Column
നജ്മല്‍ ബാബു: ലോകത്തെ സൗന്ദര്യപ്പെടുത്തിയ ബ്യൂട്ടി കൺസൾട്ടന്റ്
Column

നജ്മല്‍ ബാബു: ലോകത്തെ സൗന്ദര്യപ്പെടുത്തിയ ബ്യൂട്ടി കൺസൾട്ടന്റ്

പി.എ നാസിമുദ്ദീന്‍
|
5 April 2022 5:48 AM GMT

നജ്മല്‍ ബാബു തെറ്റായ കാലത്ത് ശരിയായ കാര്യങ്ങള്‍ പറഞ്ഞയാള്‍ (ഭാഗം 2)

ലോകത്തെ വല്ലാതെയങ്ങു കേറി സ്നേഹിച്ച ആളായിരുന്നു നജ്മല്‍ ബാബു. അടിയന്തരാവസ്ഥയിലെ തടവ് കഴിഞ്ഞു തിരിച്ചെത്തിയ അദ്ദേഹം വീട്ടില്‍ നിന്ന് ഭാഗം കിട്ടിയ ഭൂമി വിറ്റാണ് സൂര്യകാന്തി തുടങ്ങിയത്. പലപ്പോഴും സമൂഹത്തില്‍ നിന്ന് പുറന്തളളപ്പെടുന്നവര്‍ക്ക്, ജപ്തി മൂലം വീട് നഷ്ടപ്പെട്ടവര്‍ക്ക്, മിശ്ര വിവാഹത്താല്‍ വീട്ടുകാര്‍ പുറന്തള്ളിയവര്‍ക്ക്, കടുത്ത മദ്യപാനം കാരണം തെരുവിലേക്ക് തള്ളപ്പെട്ടവര്‍ക്ക് അദ്ദേഹം സൂര്യകാന്തി താമസത്തിനായി ഒഴിഞ്ഞുകൊടുക്കുമായിരുന്നു. അപ്പോള്‍ തറവാട്ടില്‍ പോയോ, സുഹൃത്തുക്കളുടെ വീട്ടില്‍ പോയോ താമസിക്കും.

കൊടുങ്ങല്ലൂരിലെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള ഒരു കുലീന കുടുംബത്തില്‍ ജനിച്ച അദ്ദേഹം മദ്ധ്യവര്‍ഗ കേന്ദ്രീകൃതമായ ജീവിതശൈലി ആയിരുന്നില്ല പിന്തുടര്‍ന്നിരുന്നത്. വിവാഹം, കൃത്യമായ തൊഴില്‍ മുതലായ ഘടനകളെ അദ്ദേഹം സ്വീകരിച്ചില്ല. പകരം എല്ലാം ചതുരവടിവുകള്‍ക്കുമപ്പുറം സ്വാതന്ത്ര്യത്തിന്റെ പതാകയായ് പാറി. സ്വന്തം ജീവിതത്തെ ഒരു അന്വേഷണവും പരീക്ഷണവും ആക്കിക്കൊണ്ട് വിവിധ തരം റോളുകള്‍ എടുത്തു. വിപ്ലവകാരി, ഹിന്ദുസ്ഥാനി ഗായകന്‍, ബ്യൂട്ടി കോണ്‍സള്‍ട്ടന്റ്, ഹാം റേഡിയോ പ്രവര്‍ത്തകന്‍. പാലിയേറ്റിവ് പ്രവര്‍ത്തകന്‍ എന്നിങ്ങനെയുള്ള റോളുകള്‍ അവയില്‍ ചിലതായിരുന്നു.

അതിനൊപ്പം പുതിയൊരു ജനകീയ ആത്മീയതയെയും അടയാളപ്പെടുത്തി, നേതാവാകാനോ പ്രശസ്തനാകാനോ തുനിയാതെ സ്വയം ഡിക്ലാസ്സ് ചെയ്ത് പീഡിത വര്‍ഗത്തിലൊരാളായി മാറി. ജനങ്ങള്‍ക്ക് നീതി നഷ്ടപ്പെടുന്ന ഇടങ്ങളില്‍ അതായത്, റോഡ് വികസനത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ സമരങ്ങളില്‍, പരിസ്ഥിതി വിഷയങ്ങളില്‍, ചുംബനസമരം പോലുള്ള നവ ജനാധിപത്യ സമരങ്ങളില്‍, സര്‍ക്കാര്‍ ഓഫീസുകളില്‍, ബ്യൂറോക്രസി കൊണ്ട് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നയിടങ്ങളില്‍ ഒക്കെ നീതിയുടെ സന്ദേശവുമായി അദ്ദേഹം എത്തി. സ്വയം നോട്ടീസ് അടിച്ചു വിതരണം ചെയ്യുകയും, തന്റെ മൗലിക ചിന്തകള്‍ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇങ്ങനെ ഒട്ടേറെ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ട്.


ഒരേ നേരം പലതരം റോളുകള്‍ ജീവിതത്തില്‍ നിര്‍വഹിക്കുകയും അതിനൊപ്പം സാധാരണക്കാരില്‍ ഒരാളായി മാറി ജനകീയ രാഷ്ട്രീയത്തില്‍ മുഴുകുകയും ചെയ്യുന്ന ഇരട്ടമുഖമുള്ള ജീവിത ശൈലിയാണ് അദ്ദേഹം പിന്‍പറ്റിയത്. എല്ലാറ്റിലും നല്ലത് മാത്രം കാണാന്‍ ശ്രമിച്ചയാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിനെ പറ്റി എനിക്ക് മായാത്ത ഒരുപാട് ഓര്‍മകള്‍ ഉണ്ട്. അതില്‍ ചിലത് മാത്രം ഇവിടെ കോറിയിടുന്നു.

90 കളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ജനകീയാസൂത്രണ പദ്ധതികളോട് അദ്ദേഹം സഹകരിച്ചിരുന്നു. അതിന്റെ ഭാഗമായി എന്റെ ഗ്രാമത്തിലും വരുമായിരുന്നു. ഒരു ദിവസം ഞാന്‍ ചായക്കടയില്‍ ബീഡി പുകച്ചിരിക്കുകയായിരുന്നു. മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് എന്നെ അടുത്തേക്ക് വിളിച്ചു. 'ഈ നാട്ടിലെ ഏറ്റവും നല്ല മനുഷ്യനെ നാസുവിന് അറിയാമോ?' 'ഇല്ല ' ഞാന്‍ പറഞ്ഞു. 'സുധാകരന്‍ എന്നാണ് അയാളുടെ പേര്. റിട്ടയേര്‍ഡ് പട്ടാളക്കാരനാണ്. വീട് ഞാന്‍ പറഞ്ഞു തരാം. അയാളെ പോയി കാണണം 'ഞങ്ങള്‍ പിരിഞ്ഞ ശേഷം നജ്മല്‍ പറഞ്ഞ വഴിയിലൂടെ സുധാകാരനെ തേടി ഞാന്‍ നടന്നു. വഴി അവസാനിച്ചത് ഒരു ലക്ഷം വീട് കോളനിയിലാണ്. പറഞ്ഞ വീടിന്റെ ഉമ്മറത്ത് ഒരാള്‍ മദ്യപിച്ചു ബോധം കെട്ട് കിടക്കുന്നു. അയാള്‍ മഹാ തല്ലിപ്പൊളിയാണ്... അയല്‍ക്കാര്‍ പറഞ്ഞു.

പിറ്റേ ദിവസം ആ ചായക്കടയില്‍ വെച്ച് തന്നെ നജ്മലിനെ കണ്ടു. ഞാന്‍ ചിരിച്ചു കൊണ്ട് 'എന്നെ പറ്റിച്ചതെന്തിന്' എന്ന് ചോദിച്ചു. 'നാസു ഒന്ന് അയാളുമായി സംസാരിക്കണം. അയാളെ മാറ്റിയെടുക്കണം. അയാളെ നല്ല ഒരാളാക്കണം' നജ്മല്‍ പറഞ്ഞു. മറ്റൊരു ഓര്‍മ അതിനും വര്‍ഷങ്ങള്‍ മുമ്പുള്ളതാണ്. തീഷ്ണമായ വായനയും സമൂഹത്തില്‍ നിന്നുള്ള വേര്‍പ്പെടലും കൊണ്ട് നജ്മല്‍ ബാബുവും കൂട്ടരും ഒരു പ്രത്യേക ഗ്രൂപ്പായ് മാറിപ്പോയ കാര്യം മുമ്പ് പറഞ്ഞല്ലോ. അതിലെ ഏറ്റവും ഇളയ അംഗമായിരുന്നു ഞാന്‍. ഞാന്‍ കോളജില്‍ പോകാതെ പലതരം തലക്കനമുള്ള ചിന്തകളുമായി ഈ ഗ്രൂപ്പില്‍പ്പെട്ട് ജീവിതം തുലക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.


ഒരു ദിവസം ഞാന്‍ സൂര്യകാന്തിയില്‍ കയറിച്ചെല്ലുമ്പോള്‍ അദ്ദേഹം അവിടെയുണ്ട്. 'നാസു താന്‍ കോളജില്‍ പോകാതെ ഇവിടെ വന്നിരിക്കണ്ട. താന്‍ പോയില്ലെങ്കില്‍ ഞാന്‍ ഇറങ്ങിപോവുകയാണ്. അദ്ദേഹം പെട്ടെന്ന് ഇറങ്ങിപ്പോയി. വളരെ ലോലഹൃദയനായിരുന്ന ഞാന്‍ ഉത്കണ്ഠാകുലനായി. എന്റെ അഭിമാനത്തിന് ക്ഷതമേറ്റ പോലെയായി. നജ്മല്‍ കോണിപ്പടിയിറങ്ങി റോഡിലെത്തി. അദ്ദേഹം രണ്ടാം നിലയിലായിരുന്ന സൂര്യകാന്തിയിലേക്ക് നോക്കി എന്നോട് പറഞ്ഞു. 'എടാ നാസു ലൈബ്രറിയുടെ മേശയില്‍ ഒരു ഡബ്ബയുണ്ട്. അതില്‍ ലഡുവും ജിലേബിയുമുണ്ട്. അതെടുത്തു തിന്നോ' ഞാനാകെ തരിച്ചുപോയി. ഈ രണ്ടു വിപരീത പ്രതികരണങ്ങളും എന്റെ മനസ്സില്‍ വല്ലാത്ത കണ്‍ഫ്യൂഷന്‍ ഉണ്ടാക്കി. എന്നോട് അല്‍പവും ഈര്‍ഷ്യയില്ലാതെയാണ് ആദ്യം അദ്ദേഹം പെരുമാറിയത്. ആ പ്രായത്തില്‍ അത് മനസ്സിലാക്കാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു.

സൂര്യകാന്തി കുറച്ചു വര്‍ഷങ്ങളെ നീണ്ടുനിന്നുള്ളൂ. പിന്നീട് അദ്ദേഹം ആലപ്പുഴയില്‍ മൈത്രേയനുമായി തുടങ്ങിയ ഗ്രാംഷി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോയി. പിന്നെ പലയിടങ്ങളിലായി താമസം. കൊടുങ്ങല്ലൂരില്‍ പിന്നെ സ്ഥിരതാമസമാക്കിയത് ഹെല്‍ത്ത് കെയര്‍ എന്ന ക്യാന്‍സര്‍ പാലിയേറ്റീവ് യൂണിറ്റ് തുടങ്ങിയപ്പോഴാണ്. അപ്പോഴേക്കും ലോകത്തെ സൗന്ദര്യപ്പെടുത്തുന്ന ബ്യൂട്ടി കണ്‍സട്ടന്റ് ആയി അദ്ദേഹം മാറിയിരുന്നു. 2010 ന് ശേഷമുള്ള കാലത്താണ് ഇന്ത്യയെ വിഴുങ്ങാന്‍ പോകുന്ന ഹിന്ദു ഫാസിസത്തെ കുറിച്ച് അദ്ദേഹം കൂടുതല്‍ ജാഗ്രമാകുകയും അതിനോട് കൃത്യമായി പ്രതികരിക്കുകയും ചെയ്തത്.

ബാബരി മസ്ജിദ് തകര്‍ച്ചക്ക് ശേഷം ഇന്ത്യ ഒരു പ്രത്യേക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹത്തിന് തോന്നി. സാമ്രാജ്യത്വം മാധ്യമങ്ങളിലൂടെയും മറ്റനേകം മനഃശാസ്ത്ര പ്രത്യയങ്ങളിലൂടെയും മുസ്‌ലിം വിരുദ്ധ ആശയങ്ങള്‍ തുറന്നൊഴുക്കുകയാണ്, അതില്‍ പുരോഗമനവാദികളടക്കം പെട്ടുപോയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ദേശീയതയെ ഹൈന്ദവതയായി പുനര്‍നിര്‍വചിച്ചുകൊണ്ട് പുതിയ സാംസ്‌കാരികാധിനിവേശം നടക്കുന്നതിനെ അദ്ദേഹം ഓര്‍മപ്പെടുത്തി.


മുസ്‌ലിമുകളുടേതായ ബാബരി മസ്ജിദ് മ്യൂസിയമാക്കി മാറ്റാം എന്ന ഇ.എം.എസിന്റെ സമവായ നിര്‍ദ്ദേശം പോലും തെറ്റാണ്. ഇന്ത്യന്‍ ജനാധി പത്യത്തില്‍ നരേന്ദ്രമോദിയുടെ ഉദയം സംഘ്പരിവാറിന്റെ ഹിന്ദു രാഷ്ട്ര നിര്‍മിതിയുടെ തുടക്കമാണ്. ഈ ഭീതിദകാലത്തും ഭൂരിപക്ഷ-നൂനപക്ഷ വര്‍ഗീയതകള്‍ സമമാണ് പോലുള്ള സമീകരണങ്ങള്‍ അബദ്ധജഡിലമാണ്. ഇതൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ വാദഗതികള്‍.

തുടര്‍ന്ന് അദ്ദേഹം പറഞ്ഞത് ഒരു മതവുമില്ലാത്തവര്‍ക്ക് എല്ലാ മതങ്ങളും തുല്യമാണങ്കില്‍ ഇരകളായ മുസ്‌ലിംകളുടെ ഭാഗത്തു നില്‍ക്കുക എന്നത് മാത്രമല്ല സ്വയം മുസ്‌ലിമായി മാറുക എന്നതുകൂടിയാണ് ഇപ്പോള്‍ ചെയ്യാവുന്ന ഏറ്റവും ഔചിത്യമുള്ള പ്രവര്‍ത്തി. അതുകൊണ്ട് ഞാന്‍ ഇസ്‌ലാമിലേക്കുള്ള മതം മാറ്റം പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ മതം മാറ്റത്തിനും പിന്നീട് നടക്കാതെ പോയ അന്ത്യാഭിലാഷമായ ചേരമാന്‍ പള്ളിയിലെ ഖബറടക്കത്തിനും ശേഷം മൂന്നു വര്‍ഷം കഴിയുമ്പോള്‍ സംഘ്പരിവാറിന്റെ ദ്രംഷ്ടകള്‍ക്ക് കൂടുതല്‍, കൂടുതല്‍ മൂര്‍ച്ചയേറുകയാണ്.

ആള്‍കൂട്ട കൊലപാതകങ്ങള്‍. ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ ഹൈന്ദവവല്‍ക്കരണം, പൗരത്വഭേദഗതി നിയമം, കാശ്മീരിന്റെ പ്രത്യേക പദവി നിര്‍ത്തലാക്കല്‍, അടുത്ത ചുവടായി ഏക സിവില്‍കോഡിന്റെ നിയമനിര്‍മാണത്തിലേക്കും അവര്‍ കടന്നിരിക്കുന്നു. അങ്ങനെ നമുക്കുചുറ്റും മുച്ചൂടും ഇരുള്‍ പടരുമ്പോള്‍ നജ്മല്‍ ബാബു എടുത്ത തീരുമാനത്തിന്റെ ആത്മാര്‍ഥതയും പ്രവചനാത്മകതയും കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു വരുന്നു.

Related Tags :
Similar Posts