ലക്ഷദ്വീപില്‍ നേരിട്ടെത്തിയപ്പോള്‍ കണ്ടതും കേട്ടതും
|ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ പട്ടേല്‍ ചുമതലയേറ്റതു മുതല്‍, സമാധാനത്തിന്‍റെ തുരുത്തായ ദ്വീപില്‍ നിന്നും ശുഭകരമല്ലാത്ത വാര്‍ത്തകള്‍ വന്നു തുടങ്ങിയിരുന്നു. പിന്നീട് ഒരിടവേളയില്‍ ദ്വീപില്‍ നിന്നും വാര്‍ത്തകളില്ലാതായി. ഈ സാഹചര്യത്തില്‍ മീഡിയവണ്‍ സ്പെഷ്യല്‍ കറസ്പോണ്ടന്‍റ് ഷബ്ന സിയാദ് നടത്തിയ ലക്ഷദ്വീപ് യാത്ര...
ലക്ഷദ്വീപിലെത്തി ഹെലിപാഡ് കാണാന്‍ പോകവേയാണ് അനാര്‍ക്കലി സിനിമയിലൂടെ പ്രസിദ്ധമായ കവരത്തി സബ് ജയില്‍ ശ്രദ്ധയില്‍ പെട്ടത്. സാധാരണ നമ്മള്‍ കാണാറുള്ളത് പോലെ ജയിലിലെ കവാടത്തിന് മുന്നില്‍ തോക്കേന്തിയ പൊലീസുകാരെയൊന്നും അവിടെ കണ്ടില്ല. പകരം മേയാന്‍ വിട്ടിരിക്കുന്ന ഒരു പശുവും ഒരു കോഴിയെയുമാണ് കണ്ടത്. പുറമെ നിന്ന് നോക്കിയിട്ട് അതിനകത്ത് ആള്‍ താമസമുള്ളതായി തോന്നിയില്ല.
അന്വേഷിച്ചപ്പോള്‍ ചില കേസുകളില്‍ റിമാന്‍റ് തടവുകാരായി പാര്‍പ്പിച്ചിട്ടുള്ള അഞ്ച് പേരൊക്കെയുണ്ടാകുമെന്ന് കവരത്തി സ്വദേശിനിയായ ബാനു പറഞ്ഞു. ദ്വീപില്‍ 26 കോടിയുടെ ജയില്‍ വരുന്നുവെന്ന വാര്‍ത്തക്ക് പിന്നാലെയാണ് ഈ കാഴ്ച. അതുകൊണ്ട് തന്നെ ദ്വീപിലെ പ്രമുഖരോട് ഈ വിഷയം അന്വേഷിച്ചു. ലക്ഷദ്വീപില്‍ നിലവില്‍ കവരത്തിയിലും അമിനിയിലും ആന്ദ്രോത്തിലും ജയിലുണ്ട്. മറ്റ് ദ്വീപുകളില്‍ റിമാന്‍റ് തടവുകാരെ പാര്‍പ്പിക്കുന്നതിന് സ്റ്റേഷനില്‍ സൌകര്യവുമുണ്ട്. വെള്ളത്താല്‍ ചുറ്റപ്പെട്ട് ആര്‍ക്കും ഓടി രക്ഷപ്പെട്ട് പോകാന്‍ സാധിക്കാത്ത ജയിലുകള്‍. പിന്നെയെന്തിനാണ് ഇവിടെ ഈ 26 കോടിയുടെ ജയിലിനായി ടെണ്ടര്‍ നല്‍കിയതെന്നാണ് ദ്വീപിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനും സേവ ലക്ഷദ്വീപ് ഫോറത്തിന്‍റെ ഭാരവാഹിയുമായ യു സി കെ തങ്ങള്‍ ചോദിക്കുന്നത്. സീറോ ക്രൈം എന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ കണക്കുകളില്‍ പറയുന്ന ലക്ഷദ്വീപില്‍ ജയില്‍ ആവശ്യമില്ലെന്നാണ് എന്‍ സി പി ലക്ഷദ്വീപ് ഘടകം പ്രസിഡന്‍റ് മുഹ്സിന്‍ പറയുന്നത്. ഭൂവുടമകളുടെ അനുവാദം ചോദിക്കാതെയാണ് ജയിലിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നത്. ആരെയാണ് ഇതില്‍ പിടിച്ചിടുക? എന്തിനാണീ ജയില്‍? 8 കോടിയിലധികം കമ്മിഷന്‍ ഈ 26 കോടിയില്‍ നിന്നും ലഭിക്കും. വന്‍ അഴിമതിയാണ് ഇതിന് പിന്നിലുള്ളത്. തൂക്കുമരം വരെയുള്ള സൌകര്യങ്ങളോടെയാണ് ജയിലുണ്ടാക്കുന്നത്. ദ്വീപുകാരെ മുഴുവന്‍ പിടിച്ചിട്ടാലും ഈ ജയില്‍ നിറയുകയില്ല. പൌരത്വ നിയമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടങ്കല്‍ പാളയമാണോ ഇതെന്ന് എന്‍ സി പി പ്രസിഡന്‍റ് ആശങ്കപ്പെടുന്നു. ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനോടും ഇക്കാര്യങ്ങള്‍ ചോദിച്ചു. നിലവില്‍ ജയിലില്‍ ആളില്ലാത്ത അവസ്ഥയില്‍ എന്തിനാണ് ഈ ജയിലെന്ന് മുഹമ്മദ് ഫൈസലും ചോദിക്കുന്നു. എം പി മുഹമ്മദ് ഫൈസലിന്‍റെ വാക്കുകള്‍ അത്രക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല.
ലക്ഷദ്വീപില്‍ ഏറ്റവും കൂടുതല്‍ പ്രതിഷേധമുയര്‍ന്നത് ലക്ഷദ്വീപ് ഡവലപ്മെന്‍റ് അതോറിറ്റി റഗുലേഷന്‍സിലായിരുന്നു. അതിപ്പോള്‍ ആഭ്യന്തര മന്ത്രാലയം ഫ്രീസ് ചെയ്തിരിക്കുകയാണെങ്കിലും അഡ്മിനിസ്ട്രേറ്റര്‍ സ്വന്തം നിലയില്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുകയാണെന്നാണ് അദ്ദേഹം പറയുന്നത്. പുതിയ അഡ്മിനിസ്ടേറ്റര്‍ നടപ്പാക്കിയ ഭരണ പരിഷ്കാരങ്ങള്‍ ദ്വീപിലെ ജനങ്ങളുമായി ബന്ധമില്ലാത്തവയാണെന്നാണ് കവരത്തി ചെയര്‍പേഴ്സണ്‍ അബ്ദുള്‍ ഖാദര്‍ പറയുന്നത്. കോടതിയില്‍ നല്‍കിയ ചില ഹരജികളില്‍ ദ്വീപ് സമൂഹത്തിന് അനുകൂലമായ വിധി വന്നിട്ടുണ്ട്. മറ്റ് ഹരജികളിലും അതുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ചെയര്‍പേഴ്സണ്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. പഞ്ചായത്തിന്‍റെ എല്ലാ അധികാരവും ഭരണകൂടം കവര്‍ന്നെടുത്തിരിക്കുകയാണ്. ഭരണഘടനയുടെ 79-ാം വകുപ്പ് ഭേഗഗതി ചെയ്താണ് പഞ്ചായത്തീരാജ് സംവിധാനമുണ്ടാക്കിയിട്ടുള്ളത്. പഞ്ചായത്ത് സ്വയംഭരണാവകാശമുള്ള ജനാധിപത്യ സ്ഥാപനമാണ് . ഇവിടെയാണ് അഡ്മിനിസ്ടേറ്റര്‍ പഞ്ചായത്തിന്‍റെ അധികാരങ്ങളെ വെട്ടിചുരുക്കിയത്. ഇത് നിയമവിരുദ്ധമായ നടപടിയാണെന്നും അദ്ദേഹം പറയുന്നു.
കവരത്തിയിലെ ഡയറിഫാം അടച്ചുപൂട്ടി പശുക്കളെ ലേലത്തിന് വെച്ചെങ്കിലും ദ്വീപുകാര്‍ ലേലത്തില്‍ പങ്കെടുക്കാതെ വന്നതോടെ മറ്റ് സംസ്ഥാനത്തേക്ക് പശുക്കളെ കയറ്റി അയക്കാനൊരുങ്ങുകയാണ്. അമുല്‍ കമ്പനിയുടെ ഔട്ട് ലെറ്റ് നിലവില്‍ അവിടെ ആരംഭിച്ച് കഴിഞ്ഞു. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തപ്പോള്‍ ഡ്രൈവര്‍ അക്ബറിനോട് സംസാരിച്ചപ്പോഴാണ് തിന്നകര ടൂറിസം ദ്വീപിലെ ജോലിക്കാരനായിരുന്നു അയാളെന്ന് പറയുന്നത്. ജനങ്ങളോട് ചെയ്ത ഏറ്റവും വലിയ ദ്രോഹം സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള കൂട്ട പിരിച്ചുവിടലായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. സര്‍ക്കാര്‍ വകുപ്പുകളിലെല്ലാം തന്നെ ദ്വീപുകാര്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നു. പട്ടേല്‍ അഡ്മിനിസ്ടേറ്ററായി എത്തിയതോടെ അവിടെ നടത്തിയ ആദ്യ വെട്ടിനിരത്തല്‍ കരാര്‍ ജോലിക്കാരെ പിരിച്ചുവിടുകയെന്നതായിരുന്നു. 60000 മാത്രം ജനസംഖ്യയുള്ള ദ്വീപില്‍ 2000 കരാര്‍ തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ഇതോടെ പല വീടുകളും പട്ടിണിയിലായി. മികച്ച ചികിത്സാ സൌകര്യമെന്നത് ദ്വീപുകാരുടെ ചിരകാല ആവശ്യമാണ്. ഈ ആവശ്യം ഇവിടെ നിലനില്‍ക്കുമ്പോഴാണ് അഗത്തിയിലെ വിമാനത്താവളം വികസിപ്പിക്കാന്‍ ഭരണകൂടെ ഒരുങ്ങുന്നത്. എയര്‍ബസു പോലുള്ള വിമാനം ഇറങ്ങുന്നതിനു വേണ്ടിയാണ് വിമാനത്താവള വികസനം എന്നാണ് പറയുന്നത്. വല്ലപ്പോഴും പറന്നിറങ്ങുന്ന മന്ത്രിമാര്‍ക്കും ടൂറിസ്റ്റുകള്‍ക്കുമാണ് ഈ വിമാനത്താവളം. ഇതിനായി ഏറ്റെടുക്കുന്നതാവട്ടെ ദ്വീപുകാരുടെ ഭൂമിയും.