നീരജ് ചോപ്ര: പാനിപ്പത്തിന്റെ മകൻ, ഇന്ത്യയുടെ അഭിമാനം
|രാജ്യത്ത് ആദ്യമായി അത്ലറ്റിക്സിൽ ഒളിംപിക് സ്വർണം നേടിയ നീരജ് ചോപ്രയുടെ ഹരിയാനയിലെ വീട്ടിലേക്കുള്ള യാത്രയെക്കുറിച്ച് മീഡിയ വൺ ഡൽഹി ബ്യൂറോ റിപ്പോർട്ടർ അനന്ദു രാമചന്ദ്രൻ എഴുതുന്നു
ഇന്നലെ വൈകുന്നേരം എല്ലാവാർത്താ തിരക്കുകളും മാറ്റിവച്ചു അഞ്ചരയ്ക്ക് ഒളിംമ്പിക്സ് മത്സരം കാണാനായി ഞങ്ങൾ ഇരിക്കുകയായിരുന്നു. ഒളിമ്പിക്സിൽ ഇന്ത്യ മത്സരിക്കുന്ന ഇനങ്ങൾ അവസാനിക്കുകയാണ്. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ഒന്നാമനായ നീരജ് ചോപ്രയുടെ ജാവലിൻ ത്രോയിലാണ് എല്ലാവരുടെയും കണ്ണുകൾ ഉടക്കിയത്. രണ്ടാമത്തെ ത്രോ കഴിഞ്ഞപ്പോൾ തന്നെ സ്വർണത്തിന്റെ മണം അടിച്ചു തുടങ്ങിയിരുന്നു. 87.58 മീറ്റർ എറിഞ്ഞിട്ടും മിസ്റ്റർ കൂളായി നിൽക്കുകയാണ് നീല ജേഴ്‌സി അണിഞ്ഞ ചെറുപ്പക്കാരൻ. കാലിന്റെ പെരുവിരൽ മുതൽ ഒരാവേശം ഉയർന്നു. രാജ്യത്ത് ആദ്യമായി ഒളിമ്പിക്സിൽ സ്വർണം നേടുന്ന അത്ലറ്റിന്റെ വീട്ടിൽ പോയി വാർത്ത റിപ്പോർട്ട് ചെയ്യണമെന്ന് ഉള്ളിൽ നിന്ന് ആരോ പറയുന്നത് പോലെ. ഇത് പോലെ ഒരവസരം ഇനി മാധ്യമ പ്രവർത്തനത്തിൽ ലഭിച്ചില്ലെങ്കിലോ ?
ഫോണിൽ നീരജിന്റെ വീട് നിൽക്കുന്ന സ്ഥലം സേർച്ച് ചെയ്തു. എന്റെ ഓഫീസിൽ നിന്നും 120 കിലോമീറ്റർ ദൂരം. പിന്നീടുള്ള ഓരോ ത്രോയ്ക്കും ഞാൻ ശ്വാസം അടക്കി കാത്തിരുന്നു. നീരജ് എറിഞ്ഞിട്ട ദൂരത്തെ മറികടക്കാൻ ആർക്കും കഴിഞ്ഞില്ല. സ്വർണം ഇന്ത്യക്കാരന്റെ കൈക്കുമ്പിളിൽ. ഓഫീസിൽ നിന്നും അനുമതിയും വാങ്ങി പിന്നെ ഒരോട്ടമായിരുന്നു. ഞാനും ക്യാമറമാൻ പി.എം ഷാഫിയും മിന്നൽ വേഗത്തിലാണ് കാറിൽ കയറിയത്. സാരഥി ധർമേന്ദ്രസിങ് കാർ കാറിനു ചിറക് വെയ്പ്പിച്ചു. അധിക ദൂരം വേഗത്തിൽ പോകാൻ കഴിഞ്ഞില്ല. ഗതാഗതകുരുക്ക് ഞങ്ങളുടെ യാത്രയെ വലിഞ്ഞു മുറുക്കി. ഡൽഹി ഹരിയാന അതിർത്തിയായ സിംഗുവിൽ കർഷക സമരം തുടരുന്നതിനാൽ ജി.ടി.കർണാൽ റോഡ് വഴിയുള്ള യാത്ര തുടരാൻ കഴിഞ്ഞതേയില്ല. റോത്തക് റോഡിലൂടെ വഴിമാറി യാത്ര ചെയ്തപ്പോൾ ഇരുട്ട് വ്യാപിച്ചിരുന്നു . മുർത്താൽ ടോളും തേഹയും ദുക്റാനയും പിന്നിട്ട് പാനിപ്പത്തിലെത്തി. ഇവിടെ നിന്നും 13 കിലോമീറ്റർ ദൂരമുണ്ട് കാന്ദ്രയിലേക്ക്... വഴിത്തിരക്കാൻ ആളുകളൊ വഴിവിളക്കുകളോ ഇല്ലാത്ത റോഡിലൂടെ നീങ്ങുകയായിരുന്നു. നീരജിന്റെ വീട് അടുത്തപ്പോൾ ആദ്യമായി എറിഞ്ഞു നോക്കിയ കരവാളൂർ ഓക്സ്ഫോഡ് സ്‌കൂളിലെ ജാവലിനാണ് ഓർമ്മയിൽ ഓടിയെത്തിയത്. പലതവണ ശ്രമിച്ചെങ്കിലും ഒരിയ്ക്കൽ പോലും ജാവലിൻ കുത്തി നിർത്താൻ എനിക്ക് കഴിഞ്ഞിരുന്നില്ല. 20 മിനിറ്റ് കഴിഞ്ഞപ്പോൾ ബൈക്കിൽ വരുന്ന രണ്ടുപേരെ കണ്ടു . ഒളിമ്പ്യൻ നീരജിന്റെ വീട് തിരക്കിയപ്പോൾ ഡിജെ ശബ്ദം കേൾക്കുന്ന വീടാണെന്ന് പറഞ്ഞു.
രണ്ടു മുറിയുള്ള വീടിനു മുന്നിൽ ഒരു ട്രാക്ടർ നിർത്തിയിട്ടുമുണ്ട്. വെള്ള പൈജാമയും കുർത്തയും ധരിച്ച അറുപത് വയസ് പ്രായം തോന്നിക്കുന്ന ആൾ ട്രാക്ടറിൽ ചാരി നിൽക്കുന്നുണ്ട്. നീരജിന്റെ അച്ഛൻ എന്ന് പറഞ്ഞു അദ്ദേഹം സ്വയം പരിചയപ്പെടുത്തി. നീരജ് പണിത വീട്ടിലിരുന്ന് സംസാരിക്കാമെന്നു പറഞ്ഞു രണ്ട് നില വീട്ടിലേക്കു ക്ഷണിച്ചു. നീരജിന്റെ അമ്മയും അവിടെയായിരുന്നു. വീട്ടുമുറ്റത്ത് കുട്ടികളും മുതിർന്നവരും ഡിജെയ്ക്ക് ഒപ്പം ചുവടുകൾ വയ്ക്കുന്നുണ്ട്. വീട്ടുകാരടക്കം അൻപതിൽ താഴെ ആളുകളാണ് അവിടെ ഉണ്ടായിരുന്നത്.
വാത്സല്യം ഭക്ഷണത്തിന്റെ രൂപത്തിൽ നൽകിയപ്പോൾ 11 വയസുകാരന് 90 കിലോയായ കഥയാണ് അമ്മ സരോജ ദേവി ഞങ്ങളോട് പറഞ്ഞത്. പൊണ്ണത്തടിയാണെന്ന് കൂട്ടുകാരുടെ വിളികേട്ട് തലകുനിച്ചു നടന്ന കഥയെല്ലാം രസകരമായി അവർ പറഞ്ഞു . ആ തലകുനിച്ചു നടന്ന കുട്ടിമൂലം ലോകരാജ്യങ്ങളുടെ മുന്നിൽ ഇന്ത്യ തല ഉയർത്തി നിൽക്കുകയാണല്ലോ എന്ന് ഞാൻ പറഞ്ഞപ്പോൾ കൂട്ടച്ചിരിയായി. 11 കിലോമീറ്റർ അകലെയുള്ള സായ് പരിശീലന കേന്ദ്രത്തിലേക്ക് കാൽനടയായിട്ടാണ് നീരജ് പോയിരുന്നത്. മകൻ പരിശീലനം നേടുന്നത് ജാവലിൻ ത്രോയിലാണെന്ന് അന്തർജില്ലാ മത്സരത്തിൽ സമ്മാനം തേടിയുള്ള ചിത്രം പത്രത്തിൽ വന്നപ്പോഴാണ് അറിയുന്നത്.
നീരജിന്റെ സഹോദരിമാരായ സംഗീതയും സരിതയും സഹോദരനെക്കുറിച്ചു നൂറു നാവോടെ പറഞ്ഞു തുടങ്ങി. അമ്മാവന്റെ മകൻ സഹൽ വീട് മുഴുവൻ ഞങ്ങളെ കൂട്ടികൊണ്ടുപോയി. ഒരു മുറി നിറയെ പുരസ്‌കാരങ്ങളാണ്. രാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവരോടൊപ്പമുള്ള ഫോട്ടോയുടെ ഒപ്പം ആദ്യ സ്വർണ മെഡൽ നേടിയ അഭിനവ് ബിന്ദ്രയുടെ ഒപ്പമുള്ള ചിത്രവുമുണ്ട്. ഒളിമ്പിക്സ് മെഡൽ നാലു വർഷത്തിൽ ഒരിയ്ക്കൽ മാത്രം സംഭവിക്കുന്നതല്ല എല്ലാ ദിവസവുമുള്ളതാണ് എന്ന വരിയും ആ ചിത്രത്തോടൊപ്പം എഴുതിയിരിക്കുന്നു.
സഹൽ പിന്നീട് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത് നീരജ് വ്യായാമം ചെയ്യുന്ന മുറിയിലേക്കായിരുന്നു. മണിക്കൂറുകൾ നീളുന്ന വ്യായാമത്തിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞു വീണ ആ മുറിയിൽ ഒരു നിമിഷം കണ്ണടച്ച് ടോക്യോയിൽ ഇന്ത്യയ്ക്കായി സ്വർണമണിഞ്ഞ നീരജ് ചോപ്രയ്ക്ക് മനസ് കൊണ്ട് അഭിവാദ്യം അർപ്പിച്ചു. വീടിന്റെ ടെറസിൽ എത്തിയപ്പോൾ ദൂരെ പാനിപ്പത്ത് ഡീസൽ പ്ലാന്റ് കാണാം. മൺചിരാത് കത്തിച്ചു വച്ചത് പോലെയുള്ള ദൂരകാഴ്ച കണ്ട് കാറ്റ് കൊണ്ടിരിക്കുന്നതാണ് നീരജിന്റെ ഇഷ്ടമെന്ന് സഹൽ പറഞ്ഞു.
ചരിത്രത്തിലേക്ക് സുവർണ ജാവലിൻ എറിഞ്ഞിട്ടിട്ടും അമിത ആഹ്‌ളാദം പ്രകടപ്പിക്കാത്ത നീരജിന്റെ വീട്ടുകാർക്കും മതിവിട്ട സന്തോഷമില്ല. വീട്ടിൽ എത്തുന്ന എല്ലാവരോടും വിനയത്തോടും സ്നേഹത്തോടുമുള്ള പെരുമാറ്റം. അഭിനന്ദിക്കാൻ എത്തുന്നവർക്ക് സമ്മാനിക്കാൻ അടുക്കളയിൽ ഒരാൾ പൊക്കത്തിൽ ലഡ്ഡു തയാറാക്കിയിട്ടുണ്ട്. മലയാളം ചാനലുകളിൽ ആദ്യമെത്തിയവർ എന്ന പരിഗണന ആ വീട്ടുകാർ നൽകി അച്ഛനും അമ്മയും സഹോദരിമാരും മീഡിയ വണ്ണിനോടു സംസാരിച്ചു.
യാത്ര പറഞ്ഞപ്പോൾ ഡൽഹിയിൽ എത്താൻ മൂന്ന് മണിക്കൂർ വേണമെന്നും ഭക്ഷണം കഴിച്ചിട്ട് പോയാൽ മതിയെന്നും സ്നേഹപൂർവ്വം നിർബന്ധിച്ചു. റൊട്ടിയും ദാലും കേക്കും റൊട്ടിയും അവർ വിളമ്പി നൽകി. ഭക്ഷണം കഴിച്ചു ഞങ്ങൾ ഒരു മണിയോടെ ഇറങ്ങി.
ഇതുപോലൊരു ഒളിമ്പ്യൻ കേരളത്തിലായിരുന്നെങ്കിൽ ജനത്തിരക്കിൽ വീട് ശ്വാസം മുട്ടിയേനെ എന്ന് പറഞ്ഞപ്പോൾ മന്ത്രിമാരടക്കം വന്നു വീടിനു മുന്നിലെ റോഡ് വരെ ജാമാകുമെന്നു ക്യാമറമാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. നീരജ് കണ്ടാൽ തിരിച്ചറിയുക പോലുമില്ലാത്ത എത്രയോ ഇന്ത്യൻ ഭാഷകളിലെ പത്രങ്ങൾ ഒന്നാം പേജിൽ ഈ ഒളിമ്പ്യനെക്കുറിച്ചു തലവാചകം എഴുതി. ഡൽഹിയിലേക്കുള്ള യാത്രയിൽ പാനിപ്പത്ത് എന്ന ബോർഡ് കണ്ടപ്പോൾ ബ്യൂറോചീഫ് ധനസുമോദ് പറഞ്ഞ വാചകങ്ങളാണ് ഓർമയിലെത്തിയത്.
ഇന്ത്യയുടെ തലവര മാറ്റി വരച്ച യുദ്ധം നടന്ന സ്ഥലമാണ് പാനിപ്പത്ത് . ഇന്ത്യൻ അത്‌ലറ്റിക്സിന്റെ തലവര മാറ്റിവരയ്ക്കുന്ന വിജയം നേടിയ പാനിപ്പത്ത്കാരനെ തേടിയാണ് നിന്റെ യാത്ര. പിറ്റേദിവസം രാവിലെ ചെയ്യാനുള്ള വാർത്ത മനസിൽ ഒരുക്കിവയ്ക്കവേ കൊല്ലം ജില്ലയിൽ നിന്നുള്ള ഗീതറാണി എന്ന് പരിചയപ്പെടുത്തി ഒരു വാട്സ്ആപ് മെസേജ് എത്തി."സുവർണ നിമിഷം ആദ്യം കൈയ്യിൽ വന്നതിന് അഭിനന്ദനം ....നന്ദി നീരജ് ...നീരാ... വീരാ ..ജേതാവേ നിനക്ക് നന്ദി ...137 കോടി ജനങ്ങളുടെ അഭിമാനം ഉയർത്തി പിടിച്ചതിന് നന്ദി.