Court Room
മാരിറ്റൽ റേപ്പ് കുറ്റകൃത്യമോ?
Court Room

മാരിറ്റൽ റേപ്പ് കുറ്റകൃത്യമോ?

ഷബ്ന സിയാദ്
|
7 Aug 2021 11:22 AM GMT

ഭര്‍തൃബലാത്സംഗത്തിനെതിരെ ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയെന്ന് കോടതി

ബലാത്സംഗം ഒരു സാധാരണ കുറ്റകൃത്യമല്ല, അതൊരു അധികാര പ്രയോഗം കൂടിയാണ്. എന്നാൽ ഭാര്യയ്ക്ക് മേൽ ഭർത്താവ് ഈ അധികാരം കാണിച്ചാൽ എങ്ങനെയാണ് കുറ്റകൃത്യമല്ലാതാകുക. ഒന്നിച്ചു താമസിക്കുന്ന ഭാര്യയെ അവരുടെ സമ്മതമില്ലാതെ, കീഴ്പ്പെടുത്തി ലൈംഗിക അതിക്രമം കാണിച്ചാൽ ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം കുറ്റകൃതമല്ല. 2013ൽ Marital Rape കുറ്റകൃത്യം ആക്കണമെന്നു ജസ്റ്റിസ് വർമ്മ കമ്മീഷൻ ശുപാർശ ചെയ്തിരുന്നതാണ്. എന്നാൽ ഇതുവരെയും അത് നടപ്പായിട്ടില്ല. ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം 7 ശതമാനം സ്ത്രീകൾ തങ്ങൾക്ക് താല്പര്യമില്ലാത്തപ്പോൾ നിർബന്ധിതമായി പങ്കാളിയുമായി ശാരീരിക ബന്ധം പുലർത്തേണ്ടി വരുന്നവരാണ്. ഇവിടെയാണ് ഹൈക്കോടതിയുടെ ഇടപെടൽ ശ്രദ്ധേയമാകുന്നത്.

ഭർതൃ ബലാത്സംഗമെന്നത് കോടതികൾക്ക് പോലും എളുപ്പം നിർവചിക്കാനാവാത്ത വിഷയമാണ്. ഭർതൃ ബലാത്സംഗത്തിനിരയായ സ്ത്രീയുടെ അവസ്ഥയിൽ സഹതാപമുണ്ടെന്നാണ് ഹൈക്കോടതി പോലും പറഞ്ഞത്. ഭർതൃ ബലാത്സംഗമെന്നത് വിവാഹമോചനത്തിന് കാരണമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കോഴിക്കോട് സ്വദേശികളുടെ വിവാഹമോചന ഹരജിയാണ് കോടതിയുടെ മുൻപിലെത്തിയത്. കുടുംബ കോടതി ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചിരുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ഭർത്താവ് സമർപ്പിച്ച രണ്ട് അപ്പീലുകൾ തള്ളിയാണ് ഹൈക്കോടതി ഭർതൃബലാത്സംഗങ്ങളെ പറ്റിയുള്ള നിരീക്ഷണം നടത്തിയത്.

ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താക്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് സുപ്രധാനമായ നീരീക്ഷണം നടത്തിയിട്ടുള്ളത്. 'ലൈംഗികതയിൽ ഭാര്യയുടെ അവകാശത്തെ അവഗണിക്കുന്ന ഒരു ഭർത്താവിന്റെ സ്വഭാവം വൈവാഹിക ബലാത്സംഗമാണ്, അത്തരം പെരുമാറ്റം നിയമപരമായി ശിക്ഷിക്കാനാകില്ലെങ്കിലും അത് ശാരീരികവും മാനസികവുമായ ക്രൂരതയുടെ പരിധിയിൽ വരുമെന്നാണ് കോടതി നിരീകഷിച്ചത്. അതുകൊണ്ട് തന്നെയാണ് ഇവർക്ക് വിവാഹമോചനം അനുവദിക്കണമെന്ന് കോടതി തീരുമാനമെടുത്തതും. സ്വന്തം തിരഞ്ഞെടുപ്പിനായി ഒരു സ്ത്രീ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണിതെന്ന് കോടതി തന്നെ പറയുന്നു. വിവാഹമോചനത്തിനായുള്ള അവളുടെ നിലവിളി ഒരു ദശാബ്ദത്തിലേറെയായി (12 വർഷം) നീതിയുടെ ക്ഷേത്രത്തിൽ നീണ്ടുവെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. ഭർത്താവിന്റെ പീഡനവും ക്രൂരതയും സഹിക്കാവുന്നതിലും അപ്പുറത്തേക്ക് എത്തിയപ്പോൾ വിവാഹമോചനത്തിന് അപേക്ഷിക്കാൻ അവൾ തയാറായി. ഡോക്ടറായിരുന്ന ഭർത്താവ് പിന്നീട് ബിസിനസിലേക്ക് തിരഞ്ഞു. റിയൽ എസ്റ്റേറ്റ് ബിസിനസിൽ പണം മുടക്കുന്നതിനായി ഭാര്യയുടെ സമ്പാദ്യങ്ങൾ ഓരോന്നായി ആവശ്യപ്പെട്ടു. നിരന്തര പീഡനങ്ങളായി. 77 ലക്ഷത്തിലധികം ഭാര്യാവീട്ടിൽ നിന്ന് പലപ്പോഴായി ഭർത്താവിന് നൽകി. ഇതിനേക്കാൾ ഭർത്താവിനെതിരെ ഭാര്യ പറഞ്ഞതിൽ ഏറ്റവും ഗുരുതരമായ ആരോപണം മോശമായ ലൈംഗിക വികലതയെ പറ്റിയായിരുന്നു.

രോഗിയായി കിടപ്പിലായിരുന്നപ്പോഴും, അമ്മയുടെ മരണ ദിവസം പോലും ലൈഗിക ബന്ധത്തിലേർപ്പെടാൻ ബലപ്രയോഗം നടത്തിയെന്നതായിരുന്നു ഭാര്യയുടെ പരാതി. പലപ്പോഴും തന്റെ അനുമതിയില്ലാതെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് വിധേയയാകുന്നുവെന്നും ഇവരുടെ മകളുടെ മുന്നിൽ പോലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിതായും ഈ സ്ത്രീ കോടതിയിൽ പറഞ്ഞു.

ഇതിനുപുറമെ, അപ്പാർട്ട്‌മെന്റിന്റെ കെയർടേക്കറുമായി അവിഹിത ബന്ധമുണ്ടെന്ന് ഭർത്താവ് ആരോപണമുന്നയിക്കുകയും അപവാദം പറഞ്ഞ് നടക്കുകയും ചെയ്യുന്നുവെന്നും പറഞ്ഞു. ഇവരുടെ അവസ്ഥയോട് സഹതാപം പ്രകടിപ്പിച്ച ഡിവിഷൻ ബെഞ്ച്, ഇവർ നല്കിയ തെളിവുകൾ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായ എല്ലാത്തരം ലൈംഗിക വൈകൃതങ്ങൾക്കും വിധേയയായി എന്ന് വ്യക്തമായി സ്ഥാപിക്കുന്നുവെന്ന് കണ്ടെത്തി.

ഭാര്യയുടെ ശരീരം ഭർത്താവിനോനോട് കടപ്പെട്ടിരിക്കുന്നു എന്ന ധാരണയുള്ളപ്പോഴാണ് വൈവാഹിക ബലാത്സംഗം സംഭവിക്കുന്നതെന്നാണ് കോടതി നിരീക്ഷിച്ചിരുന്നത്. എന്നിരുന്നാലും, അത്തരമൊരു കാര്യത്തിൽ ആധുനിക സാമൂഹിക നിയമശാസ്ത്രത്തിൽ സ്ഥാനമില്ല. വിവാഹിതരായ ഇണകളെ ഇന്ന് തുല്യ പങ്കാളികളായി കണക്കാക്കുന്നുവെന്നും ഭർത്താവിന് അവളുടെ ശരീരത്തെ സംബന്ധിച്ചിടത്തോളം ഭാര്യയെക്കാൾ ഉയർന്ന ഒന്നും അവകാശപ്പെടാനാകില്ലെന്നും കോടതി ഉറപ്പിച്ചു പറഞ്ഞു.

ഭാര്യയുടെ ശരീരത്തെ ഭർത്താവിന്റെ സ്വന്തമായി പരിഗണിക്കുന്നതും അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗിക പ്രവർത്തനങ്ങൾ നടത്തുന്നതും വൈവാഹിക ബലാത്സംഗമല്ലാതെ മറ്റൊന്നുമല്ല. ദാമ്പത്യത്തിൽ, ഒരു വ്യക്തിയെന്ന നിലയിൽ അവനിൽ അന്തർലീനമായ അമൂല്യമായ അവകാശം പോലെ ജീവിതപങ്കാളിക്ക് അത്തരം സ്വകാര്യതയുണ്ട്. അതിനാല് വിവാഹമോചനം അവകാശപ്പെടാനുള്ള നല്ലൊരു കാരണമാണ് വൈവാഹിക ബലാത്സംഗമെന്ന് കോടതി വ്യക്തമാക്കി.

ഇത്തരം പ്രശ്‌നങ്ങള് വിവാഹ ജീവിതത്തിൽ നിലനില്ക്കുന്നതുകൊണ്ട് തന്നെ വിവാഹവും വിവാഹമോചനവും മതേതര നിയമത്തിന് കീഴിൽ കൊണ്ടുവരണമെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപെടുകയും ചെയ്തു. വ്യക്തികൾക്ക് അവരുടെ നിയമങ്ങൾ വ്യക്തിപരമായ നിയമങ്ങൾക്കനുസൃതമായി നടത്താൻ സ്വാതന്ത്ര്യമുണ്ട്, എങ്കിലും വിവാഹവും വിവാഹമോചനവും മതേതര നിയമത്തിൻ കീഴിലായിരിക്കുന്നതാണ് ഉചിതമെന്നും കോടതി ഓർമിപ്പിച്ചു. നിയമപരമായ ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ഇണയെ നിയമം സംരക്ഷിക്കണം. നിയമം ഒരു വ്യക്തിയെ തന്റെ ഇഷ്ടപ്രകാരം പ്രവർത്തിക്കാൻ അനുവദിക്കുമെങ്കിലും, വിവാഹമോ വേർപിരിയലോ അനുഭവിച്ച ഇണയുടെ നഷ്ടം നിയമത്തിന് അവഗണിക്കാനാവില്ല. എല്ലാ സമുദായങ്ങൾക്കും ഒരുപോലെ ബാധകമായ ഒരു പൊതുനിയമ നിയമം കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.





Similar Posts