സിസ്റ്റര്‍ നന്ദിത: ഓര്‍മയിലെ സുഗന്ധം
|രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ഡിസ്ചാര്‍ജ് ആയി. കൂട്ടിക്കൊണ്ടുപോകാന്‍ സഹോദരന് വന്നു. പോകും മുമ്പ് സിസ്റ്റര്‍ എന്നെ വന്നു കാണുകയും നെറ്റിയില്‍ വാത്സല്യത്തോടെ തലോടുകയും ചെയ്തു. എനിക്ക് നിത്യം കത്തെഴുതണം. അവര്‍ പറഞ്ഞു. | ലൈഫ് സ്ക്രാപ്പ്
സിസ്റ്റര്‍ നന്ദിത എന്ന കന്യാസ്ത്രീയെ ഞാനിപ്പോള്‍ ഓര്‍ക്കുന്നത് എന്തുകൊണ്ടാവാം. എന്റെ ഇരുപതാം വയസ്സില്‍ വിഷാദ രോഗം പിടിപെട്ടു അഡ്മിറ്റ് ചെയ്യപ്പെട്ട എറണാകുളത്തെ മാനസികാ രോഗ്യകേന്ദ്രത്തിലെ മേട്രന് ആയിരുന്നു അവര്‍. വെളുത്ത നിറം. ശിരോ വസ്ത്രത്തിനുള്ളില്‍ കൂമ്പിയ കണ്ണുകള്‍, പ്രകാശിക്കുന്ന മുഖം. കന്യാമറിയത്തിന്റെ ഒരു മിനിയേച്ചര്‍ രൂപം. അവരുടെ സാന്നിധ്യം ഇടപഴകുന്നവര്‍ക്കെല്ലാം ശാന്തിയും സമാധാനവും പകര്‍ന്നു. എന്റെ വിഷാദത്തിന്റെ ഇരുളില്‍ അവര്‍ പ്രത്യാശയുടെ വിളക്ക് കൊളുത്തി വെച്ചു.
വിഷാദരോഗം എന്ന് അന്നത്തെ അസ്വസ്ഥതകളെ വിളിക്കാമോ? സാമ്പ്രദായിക രീതിയിലുള്ള ഒരു വാക്ക് ഇവിടെ പ്രയോഗിച്ചു എന്ന് മാത്രം. തീര്‍ച്ചയായും അന്നത്തെ മാനസികാവസ്ഥയില്‍ വിഷാദവും ഉള്‍ചേര്‍ന്നിരുന്നു. എന്നാല്‍, ആ അസാധാരണ മാനസിക നിലകള്‍ ഒരിക്കലും ഭ്രാന്തോ മനോരോഗമോ ആയിരുന്നില്ല. മൗലികത ഉള്ളവരെയെല്ലാം അപരിചിതരോ വട്ടു പിരിയന്മാരോ ആക്കുന്ന സമൂഹവും എന്റെ മാനസിക ലോകവും തമ്മിലുണ്ടായ കടുത്ത സംഘര്‍ഷം ആയിരുന്നു അത്. ഓരോ നിമിഷവും പെരുകിവന്ന ആശയക്കുഴപ്പത്താല്‍ എനിക്ക് ഉറക്കം നഷ്ടപ്പെടുകയും വിഷാദം എന്നെ ചൂഴ്ന്നു നില്‍ക്കുകയും ചെയ്തു. ചിലപ്പോള്‍ വിഷാദത്തിന്റെ നാളുകള്‍ കഴിഞ്ഞ് എന്നില്‍ ഉന്മാദം സടകുടഞ്ഞെഴുന്നേറ്റു. അപ്പോള്‍ വിചിത്രമായ ചിന്തകള്‍, മൂഡുകള്‍, അമിതമായ ആഹ്ലാദം ഒക്കെ വരും. ഉറക്കം കിട്ടാതെ ആകും.
നിരന്തരമായ ഉറക്കമില്ലായ്മ ക്രിട്ടിക്കല്‍ ആയ അവസ്ഥയില്‍ എത്തിക്കും. നിരന്തരമായ അസ്വസ്ഥത പലതരം പ്രകോപനങ്ങള്‍ക്ക് കാരണമാകും. സൈക്യാട്രിസ്റ്റുകള്‍ ഇതിനെ മാനിക് ഡിപ്രസീവ് സൈക്കോസിസ് എന്ന് വിളിച്ചു. എന്നാല്‍, സൈക്യാട്രിസ്റ്റ്കളുടെ ലേബലിംഗില്‍ അഥവാ, അതിനെ മനോരോഗമായി കാണുന്നതില്‍ ഒട്ടും സത്യം ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം, ജീവിത പ്രശ്നങ്ങള്‍ വ്യക്തികള്‍ക്ക് ദുഃഖത്തിന് കാരണമായേക്കാം. നീണ്ട ദുഃഖ നാളുകള്‍ അയാളുടെ ശരീരത്തിന്റെ സഹജമായ ഊര്‍ജത്തെ കുറച്ചേക്കാം. ഈ തളം കെട്ടി കിടന്ന ഊര്‍ജമാണ് പിന്നീട് പൊട്ടി തുറന്ന് അമിതാവേശമായും അധിക സംസാരവുമൊക്കെയായി തീരുന്നത് (സൈക്യാട്രിയില്‍ മാനിയ). ഇത് ഗുരുതരമായ ഒരു രോഗമല്ല. ശരീരത്തിന്റെ ഊര്‍ജ സമീകരണം മാത്രമാണ്. കൃത്യമായ ഗൈഡ്ലൈന്‍ കൊണ്ട് ഇത് പരിഹരിക്കാന്‍ കഴിയും. മെഡിസിനോ ഷോക്കോ ഇല്ലാതെ. എന്റെ കാര്യത്തില്‍ അത് അതിസമ്പന്നമായ സര്‍ഗാത്മക ലോകമായിരുന്നു. അതിനെ നിസ്സാരമായി കാണുന്ന ചുറ്റുപാടുകളുമായുള്ള സംഘര്‍ഷമാണ് എനിക്ക് പ്രശ്നമുണ്ടാക്കിയത്.
ഇത്തരം പ്രശ്ന ഭരിതമായ മാനസികാവസ്ഥകളില്‍ ഒന്നില്‍, ഉറക്കം നഷ്ടപ്പെട്ടപ്പോള്‍ എറണാകുളത്ത് ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തുന്ന നല്ല ഒരു മാനസികാരോഗ്യ കേന്ദ്രം ഉണ്ടെന്ന് ഒരു ബന്ധു പറഞ്ഞാണ് വീട്ടുകാര്‍ എന്നെ അങ്ങോട്ട് കൊണ്ടുപോയത്. പെട്ടെന്ന് കാഷ്വാലിറ്റിയില്‍ വെച്ച് ഇഞ്ചക്ഷന് തരികയും ഞാന്‍ ദീര്‍ഘമായ ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്തു. ഉറക്കത്തില്‍ നിന്ന് എഴുന്നേല്ക്കുമ്പോള് വൃത്തിയും വെടിപ്പുമുള്ള ഒരു മുറിയിലാണ്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത സഹോദരന് പുറത്തേക്ക് പോയിരിക്കുകയായിരുന്നു. മുറിയില്‍ മെറൂണ്‍ നിറത്തിലുള്ള ഏപ്രണ്‍ അണിഞ്ഞ കന്യാസ്ത്രീ. ശിരോവസ്ത്രത്തില്‍ അവരുടെ മുഖം നിര്‍മലമായ കാന്തി പടര്‍ത്തി. അവര്‍ എന്റെ അടുത്ത് വന്നിരുന്നു. എന്റെ മുടിയില്‍ വാത്സല്യത്തോടെ തലോടി. പിന്നെ ചോദിച്ചു:
' ഇപ്പോള്‍ സുഖം തോന്നുന്നുണ്ടോ?'
' ഉണ്ട്.'
' എന്തൊക്കെയാണ് തോന്നുന്നത്? '
ഞാന്‍ എന്റെ എല്ലാ തോന്നലുകളും തുറന്നുപറഞ്ഞു. നല്ല കഴിവുകള്‍ ഉണ്ടായിട്ടും ജീവിതത്തില്‍ അമ്പേ പരാജയപ്പെട്ടു. വിദ്യാഭ്യാസം നല്ല രീതിയില്‍ ചെയ്യാനാകാതെയായി. തൊഴിലും നല്ലത് കിട്ടിയില്ല.
' സാരമില്ല.'
അവര്‍ അതി മനോഹരമായി പുഞ്ചിരിച്ചു.
' നമുക്ക് എല്ലാം ശരിയാക്കാം. '
ആ വാക്കുകള്‍ എന്റെ മനസ്സില്‍ വെളിച്ചം പടര്‍ത്തി. അപ്പോഴേക്കും അടുത്ത മുറിയില്‍ നിന്നും അലര്‍ച്ച കേട്ടു. ഒരു പെണ്‍കുട്ടി പാത്രങ്ങള്‍ എറിഞ്ഞുടക്കുകയാണ്. പെട്ടെന്ന് അവര്‍ അങ്ങോട്ട് പോയി. പെട്ടെന്ന് ഒച്ച നിലച്ചു. നിമിഷംപ്രതി ആരെയും ശാന്തമാക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നു.
അപ്പുറത്തെ മുറിയിലെ പെണ്‍കുട്ടി ധ്യാനകേന്ദ്രത്തില്‍ പോയി ദിവസങ്ങളോളം ധ്യാനം ചെയ്തു മാനസിക പ്രശ്നവുമായി അഡ്മിറ്റ് ചെയ്യപ്പെട്ടതാണ്. നീണ്ട ധ്യാനം അവരുടെ സമനില തെറ്റിച്ചു. താന്‍ കന്യാമറിയം ആണെന്നാണ് അവരുടെ അടിയുറച്ച വിശ്വാസം. സുന്ദരിയായ ആ പെണ്‍കുട്ടി ബിരുദ വിദ്യാര്‍ഥിയായിരുന്നു.
പിറ്റേ ദിവസം സൈക്യാട്രിസ്റ്റ് റൗണ്ട്സ് കഴിഞ്ഞ് പോയപ്പോള്‍ സിസ്റ്റര്‍ നന്ദിത മുറിയിലേക്ക് വന്നു. അവര്‍ എന്നോട് 'ഇപ്പോള്‍ എങ്ങനെയുണ്ട്' എന്ന് ചോദിച്ചു. എന്റെ നാടും കുടുംബത്തിന്റെ സ്ഥിതിയും പഠനവുമൊക്കെ ചോദിച്ചു മനസ്സിലാക്കി. ഒരു കുമ്പസാരക്കൂട്ടിലെന്ന പോലെ ഞാനെല്ലാം പറഞ്ഞു. പെട്ടെന്ന് എന്റെ മുറിയുടെ വാതില്ക്കല് ഒരു പൊട്ടിച്ചിരി കേട്ടു. അടുത്ത മുറിയിലെ പെണ്‍കുട്ടിയാണ്. അവളുടെ കൈയില്‍ വെള്ളം നിറച്ച ഒരു ഗ്ലാസ് ഉണ്ടായിരുന്നു.
'വിസ്കി വേണോ വിസ്കി?'
അവള് ഞങ്ങളോട് ചോദിച്ചു.
വീണ്ടും ഉറക്കെ പൊട്ടിച്ചിരിച്ചു. അവള്‍ക്ക് ഞങ്ങളെ ആകെ പിടിച്ചു എന്ന് തോന്നുന്നു. അവള് ഞങ്ങള്‍ക്ക് അരികിലേക്ക് വന്നു. 'എന്നെ അറിയുമോ? ഞാന്‍ ആരാണെന്ന് അറിയുമോ? ഞാനാണ് കന്യാമറിയം.'
വീണ്ടും വീണ്ടും പൊട്ടിച്ചിരിച്ചു. ഞാന്‍ ആകെ കണ്‍ഫ്യൂഷനായി.
മൂന്ന് കന്യാമറിയങ്ങള്.
താന്‍ കന്യാമറിയം ആണെന്ന മിഥ്യാ വിശ്വാസത്തില്‍ കുടുങ്ങിയ പെണ്‍കുട്ടി. പിന്നെ കന്യാമറിയത്തിന്റെ മിനിയേച്ചര്‍ രൂപമായ സിസ്റ്റര്‍ നന്ദിത. പിന്നെ ഡ്യൂപ്പ് അല്ലാത്ത ഒറിജിനല്‍ കന്യാമറിയവും.
സിസ്റ്റര്‍ അവളെ അനുനയിപ്പിക്കാന്‍ നോക്കി. കൈ പിടിച്ചു കൊണ്ട് അവളുടെ മുറിയിലേക്ക് കൊണ്ടുപോയി. കുറച്ച് കഴിഞ്ഞ് തിരിച്ചുവന്നു. എനിക്ക് പ്രാതല്‍ കഴിക്കുവാനുള്ള നേരമായിരുന്നു. ഞാന്‍ കൈ കഴുകാന്‍ പോയപ്പോള്‍ അവര്‍ ചായ ഫ്ളാസ്ക്കിന്റെ മൂടിയും ഭക്ഷണപ്പൊതിയും മെല്ലെ തുറന്നു. അവ എടുത്തു എന്റെ മുന്പില് മേശപ്പുറത്ത് വെച്ച് ഭക്ഷണം കഴിക്കുന്നത് സ്നേഹത്തോടെ നോക്കിനിന്നു.
പെട്ടെന്ന് കൈയിലെ റിസ്റ്റ് വാച്ച് നോക്കി 'സമയമധികമായി... നാസിമുദ്ദീന് പിന്നീട് വരാം' എന്ന് പറഞ്ഞ് പോയി.
ഉറക്ക ഗുളികകളും ആന്റിഡിപ്രസന്റുകളും എന്റെ മനസ്സിനെ റിലാക്സ് ആക്കി. സിസ്റ്റര്‍ എല്ലാ ദിവസവും വരും. എന്റെ ദുഃഖങ്ങളും മനസ്സിന്റെ സങ്കീര്‍ണതകളും അവരോട് പറയുമ്പോള്‍ ഒരുതരം ഭാരമില്ലായ്മ അനുഭവപ്പെടും. ദൈവം സ്നേഹമാണെന്ന് സിസ്റ്റര്‍ വിശ്വസിച്ചു. ക്രിസ്തുവിന്റെ മണവാട്ടി ആകാന്‍ യോഗ്യയായിരിക്കണമെങ്കില് എല്ലാവരെയും കലവറയില്ലാതെ സ്നേഹിക്കണം എന്ന് അവര്‍ കരുതി. വിദ്വേഷം ഉള്ളിടത്ത് സ്നേഹവും ദ്രോഹം ഉള്ളിടത്ത് ക്ഷമയും ദുഃഖമുള്ളിടത്ത് ആശ്വാസവും പകരുക എന്നത് അവരുടെ ദൈവവിശ്വാസത്തിന്റെ അടിത്തറയായിരുന്നു. യാതൊരു വക ചാപല്യങ്ങളും അവരില്‍ കണ്ടില്ല. അസാധാരണമായ പരിശുദ്ധി അവരില്‍ തിളങ്ങിനിന്നു.
വാസ്തവത്തില്‍ അവിടുത്തെ പ്രധാനിയായ സൈക്യാട്രിസ്റ്റിനേക്കാളും എന്റെ മാനസിക പ്രശ്നങ്ങള്‍ ശമിപ്പിച്ചത് അവരായിരുന്നു. ഫാദര്‍ ജോണ്‍ എന്ന സൈക്യാട്രിസ്റ്റിന്റെ പേരിലായിരുന്നു ആ ഹോസ്പിറ്റല്‍ പ്രശസ്തമായത്. അമേരിക്കയില്‍നിന്ന് സൈക്യാട്രിയില്‍ ഉന്നത ബിരുദങ്ങള്‍ നേടിയ പാതിരി. എറണാകുളം നഗരത്തിന്റെ പ്രാന്ത പ്രദേശത്തായിരുന്നു ഹോസ്പിറ്റല്‍. മനോഹരമായ പൂന്തോട്ടത്തിന് നടുക്ക് നിലകൊള്ളുന്ന മൂന്നു നില. ഒരു കാന്റീനും സ്റ്റേഷനറി സ്റ്റോറും കോമ്പൗണ്ടില്‍. രോഗികള്‍ക്ക് പുറത്ത് പോകാന്‍ അനുവാദമുണ്ടായിരുന്നില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ മടുപ്പും യാന്ത്രികതയും എന്നെ മൂടി. എനിക്ക് കെയര്‍ടേക്കര്‍ ഉണ്ടായിരുന്നില്ല. സഹോദരന് ഇടയ്ക്കിടെ വന്ന് ബില്ല് അടക്കുകയും എനിക്ക് വേണ്ട പണം തരികയും ചെയ്യുമായിരുന്നു.
ഒരു ദിവസം ഞാന്‍ സിസ്റ്ററോട് എനിക്ക് ഒന്ന് പുറത്ത് കറങ്ങണമെന്ന എന്ന ആവശ്യം പ്രകടിപ്പിച്ചു.
'വേണ്ട! വേണ്ട!' അവര്‍ സ്നേഹത്തോടെ വിലക്കി. ഞാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ അവര്‍ ഡോക്ടര്‍ ജോണിനോട് ചോദിക്കാം എന്നും പക്ഷേ, പുറത്തു പോകുമ്പോള്‍ കൂടെ ഒരാള്‍ വേണ്ടിവരും എന്നും പറഞ്ഞു.
'എന്നോടൊപ്പം ആരാണ് ഉള്ളത് സിസ്റ്റര്‍ അല്ലാതെ.'
അവര്‍ മനോഹരമായി ചിരിച്ചു.
'ഞാന്‍ നോക്കട്ടെ, ഡോക്ടര്‍ ജോണ്‍ സമ്മതം തരുമെങ്കില്‍.'
അന്ന് വൈകുന്നേരം അവര്‍ എന്റെ മുറിയിലേക്ക് വന്ന് വേഗം റെഡിയാക്കാന്‍ പറഞ്ഞു. താന്‍ നഴ്സിങ് റൂമില്‍ ഉണ്ടെന്നും പത്തു മിനിറ്റ് കഴിഞ്ഞ് വരുമെന്നും പറഞ്ഞു. ഞാന്‍ വേഗം കുളിച്ചു നല്ല വസ്ത്രങ്ങള്‍ ധരിച്ചു. ഇങ്ങനെ അണിഞ്ഞൊരുങ്ങിയിട്ട് നാളുകളായി. കണ്ണാടിയില്‍ നോക്കിയപ്പോള്‍ വിഷാദത്തിന് പകരം ആഹ്ലാദം തുളുമ്പുന്ന മുഖം.
ഞാനും സിസ്റ്ററും പുറത്തിറങ്ങി. ഞങ്ങള്‍ ഒരു ഓട്ടോ വിളിച്ച് കായല്‍ കരയില്‍ പോയി. അവിടെ കുടുംബസമേതം ഒരുപാട് ആളുകള്‍ വന്നിരുന്നു. ഞങ്ങള്‍ കായല്‍തീരത്തെ ഒരു കല്പ്പടവില് ഇരുന്നു.
ഞാന്‍ രണ്ട് ഐസ്ക്രീം വാങ്ങി. ഒന്ന് അവര്‍ക്ക് നീട്ടി.
' ഞങ്ങള്‍ കന്യാസ്ത്രീകള്‍ക്ക് ഐസ്ക്രീം പാടില്ല.' ഞാന്‍ അത് തിരികെ എടുത്തു.
ഞാന്‍ ഐസ്ക്രീം നുണഞ്ഞു കൊണ്ടിരുന്നപ്പോള്‍ പറയാമെന്ന് ഏറ്റിരുന്ന ജീവിത കഥ അവര്‍ പറയാന്‍ തുടങ്ങി.
ഇടുക്കി ജില്ലയിലെ ഹൈറേഞ്ചില്‍ ആണ് സിസ്റ്ററുടെ വീട്. അച്ഛന് ധനികനും പ്രമാണിയും ആയിരുന്നു. ഹെക്ടര്‍ കണക്കിന് റബ്ബര്‍ തോട്ടങ്ങളും കുരുമുളകും ജാതിക്കയും..... നാലു ആങ്ങളമാര്‍ക്ക് കൂടി ഒരു പെങ്ങള് ആയിരുന്നു. അച്ഛനും അമ്മയും മക്കളും സുഹൃത്തുക്കളെ പോലെ പുലരുന്ന സ്വര്‍ഗീയ ഭവനം ആയിരുന്നു അത്. വൈകുന്നേരം എല്ലാവരും മെഴുകുതിരി കത്തിച്ച് പ്രാര്ഥിക്കുമെങ്കിലും അതുകഴിഞ്ഞാല്‍ ആഘോഷമാണ്. എല്ലാവരും കൂടി നടുത്തളത്തിലിരുന്ന് മദ്യപിക്കും. പന്നി... പോത്ത്....പിന്നെ ആരും അറിയാതെ വേട്ടയാടിയ കാട്ടുമൃഗങ്ങള്‍ പരിചാരകര്‍ പ്രത്യേകം പാകം ചെയ്യും. സിസ്റ്റര്‍ മാത്രം എല്ലാറ്റില്‍ നിന്ന് ഒഴിഞ്ഞു നിന്നു. അലമാരകളില്‍ അടുക്കി വെച്ച മദ്യകുപ്പികള്‍ കാണുമ്പോള്‍ സിസ്റ്റര്‍ക്ക് ഓക്കാനം വരും.
കുട്ടിക്കാലം തൊട്ടേ ആത്മീയത കൊണ്ട് അവരുടെ മനസ്സ് നിറഞ്ഞിരുന്നു. അധികം സംസാരിക്കില്ല. ഭക്ഷണം വളരെ കുറവ്. എപ്പോഴും ക്രിസ്തുവിനെ മനസ്സില്‍ ധ്യാനിക്കും. പഠിക്കാന്‍ മിടുക്കിയായിരുന്നു. പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി ദൂരെയുള്ള കോളജില്‍ ചേര്‍ന്നു. അവിടെ ഹോസ്റ്റലിലായിരുന്നു താമസിച്ചത്. കോളജില്‍ വെച്ച് സിസ്റ്ററുടെ നിഷ്കളങ്കതയും സൗന്ദര്യവും കണ്ടു പലരും വട്ടം കൂടി. അതില്‍ ജിജോ എന്ന ഒരുത്തന് സിസ്റ്ററുമായി ആത്മബന്ധം സ്ഥാപിച്ചു. സുന്ദരനും ആരോഗ്യ ദൃഡഗാത്രനുമായിരുന്നു അവന്. തന്നെ പ്രേമിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് വരെ അമിതാവേശത്തില്‍ പറഞ്ഞു.. സിസ്റ്റര്‍ പേടിച്ചു. മുമ്പേതന്നെ ക്രിസ്തു മാര്‍ഗത്തിലെ ജീവിതമാണ് സ്വപ്നം കണ്ടിരുന്നതെങ്കിലും വേഗം പോയി മഠത്തില്‍ ചേര്‍ന്നു. കോട്ടയത്ത് ആയിരുന്നു ആദ്യ വര്‍ഷങ്ങള്‍. ആത്മീയ പരിശീലനം കഴിഞ്ഞപ്പോള്‍ ആതുരവൃത്തി തിരഞ്ഞെടുത്തു. ഒരുപാടു ആശുപത്രികളില്‍ നഴ്സായി പ്രവര്‍ത്തിച്ചു. ഒടുവില്‍ ഇവിടെയും. സിസ്റ്റര്‍ കഥ പറഞ്ഞ് മുകളിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു. ആകാശത്തില്‍ സ്വര്‍ഗ്ഗസ്ഥനായ ക്രിസ്തുവിനെ നോക്കും പോലെ.
,,നാസിമുദ്ദീന് നീ എന്തെങ്കിലും പണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അപ്പോള്‍ എല്ലാതരം ചിതറിയ ചിന്തകളും പോകും. അസുഖം മാറിയാല്‍ പിള്ളേര്‍ക്ക് ട്യൂഷന് എടുക്ക്.,, അവര്‍ പറഞ്ഞു.
ഞങ്ങള്‍ ഒരു ഓട്ടോയില്‍ തിരിച്ചുപോന്നു
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ഡിസ്ചാര്‍ജ് ആയി. കൂട്ടിക്കൊണ്ടുപോകാന്‍ സഹോദരന് വന്നു. പോകും മുമ്പ് സിസ്റ്റര്‍ എന്നെ വന്നു കാണുകയും നെറ്റിയില്‍ വാത്സല്യത്തോടെ തലോടുകയും ചെയ്തു.
എനിക്ക് നിത്യം കത്തെഴുതണം. അവര്‍ പറഞ്ഞു.
വീട്ടിലെത്തിയപ്പോള്‍ എന്റെ വിഷാദം പമ്പ കടന്നിരുന്നു. ഞാനെന്തെങ്കിലും പണിയില്‍ ശ്രദ്ധചെലുത്താന്‍ തീരുമാനിച്ചു. കുറച്ചു കുട്ടികള്‍ക്ക് ട്യൂഷന് തരമാക്കി. പോസ്റ്റ്മാന് സിസ്റ്ററുടെ കത്തുകള്‍ എനിക്ക് കൃത്യമായി കൊണ്ടുവന്നു. അന്ന് വാട്സ്ആപ്പും ഇന്റര്‍നെറ്റും ഒന്നുമില്ലല്ലോ. ജീവിതത്തില്‍ ഓരോ സ്റ്റെപ്പും എങ്ങനെ വെക്കണമെന്ന് അവര്‍ പറഞ്ഞു തന്നു. എത്രയും വേഗം കഴിച്ചുകൊണ്ടിരിക്കുന്ന ഗുളികകള്‍ നിര്‍ത്തണമെന്നും നിര്‍ദേശിച്ചു. ക്രമേണ എനിക്ക് ഏകാഗ്രതയും സ്ഥിരതയും കിട്ടിത്തുടങ്ങി
സിസ്റ്റര്‍ ആ ആശുപത്രിയില്‍ നിന്നും ട്രാന്‍സ്ഫര്‍ ആയി മറ്റു ആശുപത്രിയികളിലേക്ക് പോയപ്പോള്‍ ഞാന്‍ അവിടെയെല്ലാം അവരെ പോയി കണ്ടു.
ഒരു ദിവസം സിസ്റ്റര്‍ എഴുതി അറിയിച്ചു, ഞാന്‍ അടുത്ത ഒരു വര്‍ഷം ധ്യാനത്തിലായിരിക്കും. എങ്ങും സേവനം ചെയ്യാന്‍ പോകേണ്ടതില്ല. ആരുമായും ബന്ധപ്പെടരുത് എന്നാണ് ചട്ടം. പക്ഷേ, നീയുമായി കത്തെഴുത്തു തുടരാം.
ആ നാളുകളില്‍ അവരെ എനിക്ക് കാണാന്‍ അതിയായ ആഗ്രഹമായി. ഞാനത് അറിയിച്ചപ്പോള്‍ അവര്‍ ആദ്യം നിരസിച്ചു. പിന്നീട് സമ്മതം മൂളി. നിനക്ക് എന്നെ കാണാതെ പറ്റില്ലെങ്കില്‍ മഠത്തിലേക്ക് വരൂ. എന്റെ വീട്ടുകാര്‍ പറഞ്ഞയച്ച എന്റെ നാട്ടുകാരനാണ് എന്ന് പറഞ്ഞാല്‍ മതി. പിറ്റേന്ന് ഞാന്‍ അവരെ കാണാന്‍ പുറപ്പെട്ടു. അപ്പോഴവര്‍ ആലപ്പുഴ ജില്ലയിലെ ഒരിടത്തരം പട്ടണത്തിലായിരുന്നു. വളരെ ബുദ്ധിമുട്ടി വഴി അന്വേഷിച്ച് ഞാന്‍ അവിടെയെത്തി. കന്യാസ്ത്രീ മഠത്തിന്റെ ഗേറ്റ് കടന്നപ്പോള്‍ കട്ടപിടിച്ച നിശബ്ദത. ഞാന്‍ കോളിംഗ് ബെല്‍ അമര്‍ത്തി വിസിറ്റിംഗ് റൂമിലിരുന്നു.
ഒരു വൃദ്ധയായ കന്യാസ്ത്രീ വന്ന് വിവരം ചോദിച്ചു. ഞാന്‍ സിസ്റ്റര്‍ പറഞ്ഞു തന്ന കാര്യം ഉരുവിട്ടു. കുറെ നേരം ആയിട്ടും ആരെയും കണ്ടില്ല. എന്റെ ഹൃദയമിടിപ്പുകള്‍ ശക്തമായി. മണിക്കൂര്‍ രണ്ടായിട്ടും ആരെയും കണ്ടില്ല. ഉല്‍ക്കണ്ഠയും വിഷാദവും കൊണ്ട് ഞാന്‍ തളര്‍ന്നുപോയി. തിരികെ വരും വഴി ഏതെങ്കിലും ലോഡ്ജില്‍ മുറിയെടുത്ത് ആത്മഹത്യ ചെയ്യുന്നത് പോലും ചിന്തിച്ചു.
രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അവരുടെ കത്ത് വന്നു
,, ഞാന്‍ നിന്നെ കാണാന്‍ തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍, മറ്റൊരു കന്യാസ്ത്രീ നിന്നെ തിരിച്ചറിഞ്ഞിരുന്നു. മഠങ്ങളില്‍ ആളുകളെ നിരീക്ഷിക്കാന്‍ രഹസ്യ സുഷിരങ്ങള്‍ ഉണ്ട്. അവര്‍ നാം കണ്ടുമുട്ടിയ ആശുപത്രിയില്‍ ഉണ്ടായിരുന്നവരാണ്. മദര്‍ സുപ്പീരിയറിനോട് നിന്റെ വിവരം പറഞ്ഞു. നീ ഒരു മനോരോഗി ആണെന്നും എറണാകുളത്തുള്ള ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ കണ്ടിട്ടുണ്ടെന്നും. എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ അതെ എന്ന് പറഞ്ഞു. പക്ഷേ, എന്റെ നാട്ടുകാരന് ആണെന്ന് കൂടി പറഞ്ഞു രക്ഷപ്പെട്ടു. മനോരോഗികള്‍ക്ക് മഠത്തില്‍ പ്രവേശനമില്ല.
നിനക്ക് മനോരോഗമില്ല
നിനക്ക് മനോരോഗമില്ല
നിനക്ക് മനോരോഗമില്ല
ആ കത്ത് വായിച്ചപ്പോള്‍ കണ്ണീര് വീണ് കടലാസ് നനഞ്ഞു. ലോകം മുഴുവന്‍ എന്നെ ഭ്രാന്തന് ആയി കണ്ടപ്പോഴും അങ്ങനെയല്ല എന്ന് പറഞ്ഞ എന്റെ പ്രിയ സഹോദരി....
പിന്നെയെപ്പോഴോ ജീവിതത്തിരക്കില്‍ ഞങ്ങളുടെ ബന്ധം മുറിഞ്ഞു പോയി. ഇന്ന് എന്ത് കൊണ്ടോ അവരെ ഓര്‍ത്തു. എന്റെ സഹോദരി നിങ്ങള്‍ ഇപ്പോള്‍ എവിടെയാണ്. നിങ്ങള്‍ ജീവിച്ചിരിപ്പുണ്ടന്നു കരുതുന്നു. ഈ കുറിപ്പ് കാണാന്‍ കഴിഞ്ഞാല്‍ ഞാനുമായി ബന്ധപ്പെടണേ...