Column
ഈഗോ തോറ്റു, കർഷകവീര്യം ജയിച്ചു; ഇത് ഇന്ത്യയുടനീളം ശബ്ദിച്ച കലപ്പ
Column

ഈഗോ തോറ്റു, കർഷകവീര്യം ജയിച്ചു; ഇത് ഇന്ത്യയുടനീളം ശബ്ദിച്ച കലപ്പ

അഭിമന്യു എം
|
9 Dec 2021 11:12 AM GMT

ഒരു വർഷം നീണ്ട സമരപരിപാടികൾ അവസാനിപ്പിച്ച് കർഷകർ നാട്ടിലേക്ക് വണ്ടി കയറുമ്പോൾ ആകാശത്തോളം ഉയരെ നിൽക്കുന്നത് കർഷകന്റെ ആത്മാഭിമാനമാണ്. ഭരണകൂടത്തിന്റെ അഹന്തയ്ക്ക് സമീപകാലത്തൊന്നും ഇത്ര വലിയ പ്രഹരമേറ്റിട്ടില്ല.

മണ്ണും മനുഷ്യനും തമ്മിലുള്ള ഹൃദയബന്ധം ആവിഷ്‌കരിക്കുന്ന മലയാള കഥയാണ് 'ശബ്ദിക്കുന്ന കലപ്പ'. അനശ്വര കഥാകാരൻ പൊൻകുന്നം വർക്കിയുടെ അതിമനോഹരവും ഉജ്ജ്വലവുമായ രചന. കൊട്ടാരത്തിന്റെയും ഭൂപ്രഭുക്കളുടെയും നടുമുറ്റത്ത് കഥയുടെ ഇതിവൃത്തങ്ങൾ ചുറ്റിപ്പറ്റി നിന്ന കാലത്ത്, 1956ലാണ് വർക്കി ശബ്ദിക്കുന്ന കലപ്പയെഴുതുന്നത്. അക്കഥ മലയാള ചെറുകഥയുടെ ഭാവുകത്വത്തെ തന്നെ മാറ്റിപ്പണിതു. സാഹിത്യത്തിൽ കർഷകൻ മണ്ണിൽപ്പണിയെടുക്കുന്നതിന്റെ ഒച്ച മുഴങ്ങിക്കേട്ടു.

വർക്കി പറഞ്ഞ കഥയ്ക്ക് വയസ്സ് അറുപത് കഴിഞ്ഞെങ്കിലും വർത്തമാന ഇന്ത്യയിലെ കർഷകരുടെ ജീവിത സാഹചര്യങ്ങളിൽ ഇപ്പോഴും വലിയ മാറ്റങ്ങളൊന്നുമില്ല. ചുറ്റും കോൺക്രീറ്റ് കാടുകൾ തഴച്ചു വളരുകയും അതിവേഗ പാതകളിലൂടെ കാറുകൾ മിഴിയടച്ചു തുറക്കുന്ന വേഗത്തിൽ പാഞ്ഞു പോകുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും മണ്ണിൽ പണിയെടുക്കുന്നവർ ഏറ്റവും വലിയ ചൂഷിത വിഭാഗമായി നിലനിൽക്കുകയാണ്.

ആ ചൂഷണത്തിന്റെ വ്യാപ്തിക്ക് ആക്കം കൂട്ടുന്നതായിരുന്നു 2020 സെപ്തംബറിൽ നരേന്ദ്രമോദി സർക്കാർ പാർലമെന്റിൽ പാസാക്കിയ മൂന്ന് വിവാദ കാർഷിക നിയമങ്ങൾ. കർഷകർക്ക് കൂടുതൽ വിപണന സാധ്യതകൾ തുറന്നു നൽക്കുന്ന നിയമങ്ങൾ എന്ന അവകാശവാദത്തോടെയാണ് കേന്ദ്രസർക്കാർ ഇവ പാസാക്കിയെടുത്തത്.

എന്നാൽ കാർഷിക വൃത്തിയെ ആശ്രയിച്ചു കഴിയുന്ന മിക്ക സംസ്ഥാനങ്ങളും ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ചു. കോർപറേറ്റ് കുത്തകകൾക്കു വേണ്ടി സർക്കാർ കൊണ്ടുവരുന്നതാണ് നിയമമെന്ന് കർഷക സംഘടനകൾ കുറ്റപ്പെടുത്തി. പ്രതിഷേധക്കൊടുങ്കാറ്റു തന്നെയുണ്ടായി. എന്നാൽ കേന്ദസർക്കാർ കുലുങ്ങിയില്ല. കാർഷിക നിയമത്തെ കുറിച്ച് നാടുനീളെ ബോധവൽക്കരണം നടത്തി ബിജെപി. പ്രധാനമന്ത്രിയും സഹമന്ത്രിമാരും ഇതിന്റെ മേന്മയെ കുറിച്ച് വാ തോരാതെ സംസാരിച്ചു.

അതിനിടെ, ഡൽഹി അതിർത്തിയായ സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ കർഷകർ കൂട്ടത്തോടെ തമ്പടിക്കുന്നുണ്ടായിരുന്നു. നിയമം പിൻവലിക്കുന്നതു വരെ സമരം എന്നായിരുന്നു കർഷക സംഘടനകളുടെ നിലപാട്. സംഘടനാപരമായ വിയോജിപ്പുകൾ ഓരത്തേക്ക് മാറ്റി വച്ച് അവർ പൊതുലക്ഷ്യത്തിനായി ഒന്നിച്ചു നിന്നു. ഇതിൽ വിള്ളലുണ്ടാക്കാൻ ഭരണകൂടം അതിന്റെ സർവ സന്നാഹവുമുപയോഗിച്ചു. ദേശവിരുദ്ധതയുടെയും തീവ്രവാദത്തിന്റെയും ചാപ്പയടിച്ചു. റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലി അക്രമാസക്തമായതോടെ കേന്ദ്രത്തിന് കാര്യങ്ങൾ കൂടുതൽ എളുപ്പമായെന്ന് തോന്നി. എന്നാൽ മണ്ണിൽപ്പണിയെടുക്കുന്നവന്റെ വീര്യത്തിന് മുമ്പിൽ പിടിച്ചു നിൽക്കാൻ ഭരണകൂടത്തിന്റെ പദ്ധതികൾ പോരായിരുന്നു. സർക്കാറിന്റെ അഹന്തയ്ക്ക് മേൽ കർഷകവീര്യം പ്രതിഷേധമായി ജ്വലിച്ചു.


അതിനിടെയെത്തിയ ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടികൾ ബിജെപിക്ക് നൽകിയ അപായ സൂചന വലുതായിരുന്നു. വരാനിരിക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പ് അത്രമേൽ നിർണായകവും. പൊടുന്നനെ, ഗുരു നാനാക് ജയന്തി ദിനത്തിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സ്വന്തം കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതിനൊപ്പം, അടങ്ങാത്ത കർഷക വീര്യത്തിന്റെ ജയം കൂടിയായിരുന്നു കേന്ദ്രസർക്കാറിന്റെ പിന്മാറ്റം.

ഇന്ന് ഡൽഹിയിലെ ഒരു വർഷം നീണ്ട സമരപരിപാടികൾ അവസാനിപ്പിച്ച് കർഷകർ നാട്ടിലേക്ക് വണ്ടി കയറുമ്പോൾ ആകാശത്തോളം ഉയരെ നിൽക്കുന്നത് കർഷകന്റെ ആത്മാഭിമാനമാണ്. ഭരണകൂടത്തിന്റെ അഹന്തയ്ക്ക് സമീപകാലത്തൊന്നും ഇത്ര വലിയ പ്രഹരമേറ്റിട്ടില്ല. രാഷ്ട്രീയകക്ഷികളുടെ സമരങ്ങൾ പ്രഹസനങ്ങളായി മാറുന്ന കാലത്താണ് കർഷകർ, ഒരു രാഷ്ട്രീയ ശക്തിയുടെയും പ്രത്യക്ഷ പിന്തുണയില്ലാതെ വിജയം കൊയ്‌തെടുക്കുന്നത്. പാർലമെന്ററി ഭൂരിപക്ഷത്തിന്റെ തിണ്ണമിടുക്കിൽ ഏതു ശബ്ദത്തെയും അടിച്ചമർത്താമെന്ന വ്യാമോഹം കൂടിയാണ് മണ്ണിൽ വീണുടയുന്നത്. ജനാധിപത്യത്തിൽ അതു നൽകുന്ന പ്രത്യാശ ചെറുതല്ല.

ഇവിടെയിതാ, ശബ്ദിക്കുന്നൊരു കലപ്പ. കർഷകന്റെ സമരായുധം!

Related Tags :
Similar Posts