Column
ശാരദ സ്റ്റുഡിയോയിലെ മായാത്ത ഓര്‍മകള്‍
Column

ശാരദ സ്റ്റുഡിയോയിലെ മായാത്ത ഓര്‍മകള്‍

ആദം അയ്യൂബ്
|
13 May 2022 10:44 AM GMT

സ്റ്റുഡിയോ ജോലിക്കാരില്‍ മലയാളി ആയിട്ട് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, എന്നെ കണ്ടാല്‍ മലയാളി ആണെന്ന് തോന്നുകയില്ല. പലരും എന്നെ ഉത്തരേന്ത്യക്കാരനാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. അതുകൊണ്ട് എങ്ങിനെയെങ്കിലും കുഞ്ചാക്കോയുടെ ശ്രദ്ധയില്‍ പെടണമെന്നും, ഞാന്‍ മലയാളി ആണെന്ന് അദ്ദേഹത്തെ അറിയിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു.

സീനിയര്‍ ക്യാമറാ അസിസ്റ്റന്റ് പദ്മനാഭാനുമായുള്ള സൗഹൃദം എനിക്ക് ഒരു പാട് ഗുണം ചെയ്തു. അദ്ദേഹം ക്യാമറയെക്കുറിച്ച് എനിക്ക് കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞുതന്നു. മൂവി ക്യാമറയിലെ ഫിലിം ലോഡ് ചെയ്യുന്ന ഭാഗത്തെയാണ് മാഗസിന്‍ എന്ന് പറയുന്നത്. സ്റ്റുഡിയോയില്‍ ഉപയോഗിക്കുന്ന ക്യാമറ മിച്ചല്‍ (Mitchell) ക്യാമറയാണ്. ഇത് വളരെ വലുതും ഭാരമുള്ളതുമാണ്. ഇതിന്റെ മാഗസിനില്‍ ഒരു സമയം ആയിരം അടി ഫിലിം (ഒരു റോള്‍) ലോഡ് ചെയ്യാം. ഇത് ശബ്ദരഹിതമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് സമാന്തരമായി ശബ്ദവും റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്നത്. അതുകൊണ്ടാണ് പഴയ സിനിമകളില്‍ ഡബ്ബിംഗ് ഇല്ലാതിരുന്നത്. പക്ഷെ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നത്, ക്യാമറയില്‍ അല്ല, മാഗ്‌നെടിക് ടേപ്പ് റെക്കോര്‍ഡറിലാണ്. വാതില്‍പുറ ചിത്രീകരണത്തിന് ഉപയോഗിക്കുന്നത്, ഭാരം കുറഞ്ഞ ആര്രിഫ്‌ലെക്‌സ് (aarriflex) എന്ന ചെറിയ ക്യാമറയാണ്. ഫിലിം ലോഡ് ചെയ്യാനും അണ്‍ലോഡ് ചെയ്യാനും മാത്രമല്ല ഫോകസ് ചെയ്യാനും പദ്മനാഭന്‍ എന്നെ പഠിപ്പിച്ചു. ടേപ്പ് ഫോകസ്, ഫോളോ ഫോകസ്, ഫോകസ് ഷിഫ്റ്റ് തുടങ്ങിയ സങ്കീര്‍ണ്ണമായ ഫോകസിംഗ് രീതികളും അദ്ദേഹം എന്നെ പഠിപ്പിച്ചു. മിച്ചല്‍ ക്യാമറയിലും ആരിഫ്‌ലെക്‌സ് ക്യാമറയിലും ഫോകസ് ചെയ്യുന്നത് വ്യതസ്ത രീതികളിലാണ്. പഠിക്കാനുള്ള എന്റെ ആര്‍ത്തി സ്റ്റുഡിയോയില്‍ പലരിലും അത്ഭുതവും അസൂയയും ഉളവാക്കി. ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ആവേശത്തോടെയാണ് ഞാന്‍ സ്റ്റുഡിയോയില്‍ എത്തിയിരുന്നത്.

ഞാന്‍ പ്രവര്‍ത്തിച്ച മറ്റൊരു പ്രധാനപ്പെട്ട സിനിമ, കാന്തറാവു, കാഞ്ചന എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഒരു തെലുഗു ചിത്രമായിരുന്നു. ഈ ചിത്രത്തെക്കുറിച്ച് ഞാന്‍ ഓര്‍മിക്കാന്‍ കാരണം, ഈ ചിത്രത്തിലാണ് ഞാന്‍ പല ക്യാമറ ട്രിക്കുകളും പഠിച്ചത്. അതൊരു സാങ്കല്‍പ്പിക ലോകത്ത് നടക്കുന്ന കഥയായിരുന്നു. ധാരാളം വിസ്മയക്കാഴ്ച്ചകള്‍ അതിലുണ്ടായിരുന്നു. അന്ന് എല്ലാ ട്രിക്ക് ഷോട്ടുകളും ക്യാമറയില്‍ തന്നെയാണ് ചെയ്യുക. ഇന്ന് അതെല്ലാം ഷൂട്ടിംഗിനു ശേഷം കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് വഴിയാണ് ചെയ്യുന്നത്. stop block (പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷരാവുകയും ചെയ്യുന്നത്), slow motion, fast motion, riverse camera തുടങ്ങി അനേകം ട്രിക്ക് ഷോട്ടുകള്‍ ഈ സിനിമയില്‍ ഉണ്ടായിരുന്നു. ഇവ ചെയ്യുന്ന വിധം നേരില്‍ കണ്ടു മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നത് ഒരു മഹാഭാഗ്യം തന്നെ ആയിരുന്നു. പദ്മനാഭന്‍ എനിക്ക് അതിന്റെയൊക്കെ പ്രവര്‍ത്തനം വിവരിച്ചു തരികയും ചെയ്തു. പഠിക്കാനുള്ള എന്റെ ആവേശം മനസ്സിലാക്കിയ പല ക്യാമറാമാന്‍മാരും എനിക്ക് കാര്യങ്ങള്‍ വിശദീകരിച്ചു തരാന്‍ ചിലപ്പോഴൊക്കെ സന്മസ്സ് കാട്ടിയിരുന്നു.


എന്നാല്‍, ഈ സിനിമകളെല്ലാം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയിരുന്നു എന്നതാണ് വാസ്തവം. അന്ന് ഇന്ത്യന്‍ സിനിമയില്‍ കളര്‍ വന്നിട്ടില്ല. ഹിന്ദിയില്‍ മാത്രം ഇടയ്ക്കിടെ കളര്‍ സിനിമകള്‍ ഉണ്ടാവരുണ്ടെങ്കിലും, ദക്ഷിണേന്ത്യന്‍ സിനിമയില്‍ കളര്‍ സിനിമകള്‍ അപൂര്‍വമായിരുന്നു. ശാരദാ സ്റ്റുഡിയോയില്‍ ഞാന്‍ പ്രവര്‍ത്തിച്ച സിനിമകള്‍ എല്ലാം തന്നെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയിരുന്നു.

എസ്.ആര്‍ പുട്ടണ്ണയുടെ കന്നഡ സിനിമയില്‍ ഞാന്‍ കുറെ കാലം ജോലി ചെയ്തു. കന്നഡയില്‍ സൂപ്പര്‍ ഹിറ്റ് ആയ ''സാക്ഷാത്കാര'' എന്ന സിനിമ ആയിരുന്നു അത്. കന്നടയിലെ സൂപ്പര്‍ സ്റ്റാര്‍ രാജ്കുമാറിനെ കൂടാതെ, ഹിന്ദി നടന്‍ പ്രിഥ്വിരാജ്കപൂറും (രാജ് കപൂറിന്റെ അച്ഛന്‍) ഈ ചിത്രത്തില്‍ പ്രധാന വേഷം അഭിനയിച്ചിരുന്നു. കൊട്ടാരം പോലുള്ള ഒരു വലിയ വീടിന്റെ സെറ്റ് ആയിരുന്നു ആ ചിത്രത്തിന്റെ പ്രധാന ലോകേഷന്‍. അതുകൊണ്ട് ഞങ്ങളുടെ സ്റ്റുഡിയോയിലെ ചിത്രീകരണം കുറെ നാള്‍ നീണ്ടു നിന്നു. എന്റെ ജോലികള്‍ ക്യാമറയുമായി ബന്ധപ്പെട്ടതാണ്, എങ്കിലും പുട്ടണ്ണയുടെ സംവിധാനരീതി ഞാന്‍ വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചു. അദ്ദേഹം വളരെ പ്രതിഭാധനനായ ഒരു സംവിധായകന്‍ ആയിരുന്നു. എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും അദ്ദേഹം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍ ''സ്‌കൂള്‍ മാസ്റ്റര്‍'','' കളഞ്ഞു കിട്ടിയ തങ്കം ', ''പൂച്ചക്കണ്ണി'' ' സ്വപ്നഭൂമി'' എന്നിവയായിരുന്നു. ഹിന്ദിയില്‍ ''സഹരീല ഇന്‍സാന്‍'' (മുറിവേറ്റ മനുഷ്യന്‍) എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

അദ്ദേഹം ഷോട്ടുകള്‍ എടുക്കുന്നത് കണ്ടപ്പോഴാണ് എനിക്ക് സംവിധാനത്തില്‍ താല്‍പര്യം ജനിച്ചത്. അദ്ദേഹത്തിന്റെ സഹസംവിധായകന്‍, കൃഷ്ണ അര്‍സ്, വിദ്യാസമ്പന്നനായ ഒരു പഴയ നാടക പ്രവര്‍ത്തകന്‍ കൂടി ആയിരുന്നു. അദ്ദേഹവവുമായി ഞാന്‍ സൗഹൃദത്തിലായി. വളരെക്കാലത്തെ അനുഭവ സമ്പത്തുള്ള ആളായിരുന്നു കൃഷ്ണ. അദ്ദേഹത്തോട് ഞാന്‍ എന്റെ സംശയങ്ങള്‍ ചോദിച്ചു. അദ്ദേഹം വളരെ ക്ഷമയോടെ എനിക്കെല്ലാം വിവരിച്ചു തന്നു. പുട്ടണ്ണ ഷോട്ടുകള്‍ വിഭജിക്കുന്ന രീതിയും അദ്ദേഹം സ്‌ക്രിപ്റ്റില്‍ എനിക്ക് കാണിച്ചു തന്നു. അങ്ങിനെ വാസ്തവത്തില്‍ ഞാന്‍ സിനിമാട്ടോഗ്രാഫിയോടൊപ്പം സംവിധാനവും പഠിക്കാന്‍ തുടങ്ങി.

വളരെ വര്‍ഷങ്ങള്‍ക്കു ശേഷം, അതായത് എണ്‍പതുകളുടെ അവസാനത്തില്‍, ഞാന്‍ എന്റെ രണ്ടാമത്തെ സീരിയല്‍ ''തുടിപ്പുകളുടെ'' എഡിറ്റിംഗ് സംബന്ധമായി ബംഗ്ലൂരില്‍ ചെന്നപ്പോള്‍, അവിടെ അപ്പു സ്റ്റുഡിയോയില്‍ വെച്ച് കൃഷ്ണ അര്‍സിനെ വീണ്ടും കണ്ടു. ഇരുപതു വര്‍ഷങ്ങളുടെ അന്തരം അദ്ദേഹത്തെ വൃദ്ധന്‍ ആക്കിയിരുന്നു. അദ്ദേഹം രണ്ടു മൂന്നു കന്നഡ സിനിമകള്‍ സംവിധാനം ചെയ്‌തെങ്കിലും, ഇപ്പോള്‍ അഭിനയ രംഗത്തും സജീവമാണെന്ന് പറഞ്ഞു. കന്നഡ സിനിമ, സീരിയല്‍ രംഗങ്ങളില്‍ തിരക്കുള്ള നടനായിരുന്നു അപ്പോള്‍ അദ്ദേഹം. എന്റെ ശാരദാ സ്റ്റുഡിയോ കാലഘട്ടങ്ങളില്‍ എനിക്ക് സംവിധാനത്തിന്റെ ബാലപാഠങ്ങള്‍ മാത്രമല്ല, അതിലപ്പുറവും പഠിപ്പിച്ചു തന്ന, ആ ഗുരുസ്ഥാനീയനെ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം തോന്നി. അന്ന് കേരളത്തില്‍ ടെലിവിഷന്‍ സ്റ്റുഡിയോകള്‍ ഇല്ലാതിരുന്നതിനാല്‍, പോസ്റ്റ് പ്രോഡക്ഷന്‍ ജോലികള്‍ മുഴുവന്‍ ചെയ്തിരുന്നത് ബംഗ്ലൂരില്‍ ആയിരുന്നു. ''തുടിപ്പുകള്‍'' എന്ന സീരിയലിന്റെ നിര്‍മ്മാതാവ് ജോസഫ് കാട്ടൂക്കാരന്റെ അപ്പു സ്റ്റുഡിയോ അന്ന് ബംഗ്ലൂരിലെ തിരക്കുള്ള ടെലിവിഷന്‍ സ്റ്റുഡിയോകളില്‍ ഒന്നായിരുന്നു.

ഏതായാലും നമുക്കിനി ഫ്‌ളാഷ്ബാക്കിലേക്ക് തിരിച്ചു വരാം. നമ്മുടെ ശാരദാ സ്റ്റുഡിയോവില്‍ കാര്യങ്ങള്‍ അങ്ങിനെ സുഗമമായി മുന്നോട്ടു പോവുകയായിരുന്നെങ്കിലും, ഒരു മലയാളം സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടാത്തതില്‍ എനിക്ക് നിരാശ തോന്നി. തമിഴ്, കന്നഡ, തെലുഗു ഭാഷാ ചിത്രങ്ങളിലാണ് ഞാന്‍ അവിടെ എത്തിയതിനു ശേഷം പ്രവര്‍ത്തിച്ചത് മുഴുവന്‍. ഇവിടെ മലയാളം സിനിമകള്‍ ഷൂട്ട് ചെയ്യാറില്ലേ എന്ന് ഞാന്‍ പദ്മനാഭനോട് ചോദിച്ചു. ഞാന്‍ വരുന്നതിനു തൊട്ടു മുന്‍പ് പ്രേം നസീര്‍, ബഹദൂര്‍ എന്നിവര്‍ അഭിനയിച്ച, ടി.എസ് മുത്തയ്യ സംവിധാനം ചെയ്ത ''ബല്ലാത്ത പഹയന്‍'' അവിടെ ചിത്രീകരിച്ചിരുന്നു എന്നറിഞ്ഞു. അതില്‍ പങ്കാളിയാവാന്‍ കഴിയാഞ്ഞതില്‍ നിരാശ തോന്നി. സ്റ്റുഡിയോ സ്റ്റാഫ് ആയതു കൊണ്ട് ക്യാമറാ അസിസ്റ്റന്റുമാരുടെ പേരുകള്‍ അന്ന് ടൈറ്റിലുകളില്‍ കൊടുക്കാറില്ല. പേര് ഇല്ലെങ്കിലും എന്റെ മാതൃഭാഷയിലെ ഒരു ചിത്രത്തില്‍ പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു ഞാന്‍. അങ്ങിനെയിരിക്കേ ഒരു ദിവസം എന്റെ സ്വപ്ന സാക്ഷാല്‍ക്കാരമെന്നോണം കുഞ്ചാക്കോയും സംഘവും ഞങ്ങളുടെ സ്റ്റുഡിയോയില്‍ ഷൂട്ടിംഗിന് എത്തി. ''സൂസി'' എന്ന സിനിമയുടെ ഷൂട്ടിംഗിനാണ് അവര്‍ വന്നത്. പ്രേം നസീര്‍, ശാരദ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. കുഞ്ചാക്കോയുടെ ചിത്രങ്ങളെല്ലാം ആലപ്പുഴയിലുള്ള അദ്ദേഹത്തിന്റെ ഉദയാ സ്റ്റുഡിയോയില്‍ തന്നെയാണ് ചിത്രീകരിച്ചിരുന്നത്. എന്നാല്‍, പ്രേംനസീറിന്റെ സൗകര്യത്തിനോ മറ്റോ ആണെന്ന് തോന്നുന്നു, ഒരു ധനിക ബംഗ്ലാവിന്റെ ചില സീനുകള്‍ ചിത്രീകരിക്കാനാണ് അവര്‍ അവിടെ എത്തിയത്. അങ്ങിനെയുള്ള രണ്ടു മൂന്നു സെറ്റുകള്‍ ഞങ്ങളുടെ സ്റ്റുഡിയോയില്‍ ഉണ്ടായിരുന്നു. ഞാന്‍ ആ ഫ്‌ലോറില്‍ തന്നെ ഡ്യൂട്ടി ഒപ്പിച്ചെടുത്തു. വല്ലാത്ത ആവേശത്തിലായിരുന്നു ഞാന്‍. മാഗസിന്‍ ലോഡ് ചെയ്ത്, ക്യാമറ മൗണ്ട് ചെയ്തതിനു ശേഷം ട്രോളി തള്ളുന്ന ജോലി ഞാന്‍ സ്വയം ഏറ്റെടുത്തു.

മറ്റു ക്യാമറ അസ്സിസ്റ്റന്റുമാര്‍ക്ക് വസ്ത്ര ധാരണത്തിന്റെ കാര്യത്തില്‍ വലിയ താല്‍പര്യമോ ശ്രദ്ധയോ ഉണ്ടായിരുന്നില്ല. ഞാന്‍ എന്നും അലക്കിത്തേച്ച വസ്ത്രങ്ങള്‍ ധരിച്ച്, ഷര്‍ട്ട് ഇന്‍ ചെയ്ത്, ഷൂ ഇട്ട്, എക്‌സികുട്ടീവ് സ്‌റ്റൈലിലാണ് സ്റ്റുഡിയോയില്‍ എത്തിയിരുന്നത്. സ്റ്റുഡിയോ ജോലിക്കാരില്‍ മലയാളി ആയിട്ട് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, എന്നെ കണ്ടാല്‍ മലയാളി ആണെന്ന് തോന്നുകയില്ല. പലരും എന്നെ ഉത്തരേന്ത്യക്കാരനാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. അതുകൊണ്ട് എങ്ങിനെയെങ്കിലും കുഞ്ചാക്കോയുടെ ശ്രദ്ധയില്‍ പെടണമെന്നും, ഞാന്‍ മലയാളി ആണെന്ന് അദ്ദേഹത്തെ അറിയിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. ഒരു ക്യാമറാ അസ്സിസ്റ്റന്റിനു സംവിധായകനുമായി ഇടപഴകാനുള്ള അവസരങ്ങള്‍ അധികമൊന്നും ഉണ്ടാവാറില്ല. എങ്കിലും അദ്ദേഹത്തെ ഒന്ന് പരിചയപ്പെടണമെന്ന് ഞാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ സംവിധാന ശൈലി പുട്ടണ്ണയുടേതില്‍ നിന്നും വ്യതസ്തമായിരുന്നു. ഒരു രംഗം മുഴുവനായും അദ്ദേഹം ഒരു മാസ്റ്റര്‍ ഷോട്ടില്‍ ചിത്രീകരിക്കും. പിന്നെ ആവശ്യമുള്ള ക്ലോസ് അപ്പുകള്‍ എടുക്കും. പ്രേം നസീര്‍, അടൂര്‍ ഭാസി, മണവാളന്‍ ജോസഫ് എന്നിവര്‍ പങ്കെടുക്കുന്ന ഒരു രംഗം ആയിരുന്നു ചിത്രീകരണത്തിന് തയാറാക്കിയത്. ട്രോളിയുടെ ആദ്യ സ്ഥാനവും അവസാന സ്ഥാനവും ക്യാമറാമാന്റെ നിര്‍ദേശപ്രകാരം ഞാന്‍ ട്രാക്കില്‍ ചോക്ക് കൊണ്ട് അടയാളപ്പെടുത്തി. അപ്പോഴേക്കും ക്യാമറമാന്‍ ഒരു ലൈറ്റ് ശരിയാക്കാനായി എണീറ്റ് പോയി. ഞാന്‍ ആ തക്കം നോക്കി കുഞ്ചാക്കോയെ സമീപിച്ചു.


കുഞ്ചാക്കോ

'' സാര്‍, ഇതല്ലേ ട്രോളിയുടെ ഫൈനല്‍ പൊസിഷന്‍?'' ട്രാക്കിലെ ചോക്ക് മാര്‍ക്ക് ചൂണ്ടിക്കൊണ്ട് ഞാന്‍ ചോദിച്ചു.

അദ്ദേഹം തിരിഞ്ഞ് അത്ഭുതത്തോടെ എന്നെ നോക്കി.

'' നിങ്ങള്‍ മലയാളിയാണോ ?''

'' അതെ സാര്‍''

തുടര്‍ന്ന് അദ്ദേഹം ഊരും പേരും ഒക്കെ ചോദിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷെ, അതൊന്നും ചോദിക്കാതെ അദ്ദേഹം അലസമായി പറഞ്ഞു.

'' അതെ. ഫൈനല്‍ അത് തന്നെ''

എന്നിട്ട് അദ്ദേഹം തന്റെ ജോലിയിലേക്ക് തിരിഞ്ഞു. അപ്പോഴേക്കും ക്യാമറമാന്‍ തിരിച്ചെത്തി. ഞാന്‍ സംവിധായകനോട് നേരിട്ട് ചോദിച്ചത് അറിഞ്ഞാല്‍ അദ്ദേഹം വഴക്ക് പറയും. ഞാന്‍ എന്റെ ജോലിയില്‍ വ്യാപൃതനായി. ഏതായാലും കുഞ്ചാക്കോയുമായുള്ള പരിചയപ്പെടല്‍ അവിടെ അവസാനിച്ചു. കാരണം അദ്ദേഹം ഒരു ദിവസം മാത്രമേ ഞങ്ങളുടെ സ്റ്റുഡിയോയില്‍ ഷൂട്ട് ചെയ്തുള്ളൂ.

എന്നാല്‍, അധികം താമസിയാതെ മറ്റൊരു മലയാളം സിനിമ കൂടി ശാരദാ സ്റ്റുഡിയോയില്‍ എത്തി. എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്യുന്ന 'വിവാഹിത' എന്ന സിനിമയായിരുന്നു അത്. അതില്‍ പ്രേം നസീറും സത്യനും ഉണ്ടായിരുന്നു. എന്നാല്‍, സത്യന്റെ രംഗങ്ങള്‍ ഒന്നും അവിടെ ഇല്ലായിരുന്നത് കൊണ്ട് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. പക്ഷെ, എന്റെ ശ്രദ്ധ പിടിച്ചു പറ്റിയത് വെള്ള പാന്റ്‌സും വെള്ള ഷര്‍ട്ടും ധരിച്ച സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ ആയിരുന്നു. സഹസംവിധായകന്‍ ഹരിഹരന്‍ ആയിരുന്നു അത്. പില്‍ക്കാലത്ത്, മലയാള സിനിമയ്ക്ക് ''പഞ്ചാഗ്‌നി, ''ഒരു വടക്കന്‍ വീര ഗാഥ'' ''സര്‍ഗ്ഗം'' ''പഴശ്ശി രാജാ'' തുടങ്ങി അനേകം പ്രശസ്ത ചിത്രങ്ങള്‍ സംഭാവനം ചെയ്ത പ്രതിഭാശാലി. ചിത്രീകരണ സമയത്ത് അദ്ദേഹത്തിന്റെ സജീവവും ക്രിയാത്മകവുമായ കൃത്യ നിര്‍വഹണം ഞാന്‍ വളരെ ആദരവോടെ നോക്കിക്കണ്ടു. ഒരു ഇടവേളയില്‍ ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുകയും ചെയ്തു.


എന്നാല്‍, നാല്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം, തിരുവനന്തപുരത്ത് മാക്ടയുടെ (Malayalam Cine Technicians Association) ഒരു യോഗത്തില്‍ വെച്ച് അദ്ദേഹത്തെ അന്നത്തെ കൂടിക്കാഴ്ചയെകുറിച്ച് ഓര്‍മിപ്പിച്ചപ്പോള്‍, ''വിവാഹിതയുടെ' ഷൂട്ടിംഗ് ശാരദാ സ്റ്റുഡിയോയില്‍ വെച്ച് നടന്നത് ഓര്‍മയുണ്ടെങ്കിലും, എന്നെ പരിചയപ്പെട്ടത് അദ്ദേഹത്തിന് ഓര്‍മയില്ല. അത് സ്വാഭാവികം മാത്രം. വലിയ ആളുകള്‍ എത്രയോ ആളുകളെ പരിചയപ്പെടുന്നു. അവര്‍ക്കത് ഓര്‍മയുണ്ടാവില്ല. പ്രത്യേകിച്ച് തിരക്കുള്ള ഒരു സംവിധായകന്‍, സഹസംവിധായകന്‍, നടന്‍ എന്നിവര്‍ അവരുടെ പ്രതാപ കാലത്ത് എത്രയോ ആളുകളെ പരിചയപ്പെടുന്നു. അവര്‍ക്ക് എല്ലാവരെയും ഓര്‍ത്ത് വെക്കാന്‍ കഴിയില്ല. എന്നാല്‍ ചെറിയ ആളുകളെ സംബന്ധിച്ചിടത്തോളം ആ ഓര്‍മകള്‍ എന്നും മായാതെ മനസ്സിലുണ്ടാവും.

Similar Posts