Column
മുസ് ലിം സമുദായത്തിന്റെ അടിയാധാരം പിണറായിയെ ആരും ഏൽപിച്ചിട്ടില്ല- ഡോ. എംകെ മുനീർ
Column

മുസ് ലിം സമുദായത്തിന്റെ അടിയാധാരം പിണറായിയെ ആരും ഏൽപിച്ചിട്ടില്ല- ഡോ. എംകെ മുനീർ

അഹമ്മദലി ശര്‍ഷാദ്
|
19 Dec 2021 12:16 PM GMT

ലെനിന്റെ നേതൃത്വത്തിൽ റഷ്യയിൽ ക്രിസ്ത്യൻ പള്ളികൾ പിടിച്ചെടുത്ത് പള്ളിമണികൾ വിറ്റുകാശാക്കിയിട്ടുണ്ട്. ഹിന്ദുമതത്തിന്റെ ആചാരങ്ങൾ തകർക്കാൻ കേരളത്തിൽ വനിതാ മതിൽ കെട്ടിയവരാണ് സിപിഎമ്മുകാർ. അതിനെ നവോത്ഥാനം എന്നാണ് വിളിച്ചത്. ഹിന്ദു സമൂഹം കയ്യിൽ നിന്ന് വഴുതിപ്പോവുമെന്ന് വന്നപ്പോൾ പെട്ടെന്ന് യുടേൺ അടിക്കുകയായിരുന്നു.

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നിയമം കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴി വച്ചത്. എൽഡിഎഫ് സർക്കാർ കൊണ്ടു വന്ന നിയമത്തിനെതിരെ ബഹുഭൂരിപക്ഷം മുസ്‌ലിം സംഘടനകളും മുസ്‌ലിം ലീഗും രംഗത്തു വന്നു. കോഴിക്കോട് കടപ്പുറത്ത് വലിയ ജനസഞ്ചയത്തെ അണി നിരത്തി മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ റാലി നടത്തി. സിപിഎമ്മിനെയും സർക്കാറിനെയും കടന്നാക്രമിക്കുന്ന പ്രസംഗങ്ങളാണ് സമ്മേളനത്തിൽ ഉടനീളമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങളിൽ ലീഗിന് മറുപടി നൽകി. ലീഗ് മതസംഘടനയാണോ, രാഷ്ട്രീയ സംഘടനയാണോ എന്ന് വ്യക്തമാക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. മുഖ്യമന്ത്രിക്ക് അതേ നാണയത്തിൽ ലീഗും തിരിച്ചടിച്ചു. തൊട്ടുപിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ലീഗിനെതിരെ പാർട്ടി പത്രമായ ദേശാഭിമാനിയിൽ ലേഖനമെഴുതി. വലിയ വാക്‌പോരുകൾക്ക് ഇടവെച്ച വിവാദത്തിൽ മുസ്‌ലിം ലീഗിന് പറയാനുള്ളത് എന്താണ്. മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ. എംകെ മുനീർ മീഡിയാവൺ പ്രതിനിധിയുമായി സംസാരിക്കുന്നു.

വഖഫ് സമ്മേളനത്തിന് പിന്നാലെ മുഖ്യമന്ത്രി അടക്കം ലീഗിനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. മുസ്‌ലിം ലീഗ് ജിന്നയുടെ ലീഗായി മാറിയിരിക്കുന്നു എന്നാണ് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ലീഗ് പ്രതിരോധത്തിലാവുന്നുണ്ടോ?

ഇന്ത്യാ വിഭജനത്തിന് ശേഷം 1948 മാർച്ച് 10ന് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായീൽ സാഹിബ് രൂപീകരിച്ച ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ആണ് ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ഇന്ത്യൻ ഭരണഘടനാ നിർമാണസഭയിൽ അംഗമായിരുന്ന ആളാണ് ഇസ്മായീൽ സാഹിബ്. ലീഗ് കൂടി ചേർന്നുണ്ടായക്കിയ ഭരണഘടനയാണ് ഇപ്പോൾ രാജ്യത്തുള്ളത്. ചരിത്രത്തിലൊരിടത്തും ലീഗിന് പാകിസ്താനുമായി ഒരു ബന്ധവുമുണ്ടായിട്ടില്ല. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം അതല്ല. ഇന്ത്യയും ചൈനയും തമ്മിൽ പ്രശ്‌നങ്ങളുണ്ടാവുമ്പോഴെല്ലാം ചൈനക്കൊപ്പം നിന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. ഇന്ത്യൻ ഭൂപ്രദേശത്തിന് ചൈന അവകാശവാദമുന്നയിച്ചപ്പോൾ ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന തർക്കപ്രദേശം എന്നാണ് ഇഎംഎസ് പറഞ്ഞത്. പാകിസ്താനെപ്പോലെ തന്നെ ഇന്ത്യയുടെ ശത്രുരാജ്യമാണ് ചൈന. അവരെ പിന്തുണച്ച ചരിത്രമാണ് കോടിയേരിയുടെ പാർട്ടിക്കുള്ളത്. അതുകൊണ്ട് തന്നെ കോടിയേരിയുടെ ഈ ആരോപണം മറുപടി പോലും അർഹിക്കുന്നില്ല. ഇന്ത്യ-ചൈന യുദ്ധകാലത്ത് ഇന്ത്യക്ക് വേണ്ടി പോരാടാൻ സ്വന്തം മകനെ വിട്ടുതരാമെന്ന് പറഞ്ഞ് പ്രധാനമന്ത്രി നെഹ്‌റുവിന് കത്തെഴുതിയ ആളാണ് ഇസ്മായീൽ സാഹിബ്. കോടിയേരിയുടെ ഇത്തരം ആരോപണങ്ങളെയൊന്നും പേടിക്കേണ്ട ആവശ്യം ഇസ്മായീൽ സാഹിബിന്റെ പിൻമുറക്കാർക്കില്ല.


കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ


ഇന്ത്യ ഹിന്ദുക്കൾ ഭരിക്കണമെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്, ഇതിനോട് ലീഗ് യോജിക്കുന്നുണ്ടോ എന്നാണ് കോടിയേരിയുടെ മറ്റൊരു ചോദ്യം

രാഹുൽ ഗാന്ധി ഏത് അർത്ഥത്തിലാണ് അങ്ങനെ പറഞ്ഞത് എന്നാണ് പരിശോധിക്കേണ്ടത്. സിന്ധു നദിയുമായി ബന്ധപ്പെട്ടാണ് ഹിന്ദുക്കൾ എന്ന പേര് വരുന്നത്. 'ഹിന്ദുസ്ഥാൻ' എന്ന പദം ആദ്യം ഉപയോഗിച്ചത് അല്ലാമ ഇഖ്ബാലാണ്. രാമരാജ്യമാണ് ഞാൻ സ്വപ്‌നം കാണുന്നത് എന്നാണ് ഗാന്ധിജി പറഞ്ഞത്. അതേ ഗാന്ധിജി തന്നെ ഖലീഫ ഉമറിന്റെ ഭരണമാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും പറഞ്ഞിട്ടുണ്ട്. ഇതൊന്നും മതരാഷ്ട്രം എന്ന അർത്ഥത്തിലല്ല പ്രയോഗിച്ചിട്ടുള്ളത്. ഇന്ത്യയെ ഒരു മതേതര രാഷ്ട്രമാക്കിയത് ജവഹർ ലാൽ നെഹ്‌റുവിന്റെ ശക്തമായ നിലപാടാണ്. ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്താണ് 1976ൽ ഭരണഘടനയിൽ മതേതരത്വം എന്ന പദം എഴുതിച്ചേർത്തത്. അവരുടെ പാരമ്പര്യം പേറുന്ന രാഹുൽ ഗാന്ധിയിൽ നിന്ന് ഒരു ഹിന്ദു രാഷ്ട്രം സൃഷ്ടിക്കുമെന്ന തരത്തിലുള്ള പ്രസ്താവന ഉണ്ടാവില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

മുസ്‌ലിം ലീഗിന്റെ ജമാഅത്ത് ബന്ധമാണ് സിപിഎം ഉന്നയിക്കുന്ന മറ്റൊരു ആരോപണം. ലീഗിൽ ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് കുടിയേറിയിരിക്കുന്നു എന്നാണ് കോടിയേരി പറയുന്നത്

കോടിയേരി തന്റെ കുപ്പായമഴിച്ച് ഒന്ന് കണ്ണാടിയിൽ നോക്കിയാൽ മതി. അപ്പോൾ അദ്ദേഹത്തിന്റെ ചുമലിൽ ഒരു കൊടി പിടിച്ച തഴമ്പ് കാണാം. അത് ജമാഅത്തെ ഇസ്ലാമിയുടെ കൊടിയുടെ തഴമ്പാണ് എന്ന് മാത്രമാണ് അതിനുള്ള മറുപടി. കൂടുതലൊന്നും പറയേണ്ടതില്ല.


മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ റാലി

മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ റാലി


വഖഫ് സമ്മേളനം പാർട്ടിയുടെ ഒരു ശക്തിപ്രകടനമായി ആയി മാറിയെന്നതിൽ സംശയമില്ല, പക്ഷെ അതിലെ ചില പ്രസംഗങ്ങൾ പരിപാടിയുടെ ശോഭ കെടുത്തിയോ?

അബ്ദുറഹ്‌മാൻ കല്ലായിയുടെ പ്രസംഗത്തിൽ അദ്ദേഹം തന്നെ മാപ്പ് പറഞ്ഞിട്ടുണ്ട്. സ്വാദിഖലി ശിഹാബ് തങ്ങൾ റിയാസിനെ വിളിച്ച് അത്തരമൊരു പരാമർശമുണ്ടായതിൽ ക്ഷമ ചോദിച്ചിട്ടുണ്ട്. ഞാനും റിയാസിനെ വിളിച്ചു സംസാരിച്ചിരുന്നു. മതനിഷ്ഠയെക്കുറിച്ച് പറയുമ്പോഴും വ്യക്തിപരമായി ഒരാളിലേക്ക് അത്തരമൊരു ആരോപണം പോവരുതെന്നാണ് ഞങ്ങളുടെ നിലപാട്.

കെ.എം ഷാജിയുടെ പ്രസംഗമാണ് ചർച്ചയായ മറ്റൊരു കാര്യം. പാർട്ടിയുടെ നയംമാറ്റമാണോ ഷാജിയുടെ പ്രസംഗത്തിലൂടെ വ്യക്തമാവുന്നത്?

ഷാജിയുടെ പ്രസംഗത്തിന്റെ ആദ്യഭാഗം മുഴുവൻ അദ്ദേഹം വഖഫ് ബോർഡുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പറയുന്നത്. രണ്ടാം ഭാഗത്താണ് അദ്ദേഹം കമ്മ്യൂണിസത്തിന്റെ മതവിരുദ്ധതയെക്കുറിച്ച് പറയുന്നത്. അത് ഇസ്‌ലാമിനെക്കുറിച്ച് മാത്രമല്ല. കമ്മ്യൂണിസം ഹിന്ദുമതത്തിനും ക്രിസ്റ്റ്യാനിറ്റിക്കും എല്ലാം എതിരാണ്. ഇടമുറകിനെപ്പോലെ ഭൗതികവാദം പറയുന്നവരുമായി നമ്മൾ കൈകോർക്കണമെന്ന് ഇഎംഎസ് തന്നെ പറഞ്ഞിട്ടുണ്ട്. ഭൗതികവാദികളും കമ്മ്യൂണിസ്റ്റുകളും ചേർന്ന് ഐക്യമുന്നണി രൂപീകരിക്കണമെന്നത് ലെനിന്റെ ചിന്തയാണ്. ലെനിന്റെ നേതൃത്വത്തിൽ റഷ്യയിൽ ക്രിസ്ത്യൻ പള്ളികൾ പിടിച്ചെടുത്ത് പള്ളിമണികൾ വിറ്റുകാശാക്കിയിട്ടുണ്ട്. ഹിന്ദുമതത്തിന്റെ ആചാരങ്ങൾ തകർക്കാൻ കേരളത്തിൽ വനിതാ മതിൽ കെട്ടിയവരാണ് സിപിഎമ്മുകാർ. അതിനെ നവോത്ഥാനം എന്നാണ് വിളിച്ചത്. ഹിന്ദു സമൂഹം കയ്യിൽ നിന്ന് വഴുതിപ്പോവുമെന്ന് വന്നപ്പോൾ പെട്ടെന്ന് യുടേൺ അടിക്കുകയായിരുന്നു. കേരളത്തിൽ തന്നെ ഒരു ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിളിച്ചയാളാണ് പിണറായി വിജയൻ. മാർക്‌സും ലെനിനും പറഞ്ഞത് മതനിഷേധമാണ് അവരെ സിപിഎമ്മിന് തള്ളിപ്പറയാൻ പറയുമോ? പണ്ട് റഷ്യയിൽ എത്തിക്‌സ് കമ്മിറ്റി എന്നൊരു കമ്മിറ്റിയുണ്ടായിരുന്നു. അവർ ഒരു ലഘുലേഖ പുറത്തിറക്കിയിരുന്നു. അതിൽ പറയുന്നത് മുസ്‌ലിംകളെ നേരിടണമെങ്കിൽ അവരിൽ നിന്ന് തന്നെ ഒരാളെ തെരഞ്ഞെടുത്തിട്ട് വേണം അവർക്കെതിരെ ഉപയോഗിക്കാൻ. മറ്റൊരാൾ പറയുമ്പോൾ എന്തുകൊണ്ടാണ് ഞങ്ങൾക്കെതിരെ പറയുന്നതെന്ന് തോന്നും. അവരിൽ നിന്ന് തന്നെ ഒരാൾ പറയുമ്പോൾ അത് വിശ്വസയോഗ്യമാവുമെന്നാണ്. ഇത് കമ്മ്യൂണിസ്റ്റുകളുടെ പൊതുസ്വഭാവമാണ്. ഇതാണ് ഷാജി പറഞ്ഞത്. അത് എത്രയോ കാലമായി ലീഗ് പറയുന്ന കാര്യം തന്നെയാണ്.


കെ.എം ഷാജി

കെ.എം ഷാജി


ഇത്തരം മതപരമായ കാര്യങ്ങൾ ഒരു രാഷ്ട്രീയപ്പാർട്ടിയായ ലീഗ് പറയേണ്ടതാണോ?

അങ്ങനെയാണെങ്കിൽ മാർക്‌സിസ്റ്റ് പാർട്ടി ഇസ്‌ലാമിനെക്കുറിച്ച് പറയാൻ പറ്റുമോ? എന്തിനാണ് അവർ ക്രിസ്റ്റിയാനിറ്റിയേയും ഹിന്ദു മതത്തേയും കുറിച്ച് പറയുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് കേരളത്തിലെ തെരുവുകളിൽ സിപിഎം ഹിന്ദുമതം പഠിപ്പിച്ചിട്ടില്ലേ? ഇടത് സഹയാത്രികനായ സുനിൽ പി ഇളയിടത്തിന്റെ മഹാഭാരതം പ്രഭാഷണം പത്തോ ഇരുപതോ എപ്പിസോഡുകൾ ഇപ്പോഴും യൂട്യൂബിൽ ലഭ്യമാണ്. ലീഗ് എല്ലാ കാലത്തും വിശ്വാസികളുടെയും മതത്തിന്റെയും പ്രശ്‌നങ്ങൾ പറഞ്ഞിട്ടുണ്ട്. സേട്ട് സാഹിബിന്റെ കാലത്ത് അദ്ദേഹവും മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പാർലമെന്റിൽ ശരീഅത്ത് സംരക്ഷണ ബിൽ കൊണ്ടുവന്നത് ലീഗാണ്. ഭരണഘടനാ നിർമാണസഭയിൽ മതന്യൂനപക്ഷങ്ങളെ പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടുത്തണം എന്ന് പറഞ്ഞത് ഇസ്മായീൽ സാഹിബാണ്. ഇത് സച്ചാർ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. മതവിശ്വാസികളുടെയും അല്ലാത്തവരുടെയും പ്രശ്‌നങ്ങൾ ലീഗ് പറയാറുണ്ട്. അതിൽ പുതുതായി ഒന്നുമില്ല.

ലീഗിനൊപ്പം നിൽക്കുന്ന ചില മതസംഘടനകൾക്ക് ലീഗിനെക്കാൾ മുഖ്യമന്ത്രിയെ വിശ്വാസം വരുന്നുണ്ടോ?

അത് ഞങ്ങൾ മറുപടി പറയേണ്ട കാര്യമല്ല, അത് പറയേണ്ടത് മതസംഘടനകളാണ്. അതിന് ഞങ്ങൾ എതിരുമല്ല. ഒരു മുഖ്യമന്ത്രി വിളിക്കുമ്പോൾ പോവാതിരിക്കാൻ കഴിയില്ല. പക്ഷെ അതിൽ നിന്ന് ഒരു വിഭാഗത്തെ മാത്രം മാറ്റിനിർത്തി നിന്നെ ഒന്നിനും പറ്റില്ല, നീയുമായി ചർച്ചയില്ല എന്നദ്ദേഹം പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. നിയമസഭയിൽ പ്രാതിനിധ്യമുള്ള പാർട്ടിയാണ് ലീഗ്. ഞങ്ങൾ അദ്ദേഹം നോമിനേറ്റ് ചെയ്ത് വന്നവരല്ല. ഓരോ മണ്ഡലത്തിലും മത്സരിച്ചു ജയിച്ചുവന്നവരാണ് മുസ്‌ലിം ലീഗിന്റെ അംഗങ്ങൾ. ഇവർ ഒന്നിനും പറ്റാത്തവരാണ് എന്ന് പറയുന്ന മുഖ്യമന്ത്രി ഏകാധിപതിയാണോ ഹിറ്റ്‌ലറാണോ സ്റ്റാലിനാണോ എന്നത് ജനം തീരുമാനിക്കട്ടെ. പക്ഷെ ഒരു കാര്യമുണ്ട് മുസ്‌ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം ലീഗിനെ ആരും ഏൽപിച്ചിട്ടില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുസ്‌ലിം സമുദായത്തിന്റെ അടിയാധാരം ആരും പിണറായി വിജയന് കൊണ്ടുപോയി കൊടുത്തിട്ടുമില്ല എന്നാണ് അദ്ദേഹത്തെ ഞങ്ങൾക്ക് ഓർമിപ്പിക്കാനുള്ളത്.


പിണറായി വിജയൻ

പിണറായി വിജയൻ


കാലിനടിയിലെ മണ്ണൊലിച്ചുപോവുന്നതിന്റെ വെപ്രാളമാണ് ലീഗ് കാണിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്

ലീഗ് വെറും നാല് ദിവസം കൊണ്ട് വിളിച്ചുചേർത്ത മഹാസമ്മേളനമാണ് കോഴിക്കോട് കണ്ടത്. എവിടെയാണ് ഞങ്ങളുടെ കാലിനടിയിൽ മണ്ണൊലിച്ചുപോയത്? തെരഞ്ഞെടുപ്പിൽ പലകാരണങ്ങൾ കൊണ്ടുതോൽക്കും. ലീഗ് നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ പല മണ്ഡലങ്ങളിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ലീഡ് ചെയ്തിട്ടുണ്ട്. പ്രാദേശികമായ പല പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പിലുണ്ടാവും. സിപിഎം തോറ്റിട്ടില്ലേ? ബംഗാളിലും ത്രിപുരയിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്താണ് സംഭവിച്ചത്? പിണറായി വിജയൻ സ്വന്തം കാലിനടിയിലെ മണ്ണൊലിച്ചുപോവുന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടത്. ഒരുകാലത്ത് പ്രതിപക്ഷനേതാവായിരുന്ന എകെജിയുടെ പാർട്ടി ഇപ്പൊ എവിടെയെത്തി എന്ന് അദ്ദേഹം സ്വയം ചിന്തിച്ചാൽ മതി.

തുടർഭരണം നേടാനായി എന്നത് ഇടതുപക്ഷത്തിന്റെ വിജയം തന്നെയല്ലേ?

ഫാഷിസ്റ്റുകളെ പിന്തുണക്കുന്ന നയം സ്വീകരിച്ച് സമൂഹത്തിൽ ഭിന്നതയുണ്ടാക്കിയാണ് സിപിഎം തുടർഭരണം നേടിയത്. എസ്ഡിപിഐ അടക്കമുള്ളവരുടെ വോട്ടുവാങ്ങിയിട്ടുണ്ട്. ആദ്യം വിവിധ മതവിഭാഗങ്ങളെ തമ്മിലകറ്റി, ഇപ്പോൾ സമുദായത്തിനകത്ത് ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുകയാണ്. പിണറായി വിജയന്റെ ഭരണത്തോടെ അവസാനിക്കേണ്ടതല്ല കേരളം. തലശ്ശേരിയിൽ വിദ്വേഷ പ്രകടനം നടത്തിയ ആർഎസ്എസുകാർക്കെതിരെ നിസ്സാര വകുപ്പുകളാണ് ചുമത്തിയത്. അവർക്ക് കോവിഡ് പ്രോട്ടോകോൾ ബാധകമല്ല, മുഖ്യമന്ത്രി പങ്കെടുക്കുന്ന പാർട്ടി സമ്മേളനങ്ങളിൽ കോവിഡ് പ്രോട്ടോകോൾ ബാധകമല്ല. ലീഗിന്റെ വഖഫ് റാലിക്ക് മാത്രമാണ് കോവിഡ് പ്രോട്ടോകോൾ. ഇതാണ് യഥാർത്ഥ വർഗീയത. ലീഗല്ല സിപിഎം ആണ് യഥാർത്ഥ വർഗീയ പാർട്ടി.

എക്‌സ്പ്രസ് ഹൈവേ അവതരിപ്പിച്ച പൊതുമരാമത്ത് മന്ത്രിയാണ് താങ്കൾ. ഇപ്പോൾ താങ്കൾ കെ റെയിലിന് എതിരാണ്...എന്തുകൊണ്ടാണ് താങ്കൾ കെ റെയിലിനെ എതിർക്കുന്നത്?

എക്‌സ്പ്രസ് ഹൈവേ എന്ന പ്രയോഗം തന്നെ തെറ്റാണ്. ഹൈ സ്പീഡ് കോറിഡോർ എന്ന ആശയമാണ് ഞാൻ അവതരിപ്പിച്ചത്. അങ്ങനെയൊരു ആശയം വെബ്‌സൈറ്റിലിടുക മാത്രമാണ് ചെയ്തത്. അപ്പോഴേക്കും ഞാൻ കൊണ്ടുവന്നു എന്ന രീതിയിലാണ് പലരും പ്രചരിപ്പിച്ചത്. അതിനെതിരായ ചർച്ചകൾ ഉയർന്നപ്പോൾ അത് പിൻവലിക്കുകയും ചെയ്തു. എന്നാൽ കെ റെയിൽ അതിനെക്കാൾ എത്രയോ അപകടകരമായ പദ്ധതിയാണ്. കേരളത്തെ അക്ഷരാർത്ഥത്തിൽ രണ്ടായി പിളർത്തുന്ന പദ്ധതിയാണിത്. വലിയ മതിലുകളാണ് സൃഷ്ടിക്കപ്പെടാൻ പോവുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്നവരെക്കാൾ ദുരിതമാണ് ഇതിനിടയിൽ കുടുങ്ങിപ്പോവുന്നവർ അനുഭവിക്കാൻ പോവുന്നത്. ഒരു ഭാഗത്ത് കടലും മറുഭാഗത്ത് റെയിലും ഇതിന്റെ രണ്ട് മതിലും വരുമ്പോൾ അതിനിടയിൽ ജീവിക്കുന്നവന്റെ അവസ്ഥയെന്താണ്?

കുടിയൊഴിപ്പിക്കപ്പെടുന്നവന് കുറേ പണം കൊടുത്താലും അവൻ എവിടെപ്പോയി താമസിക്കണമെന്നാണ് സർക്കാർ പറയുന്നത്. ആയിരക്കണക്കിനാളുകളുടെ വേരറുക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിക്കാവശ്യമായ മണ്ണും, കരിങ്കല്ലും എവിടെ നിന്ന് സംഘടിപ്പിക്കുമെന്നത് സംബന്ധിച്ച് ഒരു വ്യക്തതയുമില്ല. കേരളത്തിലെ കുന്നുകൾ മുഴുവൻ ഇടിച്ചുനിരത്തേണ്ടിവരും. ഞങ്ങൾ മാത്രമല്ല ഇതിനെ എതിർക്കുന്നത്. ഇടതു സഹയാത്രികനായ ആർവിജി മേനോൻ ഇതിനെതിരെ ലേഖനം എഴുതിയിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത് ഈ പദ്ധതി സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഒടുവിൽ സിപിഐ പോലും ഇതിനെ തള്ളി പറഞ്ഞിട്ടുണ്ട്. ഇടതുപക്ഷത്തുള്ളവരെപ്പോലും ഈ പദ്ധതിയെക്കുറിച്ച് ബോധ്യപ്പെടുത്താൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. അങ്ങനെയൊരു പദ്ധതിയാണ് ഞങ്ങൾ നിങ്ങളെ കുടിയൊഴിപ്പിക്കുമെന്ന പിടിവാശിയിൽ ഉരുക്കുമുഷ്ടി ഉപയോഗിച്ച് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്.

ലീഗിന്റെ ചില നിലപാടുകൾ മുന്നണിക്ക് മൊത്തത്തിൽ ദോഷകരമായി ബാധിക്കുമെന്ന് വിമർശിക്കുന്നവരുണ്ട്. അങ്ങനെയൊരു ഭയം ലീഗിനുണ്ടോ?

ലീഗ് ഒരു കാലത്തും അതിസാമുദായികവാദം ഉയർത്തിയിട്ടില്ല. ഞങ്ങൾ ന്യായമായ ആവശ്യങ്ങൾ മാത്രമാണ് മുന്നോട്ടുവെക്കാറുള്ളത്. സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം ഞങ്ങൾ മിണ്ടിയാലും മിണ്ടിയില്ലെങ്കിലും കുഴപ്പം എന്ന രീതിയിലാണ് അവർ പ്രതികരിക്കാറുള്ളത്. മിണ്ടിയാൽ ലീഗ് വർഗീയത പറയുന്നു എന്ന് പറയും, മിണ്ടിയില്ലെങ്കിൽ ലീഗ് സമുദായ വിഷയങ്ങളിൽ പ്രതികരിക്കുന്നില്ല എന്നു വിമർശിക്കും. അവർ എഴുതി തരുന്നതിന് അനുസരിച്ച് പ്രതികരിക്കാനാവില്ലല്ലോ. ഞങ്ങൾ എല്ലാ കാലത്തും മതേതര സമൂഹത്തോടൊപ്പം നിന്നിട്ടുള്ളവലാണ്. അത് മുസ്‌ലിംകൾക്കൊപ്പം മാത്രമല്ല. ശബരിമല വിഷയത്തിലും ഞങ്ങൾ വിശ്വാസികൾക്കൊപ്പമായിരുന്നു. ഞങ്ങളുടെ ജനപ്രതിനിധികൾ ജയിക്കുന്നത് മുസ്‌ലിംകളുടെ വോട്ടുകൊണ്ട് മാത്രമല്ല. എല്ലാ വിഭാഗം ആളുകളും ഞങ്ങളെ പിന്തുണക്കുന്നവരാണ്. സിപിഎം എന്തെങ്കിലും ആരോപണം ഉന്നയിക്കുന്നതുകൊണ്ട് മലയാളികൾ ലീഗിനെ തള്ളിക്കളയും എന്ന് ഞങ്ങൾ കരുതുന്നില്ല.


Similar Posts