരൊരിക്കലും പറയില്ല.
സംസാരിക്കുന്ന കണക്കുകൾ
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന അക്രമങ്ങളിലുണ്ടാകുന്ന മരണങ്ങളും നഷ്ടങ്ങളും സ്വയം സംസാരിക്കുന്ന കണക്കുകൾ നമുക്കു മുന്നിലുണ്ട്:
- ഇതെഴുതുന്ന സമയത്ത്, ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 59 കുട്ടികളും 35 സ്ത്രീകളുമടക്കം 200 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സയിൽ നിന്നുള്ള റോക്കറ്റാക്രമണങ്ങളിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടത് 2 കുട്ടികളടക്കം 10 പേരാണ്.
- 2008 -ലും 2009-ലുമായി നടന്ന ഗസ്സ അധിനിവേശത്തിൽ ഇസ്രായേൽ 1,417 ഫലസ്തീനികളെ കൊന്നു; അവരുടെ 'സ്വയം പ്രതിരോധത്തിൽ' കൊല്ലപ്പെട്ടത് 9 ഇസ്രായേലികൾ.
- 2014 ൽ 2,251 ഫലസ്തീനികളും 72 ഇസ്രായേലികളും (ഇവരിൽ കൂടുതലും ഗസ്സയിൽ അധിനിവേശം നടത്തിയ സൈനികർ) കൊല്ലപ്പെട്ടു. യു.എസ് നിർമിത എഫ് -16 വിമാനങ്ങൾ ഗസ്സയിൽ കുറഞ്ഞത് 5,000 ബോംബുകളും മിസൈലുകളും വർഷിച്ചു. ഇസ്രായേലി ടാങ്കുകളും പീരങ്കികളും 49,500 ഷെല്ലുകൾ പ്രയോഗിച്ചു; മിക്കതും യുഎസ് നിർമിത എം -109 ഹോവിറ്റ്‌സറുകളിൽ നിന്നുള്ള 6 ഇഞ്ച് കൂറ്റൻ ഷെല്ലുകൾ.
- 2018 ൽ ഇസ്രായേൽ-ഗസ്സ അതിർത്തിയിൽ നടന്ന സമാധാനപരമായ ''മാർച്ച് ഓഫ് റിട്ടേൺ'' പ്രതിഷേധത്തെ നേരിട്ട ഇസ്രായേൽ സ്‌നൈപ്പർമാർ 183 ഫലസ്തീനികളെ കൊന്നു. 6,100 ലധികം പേരെ പരിക്കേൽപ്പിച്ചു. പരിക്കേറ്റവരിൽ 122 പേരുടെ അവയവങ്ങൾ മുറിച്ചുമാറ്റേണ്ടി വന്നു. 21 പേർക്ക് സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റു, 9 പേർക്ക് എന്നേക്കുമായി കാഴ്ച നഷ്ടപ്പെട്ടു.
യുഎസ് കോർപ്പറേറ്റ് മാധ്യമങ്ങളുടെ പക്ഷപാതപരവും വികലവുമായ വാർത്താ കവറേജ് കാരണം മിക്ക അമേരിക്കക്കാർക്കും തങ്ങളെങ്ങനെ ചിന്തിക്കണമെന്നു പോലും അറിയാതെ പോകുന്നു. എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്നും തെറ്റും ശരിയും ഏതെന്ന് പരിശോധിക്കാനുള്ള ശ്രമവും മിക്കവരും ഉപേക്ഷിക്കുന്നു. സ്വന്തം ചുറ്റുപാടിൽ നടക്കുന്ന, തങ്ങളെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങളിൽ മാത്രമാണ് അവരുടെ ശ്രദ്ധ.
അപ്പോൾ, ഗസ്സയിലെ രക്തച്ചൊരിച്ചിലിനോടും കുട്ടികളുടെ മരണത്തോടും വീടുകളുടെ നശീകരണത്തോടുമുള്ള അമേരിക്കക്കാരുടെ പ്രതികരണം എങ്ങനെയുള്ളതായിരിക്കും? 'യുദ്ധം' എന്ന പുകമറക്കും പ്രചരണങ്ങൾക്കും, വാണിജ്യവൽകൃതവും പക്ഷപാതപരവുമായ മാധ്യമ കവറേജുകൾക്കുമപ്പുറം ഫലസ്തീനിൽ നടക്കുന്ന കൂട്ടക്കൊലക്ക് വലിയൊരു പങ്ക് ഉത്തരവാദിത്തം അമേരിക്കയുടേതാണ്.
കുഴപ്പങ്ങളുടെ കാരണം അമേരിക്കയുടെ നയമാണ്
ഇസ്രായേലിന്റെ അധിനിവേശവും അതുമൂലമുണ്ടാകുന്ന പ്രതിസന്ധിയും അന്തമില്ലാതെ തുടരുന്നത് അമേരിക്കയുടെ നയം കാരണമായാണ്. മൂന്ന് വ്യത്യസ്തമായ രീതികളിൽ അമേരിക്ക ഇസ്രയേലിനെ നിരുപാധികം പിന്തുണക്കുന്നു: സൈനികമായും, നയതന്ത്രപരമായും, രാഷ്ട്രീയമായും.
- ഒന്നാമതായി, സൈനിക രംഗം നോക്കുകയാണെങ്കിൽ, ഇസ്രായേൽ രാഷ്ട്രം രൂപീകൃതമായതിനു ശേഷം അമേരിക്ക 146 ബില്യൺ ഡോളറിന്റെ വിദേശ സഹായമാണ് അവർക്ക് നൽകിയത്. ഇത് ഏറെക്കുറെ പൂർണമായും സൈനികവുമായി ബന്ധപ്പെട്ടതാണ്. നിലവിൽ പ്രതിവർഷം 3.8 ബില്യൺ ഡോളർ ഇസ്രായേലിന് സൈനിക സഹായം നൽകുന്നു.
ഇതിനുപുറമെ, ഇസ്രായേലിന് ഏറ്റവും കൂടുതൽ ആയുധങ്ങൾ വിൽക്കുന്നത് അമേരിക്കയാണ്. അവരുടെ ആയുധപ്പുരയിൽ ഇപ്പോൾ 362 യുഎസ് നിർമ്മിത എഫ് -16 യുദ്ധവിമാനങ്ങളും മറ്റ് 100 യുഎസ് സൈനിക വിമാനങ്ങളുമുണ്ട്. എഫ് 35 വിമാനങ്ങളുടെ ശേഖരം, കുറഞ്ഞത് 45 അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ, 600 എം 109 ഹോവിറ്റ്‌സറുകൾ, 64 എം 270 റോക്കറ്റ് ലോഞ്ചറുകൾ - എല്ലാം അമേരിക്കൻ നിർമിതം - ഇവയും ഇസ്രായേൽ സൈന്യത്തിന്റെ കൈവശമുണ്ട്. ഈ നിമിഷം തന്നെ, അമേരിക്ക നൽകിയ നിരവധി ആയുധങ്ങൾ ഇസ്രായേൽ ഗസ്സയ്ക്കു മേലുള്ള വിനാശകരമായ ബോംബാക്രമണത്തിൽ ഉപയോഗിക്കുന്നു.
ഇസ്രായേലുമായുള്ള യുഎസ് സൈനിക സഖ്യത്തിൽ സംയുക്ത സൈനികാഭ്യാസവും ഹീറോ മിസൈലുകളുടെയും മറ്റ് ആയുധ സംവിധാനങ്ങളുടെയും സംയുക്ത ഉൽപാദനവും ഉൾപ്പെടുന്നു. അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സൈനിക സഖ്യത്തിൽ പിറക്കുന്ന ഡ്രോൺ ടെക്‌നോളജിയുടെ പരീക്ഷണസ്ഥലം ഗസ്സയാണ്. 2004-ൽ ഇറാഖിലെ സൈനിക അധിനിവേശത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവന്നപ്പോൾ, അധിനിവേശ പ്രദേശങ്ങളിൽ പരിചയസമ്പത്തുള്ള ഇസ്രായേൽ സൈനികരെ തങ്ങളുടെ സ്‌പെഷ്യൽ ഓപറേഷൻസ് ഫോഴ്‌സിനെ പരിശീലിപ്പിക്കാൻ യു.എസ് സൈന്യം ക്ഷണിച്ചിരുന്നു.
ഇസ്രായേലിലെ ആറ് സ്ഥലങ്ങളിൽ യുഎസ് സൈന്യം 1.8 ബില്യൺ ഡോളർ മൂല്യമുള്ള ആയുധ ശേഖരമാണ് സൂക്ഷിക്കുന്നത്, ഭാവിയിൽ മിഡിൽ ഈസ്റ്റിലെ യുദ്ധങ്ങളിൽ പങ്കെടുക്കേണ്ടി വന്നാൽ ഉപയോഗിക്കാനാണിത്. 2014 ൽ ഗസ്സയ്ക്കെതിരായ ഇസ്രയേൽ ആക്രമണത്തിനിടെ, യുഎസ് കോൺഗ്രസ് ഇസ്രായേലിലേക്ക് ചില ആയുധങ്ങൾ വിതരണം ചെയ്യുന്നത് താൽക്കാലികമായി നിർത്തിവച്ചിരുന്നു. അപ്പോഴും, ഇസ്രയേലിലുള്ള യു.എസ് ആയുധശേഖരത്തിൽ നിന്ന് 120 എംഎം മോർട്ടാർ ഷെല്ലുകളും 40 എംഎം ഗ്രനേഡ് ലോഞ്ചർ വെടിക്കോപ്പുകളും കൈമാറാനുള്ള അംഗീകാരം നൽകുകയുണ്ടായി.
- രണ്ടാമത് നയതന്ത്രപരമായി, യു.എൻ സുരക്ഷാ സമിതിയിൽ അമേരിക്ക 82 തവണ വീറ്റോ പ്രയോഗിച്ചിട്ടുണ്ട്, അതിൽ 44 വീറ്റോകളും യുദ്ധക്കുറ്റങ്ങളുടെയോ മനുഷ്യാവകാശ ലംഘനങ്ങളുടെയോ ത്തരവാദിത്തത്തിൽ നിന്ന് ഇസ്രായേലിനെ രക്ഷിക്കുന്നതിനു വേണ്ടിയാണ്. ഇസ്രായേലിന്റെ പല സൗഹൃദ രാജ്യങ്ങൾപോലും ഇടയ്ക്കിടെ വോട്ടിങ്ങിൽനിന്ന് വിട്ടുനിൽക്കാറുണ്ടെങ്കിലും ഇത്തരം പ്രമേയങ്ങളെ എതിർത്ത് എല്ലായ്‌പോഴും വോട്ടുചെയ്യുന്ന ഒരേയൊരു അംഗമാണ് അമേരിക്ക.
സുരക്ഷാ കൗൺസിലിലെ വീറ്റോ അധികാരമുള്ള സ്ഥിരാംഗമെന്ന നിലയിൽ അമേരിക്കയുടെ പ്രത്യേക പദവിയും, സഖ്യകക്ഷിയായ ഇസ്രായേലിനെ സംരക്ഷിക്കുന്നതിനായുള്ള ആ പദവിയുടെ ദുരുപയോഗവും മാത്രമാണ് ഇസ്രായേലിനെ മെരുക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ തടയാറുള്ളത്.
ഒരു ഉപാധിയുമില്ലാതെ അമേരിക്ക നൽകുന്ന നയതന്ത്ര സംരക്ഷണത്തിന്റെ ഫലം, ഫലസ്തീനികളോട് ക്രൂരമായി പെരുമാറാൻ ഇസ്രായേലിന് പ്രോത്സാഹനം ലഭിക്കുന്നു എന്നതാണ്. സുരക്ഷാ സമിതിയുടെ ഏതൊരു നടപടിയെയും അമേരിക്ക തടയുന്നതോടെ, വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും കൂടുതൽ ഫലസ്തീൻ ഭൂമി ഇസ്രയേൽ പിടിച്ചെടുക്കുന്നു. കൂടുതൽ ഫലസ്തീനികളെ അവരുടെ വീടുകളിൽ നിന്ന് പിഴുതെറിയുന്നു. നിരായുധരായ ജനങ്ങളുടെ ചെറുത്തുനിൽപ്പിനെ നിരന്തരമായ അക്രമങ്ങളും തടങ്കലും നിയന്ത്രണങ്ങളും ഉപയോഗിച്ച് നേരിടുകയും ചെയ്യുന്നു.
- മൂന്നാമതായി രാഷ്ട്രീയ രംഗം നോക്കാം. മിക്ക അമേരിക്കക്കാരും അമേരിക്ക യഥാർത്ഥ നിഷ്പക്ഷത പാലിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും അമേരിക്കൻ-ഇസ്രയേൽ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി (ഐപാക്) അടക്കമുള്ള ഇസ്രായേൽ അനുകൂല ലോബി അസാധാരണമാംവിധം കൈക്കൂലി നൽകിയും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയക്കാരെ ഇസ്രായേലിന് നിരുപാധിക പിന്തുണ നൽകാൻ ലോബിയിങ് ചെയ്യുകയാണ്.
അമേരിക്കയിലെ അഴിമതിയിൽ മുങ്ങിയ രാഷ്ട്രീയ സംവിധാനത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സംഭാവന നൽകുന്നവർക്കും ലോബിയിസ്റ്റുകൾക്കുമുള്ള നിയന്ത്രണം അമേരിക്കയെ ഇത്തരത്തിലുള്ള സ്വാധീനത്തിന് അടിമപ്പെടുത്താനും ഭീഷണിപ്പെടുത്താനും ഉപയോഗിക്കുന്നു. മിലിറ്ററി ഇൻഡസ്ട്രിയൽ കോംപ്ലക്‌സ്, ബിഗ് ഫാർമ തുടങ്ങിയ കുത്തക കോർപറേറ്റുകളും എൻ.ആർ.എ, ഐപാക് തുടങ്ങിയ ഗ്രൂപ്പുകളും ഇക്കാര്യത്തിൽ ഒരേപോലെയാണ് പ്രവർത്തിക്കുന്നത്.
ഇസ്രായേല്‍ ലോബിയുടെ സ്വാധീനം
ഏപ്രിൽ 22 ന് അഥവാ ഗസ്സയ്ക്കു മേലുള്ള ഏറ്റവും പുതിയ അതിക്രമത്തിന്റെ ആഴ്ചകൾ മാത്രം മുമ്പ് ഒരു സംഭവമുണ്ടായി. ഇസ്രായേലിനുള്ള സാമ്പത്തിക സഹായം കുറക്കണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പുരോഗമനപക്ഷക്കാരായ ചിലര്‍ ഒരു പ്രമേയം കൊണ്ടുവന്നു. യു.എസ് കോൺഗ്രസിലെ ബഹുഭൂരിപക്ഷം പേരും (435-ൽ 330) ധനസഹായം കുറക്കരുതെന്നാവശ്യപ്പെട്ടു കൊണ്ട് ഹൗസ് അപ്രോപ്രിയേഷൻ കമ്മിറ്റിക്ക് കത്തെഴുതുകയാണുണ്ടായത്. ഇസ്രായേലിനുള്ള സഹായം കുറക്കണമെന്നാവശ്യപ്പെടുന്ന ഡെമോക്രാറ്റിക് പാർട്ടിയിലെ ചില പുരോഗമന പക്ഷക്കാരും ഐപാകും തമ്മിലുള്ള ബലപ്രയോഗമായിരുന്നു ശരിക്കും ആ കത്ത്.
ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളെ പിന്തുണച്ചതിന്റെ നീണ്ട ചരിത്രമുള്ള പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രായേലിന്റെ ''സ്വയം പ്രതിരോധിക്കാനുള്ള അവകാശം'' ഊന്നിപ്പറഞ്ഞുകൊണ്ടാണ് ഏറ്റവും പുതിയ കൂട്ടക്കൊലയോട് പ്രതികരിച്ചത്. അക്രമം അവസാനിപ്പിക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടു കൊണ്ടുള്ള യുഎൻ സുരക്ഷാ സമിതിയിലെ പ്രമേയം അദ്ദേഹത്തിന്റെ യുഎൻ അംബാസഡർ ലജ്ജാകരമാംവിധം തടയുകയുംചെയ്തു.
സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യുന്നതിലും ഗസ്സയെ തകർക്കുന്നതിലും പ്രസിഡന്റ് ബൈഡനിൽ നിന്നും കോൺഗ്രസിലെ ഞങ്ങളുടെ മിക്ക പ്രതിനിധികളിൽ നിന്നുമുള്ള നിശബ്ദത മനസ്സാക്ഷിക്ക് നിരക്കാത്തതാണ്. സെനറ്റർ സാൻഡേഴ്സ്, ജനപ്രതിനിധികളായ റാഷിദ തലൈബ്, ഇൽഹാം ഉമർ, ഒകാസിയോ-കോർട്ടെസ് എന്നിവരുൾപ്പെടെ ഫലസ്തീനികൾക്കായി ശക്തമായി സംസാരിക്കുന്ന സ്വതന്ത്ര ശബ്ദങ്ങളും യുഎസ് തെരുവുകളിൽ നിറഞ്ഞുനിൽക്കുന്ന പ്രതിഷേധ പ്രകടനങ്ങളുമാണ് യഥാർത്ഥ ജനാധിപത്യം എന്താണെന്ന് കാണിക്കുന്നത്.
അന്താരാഷ്ട്ര നിയമത്തെയും ഫലസ്തീൻ അവകാശങ്ങൾക്ക് അനുകൂലമായി യുഎസിന്റെ അഭിപ്രായത്തെയും പ്രതിഫലിപ്പിക്കുന്നതിനായി യുഎസ് നയം മാറേണ്ടതുണ്ട്. ഇസ്രായേലിനുള്ള യു.എസ് ധനസഹായം ഫലസ്തീൻ കുട്ടികളെ തടങ്കലിൽ വെക്കാനും ഫലസ്തീനികളുടെ സ്വത്തുവകകൾ നിയമവിരുദ്ധമായി പിടികൂടാനും നശിപ്പിക്കാനും വെസ്റ്റ്ബാങ്കിലെ ജനങ്ങളെ ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കാനും അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപറത്തി കൂടുതൽ ഭൂമി പിടിച്ചെടുക്കാനും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധി ബെറ്റി മക്കുല്ലം കൊണ്ടുവന്ന ബില്ലിൽ കോൺഗ്രസിലെ എല്ലാ അംഗങ്ങളും ഒപ്പുവെക്കണം.
ഇസ്രായേലിന്റെ സിവിലിയൻ കൊലപാതകങ്ങൾ നിർത്തുന്നതു വരെ അവർക്ക് അമേരിക്ക ആയുധം നൽകുന്നത് തടയുന്നതിനായി ആയുധ കയറ്റുമതി നിയന്ത്രണ നിയമവും ലെഹി നിയമവും എത്രയും വേഗം നടപ്പിൽ വരുത്തണം.
ഫലസ്തീനിലെ ജനങ്ങളെ വലയം ചെയ്ത പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ദുരന്തത്തിൽ അമേരിക്ക നിർണായകവും നിർണായകവുമായ പങ്ക് വഹിച്ചിട്ടുണ്ട്. ഈ ദുരന്തത്തിൽ തങ്ങളുടെ രാജ്യത്തിന്റെയും തങ്ങളുടെ തന്നെയും നിലപാടിനെ യു.എസ് നേതാക്കളും രാഷ്ട്രീയക്കാരും അഭിമുഖീകരിക്കണം. എല്ലാ ഫലസ്തീനികൾക്കും പൂർണമായ മനുഷ്യാവകാശം ലഭിക്കുന്ന വിധത്തിൽ അമേരിക്കയുടെ നയം മാറ്റാൻ അടിയന്തരമായി രംഗത്തിറങ്ങണം.
(മെഡിയ ബെഞ്ചമിൻ, നിക്കോളാസ് ജെ.എസ് ഡേവീസ് എന്നിവർ ചേർന്ന് Counterpunch.org ൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര വിവർത്തനം)