ഒരു വിഭജനം ഇനിയുമുണ്ടാകുമോ? ചരിത്രം ആവർത്തിക്കുന്ന എത്യോപ്യ
|മറ്റൊരു വിഭജനത്തിനും വെട്ടിമുറിക്കലിനും ഇട വരുത്താതെ എതോപ്യ നിലവിലെ പ്രതിസന്ധി കൈകാര്യം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ലോകം
യൂറോപ്യൻ അധിനിവേശത്തിനു അടിമപ്പെടാത്ത ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന എത്യോപ്യ. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ ഭക്ഷ്യക്ഷാമവും അതിനെ തുടർന്നുണ്ടായ പട്ടിണി മരണങ്ങളും പലതവണ നേരിടേണ്ടി വന്ന രാഷ്ട്രം കൂടിയാണത്. 1984-85 കാലഘട്ടത്തിൽ പത്തു ലക്ഷത്തിൽ കൂടുതൽ ആളുകൾ രാജ്യത്ത് പട്ടിണിമൂലം മരണപ്പെട്ടു എന്നാണ് ഏകദേശ കണക്ക്. മഴയില്ലായ്മ മൂലമുണ്ടായ വരൾച്ച മൂലം മാത്രമല്ല അന്നത്തെ സർക്കാർ നയങ്ങളും ഈ പട്ടിണി മരണങ്ങൾക്കു കാരണമായി. എത്യോപ്യയുടെ വടക്കൻ പ്രവിശ്യയായ ടിഗ്രേ പതിറ്റാണ്ടായി വിഭജനത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുന്നു.
എൺപതിലധികം വംശീയ ഗോത്ര വിഭാഗങ്ങൾ നിറഞ്ഞ, മനുഷ്യോല്പത്തി മുതൽക്കുള്ള ചരിത്ര പാരമ്പര്യം ഉള്ള മഹാ സംസ്‌കൃതി ആണ് എത്യോപ്യ. ഏഴു ശതമാനത്തോളം വരുന്ന എത്യോപ്യയുടെ വടക്കേ അതിർത്തിയിലെ എറിട്രിയ ആയി അതിർത്തി പങ്കിടുന്ന ടിഗ്രേ പ്രവിശ്യയിലെ ടിഗ്രയി വംശവും ഫെഡറൽ സർക്കാരും തമ്മിലുള്ള കലഹം എത്യോപ്യയെ ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുകയാണ്.
നൂറ്റാണ്ടുകൾ ഭരിച്ച സോളമനിക് രാജവംശത്തിലെ അവസാന രാജാവും ആധുനിക എത്യോപ്യയുടെ പിതാവ് എന്നറിയപ്പെടുന്ന ഹെയിലെ സെലാസിയുടെ പതിറ്റാണ്ടുകൾ നീണ്ട ഭരണം അവസാനിച്ചതിനുള്ള പ്രധാന കാരണം 1972 -1974 കാലഘട്ടത്തിലെ ഭക്ഷ്യക്ഷാമം മൂലമുള്ള ജനങ്ങളുടെ അസംതൃപ്തി ആയിരുന്നു. അതിനുശേഷം സോവിയറ്റ് യൂണിയന്റെ സഹായത്തോടെ 'ദെർഗ്'കമ്മ്യൂണിസ്റ്റ് ഭരണം എത്യോപ്യയെ കുരുതിക്കളമാക്കി .മെൻജിസ്റ്റു ഹൈലെ മറിയം എന്ന ഭരണാധികാരിയുടെ കീഴിലുള്ള ഏകാധിപത്യ ഭരണം 1991 ലാണ് അവസാനിച്ചത്.
ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ഭീതിതമായ പട്ടിണി മരണം 1983-1985 കാലഘട്ടത്തിൽ എത്യോപ്യയിൽ നടന്നത്. ടിഗ്രേ പ്രവിശ്യ അടങ്ങുന്ന വടക്കൻ എത്യോപ്യയുടെ പല ഭാഗങ്ങളും അന്ന് കടുത്ത വരൾച്ച നേരിടുകയും പട്ടിണി മരണങ്ങൾ സംഭവിക്കുകയും ചെയ്തു. എന്നാൽ അന്നത്തെ സർക്കാറിന്റെ നിസ്സംഗത കൊണ്ടും കൂടിയാണ് പത്തു ലക്ഷത്തിലേറെപേർ ആ കാലയളവിൽ പട്ടിണി മൂലം മരണപ്പെട്ടത്. എത്യോപ്യയിലെ ആഭ്യന്തരയുദ്ധത്തിന്റെ അവസാനം 1991ൽ സിംബാബ്വെയിലേക്കു രക്ഷപ്പെട്ട മെൻജിസ്റ്റുവിനെ പിന്നീട് യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം ഇന്നും സിംബാബ്വേ തലസ്ഥാനമായ ഹരാരെയിൽ ജീവിക്കുന്നു.
1991 ൽ എറിത്രിയ പ്രത്യേക രാജ്യമായി സ്വതന്ത്രമാവുകയും വിഘടന വാദം ഉന്നയിച്ചിരുന്ന മറ്റൊരു പ്രവിശ്യയായ ടിഗ്രേ ഫെഡറൽ സംവിധാനവുമായി യോജിച്ചു പ്രവർത്തിക്കുകയും ചെയ്തു.
എത്യോപ്യയുടെ പുതിയ പ്രധാനമന്ത്രിയായി 2018 ൽ തെരെഞ്ഞെടുത്ത അബി അഹമ്മദ് നടപ്പാക്കിയ രാഷ്ട്രീയ നവീകരണവും വർഷങ്ങളായി നില നിന്ന എറിട്രിയയുമായുള്ള അതിർത്തി തർക്കം പരിഹരിക്കുകയും ചെയ്തതിലൂടെ 2019 ൽ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയുണ്ടായി.
തുടക്കത്തിൽ ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന അബി അഹമ്മദിന്റെ ഭരണത്തിൽ രാഷ്ട്രീയ തടവുക്കാരെ മോചിപ്പിക്കുകയും പത്രപ്രവർത്തനത്തിനു കൂടുതൽ സ്വാതന്ത്ര്യം നൽകുകയും ചെയ്തു.
തുടർന്ന് അദ്ദേഹം പ്രോസ്‌പെരിറ്റി എന്ന പാർട്ടി രൂപീകരിക്കുകയും അത് വരെ പല വംശീയ പാർട്ടികളെ ഉൾപ്പെടുത്തി നിലനിന്നിരുന്ന ഫെഡറൽ സംവിധാനത്തിൽ നിന്ന് മാറി എല്ലാ വംശീയപാർട്ടികളും സിവിക് നാഷണലിസത്തിനു ഊന്നൽ നൽകിയുള്ള പുതിയ പ്രോസ്‌പെരിറ്റി പാർട്ടിയിൽ ലയിച്ചു. അബിയുടെ നയത്തിന് ഭൂരിപക്ഷ പിന്തുണയും പ്രതീക്ഷയും ഉണ്ടായിരുന്നു. അത് വരെ ഫെഡറൽ സംവിധാനത്തോട് യോജിച്ചു പ്രവർത്തിച്ചിരുന്ന ടിഗ്രേ പ്രവിശ്യയിലെ ടിപിഎൽഎഫ് എന്ന പൊളിറ്റിക്കൽ പാർട്ടി (ഇപ്പോൾ തീവ്രവാദ ഗ്രൂപ്പ് ആയാണ് കണക്കാക്കുന്നത്) അബിയുടെ പുതിയ പാർട്ടിയിൽ അംഗമാകാതിരിക്കുകയും അബിയുടെ പ്രധാനമന്ത്രി പദത്തെ ചോദ്യം ചെയ്യുകയും ചെയ്തു.
'ഒറോമോ ' എന്ന ഭൂരിപക്ഷ വംശത്തിൽ നിന്നും വരുന്ന അബി അഹമ്മദിന്റെ ഭരണത്തിനിടയിൽ ടിഗ്രേ വംശജർ അതൃപ്തരാവുകയും അവർ ടിഗ്രേ പ്രവിശ്യയിൽ 2020 സെപ്റ്റംബർ 9 നു സ്വയം തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഫെഡറൽ സേനയും ടിഗ്രേ പ്രവിശ്യയിലെ തീവ്രവിഭാഗമായ ടിപിഎൽഎഫ് വിഭാഗവും തമ്മിൽ സംഘട്ടനം ഉണ്ടാവുകയും ചെയ്യുന്നു. 2020 നവംബർ നാലിന് ഫെഡറൽ സേനയുടെ ക്യാമ്പ് ആക്രമിച്ചു അവിടെത്തെ പട്ടാളക്കാരെ പലരേയും വധിക്കുകയും തടവിലാക്കുകയും ചെയ്തതിനെ തുടർന്ന് അബി അഹമ്മദ് ടിപിഎൽഎഫുമായി യുദ്ധമുഖം തുറന്നു. ഫെഡറൽ സേനയെ സഹായിക്കാൻ ടിഗ്രേ പ്രവിശ്യയുമായി അതിർത്തി പങ്കിടുന്ന എറിട്രിയ തയ്യാറാവുന്നു. എറിട്രിയയുടെ വ്യോമത്താവളം ഉപയോഗപ്പെടുത്തി ഫെഡറൽ സേന കനത്ത ആക്രമണം ടിഗ്രേ പ്രവിശ്യയിൽ നടത്തുന്നു. എറിട്രിയൻ പട്ടാളക്കാർ ടിഗ്രേ പ്രവിശ്യയിൽ കയറുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൃഷിയും ഭക്ഷ്യസംഭരണങ്ങളും നശിപ്പിക്കുകയും കന്നുകാലികളെ വരെ കടത്തിക്കൊണ്ടു പോരുകയും ചെയ്തു. നവംബർ 28 നു ഫെഡറൽ സേന മേക്കലെ നഗരം തിരിച്ചു പിടിച്ചെങ്കിലും ശക്തമായ യുദ്ധക്കുറ്റങ്ങൾ നടന്നു കൊണ്ടിരിന്നു.നൂറുകണക്കിന് സാധാരണക്കാർ വംശീയ ഹത്യ എന്ന് സംശയിക്കാവുന്ന രീതിയിൽ കൊല്ലപ്പെട്ടു.2020 അവസാനകാലഘട്ടത്തിൽ മാത്രം ഇരുപതു ലക്ഷത്തിനടുത്തു ടിഗ്രേ വംശജർ അയൽ രാജ്യമായ സുഡാനിലേക്കും മറ്റു സ്ഥലങ്ങളിലേക്കുമായി അഭയാർത്ഥികളായി രക്ഷപ്പെടുന്നു.
കൃഷി ചെയ്യുവാൻ സമ്മതിക്കാതെ,ഭക്ഷ്യ ശൃംഖല തകർത്തു. ടിഗ്രേ പ്രവിശ്യയെ ഉപരോധത്തിലൂടെ വരിഞ്ഞു മുറുക്കി കൊണ്ടിരിക്കുന്ന ഫെഡറൽ സേനക്ക് എന്നാൽ 2021 ജൂൺ 28 നു വെടി നിറുത്തൽ പ്രഖ്യാപിക്കേണ്ടി വന്നു. ടിഗ്രേ പ്രവിശ്യയുടെ തലസ്ഥാനമായ 'മെക്കല്ലേ' ടിപിഎൽഎഫ് സായുധ വിഭാഗം തിരിച്ചു പിടിക്കുകയും പല പട്ടാളക്കാരേയും തടവിലാക്കുകയും ചെയ്തു.
എന്നാൽ ജൂലൈ മാസത്തിൽ ഫെഡറൽ സേന വെടി നിറുത്തൽ പിൻവലിച്ചു വീണ്ടും യുദ്ധം ആരംഭിച്ചു. ടിഗ്രേ പ്രവിശ്യയുടെ അയൽ പ്രദേശങ്ങളായ ,ഫെഡറൽ സേനയുടെ താവളങ്ങൾ കൂടിയായ അംഹാര, അഫർ തുടങ്ങിയ മേഖലയിലേക്കും ഇപ്പോൾ യുദ്ധം വ്യാപിച്ചു കൊണ്ടിരിയ്ക്കുകയാണ്. ഒരു യുദ്ധത്തിൽ ആദ്യം മരിക്കുന്നത് സത്യമാണ് എന്ന ചൊല്ലിനെ അന്വർഥമാക്കുന്ന അവസ്ഥ ആണ് ഇപ്പോൾ എത്യോപ്യ യിൽ നടന്നു കൊണ്ടിരിക്കുന്നത്.
പത്രപ്രവർത്തകരെ പോയിട്ട്, ജീവകാരുണ്യ പ്രവർത്തകരെ വരെ ടിഗ്രേ പ്രവിശ്യയിലേക്കു കടത്തിവിടുന്നില്ല.പ്രധാനപ്പെട്ട എല്ലാ റോഡുകളും ഫെഡറൽ സേന അടക്കുകയും ജീവൻ നിലനിറുത്തുവാനുള്ള ഭക്ഷ്യസാമഗ്രികളോ മരുന്നുകളോ കടത്തി വിടാതെ അപരിഷ്‌കൃതമായ ഉപരോധം ആണ് ഇപ്പോൾ ടിഗ്രേ പ്രവിശ്യക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. മുൻക്കാലങ്ങളിൽ വരൾച്ച മൂലമാണ് എത്യോപ്യ യിൽ പട്ടിണി മരണങ്ങൾ സംഭവിച്ചത് എങ്കിൽ ഒരു മനുഷ്യനിർമ്മിത പട്ടിണിമരണത്തിലേക്കും ഒരു പക്ഷേ മറ്റൊരു വംശഹത്യയിലേക്കും ആണ് ടിഗ്രേ നീങ്ങിക്കൊണ്ടിരിക്കുന്നത്.
സമാധാനത്തിനുള്ള നൊബേൽ സമ്മാനജേതാവായ അബി അഹമ്മദിന്റെ വിമർശകർ ആദ്യം മുതൽ ഉയർത്തുന്ന പ്രധാന ആരോപണം ടിഗ്രേ വിഭാഗീയത കൈകാര്യം ചെയ്യുന്ന രീതി ആണ്. എന്നാൽ ഒരു രാജ്യത്തിൻറെ ഐക്യം നിലനിറുത്തുവാൻ ഏതു ഭരണാധികാരിയും ശ്രമിക്കേണ്ടത് ആണ് എന്ന അദ്ദേഹത്തിന്റെ നയത്തിന് പരിപൂർണപിന്തുണ ലഭിച്ചതായാണ് രണ്ടു വട്ടം നീട്ടിവെക്കപ്പെട്ട തെരെഞ്ഞെടുപ്പിൽ അദ്ദേഹം നേടിയ മൃഗീയഭൂരിപക്ഷം തെളിയിക്കുന്നത്.
ഏറ്റവും വേദനാജനകമായ സംഭവം ഒരു മഹാമാരിയുടെ കാലത്തും യുദ്ധക്കുറ്റമെന്നോ വംശീയഹത്യ എന്നോ വേർതിരിക്കുവാൻ സാധിക്കാതെ, ലോകം ഒന്ന് അറിയുക പോലും ചെയ്യാതെ എത്യോപ്യയിലെ ടിഗ്രേ പ്രവിശ്യയിലും പരിസരത്തും പട്ടിണികൊണ്ടും യുദ്ധം കൊണ്ടും സാധാരണ ജനങ്ങൾ മരണപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും ആണ്. യുദ്ധം ഒന്നിനും പരിഹാരം അല്ല എന്നത് ആദ്യം മനസിലാക്കേണ്ടത് ടിപിഎൽഎഫ് ആണോ ഫെഡറൽ സേനയാണോ എന്ന ചോദ്യത്തിന് ഉത്തരം കിട്ടുമ്പോഴേക്കും വിലപ്പെട്ട മനുഷ്യജീവനുകൾ ആണ് നഷ്ടപ്പെടുന്നത്.
ചരിത്രത്തിന്റെ പ്രത്യേകത അത് ആവർത്തിച്ചു കൊണ്ടിരിക്കും എന്നുള്ളതാണ്. എത്യോപ്യ യിലെ ഇപ്പോഴത്തെ യുദ്ധവും വംശഹത്യയും(?) പട്ടിണിമരണങ്ങളും എല്ലാം കുറച്ചു കാലങ്ങൾക്കു ശേഷം നല്ലൊരു ഹോളിവുഡ് ചലച്ചിത്രത്തിന് തിരക്കഥ ആകുന്നത് വരെ ലോകം കാണുകയില്ല, അഥവാ അറിയുവാൻ താല്പര്യപ്പെടുന്നില്ല.
അന്താരാഷ്ട്ര സമൂഹത്തിന്റേയും ആഫ്രിക്കൻ യൂണിയണിന്റെയും യു.എൻ സെക്യൂരിറ്റി കൗൺസിലിന്റെയും അടിയന്തര ഇടപെടലുകൾ തീർച്ചയായും ആവശ്യമായ സാഹചര്യമാണ് എത്യോപ്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
പുരോഗമനത്തിന്റെ പാതയിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്ന എത്യോപ്യ, ഈ പ്രതിസന്ധി വേഗം തരണം ചെയ്യേണ്ടത് അത്യാവശ്യമാണ്. സമാധാനനൊബേൽ സമ്മാനാർഹനായ അബി അഹമ്മദ് ,എത്യോപ്യ മറ്റൊരു വിഭജനത്തിനും വെട്ടിമുറിക്കലിനും ഇട വരുത്താതെ ഈ സാഹചര്യം കൈകാര്യം ചെയ്യും എന്ന പ്രതീക്ഷയിലാണ് ലോകം.