തമിഴകം നിശ്ചലമായ ദിവസം
|കയ്യില്‍ ഭക്ഷണ പൊതിയുമായി ഞങ്ങള്‍ റോഡിലൂടെ നടന്നു. അപ്പോഴാണ് ഗൂണ്ടാ സംഘം ആയുധങ്ങളുമായി എതിരേ വരുന്നത് കണ്ടത്. എന്റെ നെഞ്ചിടിപ്പ് കൂടി. ഭക്ഷണപ്പൊതി അടങ്ങിയ സഞ്ചി എന്റെ കൈയില്‍ ആയിരുന്നു. ഞാന്‍ സഞ്ചി പിന്നിലേക്ക് മറച്ചു പിടിക്കാന്‍ ശ്രമിച്ചു. പക്ഷെ, അപ്പോഴേക്കും അവര്‍ അടുത്തെത്തിക്കഴിഞ്ഞിരുന്നു. വൈഡ് ആംഗിള്‍, ഭാഗം 06
'' ഞങ്ങള്‍ തമിഴ്‌നാടിന്റെ ഓരോ ഗ്രാമത്തിലും പോയി ജനങ്ങളെ ജാഗരൂകരാക്കും. ഹിന്ദി ഒരു ഇടിമിന്നല്‍ പോലെ തമിഴ് ജനതയുടെ മേല്‍ പതിക്കാന്‍ പോവുകയാണ്. ഹിന്ദിക്കാര്‍ നമ്മെ ഭരിക്കാന്‍ തുടങ്ങിയാല്‍ പിന്നെ നമ്മള്‍ ഇന്ത്യയിലെ മൂന്നാം തരാം പൗരന്മാരായി തരം താഴ്ത്തപ്പെടും. '
1967-69 കാലാഘട്ടത്തില്‍ മദ്രാസ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന സി.എന്‍.അണ്ണാദുരൈയുടെ വാക്കുകളാണിത്. അന്ന് തമിഴ്‌നാട് സംസ്ഥാനത്തിന്റെ പേര് മദ്രാസ് സംസ്ഥാനം എന്നും ചെന്നൈ നഗരത്തിന്റെ പേര് മദ്രാസ് എന്നുമായിരുന്നു. മദ്രാസ് സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം തമിഴ്‌നാട് എന്നാക്കി മാറ്റിയത് അണ്ണാദുരൈയുടെ സര്‍ക്കാര്‍ ആയിരുന്നു. ഹിന്ദി വിരോധം തമിഴകത്ത് കത്തിനില്‍ക്കുന്ന കാലം. ഉത്തരേന്ത്യന്‍ ലോബിക്കെതിരായ വികാരം ആളിക്കത്തിച്ചു കൊണ്ടാണ് അന്നത്തെ അവിഭക്ത ദ്രാവിഡ മുന്നേറ്റ കഴകം അധികാരത്തിലേറിയത്. അന്ന് അണ്ണാദുരൈ ആയിരുന്നു ഡി.എം.കെ യുടെ അനിഷേധ്യ നേതാവ്. കരുണാനിധിയും, എം.ജീ. ആറുമൊക്കെ അദ്ദേഹത്തിന്റെ അനുസരണയുള്ള അനുയായികള്‍ മാത്രം. ജയലളിത അന്ന് വെറുമൊരു സിനിമാനടി മാത്രമായിരുന്നു. എം.ജി.ആറിന്റെ കാലത്താണ് അവര്‍ പാര്‍ട്ടിയില്‍ സജീവമായത്. തമിഴകത്തെ ദ്രാവിഡ പാര്‍ട്ടികളുടെയെല്ലാം വേരുകള്‍ സിനിമയില്‍ ആയിരുന്നു. ഡി.എം.കെ യുടെ സ്ഥാപക നേതാവായ അണ്ണാദുരൈയും സിനിമയില്‍ നിന്ന് തന്നെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെ ശിഷ്യനായിരുന്ന ''അണ്ണാ'' നല്ലൊരു നാടകകൃത്തും നടനുമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ പല നാടകങ്ങളും സിനിമയാക്കപ്പെട്ടു. സിനിമയിലൂടെ നേടിയ പ്രശസ്തി അദ്ദേഹത്തെ രാഷ്ട്രീയത്തിലും ജനപ്രിയനാക്കി. ഹിന്ദി വിരോധം ആയിരുന്നു അന്ന് ഡി.എം.കെ യെ അധികാരത്തില്‍ ഏറാന്‍ സഹായിച്ച മുഖ്യ ഘടകം.
ഞാന്‍ ജോലി ചെയ്യുന്ന ശാരദ സ്റ്റുഡിയോയില്‍ മാത്രമല്ല, ഞാന്‍ താമസിക്കുന്ന സത്യാ ലോഡ്ജിലും പലരും ധരിച്ചിരുന്നത് ഞാന്‍ ഉത്തരേന്ത്യക്കാരനാണന്നാണ്. അന്ന് മീശ വെക്കാതെ ക്ലീന്‍ ഷേവ് ആയിരുന്നതും ഒരു പക്ഷെ ഈ തെറ്റിധാരണക്ക് കാരണം ആയിരുന്നിരിക്കാം. തമിഴന്മാര്‍ പൊതുവേ ഉത്തരേന്ത്യക്കാരെ ''ഹിന്ദിക്കാര്‍'' എന്നാണ് വിളിച്ചിരുന്നത്. ഹിന്ദി വിരോധം ശക്തമായിരുന്നതിനാല്‍, ഞാന്‍ ബോധപൂര്‍വം എല്ലാവരോടും തമിഴില്‍ തന്നെ സംസാരിക്കാന്‍ ശ്രദ്ധിച്ചു. മാത്രമല്ല, മലയാളി ആണെന്ന് തെളിയിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒക്കെ ഞാന്‍ ഉപയോഗിച്ചു. ലോഡ്ജിലെ എന്റെ അടുത്ത റൂമിലെ താമസക്കാര്‍ രണ്ടു മലയാളികള്‍ ആയിരുന്നു. താടിക്കാരനായ ജോസഫും, ക്ലീന്‍ ഷേവ് ചെയ്ത സഹദേവനും. ബാങ്ക് ഉദ്യോഗസ്ഥരായ അവരുമായി ഞാന്‍ സൗഹൃദം സ്ഥാപിച്ചു.
മുഖ്യമന്ത്രി അണ്ണാദുരൈ അസുഖബാധിതനായി ആശുപത്രിയില്‍ ആയിരുന്നു. സംസ്ഥാനം മുഴുവന്‍ അദ്ദേഹത്തിന്റെ രോഗശാന്തിക്കായി സമൂഹ പ്രാര്‍ഥനകളും വഴിപാടുകളും മറ്റും നടത്തിക്കൊണ്ടിരുന്നു. അത്രയ്ക്കും ജനകീയനായ ഒരു നേതാവായിരുന്നു അദ്ദേഹം. എന്നാല്‍, ഒരു സംസ്ഥാനത്തെ മുഴുവന്‍ ദു:ഖത്തിലാഴ്ത്തിക്കൊണ്ട്, 1969 ഫെബ്രുവരി മൂന്നിന് അദ്ദേഹം അന്തരിച്ചു. പിന്നീട് എം.ജി.ആര്‍ ന്റെയും ജയലളിതയുടെയും മരണത്തില്‍ അണപൊട്ടി ഒഴുകിയ തമിഴ് ജനതയുടെ ദുഃഖം നമ്മള്‍ കണ്ടതാണെങ്കിലും, തമിഴകത്തെ ആകെ സ്തംഭിപ്പിച്ച ആദ്യത്തെ മരണമായിരുന്നു അണ്ണാദുരൈയുടേത്. അദ്ദേഹത്തിന്റെ അന്ത്യ കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ജനകോടികള്‍ ലോക റെക്കോര്‍ഡ് തന്നെ സൃഷ്ടിച്ചു. ഒരു ജന നേതാവിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുത്ത ആളുകളുടെ എണ്ണത്തില്‍ അതൊരു ഗിന്നസ് റെക്കോഡ് ആയിരുന്നു. അന്ന് മദിരാശി നഗരം മാത്രമല്ല, തമിഴ്‌നാട് സംസ്ഥാനം മുഴുവന്‍ നിശ്ചലമായി. കടകമ്പോളങ്ങള്‍ എല്ലാം അടഞ്ഞു കിടന്നു. റോഡില്‍ വാഹനങ്ങള്‍ ഒന്നും ഓടിയില്ല. ഇരുപത്തിനാല് മണിക്കൂറും വാഹനത്തിരക്കേറിയ മൗണ്ട് റോഡ് പോലും ശൂന്യമായിരുന്നു.
രാവിലെ ചായ കുടിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഞങ്ങള്‍ വിവരം അറിഞ്ഞത്. ചായ പോയിട്ട് പച്ചവെള്ളം പോലും കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രം നഗരത്തില്‍ റോന്ത് ചുറ്റുന്നുണ്ടായിരുന്നു, ആരെങ്കിലും കടകള്‍ തുറന്നിട്ടുണ്ടെങ്കില്‍ പൂട്ടിക്കാന്‍. ഒരു സൈക്കിള്‍ യാത്രക്കാരനെപ്പോലും റോഡില്‍ സഞ്ചരിക്കാന്‍ അവര്‍ അനുവദിച്ചില്ല. സംസ്ഥാനം മുഴുവന്‍ ഒരു ബന്ദിന്റെ പ്രതീതി ആയിരുന്നു. ഒരൊറ്റ വാഹനം പോലും ഓടിയില്ല. അത്യാവശ്യത്തിനു വേണ്ടി തെരുവിലിരിങ്ങിയ വാഹനങ്ങള്‍ അവര്‍ അഗ്‌നിക്കിരയാക്കി. പകല്‍ മുഴുവന്‍ ഞങ്ങള്‍ പച്ചവെള്ളം പോലും കഴിക്കാതെ മുറിക്കുള്ളില്‍ തന്നെ കഴിച്ചു കൂട്ടി. മദ്രാസില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെ ഉള്ളവര്‍, ബന്ധവും സൗഹൃദവും പുതുക്കാന്‍ പോയി, ഒരു നേരത്തെ ആഹാരം പ്രതീക്ഷിച്ച്. അനാഥരായ ഞാനും എന്റെ രണ്ടു മലയാളി സുഹൃത്തുക്കളും മാത്രം വിശന്നു പൊരിഞ്ഞു മുറിയില്‍ ചടഞ്ഞു കൂടി. നാലു മണിയായപ്പോള്‍ വിശപ്പ് സഹിക്ക വയ്യാതെ ഞാന്‍ അവരോടു പറഞ്ഞു ' നമ്മള്‍ സ്ഥിരമായി രാത്രി ഭക്ഷണം കഴിക്കുന്ന മലയാളിയുടെ ഹോട്ടലില്‍ ഒന്ന് പോയി നോക്കിയാലോ ?''
''ഹേയ്, അതും തുറന്നിട്ടില്ല. ഉച്ചയ്ക്ക് പോയി വന്ന ഒരാള്‍ പറഞ്ഞു.'' സഹദേവന്‍ പറഞ്ഞു.
''എന്നാലും നമുക്കൊന്ന് പോയി നോക്കാം. പിന്‍ വശത്ത് കൂടി കയറാന്‍ ഒരു വഴിയുണ്ട്'' ഞാന്‍ പറഞ്ഞു.
അങ്ങിനെ ഞങ്ങള്‍ ഇറങ്ങി. റോഡ് വിജനമായിരുന്നു. കടകള്‍ എല്ലാം അടഞ്ഞു കിടക്കുന്നതിനാല്‍, കട പൂട്ടിക്കുന്ന ഗുണ്ടാ സംഘവും പിന്‍വാങ്ങിയിരുന്നു. ഞങ്ങള്‍ ഹോട്ടലിനു മുന്നിലെത്തിയപ്പോള്‍ അത് അടഞ്ഞു കിടക്കുകയായിരുന്നു. പിന്‍ഭാഗത്തുള്ള അടുക്കളയിലേക്കു പോകാന്‍ വൃത്തി ഹീനമായ ഇടുങ്ങിയ ഒരു ഇടവഴി ഉണ്ട്. ഞങ്ങള്‍ അതിലൂടെ പിന്‍ഭാഗത്ത് എത്തി. അടുക്കള വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നു. എങ്കിലും അകത്ത് ആളനക്കമുണ്ടായിരുന്നു. വളരെ പതുക്കെ വാതിലില്‍ മുട്ടിയപ്പോള്‍, അകത്തെ ആളനക്കവും നിലച്ചു. അകത്ത് പെട്ടെന്ന് നിശബ്ദത !
'' ഇക്കാ, വാതില്‍ തുറക്ക്. ഞങ്ങള്‍ ഇവിടത്തെ സ്ഥിരം പറ്റുകാരാ .'' സഹദേവന്‍ പറഞ്ഞു.
അല്‍പം കഴിഞ്ഞ്, വാതില്‍ പതുക്കെ തുറന്ന്, ഉടമസ്ഥന്‍ ജാഗ്രതയോടെ തല പുറത്തേക്കു നീട്ടി.
'' രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല'' സഹദേവന്‍ പറഞ്ഞു.
'' അയ്യോ, ഇന്ന് കട ഇല്ലല്ലോ. തുറന്നാല്‍ അവന്മാര്‍ എല്ലാം കൂടി അടിച്ചു പൊളിക്കും'' ഹോട്ടലുടമ പറഞ്ഞു.
'' തുറക്കണ്ട, ഞങ്ങള്‍ക്ക് വല്ലതും തന്നാല്‍ മതി. ഞങ്ങള്‍ കഴിച്ചിട്ട് വേഗം പോയ്‌ക്കോളം'' ജോസഫ് പറഞ്ഞു.
''ഇപ്പൊ ഇവിടെ ഒന്നും ഉണ്ടാക്കിയിട്ടില്ല'' അയാള്‍ പറഞ്ഞു.
''വിശന്നു കുടല്‍ കരിഞ്ഞു ഇക്കാ. നേരം വെളുത്തിട്ട് പച്ച വെള്ളം പോലും കുടിച്ചിട്ടില്ല'' ഞാന്‍ പറഞ്ഞു.
എന്റെ ദയനീയമായ മുഖഭാവം കണ്ട് അയാള്‍ക്ക് അലിവു തോന്നി എന്ന് തോന്നുന്നു. ഒന്ന് ആലോചിച്ചിട്ട് അയാള്‍ പറഞ്ഞു,
'' ഒരു കാര്യം ചെയ്യാം. നിങ്ങള്‍ രാത്രി ഒമ്പത് മണിക്ക് ശേഷം വരൂ. ഞാന്‍ എന്തെങ്കിലും ഉണ്ടാക്കി വെക്കാം. പക്ഷെ, ഇവിടെ ഇരുന്ന് കഴിക്കാന്‍ പറ്റില്ല. പാര്‍സല്‍ തരാം. ഇവിടെ പിന്‍വശത്ത് തന്നെ വന്നാല്‍ മതി''
അത് കേട്ടപ്പോള്‍ ഞാന്‍ വാച്ചില്‍ നോക്കി. മണി നാലരയേ ആയിട്ടുള്ളൂ. ഇനിയും നാലര മണിക്കൂര്‍ വിശപ്പ് സഹിക്കണം. രാത്രിയെങ്കിലും ഭക്ഷണം കിട്ടുമെന്ന് ഉറപ്പു വരുത്താനായി ഞാന്‍ പറഞ്ഞു,
'' പൈസ ഇപ്പൊ തന്നെ തന്നേക്കാം'' ഞാന്‍ പേഴ്‌സ് തുറന്നു.
രാത്രിയും ഭക്ഷണം തരാന്‍ പറ്റുമെന്ന് ഉറപ്പില്ലാത്തതിനാല്‍ അയാള്‍ പറഞ്ഞു,
'' വേണ്ട, രാത്രി മതി''
ഞങ്ങള്‍ തിരിച്ചു ലോഡ്ജിലേക്ക് നടന്നു. മുറിയില്‍ എത്തിയ ഉടനെ ഞാന്‍ അവശനായി കട്ടിലിലേക്ക് വീണു. ഉറങ്ങാന്‍ ശ്രമിച്ചു. പക്ഷെ, കത്തുന്ന വയര്‍ ഉറങ്ങാന്‍ സമ്മതിച്ചില്ല. എന്തെങ്കിലും വായിക്കാമെന്ന് വെച്ച്, പുസ്തകം തുറന്നപ്പോള്‍, ഏകാഗ്രത കിട്ടുന്നില്ല. വാച്ചില്‍ നോക്കി കിടന്നു. അണ്ണാദുരൈയുടെ മരണത്തില്‍ അനുശോചിച്ചു കൊണ്ട് സമയവും നിശ്ചലമായത് പോലെ തോന്നി. ലോഡ്ജ് മാനേജരുടെ മുറിയിലെ റേഡിയോയില്‍ നിന്ന് തമിഴില്‍ വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ലോഡ്ജിലെ ചില അന്തേവാസികള്‍ മുറിക്കു മുന്നില്‍ കൂട്ടംകൂടി നിന്ന് വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ എത്തി നോക്കിയപ്പോള്‍ മലായാളി സുഹൃത്തുക്കളില്‍ ഒരാളായ ജോസഫും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തോട് പോയി ചോദിച്ചു,
'' എന്തെങ്കിലും വിശേഷം ഉണ്ടോ?''
'' അണ്ണായുടെ മരണം തന്നെ. വേറെ വിശേഷം ഒന്നുമില്ല. ചില സ്ഥലത്തൊക്കെ അക്രമസംഭവങ്ങള്‍ ഉണ്ടായത്രേ''
''അണ്ണാദുരൈ മരിച്ചതിന് ഇവര്‍ ആരോടാണ് അരിശം തീര്‍ക്കുന്നത്?''
'' ആരാധകരുടെ വൈകാരിക പ്രതികരണമാണ്'' അദ്ദേഹം ഒരു തത്വജ്ഞാനിയെപ്പോലെ താടി തടവിക്കൊണ്ട് പറഞ്ഞു. ഞാന്‍ മുറിയിലേക്ക് തിരിച്ചു പോയി. ഒന്നും ചെയ്യാതെ ഒരുവിധം സമയം തള്ളി നീക്കി എട്ടുമണി വരെ എത്തിച്ചു. പിന്നെ എനിക്ക് ഇരിക്കപ്പൊറുതി വന്നില്ല. ഞാന്‍ മുറി പൂട്ടി ഇറങ്ങി. അടുത്ത മുറിയിലേക്ക് പോയി, മലയാളി സുഹൃത്തുക്കളെ വിളിക്കാന്‍.
'' പോകാം'' ഞാന്‍ പറഞ്ഞു.
'' മണി എട്ടല്ലേ ആയുള്ളൂ. ഒമ്പത് മണി കഴിഞ്ഞു വരാനല്ലേ അയാള്‍ ധപറഞ്ഞത് ?'' സഹദേവന്‍ പറഞ്ഞു.
'' ഇനി സഹിക്കാന്‍ പറ്റില്ല, നമുക്ക് പോകാം'' ഞാന്‍ പറഞ്ഞു.
'' ഇരിക്കു, അര മണിക്കൂര്‍ കൂടി കഴിഞ്ഞിറങ്ങാം'' അയാള്‍ പറഞ്ഞു. ഞാന്‍ ഇരുന്നു. താടിക്കാരന്‍ ജോസഫ് മേശപ്പുറത്തു നിന്നും സിഗരറ്റു പാക്കറ്റ് എടുത്തു തുറന്നു. അത് കാലിയായിരുന്നു.
'' നാശം.. സിഗരറ്റും തീര്‍ന്നു'' അയാള്‍ പാക്കറ്റ് വലിച്ചെറിഞ്ഞു. നിലത്തു മുഴുവന്‍ സിഗരറ്റ് കുറ്റികള്‍ ചിതറിക്കിടപ്പുണ്ടായിരുന്നു. എട്ടര മണി ആകുന്നതിനു മുന്‍പേ, ഞങ്ങള്‍ ഇറങ്ങി. റോഡ് വിജനമായിരുന്നു. പല തെരുവ് വിളക്കുകളും പണി മുടക്കിയത് പോലെ തോന്നി. റോഡിന്റെ പല ഭാഗങ്ങളും ഇരുട്ടിലായിരുന്നു. അകലെയുള്ള കവലയില്‍ ഒരു സംഘം ഗുണ്ടകള്‍ കയ്യില്‍ വടികളുമായി റോഡ് മുറിച്ചു കടക്കുന്നത് കണ്ടു. റോഡില്‍ വാഹനങ്ങളോ തുറന്ന കടകളോ കണ്ടാല്‍ അടിച്ചു തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. ഞങ്ങള്‍ അവരുടെ കണ്ണ് വെട്ടിച്ചു കടന്നു. ഹോട്ടലിന്റെ മുന്നിലെത്തിയപ്പോള്‍ ഞങ്ങള്‍ ഇരുവശവും നോക്കി. റോഡ് ശൂന്യമാണ്. ഞങ്ങള്‍ ഇടവഴിയില്‍ കയറി, വാതിലില്‍ സാവധാനം മുട്ടി. ഉടമ തന്നെ വാതില്‍ തുറന്നു. അയാള്‍ വേഗം അകത്തു പോയി പൊതിഞ്ഞു വെച്ച ഭക്ഷണം കൊണ്ട് വന്നു തന്നു.
'' ഞങ്ങള്‍ ഇവിടെ ഇരുന്ന് കഴിച്ചോട്ടെ ?'' ഞാന്‍ ചോദിച്ചു.
''വേണ്ട വേണ്ട. ഇതും കൊണ്ട് വേഗം സ്ഥലം വിട്ടോ'' അയാള്‍ പരിഭ്രമത്തോടെ പറഞ്ഞു. ഞങ്ങള്‍ പണം കൊടുത്തു തിരിഞ്ഞു നടന്നു.
'' ഇവിടന്ന് ഭക്ഷണവുമായി പോകുന്നത് ആരും കാണരുത് കേട്ടോ'' ഹോട്ടലുടമ പിന്നില്‍ നിന്ന് വിളിച്ചു പറഞ്ഞു. കയ്യില്‍ ഭക്ഷണ പൊതിയുമായി ഞങ്ങള്‍ റോഡിലൂടെ നടന്നു. അപ്പോഴാണ് നേരത്തേ കണ്ട ഗൂണ്ടാ സംഘം ആയുധങ്ങളുമായി എതിരേ വരുന്നത് കണ്ടത്. എന്റെ നെഞ്ചിടിപ്പ് കൂടി. ഭക്ഷണപ്പൊതി അടങ്ങിയ സഞ്ചി എന്റെ കൈയില്‍ ആയിരുന്നു. ഞാന്‍ സഞ്ചി പിന്നിലേക്ക് മറച്ചു പിടിക്കാന്‍ ശ്രമിച്ചു. പക്ഷെ, അപ്പോഴേക്കും അവര്‍ അടുത്തെത്തിക്കഴിഞ്ഞിരുന്നു.
'' എങ്കെ പോരേ ?'' കൊമ്പന്‍ മീശക്കാരനായ അവരുടെ നേതാവ് ചോദിച്ചു. ഞങ്ങള്‍ സത്യാ ലോഡ്ജിലെ താമസക്കാരാണന്നും, മുറിയിലേക്ക് പോവുകയാണെന്നും സഹദേവന്‍ ശുദ്ധ തമിഴില്‍ വിശദീകരിച്ചു. അയാള്‍ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഞാന്‍ ഒന്ന് പരുങ്ങി.
'' നീ ഹിന്ദീക്കരനാ ?'' അയാള്‍ ചോദിച്ചു.
'' ഇല്ല ഇല്ല. ഞാന്‍ മലയാളീ ' ഞാന്‍ പറഞ്ഞു.
''എന്നാ കൈയിലെ ?'' അയാള്‍ ചോദിച്ചു. ഞാന്‍ സഞ്ചി പിന്നിലേക്ക് മറച്ചു പിടിച്ചു. അയാള്‍ എന്റെ കൈയില്‍ നിന്നും സഞ്ചി ബലമായി പിടിച്ചു വാങ്ങി. എന്നിട്ടത് തുറന്നു നോക്കി. ഇതെവിടന്നു കിട്ടിയെന്നു ചോദിച്ചു. ഞങ്ങളെ സഹായിക്കാന്‍ സന്മനസ്സു കാണിച്ച ഹോട്ടലുടമയെ ഒറ്റുന്നത് ശരിയല്ല എന്ന് തോന്നിയതിനാല്‍ ഞാന്‍ പറഞ്ഞു.
'''' നമ്മ സൊന്തക്കാര് വീട്ടിലിരുന്ത് വാങ്ങീട്ടു വരാങ്കോ''
അയാള്‍ പൊതി മണപ്പിച്ചു നോക്കിയിട്ട് പറഞ്ഞു,
'' ഉം...ആഹാ. മട്ടന്‍ ശാപ്പാട്.. ബിരിയാണിയാ ?''
ഞങ്ങള്‍ ഒന്നും മിണ്ടിയില്ല.
'' കാലെയിലുരുന്തു ഒന്നുമേ ശാപ്പിടവില്ലേ'' അയാള്‍ അതും കൊണ്ട് നടക്കാന്‍ തുടങ്ങി ' വാങ്കോടാ ' അനുയായികള്‍ പുറകെ കൂടി.
സഹദേവന്‍ അയാളുടെ പുറകെ നടന്നുകൊണ്ട് കെഞ്ചി,
'' നാങ്കളും കാലെയിലുരുന്തു ഒന്നുമേ ശാപ്പിടവില്ലേ. കുടല് കരിഞ്ഞു പോച്ച്. രൊമ്പ കഷ്ടപ്പെട്ട് താന്‍ ഇത് കെടച്ചത്''
''സൊന്തക്കാര് വീട്ടില്‍ പോയി ശാപ്പിട്'' അയാള്‍ പറഞ്ഞു. ' ഹിന്ദീക്കാര് നെറയെ ഇരിക്കാങ്ക ഇല്ലേ ?'' ''പിന്നെ അയാള്‍ എന്നെ നോക്കി ചോദിച്ചു ' ഇല്ലെടാ ?''
'' ഞാന്‍ ഹിന്ദീക്കാരന്‍ ഇല്ല.'' ഞാന്‍ ധൃതിയില്‍ പറഞ്ഞു.
'' അത് പാത്താലെ തെരിയും'' അയാള്‍ അതും പറഞ്ഞു നടന്നു.
ഞാനും അവരുടെ പുറകെ കൂടി ''അണ്ണാ അണ്ണാ ' എന്ന് വിളിച്ചുകൊണ്ട്. അവരില്‍ ഒരുത്തന്‍ എന്നെ പിടിച്ചു തള്ളി. മറ്റൊരുത്തന്‍ അടിക്കാനായി ഹോക്കി സ്റ്റിക്ക് ഉയര്‍ത്തി. ഞാന്‍ പിന്‍വാങ്ങി. അവര്‍ ഞങ്ങളുടെ ഭക്ഷണവുമായി നടന്നു പോകുന്നത് ഞങ്ങള്‍ നിസ്സഹായരായി നോക്കി നിന്നു.
എന്റെ ഉമ്മാ ചിലപ്പോഴൊക്കെ പറയാറുള്ള ഒരു ഉര്‍ദു പഴഞ്ചൊല്ല് ഞാനോര്‍ത്തു.
'' ദാനെ ദാനെ പെ ലിഖാ ഹൈ, ഖാനേ വാലേ കാ നാം''
(ഓരോ ധാന്യമണിയിലും എഴുതിയിട്ടുണ്ട്, അത് ഭക്ഷിക്കുന്ന ആളുടെ പേര്).
കയ്യില്‍ ഭക്ഷണ പൊതിയുമായി ഞങ്ങള്‍ റോഡിലൂടെ നടന്നു. അപ്പോഴാണ് ഗൂണ്ടാ സംഘം ആയുധങ്ങളുമായി എതിരേ വരുന്നത് കണ്ടത്. എന്റെ നെഞ്ചിടിപ്പ് കൂടി. ഭക്ഷണപ്പൊതി അടങ്ങിയ സഞ്ചി എന്റെ കൈയില്‍ ആയിരുന്നു. ഞാന്‍ സഞ്ചി പിന്നിലേക്ക് മറച്ചു പിടിക്കാന്‍ ശ്രമിച്ചു. പക്ഷെ, അപ്പോഴേക്കും അവര്‍ അടുത്തെത്തിക്കഴിഞ്ഞിരുന്നു.
21,05,2022 മീഡിയവണ്‍ ഷെല്‍ഫ്