Column
ദെസ്തക്കീര്‍: സൈബര്‍ പൂര്‍വകാലത്തെ ആത്മമിത്രം
Click the Play button to hear this message in audio format
Column

ദെസ്തക്കീര്‍: സൈബര്‍ പൂര്‍വകാലത്തെ ആത്മമിത്രം

പി.എ നാസിമുദ്ദീന്‍
|
25 Jun 2022 3:23 AM GMT

നിഷേധത്തിന്റെയും ശൂന്യതാ വാദത്തിന്റെയും സാഹിത്യം വായിച്ച് സ്വന്തം പരിസരങ്ങളോട് അസന്തുലിതമാക്കപ്പെട്ട ഒട്ടേറെ ചെറുപ്പക്കാര്‍ കേരളത്തിലെ ഒട്ടേറെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഉണ്ടായിരുന്നു. ഇത്തരം സാഹിത്യങ്ങള്‍ എഴുതിയ പ്രശസ്തരായ കാഥികരും കവികളും സുരക്ഷിതമായ ജീവിതം നയിച്ചപ്പോള്‍ നിഷ്‌കളങ്കരായ വായനക്കാരില്‍ ചിലരാകട്ടെ പലതരം മിഥ്യാടനങ്ങളില്‍ പെട്ടുപോയി. ലൈഫ് സ്‌ക്രാപ്: പി.എ നാസിമുദ്ദീന്‍

എണ്‍പതുകളുടെ തുടക്കത്തില്‍ ഒ.വി വിജയന്‍ കലാകൗമുദിയില്‍ തിരിയും ചുമടും എന്ന ഒരു കുറിപ്പ് എഴുതി വലിയ സംവാദത്തിന് തുടക്കമിട്ടിരുന്നു. കമ്മ്യൂണിസത്തിന് പ്രസക്തിയുണ്ടോ എന്നതിനെ പറ്റി ആയിരുന്നു ആ സംവാദം. കമ്മ്യൂണിസം പരാജയപ്പെട്ട ഒരു പ്രത്യശാസ്ത്രമാണെന്ന് വിജയന്‍ തുറന്നെഴുതി. കേരളത്തിലെ പ്രധാന ധിഷണാശാലികള്‍ അതില്‍ പങ്കുകൊണ്ടു. വിജയന്റെ ധ്യാനാത്മകമായ ധിഷണയില്‍ നിന്നും ഊറിയ ഉള്‍കാഴ്ചകള്‍ ഏകദേശം രണ്ടുമാസം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടു. ആ സംവാദത്തില്‍ ദെസ്തക്കീര്‍ എന്ന് പേരായ കൊടുങ്ങല്ലൂരുകാരനായ ഒരു യുവാവും എഴുതിയിരുന്നു. ജ്ഞാനത്തിന്റെ ആഴങ്ങളൂള്ള ആ ലേഖനം ഏവരുടെയും ശ്രദ്ധപിടിച്ചെടുത്തു. ലേഖനത്തിനു താഴെയുള്ള ബയോഡാറ്റയില്‍ ജന്മസ്ഥലം കൊടുങ്ങല്ലൂര്‍ എന്ന് കാണാമായിരുന്നു.

ആരാണ് ആ ധിഷണാശാലിയായ കൊടുങ്ങല്ലൂര്‍ക്കാരന്‍. എന്റെ നാട്ടിലെ വായനാപ്രിയരായ ചെറുപ്പക്കാര്‍ സ്വയം ചോദിച്ചു. അയാളെ മൂന്നുവര്‍ഷം കഴിഞ്ഞ് ഞാന്‍ പരിചയപ്പെട്ടു. അപ്പോള്‍ അയാള്‍ ഗള്‍ഫിനോട് വിട പറഞ്ഞിരുന്നു. കൊടുങ്ങല്ലൂര്‍ അമ്പലനടയില്‍ ഉള്ള ഫോര്‍ട്ട് എന്ന സ്റ്റുഡിയോയില്‍ വെച്ചാണ് ദെസ്തക്കീറിനെ കാണുന്നത്. ബുദ്ധിജീവികളുടെ താവളം, ചലച്ചിത്ര പ്രവര്‍ത്തകനും ചിത്രകാരനും ആയിരുന്ന കൃഷ്ണകുമാര്‍ ആയിരുന്നു അതിന്റെ കപ്പിത്താന്‍. കേരളത്തിലെ ആദ്യത്തെ ക്യാമ്പസ് സിനിമ പിടിച്ചയാള്‍. അരവിന്ദന്റെ ഉത്തരായനത്തില്‍ അഭിനയിച്ചയാള്‍. കോഴിക്കോട്ടുകാരനായ കൃഷ്ണകുമാറിന്റെ അമ്മ വീട് കൊടുങ്ങല്ലൂര്‍ ആയിരുന്നു. അങ്ങനെയാണ് കൃഷ്ണകുമാര്‍ കൊടുങ്ങല്ലൂരില്‍ എത്തിച്ചേര്‍ന്നത്.

കൃഷ്ണകുമാറിന്റെ ഉറ്റ സുഹൃത്തായിരുന്നു ദെസ്തക്കീര്‍. ആദ്യ കാഴ്ചയില്‍ തന്നെ സന്തോഷം തുളുമ്പുന്ന മുഖമായിരുന്നു ദസ്തക്കീറിന്റേത്. ഉയരം കൂടിയ ആരോഗൃ ദൃഡഗാത്രന്‍. വലിയ രീതിയിലുള്ള പ്രൗഢിയും കുലീനതയും അയാളെ ചൂഴ്ന്നുനിന്നു. കൃഷ്ണകുമാര്‍ പറഞ്ഞു. 'നാസിമുദ്ദീന് നല്ല ഒരു കൂട്ടാണ്. ഇടയ്ക്ക് ദസ്തക്കീറിന്റെ വീട്ടില്‍ പൊയ്‌ക്കോളൂ. അവിടെ പോയി യഥേഷ്ടം സംസാരിക്കാം.'

ഗൗരവമുള്ള വായന യുവാക്കളില്‍ ഒരുതരം അന്യത്വം സൃഷ്ടിച്ചിരുന്ന നാളുകള്‍. നിഷേധത്തിന്റെയും വിപ്ലവോമുഖതയുടെയും അസ്തിത്വ ദുഃഖത്തിന്റെയും സങ്കരം സാംസ്‌കാരികമേഖലയില്‍ പടര്‍ന്നു കിടന്ന സൈബര്‍ പൂര്‍വ കാലമായിരുന്നു അത്. ഇന്റര്‍നെറ്റൊ കമ്പ്യൂട്ടറോ കേരളത്തില്‍ എത്തിയിട്ടില്ലാത്ത കാലം. സ്വത്വ രാഷ്ട്രീയവും ഫെമിനിസവുമൊക്കെ പിന്നീട് എത്ര കാലം കഴിഞ്ഞാണ് പ്രത്യക്ഷമായത്. നിഷേധത്തിന്റെയും ശൂന്യതാ വാദത്തിനന്റെയും സാഹിത്യം വായിച്ച് സ്വന്തം പരിസരങ്ങളോട് അസന്തുലിതമാക്കപ്പെട്ട ഒട്ടേറെ ചെറുപ്പക്കാര്‍ കേരളത്തിലെ ഒട്ടേറെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഉണ്ടായിരുന്നു. ഇത്തരം സാഹിത്യങ്ങള്‍ എഴുതിയ പ്രശസ്തരായ കാഥികരും കവികളും സുരക്ഷിതമായ ജീവിതം നയിച്ചപ്പോള്‍ നിഷ്‌കളങ്കരായ വായനക്കാരില്‍ ചിലരാകട്ടെ പലതരം മിഥ്യാടനങ്ങളില്‍ പെട്ടുപോയി. തങ്ങള്‍ക്കുതന്നെ പിടികിട്ടാത്ത മറ്റേതൊക്കെയോ സ്വത്വങ്ങള്‍ കൂടി അവരുടെ ആത്മാവില്‍ പറ്റി ചേര്‍ന്നു കിടന്നു. ഫിലിം സൊസൈറ്റികള്‍, ചിത്രപ്രദര്‍ശനങ്ങള്‍, കവിയരങ്ങുകള്‍ എന്നിങ്ങനെ ബുദ്ധിജീവി കൂട്ടങ്ങളില്‍ മാത്രം പുലരാന്‍ കഴിയുന്നവര്‍. ഈ ഇക്കോളജിക്ക് പുറത്ത് പൊതുസമൂഹത്തിന്റെ ഭാഗമാകാന്‍ കഴിയാത്തവര്‍. മുടി നീട്ടുന്നതും കഞ്ചാവ് വലിക്കുന്നതും ഭ്രാന്ത് ആകുന്നതും പോലുള്ള നെഗറ്റീവുകള്‍ ഫാഷനായി കൊണ്ടാടപ്പെട്ടു. സമൂഹത്തിന്റെ മുഖ്യധാരയും പ്രായോഗിക ജീവിതവും ഇവര്‍ക്ക് കൈപ്പാട് അകലെയായിരുന്നു. തങ്ങളെ മനസ്സിലാക്കുന്നവരെയും ഉള്‍ക്കൊള്ളുന്നവരെയും തേടി ഈ പതിതര്‍ ഉഴറി നടന്നു. ഒരേ രക്തത്തെ തിരിച്ചറിയുമ്പോള്‍ ഇവര്‍ പരസ്പരം ആലിംഗനം ചെയ്തു. ദെസ്തക്കീര്‍ എന്ന പ്രതിഭാശാലി എന്റെ മുന്നില്‍ വന്നപ്പോള്‍ എനിക്കുണ്ടായത് ഇത്തരമൊരു ഫീല്‍ ആയിരുന്നു. തിരിച്ച് ദെസ്തക്കീറിന് എന്നോടും അത് തോന്നിയിരിക്കാം.

എറിയാട് മെയിന്‍ റോഡിന് പിന്നിലായിരുന്നു ദസ്തകീറിന്റെ ഭവനം. ജ്യേഷ്ഠന്‍ സഗീര്‍ അടിത്തട്ടില്‍നിന്നും ഉയര്‍ന്നുവന്ന ഒരു പ്രവാസിയായിരുന്നു. എന്‍ജിനീയറായ അദ്ദേഹം വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ നടത്തി സമ്പന്നനായിരുന്നു. ദസ്തക്കീര്‍ ഡബിള്‍ എം.എക്കാരനായിരുന്നു. പക്ഷേ, ചിത്രകല അയാളെ കൂടുതല്‍ വശീകരിച്ചു.

ദെസ്തക്കീറുമായുള്ള മറ്റൊരു ബന്ധം എന്റെ ആത്മമിത്രം ആലുവ സ്വദേശിയായ സിറാജ് ആണ് അദ്ദേഹത്തിന്റെ ഇളയ സഹോദരിയെ വിവാഹം കഴിച്ചതെന്നതാണ്. വീട്ടിലെത്തിയപ്പോഴാണ് ആ വിവരം അറിഞ്ഞത് സിറാജ് കോഴിക്കോട് ആര്‍.ഇ.സിയില്‍ നിന്നും ബിരുദമെടുത്തു (ഇപ്പോള്‍ ജര്‍മന്‍ കമ്പനിയില്‍ എന്‍ജിനീയറാണ്). ഒന്നാന്തരം വീടുകള്‍ പണിയുന്ന സിവില്‍ എന്‍ജിനീയര്‍. കലയെയും സാഹിത്യത്തെയും ഫിലോസഫിയെയും സ്‌നേഹിക്കുന്ന അദ്ദേഹം ജീവിതത്തെ അന്വേഷണം ആക്കി മാറ്റിയ സൂഫി ആണ്. ഈ ബന്ധവും ദെസ്തക്കീറുമായുള്ള ബന്ധത്തിന് ദൃഢതയേകി.

സാമ്പത്തികമായി ഉയര്‍ന്ന തരത്തിലുള്ള ജീവിതമാണ് ദെസ്തക്കീര്‍ നയിച്ചിരുന്നത്. അദ്ദേഹം സ്വയം ഒരു എലൈറ്റ് പേഴ്‌സണായി കരുതിയിരുന്നു എന്ന് വേണം പറയാന്‍. അംബാസഡര്‍ കാറിലാണ്‌ സഞ്ചാരം. മറ്റു നടപടികളും ഒരു ധനികനെ പോലെയായിരുന്നു.


വീടിന്റെ വരാന്തയോട് ചേര്‍ന്ന വലിയ ഒരു മുറിയായിരുന്നു ഞങ്ങള്‍ സുഹൃത്തുക്കളുടെ താവളം. അവിടെ വലിയ ഒരു സ്റ്റാന്‍ഡില്‍ അദ്ദേഹം പെയിന്റ് ചെയ്യുന്ന ചിത്രങ്ങള്‍ ഡിസ്‌പ്ലേ ചെയ്യും. ഒരുപാട് പുസ്തകങ്ങള്‍ നിറഞ്ഞ ലൈബ്രറി. വായനയിലേക്കും ഭാവനയിലേക്കും പാലായനം ചെയ്ത ഞങ്ങളെപ്പോലെയുള്ളവര്‍ അവിടെ എത്തും. ലോകത്തിന്റെ വേദനകളില്‍നിന്ന് അഭയം തേടി നടക്കുന്ന വര്‍ക്കുള്ള ഒരു ഗുഹപോലെ ആ മുറി നിലകൊണ്ടു. എ.കെ മുഹമ്മദലി, നാരായണന്‍കുട്ടി, ഫോക്കസ് വിന്‍സെന്റ്, കൃഷ്ണകുമാര്‍ എന്നിങ്ങനെ പലരും അവിടെ എത്തും. സിഗരറ്റ്, മുറുക്കാന്‍ മുതലായ ചെറുലഹരികള്‍ പങ്കുവെക്കപ്പടും. ഇടക്ക് മുഹമ്മദലി ഹര്‍ഷോന്മാദം പ്രസരിപ്പിച്ച് മുഷിഞ്ഞ വസ്ത്രത്തില്‍ വരും. വായില്‍ മുറുക്കാന്‍ ഉണ്ടാകും. അത് കഴിഞ്ഞാല്‍ സിഗരറ്റ്. വീണ്ടും മുറുക്കാന്‍. ഇങ്ങനെ ലഹരിയുടെ ചങ്ങല. (മുഹമ്മദലിയെക്കുറിച്ച് ഞാന്‍ ഒരുപാട് ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. അതിനാല്‍ ഇവിടെ കൂടുതല്‍ വിശദീകരിക്കുന്നില്ല.) വലിയ അന്തര്‍ ദര്‍ശനങ്ങളുമായിട്ടാണ് വരവ്. വീടിനു മുമ്പിലെ മരത്തില്‍ കയറി ധ്യാനിച്ച് കാലത്തെ നിശ്ചലമാക്കാന്‍ നോക്കിയത്. അല്ലെങ്കില്‍ വയലിലെ ചെളിയില്‍ ആമയെ പോലെ തല താഴ്ത്തി കൂര്‍മാവാതരമായ് ഭൂമിയെ പ്രളയത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ നോക്കിയത്. അങ്ങനെ കിടിലന്‍ ഡയലോഗുകള്‍ വായില്‍നിന്നും വാര്‍ന്നു വീഴും. നാരായണന്‍കുട്ടി (അദ്ദേഹത്തെക്കുറിച്ച് ഈ കോളത്തില്‍ എഴുതിയിരുന്നു) വായിച്ച പുസ്തകത്തിന്റെ ലഹരിയില്‍ ആ പേജ് മടക്കി പിടിച്ച് ഓട്ടോയിലാണ് വരുന്നത്. വന്നപാടെ ഓട്ടോ വിട്ട് പുസ്തകത്തിലെ ഭാഗങ്ങള്‍ ഞങ്ങളെ വായിച്ച് കേള്‍പ്പിക്കും. ഫോക്കസ് വിന്‍സെന്റ് എപ്പോഴും മൗനിയായിരിക്കും. ഫോട്ടോഗ്രാഫി കലയില്‍ അസാധാരണ പ്രതിഭയായിരുന്നു അയാള്‍. ഫോക്കസ് എന്ന സ്റ്റുഡിയോ നടത്തിയിരുന്നു. വാട്ടര്‍ ഫോട്ടോഗ്രാഫി, അഡ്വഞ്ചര്‍ ഫോട്ടോഗ്രാഫി എന്നിവയില്‍ അനശ്വരമായ ഫോട്ടോകള്‍ സംഭാവന ചെയ്ത അയാള്‍ ഫോട്ടോ എടുക്കുമ്പോള്‍ അപകടത്തില്‍പെട്ട് മരണപ്പെടുകയാണുണ്ടായത്.

പലതരം സംവാദങ്ങളാണ് ആ മുറിയില്‍ നടന്നിരുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലും കലാകൗമുദിയിലും വരുന്ന പുതിയ സൃഷ്ടികള്‍ മുതല്‍ ഗബ്രിയേല്‍ മാര്‍ക്വസ്, കസന്‍സാക്കിസ്, ഹെര്‍മന്‍ ഹെസ്സെ വരെ നീളും ആ സംഭാഷണങ്ങള്‍. ഇടക്ക് ഒ.വി വിജയനും മേതിലും മാധവിക്കുട്ടിയും സക്കറിയയും കേറി വരും. തത്വശാസ്ത്രത്തെക്കുറിച്ചാണെങ്കില്‍ ഫെഡറിക് നീത് ഷേ, കീര്‍ക്കോഗര്‍, കാറല്‍ മാക്‌സ് എന്നിവരെയൊക്കെ മുഹമ്മദാലി നന്നായി പഠിച്ചിട്ടുണ്ട്. ജര്‍മന്‍ ഭാഷയും അറിയാം. അടിയന്തരാവസ്ഥകാലത്ത് മിസ തടവുകാരനായിരുന്നപ്പോള്‍ പഠിച്ചതാണ്. അതിനൊപ്പം ഇന്ത്യന്‍ ദര്‍ശനങ്ങളായ തന്ത്ര യോഗ, കുണ്ഡലിനി വിദ്യ ഇതൊക്കെ കലര്‍ത്തി സൈക്കഡലിക്ക് സ്‌റ്റൈലില്‍ അദ്ദേഹം ഡയലോഗ് കാച്ചും. ഒരുതരം ലഹരിയുള്ള ഉന്മാദം ഇവരില്‍ നിറഞ്ഞുനിന്നു.

കൂടുതല്‍ ബുദ്ധിയുള്ളവര്‍ ജീവിതത്തില്‍ ഒന്നുമല്ലാതായ പ്രദേശമാണ് കൊടുങ്ങല്ലൂര്‍. തങ്ങളുടെ ബുദ്ധിയും കഴിവും അക്കാദമിക് ആയ മേഖലയിലേക്ക് തിരിച്ചുവിട്ട് സമൂഹത്തിലെ ഉന്നത സ്ഥാനങ്ങള്‍ നേടുന്നതിനു പകരം വ്യവസ്ഥിതിയോട് കലഹിച്ച് സ്വയം ഒരു സമാന്തര ലോകം ഉണ്ടാക്കി അതില്‍ ജീവിച്ചവരായിരുന്നു കൗമാരത്തില്‍ ഞാന്‍ കണ്ടുമുട്ടിയ പ്രതിഭാശാലികളില്‍ പലരും. പക്ഷേ, സമൂഹത്തില്‍ അന്ന് അറിയപ്പെട്ടിരുന്ന പലരേക്കാളും മൗലികതയും പ്രതിഭാശേഷിയും ഇവര്‍ക്ക് ഉണ്ടായിരുന്നു. പക്ഷേ, അതിനൊപ്പം അമിതമായ സ്വാതന്ത്ര്യബോധവും കടുത്ത അലസതയും ഇവരില്‍ കുടികൊണ്ടു.

ജന്മവാസനകള്‍ പോലെ സ്ഥലവാസനകളും ഉണ്ടോ? ന്യൂയോര്‍ക്കില്‍ ജനിച്ച ഒരാളുടെയും അട്ടപ്പാടിയില്‍ ജനിച്ച ഒരാളുടെയും വ്യക്തിത്വത്തില്‍ ആ സ്ഥലങ്ങളുടെ സ്വാധീനമല്ലെ കൂടുതല്‍.., കൊടുങ്ങല്ലൂര്‍ ചരിത്രപരമായ ലോകത്തിലെ തന്നെ പ്രാധാന്യമുള്ള സ്ഥലമാണ്. കേരളത്തിലെ പല നവോത്ഥാനങ്ങളും ഉടലെടുത്ത സ്ഥലം കൂടിയാണത്. ആ പാരമ്പര്യം കൂനായി അവരുടെ മുതുകില്‍ തൂങ്ങി. ജീര്‍ണതയിലാഴ്ന്നുപോയ പഴയ നാഗരികതയില്‍ തങ്ങളുടെ ഉയര്‍ന്ന ധിഷണക്ക് വേണ്ട വലിയ സാധ്യതകള്‍ ഇല്ലാതായപ്പോള്‍, ചലനാത്മകത കെട്ടുപോയപ്പോള്‍ അവരില്‍ സ്വാഭാവികമായി ഉണ്ടായതാകുമോ ഈ സൈക്കോസിസ് മാനസികാവസ്ഥകള്‍?

മൂക്കാതെ പഴുക്കുന്ന സ്വഭാവം ഉള്ളവരാണ് കൊടുങ്ങല്ലൂരുകാര്‍ എന്ന് എം.എന്‍ വിജയന്‍ ഒരിക്കല്‍ സ്വകാര്യ സംഭാഷണത്തില്‍ എന്നോട് പറഞ്ഞു. ജനിക്കാന്‍ നല്ല സ്ഥലവും ജീവിക്കാന്‍ മോശം സ്ഥലവും എന്ന് നജ്മല്‍ ബാബു പറഞ്ഞു. ഒരു പ്രദേശം എന്ന നിലയില്‍ കൊടുങ്ങല്ലൂരിനെ വിലയിരുത്തുകയല്ല. അവിടെയുണ്ടായിരുന്ന എന്റെ സുഹൃത്തുക്കളായിരുന്ന ഒരു ഉപസമൂഹത്തെ വിലയിരുത്തുക മാത്രമാണ്. അവരിലൊരാളായിരുന്നു ദെസ്തക്കീറും. എന്നാല്‍, അയാള്‍ കുറേക്കൂടി ബാലന്‍സിംഗ് ആയിരുന്നു. ചിന്താപരമായി സൗന്ദര്യ പക്ഷത്തായിരുന്നു അയാള്‍. നിലപാടുകളില്‍ അരാഷ്ട്രീയവാദി എന്ന് തന്നെ വിളിക്കാം എന്ന് തോന്നുന്നു. ആഡംബര ജീവിതവും സുഖഭോഗവും അയാള്‍ ഇഷ്ടപ്പെട്ടു. ഗള്‍ഫില്‍ നിന്നും പോന്നശേഷം പലതരം ബിസിനസുകള്‍ തുടങ്ങിയെങ്കിലും അവയെല്ലാം പൊട്ടി പാളിസ് ആവുകയായിരുന്നു.


ഈ സുഹൃത്തുക്കളുടെ ചിന്താലോകത്തിന് എന്തോ പൊരുത്തക്കേട് ഉണ്ടെന്ന് എനിക്ക് തോന്നിത്തുടങ്ങി. ഈ സുഹൃത് വലയത്തിലെ രണ്ടുപേര്‍ ആത്മഹത്യ ചെയ്യുകയും നാരായണന്‍കുട്ടി അമൃതാനന്ദമയി മഠത്തില്‍ പോയി പിന്നീട് മരണപ്പെടുകയും ചെയ്തു. ഞാന്‍ അകപ്പെട്ടുപോയ ചിന്താ കെണികളെക്കുറിച്ച് കൂടുതല്‍ ആത്മബോധം ആര്‍ജിക്കുകയും അതില്‍നിന്ന് വഴുതിമാറാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ബാംഗ്ലൂരിലുള്ള സൈക്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോയി. അവിടെ ഒരു 'പണി തരപ്പെടുത്തി ആകെ ഏകദേശം ഒന്നര വര്‍ഷം ചെലവഴിക്കുകയും ചെയ്തു. ഇതിനിടയില്‍ സുഹൃത്തുക്കള്‍ പലരും പലയിടത്തും ചിതറിപ്പോയിരുന്നു. പലരെയും പറ്റി അറിയാനും കഴിഞ്ഞില്ല..


എന്റെ ഉമ്മാടെ വീട് കൊടുങ്ങല്ലൂരിലെ തന്നെ അഴീക്കോട് ആണ്. ബാംഗ്ലൂരില്‍നിന്ന് എത്തിയ ദിവസം അവിടെ പോയി വരും വഴി ഒരു ഹോട്ടലില്‍ കയറി. അപ്പോഴതാ ആ ഹോട്ടലില്‍ ദെസ്തക്കീര്‍. അയാളുടെ കാര്‍ ഹോട്ടലിനരികില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. കണ്ടപാടെ ഞങ്ങള്‍ പരസ്പരം അഭിവാദ്യം ചെയ്തു. കുറച്ചു നാള്‍ നാട്ടിലില്ലാതായ കാര്യം ഞാന്‍ പറഞ്ഞു.

''താങ്കളുടെ വീട്ടിലേക്ക് എപ്പോഴാണ് വരേണ്ടത്'' ഞാന്‍ ചോദിച്ചു. ''എനിക്കിപ്പോള്‍ ആ വീടില്ല. വീടിന്റെ ഭാഗം തിരിച്ചു. അദ്ദേഹത്തിന് വാഹനാപകടത്തില്‍ പരിക്ക് പറ്റിയ വിവരം നാസിമുദ്ദീന്‍ അറിഞ്ഞിരുന്നോ? അതിനുശേഷം ഞങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീണു. ജ്യേഷ്ഠന്‍ സഗീറുമായി വളരെ ആത്മബന്ധത്തിലായിരുന്നു ഞാന്‍ പരിചയപ്പെടുമ്പോള്‍ ദെ സ്തക്കീര്‍. അവരുടെ കുടുംബത്തില്‍ എല്ലാവരും സുഹൃത്തുക്കളെ പോലെയായിരുന്നു.

ഞാനും പലതരം യാദൃശ്ചികതകളില്‍ പെട്ട് പല പല ജീവിതസ്ഥലികളിലെത്തിപ്പെട്ടു. അപ്പോഴെല്ലാം അയാളെക്കുറിച്ച് കൃത്യമായി അറിയാനുള്ള ത്വര എന്നിലുണ്ടായിരുന്നു.പലരോടും ചോദിച്ചപ്പോള്‍ പല പല ഉത്തരങ്ങള്‍ ആണ് കിട്ടിയത്. ഇതിനിടയില്‍ യാദൃശ്ചികമായി സിറാജിനെ കൊടുങ്ങല്ലൂര്‍ വെച്ച് കണ്ടുമുട്ടി. ദെസ്തക്കീറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സിറാജ് പറഞ്ഞു. 'അവസാനം എന്റെ ആലുവയിലെ വീട്ടിലായിരുന്നു. അവിടെ വെച്ച് ഹൃദയസ്തംഭനം വന്ന് മരിച്ചു. ഒരു വര്‍ഷം കഴിഞ്ഞു. നിങ്ങളെ അറിയിക്കാന്‍ കഴിഞ്ഞില്ല. നമ്മള്‍ തമ്മില്‍ കുറെനാളായി കണക്ഷന്‍ ഇല്ലല്ലോ നിങ്ങളുടെ ഫോണ്‍ നമ്പറും എനിക്കറിയില്ലായിരുന്നു.,.'



Similar Posts