പ്രഫുല്‍ പട്ടേലിന് അറിയുമോ മൂര്‍ക്കോത്ത് രാമുണ്ണിയെ; അദ്ദേഹം ദ്വീപ് ജനതയ്ക്ക് വേണ്ടി നടപ്പാക്കിയ പദ്ധതികളെ?
|ദ്വീപ് ജനതയാകെ നെഞ്ചേറ്റിയ മലയാളിയായ മൂര്‍ക്കോത്ത് രാമുണ്ണിയുടെ ചരിത്രമുള്ള ലക്ഷദ്വീപിലാണ് ഇപ്പോഴത്തെ അഡ്‍മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ഗോ ബാക്ക് വിളികളുയരുന്നത്.
ലക്ഷദ്വീപിലെ ഇപ്പോഴത്തെ അഡ്‍മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ ജനദ്രോഹ നടപടികള്‍ കാരണം, അദ്ദേഹത്തെ തിരിച്ചു വിളിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് ദ്വീപ് ജനത. പക്ഷേ, ലക്ഷദ്വീപുകാരുടെ മനം കവര്‍ന്ന ഒരു മലയാളി അഡ്‍മിനിസ്ട്രേറ്റര്‍ ഉണ്ടായിരുന്നു- മൂര്‍ക്കോത്ത് രാമുണ്ണി. 1961 മുതല്‍ 65 വരെ അദ്ദേഹമായിരുന്നു ലക്ഷദ്വീപിന്‍റെ അഡ്‍മിനിസ്ട്രേറ്റര്‍. അന്ന് അദ്ദേഹം നടപ്പാക്കിയ പദ്ധതികളെല്ലാം ദ്വീപ് ജനത നെഞ്ചേറ്റുകയായിരുന്നു.
കാര്യമായി വിദ്യാഭ്യാസം ഇല്ലാതിരുന്ന ഒരു ജനത, കാര്യമായി തൊഴിലില്ലാതിരുന്ന ആളുകള്‍, സാധാരണക്കാരില്‍ സാധാരണക്കാരായിരുന്ന മനുഷ്യര്‍- അവര്‍ക്കുവേണ്ടിയായിരുന്നു മൂര്‍ക്കോത്ത് രാമുണ്ണിയുടെ പദ്ധതികളെല്ലാം. ആ നാട്ടിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും ഉറപ്പു വരുത്താന്‍ അദ്ദേഹം പരിശ്രമിച്ചു. ഇന്ന് സാക്ഷരതയില്‍ രാജ്യത്ത് രണ്ടാംസ്ഥാനത്താണ് ലക്ഷദ്വീപിന്‍റെ സ്ഥാനം. ആ നിലയിലേക്ക് ഈ ജനതയെ ഉയര്‍ത്തിക്കൊണ്ടുവന്നത് മൂര്‍ക്കോത്ത് രാമുണ്ണി അടിത്തറ പാകിയ പദ്ധതികളാണ്.
ശ്രീനാരായണ ഗുരുവിന്‍റെ ശിഷ്യനായ സാഹിത്യകാരന്‍ മൂര്‍ക്കോത്ത് കുമാരന്‍റെ മകനായിരുന്നു മൂര്‍ക്കോത്ത് രാമുണ്ണി. ശ്രീനാരായണ ഗുരു തന്നെയായിരുന്നു മൂര്‍ക്കോത്ത് രാമുണ്ണിയുടെ ആദ്യ ഗുരു എന്നാണ് പറയുന്നത്. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ വളര്‍ത്തുപുത്രന്‍ എന്നൊരു വിശേഷണം കൂടി ഇദ്ദേഹത്തിനുണ്ട്. കാരണം പല കാര്യങ്ങളും ആ കാലയളവില്‍ നെഹ്റു വിശ്വസിച്ച് ഏല്‍പ്പിച്ചിരുന്നത് ഇദ്ദേഹത്തിനെ ആയിരുന്നു. 1935ല്‍ വടക്കുക്കിഴക്കന്‍ ആദിവാസി മേഖലകളിലേക്ക് നെഹ്റു നേരിട്ട് തെരഞ്ഞെടുത്ത പത്തുപേരില്‍ പ്രമുഖന്‍ മൂര്‍ക്കോത്ത് ആയിരുന്നു. മൂന്ന് കൊല്ലം കൊണ്ട് മൂന്നൂറ് കൊല്ലത്തിന്റെ നേട്ടം ദ്വീപിനുണ്ടാക്കാന്‍ ശ്രമിക്കണമെന്ന നിര്‍ദേശമാണ് ലക്ഷദ്വീപിലേക്ക് പറഞ്ഞയക്കുമ്പോള്‍ നെഹ്റു മൂര്‍ക്കോത്ത് രാമുണ്ണിക്ക് നല്‍കിയിരുന്നത്. ത്രിപുര, ഡാര്‍ജിലിംഗ്, ഷില്ലോംഗ്, നാഗാലാന്‍റ് എന്നിവിടങ്ങളില്‍ പ്രധാന സ്ഥാനങ്ങള്‍ അലങ്കരിച്ച ശേഷമാണ് അദ്ദേഹം ലക്ഷദ്വീപിലെത്തുന്നത്.
ക്രൊപ വിറ്റ് സാധനങ്ങള്‍ വാങ്ങുകയും, കയര്‍ പിരിച്ചതിന് കൂലിയായി അരി വാങ്ങുകയും ചെയ്തിരുന്നവര്‍. ബോട്ടോ മറ്റ് ഉപകരണങ്ങളോ ഇല്ലാതെ മീന്‍പിടിച്ചിരുന്നവര്‍. കുഷ്ഠരോഗവും മന്തുകാലും ജനങ്ങള്‍ക്കിടയില്‍ വ്യാപകമായിരുന്നു കാലം. ആ കാലത്താണ് മൂര്‍ക്കോത്ത് ദ്വീപിന്‍റെ സംരക്ഷണം ഏറ്റെടുക്കുന്നത്. 1961 ലാണ് ലക്ഷദ്വീപിന്‍റെ നാലാമത്തെ അഡ്മിനിസ്ട്രേറ്ററായി അദ്ദേഹം നിയമിതനാകുന്നത്.
കൊപ്ര വിപണന രംഗത്തെ ദല്ലാളുമാരുടെ ചൂഷണം ഇല്ലാതാക്കുകയായിരുന്നു ആദ്യ ലക്ഷ്യം. അതിനായി ഓരോ ദ്വീപിലും കൊപ്ര സൊസൈറ്റികള്‍ അദ്ദേഹം ഉണ്ടാക്കി. എല്ലാ വീട്ടുകാരെയും അതില്‍ മെമ്പര്‍മാരാക്കി. അതത് ദിവസത്തെ കൊപ്ര വില ദ്വീപുകാരെ അറിയിക്കാന്‍ അദ്ദേഹം ആകാശവാണിയുടെ സഹായം തേടി. അടുത്തത് മത്സ്യബന്ധന രംഗത്തെ തൊഴില്‍ സാധ്യത ഉറപ്പുവരുത്തുകയായിരുന്നു. ആന്ധ്രപ്രദേശ് ഗവണ്‍മെന്‍റ് വില്‍ക്കാന്‍ വെച്ചിരുന്ന 25 യന്ത്രവത്കൃത ബോട്ടുകളാണ് മൂര്‍ക്കോത്ത് വാങ്ങി ദ്വീപിലെത്തിച്ചത്. മോട്ടോര്‍ ബോട്ടുകള്‍ ആദ്യമായി ദ്വീപിലെത്തുന്നത് അന്നാണ്.
അടുത്തത് മന്തുരോഗവും കുഷ്ഠരോഗവും നിര്‍മാര്‍ജ്ജനം ചെയ്യലായിരുന്നു. അതിനായി വിദഗ്ധ ഡോക്ടര്‍മാരുടെ സഹായം തേടി. കൊതുകു നിയന്ത്രണം, മരുന്നുകള്‍ എന്നിവയിലൂടെ മന്തുരോഗം പൂര്‍ണമായി ഇല്ലാതാക്കി. കോഴിക്കോടുള്ള ജര്‍മന്‍ ഡോക്ടര്‍ റീഡലിന്‍റെ സഹായത്തോടെ കഠിനമായി കുഷ്ഠരോഗം ബാധിച്ചവരെ ചികിത്സിച്ച് ഭേദമാക്കി.
ദ്വീപ് ജനതയ്ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ ഉണ്ടാക്കി. കേരളത്തില്‍ നിന്ന് നല്ല അധ്യാപകരെ ദ്വീപുകളിലെത്തിച്ചു. നല്ല സ്കൂള്‍ കെട്ടിടങ്ങള്‍ പണിതു. ഉച്ചഭക്ഷണം ഉറപ്പുവരുത്തി. അമേനിയില്‍ ഹൈസ്കൂള്‍ സ്ഥാപിച്ചപ്പോള്‍ ഹോസ്റ്റലും തുറന്നു.
ഭൂപരിഷ്കരണ നയം കൊണ്ടുവന്നു. ഓരോരുത്തര്‍ക്കും അവരവരുടെ ഭൂമി പതിച്ചു നല്‍കി. ജന്മിമാരുടെ ഭൂമിയില്‍ നിന്ന് നാലില്‍ മൂന്നുഭാഗം കുടിയാന് പതിച്ച് നല്‍കി. മൂര്‍ക്കോത്തിന്‍റെ ഒരു തീരുമാനത്തിനും ദ്വീപ് ജനത എതിര്‍പ്പ് പ്രകടിപ്പിച്ചില്ല എന്നതാണ് വാസ്തവം. ദ്വീപുകാരുടെ ഭൂമി വന്‍കരയിലുള്ളവര്‍ക്ക് വില്‍ക്കുവാന്‍ പാടില്ല എന്ന നിയമം കൊണ്ടുവന്നതും അദ്ദേഹമാണ്, 1964ല്‍.
കോഴിക്കോട് ആയിരുന്നു അക്കാലത്ത് ലക്ഷദ്വീപ് ഓഫീസ്. വര്‍ഷത്തിലൊരിക്കലാണ് അഡ്മിനിസ്ട്രേറ്റര്‍മാരും ക്ലര്‍ക്കുമാരും ദ്വീപുകള്‍ സന്ദര്‍ശിച്ചിരുന്നത്. ലക്ഷദ്വീപ് ഓഫീസ് ദ്വീപുകളിലേക്ക് മാറ്റുന്നതും അവിടെ സെക്രട്ടറിയേറ്റ് അഡ്മിനിസ്ട്രേറ്റര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വസതികള്‍ പണിതതും അദ്ദേഹത്തിന്‍റെ കാലത്താണ്.
കേരളത്തിലെ ആദ്യ ഐഎഎഫ് പൈലറ്റ് ആയിരുന്നു അദ്ദേഹം. രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാനെതിരെ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ വിമാനം പറത്തിയ ഏക മലയാളിയും അദ്ദേഹമായിരുന്നു. തലശ്ശേരിയായിരുന്നു അദ്ദേഹത്തിന്‍റെ വീട്. അഡ്‍മിനിസ്ട്രേറ്റര്‍ ചുമതലയില്‍ നിന്ന് ഒഴിഞ്ഞതിന് ശേഷവും ലക്ഷദ്വീപിന്‍റെ കാര്യത്തില്‍ അദ്ദേഹത്തിന് ശ്രദ്ധയുണ്ടായിരുന്നു. ലക്ഷദ്വീപിലെ ഒരു ചെറിയ ദ്വീപാണ് ബിത്ര. തലശ്ശേരിയിലെ ഇദ്ദേഹത്തിന്‍റെ വീടിന് ഇട്ടിരിക്കുന്ന പേര് പോലും ബിത്ര എന്നാണ്. അത് അദ്ദേഹത്തിന് ദ്വീപുമായുള്ള ആത്മബന്ധമാണ് സൂചിപ്പിക്കുന്നത്.
ദ്വീപുകാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് തലശേരി ബ്രണ്ണന്‍ കോളേജില്‍ എല്ലാവിധ സഹായവും അദ്ദേഹം തുടര്‍ന്നും ചെയ്ത് പോന്നു. മാത്രമല്ല ബ്രണ്ണന്‍ കോളേജിലെ പഠന കാലയളവില്‍ പല കുട്ടികളും അദ്ദേഹത്തിന്‍റെ വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്നു. ആ കുട്ടികളുടെയെല്ലാം ലോക്കല്‍ ഗാര്‍ഡിയനും അദ്ദേഹമായിരുന്നു. വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് പോകുമ്പോള്‍ പലവിധ സമ്മാനങ്ങളും അദ്ദേഹം വാങ്ങികൊടുത്ത് അയയ്ക്കുമായിരുന്നു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും, അഡ്മിനിസ്ട്രേറ്റര്‍ ആയപ്പോഴും അതിന് ശേഷവും ദ്വീപുകാരുടെ ഒരു രക്ഷിതാവ് ആയിരുന്നു അദ്ദേഹം. ദ്വീപ് ജനതയെ ഇത്രയും സ്നേഹിച്ച, ദ്വീപ് ജനത നെഞ്ചേറ്റിയ മൂര്‍ക്കോത്ത് രാമുണ്ണിയുടെ ചരിത്രമുള്ള ലക്ഷദ്വീപിലാണ് ഇപ്പോള്‍ പ്രഫുല്‍ പട്ടേലിനെതിരെ ഗോ ബാക്ക് വിളികളുയരുന്നത്.