Column
ഹാപ്പി ബര്‍ത്ത്‌ഡേ
Column

ഹാപ്പി ബര്‍ത്ത്‌ഡേ

ആദം അയ്യൂബ്
|
1 Jun 2022 10:43 AM GMT

എന്റെ പത്തൊന്‍പതാം ജന്മദിനത്തില്‍ ഞാന്‍ കോടതി കയറി. അതെന്റെ ആദ്യത്തെയും അവസാനത്തേയും കോടതി കയറ്റമായിരുന്നു. പിഴ മുഴുവനും ഞാന്‍ തന്നെ അടച്ച് കഴിഞ്ഞ് സൈക്കിള്‍ തിരിച്ചെടുക്കാന്‍ പോയപ്പോള്‍, ഇന്നലെ കണ്ട പൊലീസുകാരന്‍ എന്നെ നോക്കി പറഞ്ഞു ' ഹാപ്പി ബര്ത്ത്‌ഡേ !'' | വൈഡ് ആംഗിള്‍ - ഭാഗം 07

സ്റ്റുഡിയോയുടെ മേല്‍വിലാസമാണ് ഞാന്‍ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഒക്കെ കൊടുത്തിരുന്നത്. ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോഴാണ് വീട്ടില്‍ നിന്നുള്ള കത്ത് കൈയില്‍ കിട്ടിയത്. മുറിയില്‍ എത്തിയിട്ട് സാവകാശം വായിക്കാന്‍ കത്ത് പോക്കറ്റിലിട്ടു. കുളിയൊക്കെ കഴിഞ്ഞു കട്ടിലില്‍ കിടന്നുകൊണ്ട് വീട്ടില്‍ നിന്ന് വന്ന കത്ത് വായിക്കുകയായിരുന്നു. അന്ന് വീട്ടില്‍ ഫോണ്‍ ഉണ്ടെങ്കിലും വിളിക്കണമെങ്കില്‍ ട്രങ്ക് കാള്‍ ബുക്ക് ചെയ്യണം. വിദൂര സ്ഥലങ്ങളില്‍ താമസിക്കുന്നവരുടെ ട്രങ്ക് കാള്‍ വരുന്നത് തന്നെ അപകട സൂചനയാണ്. അത്യാവശ്യങ്ങള്‍ക്കും അത്യാഹിതങ്ങള്‍ക്കും മാത്രമാണ് ട്രങ്ക് കാള്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് കത്ത് തന്നെയാണ് പ്രധാന ആശയവിനിമയ മാര്‍ഗം. ഒരു കത്തില്‍ തന്നെ ബാപ്പയും ഉമ്മയും വെവ്വേറെ എഴുതും. ബാപ്പ ഇംഗ്ലീഷില്‍ ആണ് എഴുതുന്നത്. ഉമ്മാ മലയാളത്തിലും. ബാപ്പയുടെ കത്തുകള്‍ വളരെ ഹൃസ്വവും കാര്യമാത്ര പ്രസക്തവുമായിരിക്കും. ഉമ്മായുടെ കത്തുകള്‍ ദീര്‍ഘവും വിശേഷങ്ങള്‍ നിറഞ്ഞതുമായിരിക്കും. മനോഹരമായ ചെറിയ അക്ഷരങ്ങളില്‍ ഉമ്മാ നല്ല സാഹിത്യത്തിലാണ് കത്തെഴുതുന്നത്. പത്താം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ എങ്കിലും ഉമ്മയുടെ ഭാഷാ വളരെ സുന്ദരമായിരുന്നു. വീട്ടിലെ എല്ലാ കൊച്ചു വിശേഷങ്ങളും ഉമ്മയുടെ കത്തില്‍ ഉണ്ടാവും. പിന്നെ ഉപദേശങ്ങളും. വീട്ടില്‍ നിന്ന് മാസം തോറും വരുന്ന മണി ഓര്‍ഡര്‍ മാത്രമാണ് എന്റെ ഏക വരുമാന മാര്‍ഗം. ബാപ്പയുടെ കത്തിലാണ് മണി ഓര്‍ഡര്‍ സംബന്ധിച്ച വിവരങ്ങള്‍ ഒക്കെ ഉണ്ടാവുക.

അണ്ണാദുരൈയുടെ ചരമത്തോടനുബന്ധിച്ചുണ്ടായ ഹര്‍ത്താലും, എന്റെ ദുരനുഭവവും ഒക്കെ വായിച്ച്, ഉമ്മാ വളരെ ആശങ്കയിലായിരുന്നു. അവിടത്തെ ജോലി മതിയാക്കി വേഗം തിരിച്ചു വരാനാണ് ഉമ്മാ ആവശ്യപ്പെട്ടത്. ഒറ്റയ്ക്ക് താമസിക്കുന്നത് സുരക്ഷിതമാണോ എന്നായിരുന്നു ബാപ്പയുടെ ചോദ്യം. രണ്ടുപേരേയും സമാശ്വസിപ്പിച്ചു കൊണ്ട് വിശദമായ ഒരു മറുപടി എഴുതാന്‍ തയ്യാറെടുക്കുമ്പോഴാണ്, വാതില്‍ക്കല്‍ ഒരു മുട്ട് കേട്ടത്. വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഒട്ടും പ്രതീക്ഷിക്കാത്ത രണ്ട് സന്ദര്‍ശകരെയാണ്. ഒന്ന് ബംഗ്ലൂരിലുള്ള എന്റെ എളാപ്പ, ഡി.എ സേട്ട്. മറ്റേത് എനിക്ക് പരിചയമില്ലാത്ത ഒരു തടിയന്‍ ചെറുപ്പക്കാരന്‍. എളാപ്പ മുറിയില്‍ കയറി ചുറ്റുമൊന്ന് നോക്കി,

'' ഈ ഇടുങ്ങിയ മുറിയിലാണോ നീ താമസിക്കുന്നത് ?''

ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. ഇരുന്നു കൊണ്ട് അദ്ദേഹം തടിയനെ പരിചയപ്പെടുത്തി.

''ഇതെന്റെ അളിയന്‍, സര്‍ദാര്‍.''

ഞാന്‍ തടിയന് ഹസ്തദാനം ചെയ്തു.. എളാപ്പയുടെ ഭാര്യവീട് മദ്രസസിലാണ് എന്നെനിക്കറിയാമായിരുന്നു. അദ്ദേഹം എന്തോ ആവശ്യം പ്രമാണിച്ച് മദ്രാസില്‍ വന്നതാണെന്ന് പറഞ്ഞു. മദ്രാസില്‍ എത്തുമ്പോള്‍ എന്റെ വിവരങ്ങള്‍ പോയി അന്വേഷിക്കണം എന്ന് ബാപ്പ എഴുതിയിരുന്നുവത്രേ. അതാണ് ഈ സന്ദര്‍ശനത്തിന്റെ ഉദ്ദേശം. അണ്ണാദുരൈയുടെ ചരമദിവസം ഞാനനുഭവിച്ച ബുദ്ധിമുട്ടുകള്‍ ബാപ്പാ അദ്ദേഹത്തെ അറിയിച്ചിരുന്നു.

''ഇനി നീ ഇവിടെ താമസിക്കണ്ട'' അദ്ദേഹം പറഞ്ഞു.

''പിന്നെ?''

''സര്‍ദാരിന്റെ വീട്ടില്‍ താമസിക്കാം''

''വേണ്ട,'' ഞാന്‍ പറഞ്ഞു. ' എനിക്കിവിടെ പ്രശ്‌നം ഒന്നുമില്ല''

''അണ്ണാദുരൈ മരിച്ച ദിവസം നീ പട്ടിണി കിടന്നില്ലേ ?, ഗുണ്ടകള്‍ നിന്നെ ആക്രമിച്ചില്ലേ?

''അത് കഴിഞ്ഞല്ലോ.''

''അതിനിയും സംഭവിച്ചു കൂടായ്കയില്ല''

''അണ്ണാദുരൈ ഇനി മരിക്കില്ല''

എളാപ്പാക്ക് ദ്വേഷ്യം വന്നു. ''നീ തര്‍ക്കുത്തരം പറയണ്ട, നിന്നെപ്പോലൊരു പയ്യന്‍ ഈ നഗരത്തില്‍ ഇങ്ങനെ ഒറ്റയ്ക്ക് താമസിക്കുന്നത് ശരിയല്ല. വേഗം സാധനങ്ങള്‍ ഒക്കെ പാക്ക് ചെയ്യ്. ഞാന്‍ നിന്നെ കൊണ്ട്‌പോകാനാണ് വന്നത്.''


ഞാന്‍ അദ്ദേഹത്തോട് കെഞ്ചി നോക്കി. പക്ഷെ, അദ്ദേഹം തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. ഞാന്‍ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു. ചെറിയ മുറിയാണെങ്കിലും ഇതെന്റെ സാമ്രാജ്യമാണ്. ഇവിടെ എനിക്ക് പൂര്‍ണ സ്വാതന്ത്രമുണ്ട്. ഇവിടെ എന്റെ ഇഷ്ടവും തീരുമാനങ്ങളും തന്നെയാണ് നടപ്പാവുക. എന്നാല്‍, മറ്റൊരു വീട്ടില്‍ അതിഥിയായി താമസിക്കുമ്പോള്‍, ആ സ്വാതന്ത്ര്യം ഉണ്ടാവില്ല. ഞാന്‍ അവസാനമായി പറഞ്ഞു നോക്കി. ' വെറുതെ എന്തിനാ അവരെ ബുദ്ധിമുട്ടിക്കുന്നത്?''

''ഞങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല'' സര്‍ദാര്‍ ആണ് അത് പറഞ്ഞത്. ''നിങ്ങള്‍ വന്നാല്‍ എനിക്കൊരു കൂട്ടാവും''

''ഒഴിവു സമയങ്ങളില്‍ ഞാന്‍ വരാം'' ഞാന്‍ പറഞ്ഞു.

എളാപ്പ ശബ്ദം താഴ്ത്തി മലയാളത്തില്‍ പറഞ്ഞു, ' ഈ തടിയന് നിനക്കൊരു ബോഡിഗാര്‍ഡ് ആയിരിക്കും. ഇവന്‍ കൂടെ ഉണ്ടെങ്കില്‍ നിന്നെ ആരും ആക്രമിക്കാന്‍ വരില്ല. ഇവന്‍ ആളൊരു പഹേനെകൊല്ലി ആണ്''

ഞാന്‍ ആ പഹേനെകൊല്ലിയെ നോക്കി. എന്നേക്കാള്‍ രണ്ടോ മൂന്നോ വയസ്സ് കൂടുതല്‍ കാണും. എന്നാല്‍ കട്ടിയുള്ള മീശയുണ്ട്. ഞാന്‍ നോക്കുന്നത് കണ്ടു അവന്‍ പുഞ്ചിരിച്ചു ' വരൂന്നേ, നമുക്ക് അടിച്ചു പൊളിക്കാം''

ഇനി തര്‍ക്കിച്ചിട്ടു കാര്യമില്ലെന്ന് മനസ്സിലായി. ഞാന്‍ സാധനങ്ങള്‍ എല്ലാം പാക്ക് ചെയ്തു, മുറിയുടെ കണക്കെല്ലാം തീര്‍ത്തു. മലയാളി സുഹൃത്തുക്കളോട് യാത്രയും പറഞ്ഞ് ഇറങ്ങി. ട്രിപ്പ്‌ളിക്കെയിന്‍ എന്ന സ്ഥലത്തെ ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തായിരുന്നു സര്‍ദാറിന്റെ വീട്. എന്നെ കണ്ടപ്പോള്‍ സര്‍ദാരിന്റെ ഉമ്മയുടെ മുഖത്ത് കണ്ട ഭാവമാറ്റം സന്തോഷം ആയിരുന്നില്ല എന്നെനിക്കുറപ്പാണ്. ആ വീട്ടില്‍ സര്‍ദാറിന്റെ ജ്യേഷ്ഠനും ഭാര്യയുമൊക്കെ ഉണ്ടായിരുന്നു. എന്നെ അവിടെ ആക്കിയിട്ട് എളാപ്പാ പിറ്റേ ദിവസം തന്നെ ബംഗ്ലൂരിലേക്ക് തിരിച്ചു പോയി.

കോടമ്പാക്കം കഴിഞ്ഞ് വടപളനി എന്ന സ്ഥലത്താണ് ശാരദാ സ്റ്റുഡിയോ. മാംബലത്തുള്ള സത്യാ ലോഡ്ജില്‍ നിന്ന് ഒരൊറ്റ ബസ് കയറി എനിക്ക് ഇരുപതു മിനിട്ട് കൊണ്ട് വടപളനിയില്‍ എത്താം. എന്നാല്‍, ട്രിപ്പ്‌ളിക്കെയ്‌നില്‍ നിന്ന് എനിക്ക് രണ്ടു ബസ്സ് കയറണം അവിടെ എത്താന്‍. അതുകൊണ്ട് തന്നെ വളരെ നേരത്തേ ഇറങ്ങണം. ഞാന്‍ സര്‍ദാറിന്റെ വീട്ടില്‍ നിന്ന് പ്രാതല്‍ കഴിക്കാറില്ല. രാത്രിയും ഞാന്‍ പുറത്തു നിന്ന് ഭക്ഷണം കഴിച്ചിട്ടാണ് വരുന്നത്. വീട്ടുകാരെ കഴിയുന്നത്ര ബുദ്ധിമുട്ടിക്കരുത് എന്നായിരുന്നു എന്റെ ചിന്ത. സര്‍ദാര്‍ ഒഴിച്ച് മറ്റാരും എന്നോട് വലിയ അടുപ്പം കാണിക്കാറില്ല. എനിക്ക് അവിടെ വല്ലാത്ത അസ്വസ്ഥത തോന്നിത്തുടങ്ങി. സത്യാ ലോഡ്ജില്‍ ഞാന്‍ എത്ര സന്തുഷ്ടനും സ്വതന്ത്രനും ആയിരുന്നു!

സര്‍ദാര്‍ ഒരു ഭക്ഷണപ്രിയനും ഉല്ലാസ പ്രിയനുമായിരുന്നു. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അവന് വലിയ ഇഷ്ടമാണ്. എനിക്കൊഴിവുള്ള ദിവസങ്ങളില്‍ ഞാനും സര്‍ദാരും കൂടി ബീച്ചിലും സിനിമയ്ക്കും ഒക്കെ പോകുമായിരുന്നു. ഹോട്ടലില്‍നിന്ന് ഭക്ഷണവും കഴിച്ചിട്ടാണ് ഞങ്ങള്‍ മടങ്ങുക. സര്‍ദാരിന്റെ വീട്ടുകാരെ കഴിയുന്നത്ര ബുധിമുട്ടിക്കാതിരിക്കുക എന്ന ഉദ്ദേശം കാരണം ഞാന്‍ മിക്കപ്പോഴും പുറത്തു നിന്ന് തന്നെയാണ് ഭക്ഷണം കഴിക്കുക. ചിലപ്പോഴൊക്കെ അവന്റെ സുഹൃത്തുക്കളും കൂടെ കാണും.

ഒരു ദിവസം സ്റ്റുഡിയോ മേല്‍വിലാസത്തില്‍ എനിക്കൊരു ജന്മദിന ആശംസാകാര്‍ഡ് വന്നു. നാട്ടിലെ എന്റെ സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് അയച്ചതാണ്. അപ്പോഴാണ് പിറ്റേ ദിവസം, മാര്‍ച്ച് എട്ടാം തിയതി, എന്റെ ജന്മദിനം ആണെന്ന് ഞാനോര്‍ത്തത്. അന്ന് സര്‍ദാരിനോടൊപ്പം സിനിമാ കാണാന്‍ പോകാന്‍ പരിപാടി ഇട്ടിരുന്നു. ഫസ്റ്റ് ഷോക്ക് തിയേറ്ററില്‍ എത്താം എന്നായിരുന്നു ധാരണ. ഞാന്‍ നേരേ തിയേറ്ററില്‍ എത്തി. സര്‍ദാര്‍ സൈക്കിളിലാണ് വന്നത്. സിനിമ കഴിഞ്ഞ്, ഭക്ഷണവും കഴിച്ച് ഞങ്ങള്‍ തിരിച്ചു വരികയായിരുന്നു. എന്റെ കൈയ്യിലിരുന്ന ബര്‍ത്ത്‌ഡേ കാര്‍ഡ് കണ്ടപ്പോള്‍ അവനു സന്തോഷമായി. ആഘോഷിക്കാന്‍ മറ്റൊരു കാരണം കിട്ടിയല്ലോ.

'' നാളെ നമുക്ക് കെങ്കേമമായി ആഘോഷിക്കണം. വീട്ടില്‍ നമുക്കൊരു പാര്‍ട്ടി വെക്കാം''

''അതൊന്നും വേണ്ട. ഞാന്‍ ജന്മദിനം ആഘോഷിക്കാറില്ല. ഞങ്ങളുടെ വീട്ടില്‍ അങ്ങനെ ഒരു പരിപാടിയില്ല''

''ഏതായാലും നമുക്ക് ഇക്കൊല്ലം നിന്റെ ബര്‍ത്ത്‌ഡേ ആഘോഷിക്കണം. വീട്ടില്‍ വേണ്ടെങ്കില്‍ വേണ്ട. നമുക്ക് പുറത്തു പാര്‍ട്ടി നടത്താം. എന്റെ ഫ്രണ്ട്‌സിനേയും വിളിക്കാം''.

''വേണ്ട, വേണ്ട, ഇന്നത്തെ സിനിമയും ഹോട്ടലിലെ ഭക്ഷണവും ബര്‍ത്ത്‌ഡേ ആഘോഷമായി കണക്കാകിയാല്‍ മതി.''

'' അയ്യേ ഇതെന്തു ആഘോഷം.? ഭാവിയിലെ വലിയ ക്യാമറമാന്റെ ബര്‍ത്ത്‌ഡേ ഇങ്ങനെയൊന്നും ആഘോഷിച്ചാല്‍ പോര.. ഫ്രണ്ട്‌സിനെ ഒക്കെ വിളിച്ചു നമുക്ക് ഗംഭീര പാര്‍ട്ടി നടത്താം''

ഫ്രണ്ട്‌സിനെ വിളിക്കണ്ട. നമുക്ക് രണ്ടു പേര്‍ക്ക് മാത്രം വേണമെങ്കില്‍ ഏതെങ്കിലും ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാം.''

ഭക്ഷണം ആണ് സര്‍ദാറിനു പ്രധാനം. പാര്‍ട്ടി നടത്തിയാലും ഇല്ലെങ്കിലും, അവനു ഭക്ഷണം കിട്ടിയാല്‍ മതി. അത് ഞാന്‍ ഏറ്റപ്പോള്‍ അവനു സന്തോഷമായി. അവന്‍ സന്തോഷത്തോടെ സൈക്കിള്‍ ആഞ്ഞു ചവിട്ടാന്‍ തുടങ്ങി. ഞാന്‍ പിന്നില്‍ ഇരിക്കുകയായിരുന്നു. അവന് ''ഹാപ്പി ബര്‍ത്ത്‌ഡേ ടൂ യു...'' എന്ന് നീട്ടിപ്പാടിക്കൊണ്ട്, ഹാന്‍ഡില്‍ ബാറില്‍ നിന്നും കൈവിട്ട് സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങി. സൈക്കിളിന് ലൈറ്റ് ഇല്ലായിരുന്നു. വഴിയില്‍കിടന്ന ഒരു വലിയ കല്ലില്‍ തട്ടി സൈക്കിള്‍ മറിഞ്ഞു. ഞങ്ങള്‍ രണ്ടു പേരും വീണു. എന്റെ മുട്ടുകാല്‍ പൊട്ടി. കണ്ണ് തുറന്നപ്പോള്‍ ബൂട്‌സിട്ട രണ്ടുകാലുകള്‍ കണ്ടു. ബലിഷ്ടമായ കൈകള്‍ എന്നെ പിടിച്ചു എഴുന്നേല്‍പിച്ചു. അത് ഒരു പൊലീസുകാരനായിരുന്നു. സര്‍ദാര്‍ തപ്പിപ്പിടഞ്ഞു തന്നേ എഴുന്നേറ്റു.

'' എന്നെടാ, ലൈറ്റ് ഇല്ലാമേ സൈക്കിള്‍ ഓട്ട്രെ ? അതുക്കുമെലെ ഡബിള്‍സ് കൂടെ?'' അയാള്‍ സര്‍ദാറിനു നേരേ തിരിഞ്ഞു. ' നീ താനേ സൈക്കിള്‍ ഓട്ടനത്?''

''ആമാ സാര്‍'' സര്‍ദാര്‍ ആകെ വിരണ്ടുപോയി. ലൈറ്റ് ഇല്ലാത്തത് ഒരു കുറ്റം. പിന്നില്‍ ആളെ ഇരുത്തി ഡബിള്‍സ് ചവിട്ടുന്നത് മറ്റൊരു കുറ്റം. സര്‍ദാര്‍ അയാളോട് തമിഴില്‍ എന്തൊക്കെയോ പറയുകയും താണ് കേണു അപേക്ഷിക്കുകയും ചെയ്ത് നോക്കി. പക്ഷെ, ആ പോലീസുകാരന് ന്‍ വളരെ കണിശക്കാരന്‍ ആയിരുന്നു. അയാള്‍ ഞങ്ങളോട് പേരും വയസ്സും വിലാസവും ഒക്കെ ചോദിച്ചു. ഞങ്ങള്‍ എല്ലാം കൃത്യമായി പറഞ്ഞു കൊടുത്തു. അയാള്‍ അതെല്ലാം കുറിച്ചെടുത്തു. എന്നിട്ട് സൈക്കിള്‍ കസ്റ്റഡിയില്‍ എടുത്തു.

''നാളെ കാലേലെ ഗിണ്ടി കോര്‍ട്ടിലെ വാ'' ഇതും പറഞ്ഞു അയാള്‍ സൈക്കിളും കൊണ്ട് പോയി.

പിറ്റേ ദിവസം രാവിലെ ഞങ്ങള്‍ ഗിണ്ടി കോര്‍ട്ടിലെത്തി. അവിടെ ഇതുപോലെ ധാരാളം പെറ്റികേസുകള്‍ കാരണം നല്ല തിരക്കായിരുന്നു. കുറെ നേരം കാത്തിരുന്ന ശേഷമാണ് ഞങ്ങളുടെ പേര് വിളിച്ചത്. ഞങ്ങള്‍ മുന്നോട്ടു കയറി നിന്നു. രാത്രി ലൈറ്റ് ഇല്ലാതെ സൈക്കിള്‍ ഓടിച്ചു, നിയമവിരുദ്ധമായി കാരിയറില്‍ ആളെ ഇരുത്തി സവാരി ചെയ്ത് അപകടുണ്ടാക്കി എന്നിങ്ങനെയുള്ള കുറ്റപത്രം വായിക്കപ്പെട്ടു. മേല്‍പറഞ്ഞ കുറ്റകൃത്യം ചെയ്‌തോ എന്ന് ജഡ്ജി ചോദിച്ചു. ഞങ്ങള്‍ കുറ്റം സമ്മതിച്ചു. രണ്ടു പേര്‍ക്കും ഇരുപത്തഞ്ചു രൂപാ വീതം പിഴയിട്ടു. അങ്ങനെ എന്റെ പത്തൊന്‍പതാം ജന്മദിനത്തില്‍ ഞാന്‍ കോടതി കയറി. അതെന്റെ ആദ്യത്തെയും അവസാനത്തേയും കോടതി കയറ്റമായിരുന്നു. പിഴ മുഴുവനും ഞാന്‍ തന്നെ അടച്ച് കഴിഞ്ഞ് സൈക്കിള്‍ തിരിച്ചെടുക്കാന്‍ പോയപ്പോള്‍, ഇന്നലെ കണ്ട പൊലീസുകാരന്‍ എന്നെ നോക്കി പറഞ്ഞു' ഹാപ്പി ബര്‍ത്ത്‌ഡേ !''

അയാള്‍ എന്റെ ബര്‍ത്ത്‌ഡേ കാര്‍ഡ് എടുത്തു നീട്ടി. ഇന്നലെ സൈക്കിളിന്റെ കാരിയറില്‍ അത് വെച്ചിരുന്ന കാര്യം ഞാനോര്‍ത്തു.

'' താങ്ക് യു സാര്'' ഞാന്‍ നന്ദിയോടെ അത് വാങ്ങി. പൊലീസുകാരന്റെ സൗഹൃദ ഭാവം കണ്ടപ്പോള്‍ സര്‍ദാറിനു ആവേശമായി. അവന്‍ പറഞ്ഞു, ' സാര്‍ ഇവരുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടി ഇരുക്ക്. ഹോട്ടലില്‍ പോയി സാപ്പിടലാം. നീങ്ങളും വാങ്‌ഗോ''.

'' പാര്‍ട്ടി ഒന്നും വേണ്ട. ഏര്‍ക്കണവേ അമ്പതു രൂപാ തൊലചാച്ചു. നീ താനേ ഇതുക്കെല്ലാം കാരണക്കാരന്‍ ?'' അയാള്‍ സര്‍ദാരിനോട് പറഞ്ഞു. എനിക്ക് സന്തോഷമായി. ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചിരുന്നെങ്കില്‍ പോലും അന്ന് ഇത്ര പൈസ ആവില്ല.

'' രൊമ്പ നന്ദി സാര്‍.'' ഞാന്‍ അദ്ദേഹത്തിന് കൈ കൊടുത്ത് തിരിഞ്ഞു നടന്നു.

സര്‍ദാര്‍ വിഷണ്ണനായി, പിന്നില്‍ നിന്ന് വിളിച്ചു ചോദിച്ചു.

'' അപ്പൊ പാര്‍ട്ടി ?''

'' ജന്മദിനത്തിന് എന്നെ കോടതിയില്‍ കയറ്റി, ഒരിക്കലും മറക്കാത്ത ഒരു ജന്മദിനം സമ്മാനിച്ചില്ലേ? ഇനി എന്ത് പാര്‍ട്ടി ?'' ഞാന്‍ നടന്നു.

സര്‍ദാര്‍ വിഷണ്ണനായി നോക്കി നിന്നു.

Similar Posts