ഇന്ധന വിലവര്‍ധന: ഒരു താത്വിക അവലോകനം
|എന്തു കൊണ്ട് കൂടുന്നുവെന്ന് ചോദിക്കുമ്പോള്‍ സന്ദേശം സിനിമയിലെ ഡയലോഗാണ് ഭരണാധികാരികള്‍ തള്ളിമറിച്ചിടുന്നത്.
താത്വികമായ ഒരു അവലോകനമാണ് ഉദ്ധേശിക്കുന്നത്. വിഘടനവാദികളും പ്രതിക്രിയവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നുവെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നുവേണം കരുതാന്‍.
അല്ല. എന്തുകൊണ്ട് പാര്‍ട്ടി തോറ്റുവെന്ന് ലളിതമായി പറഞ്ഞാല്പോരേ..
വാണം വിട്ട മാതിരിയാണ് ഇപ്പോള്‍ പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വിലയേറിവരുന്നത്. എന്തു കൊണ്ട് കൂടുന്നുവെന്ന് ചോദിക്കുമ്പോള്‍ സന്ദേശം സിനിമയിലെ ഡയലോഗാണ് ഭരണാധികാരികള്‍ തള്ളിമറിച്ചിടുന്നത്.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡീസലിന് വില കുറയുന്നത് കൊണ്ടാണ് പെട്രോളിന് വില കൂടുന്നത്. പെട്രോളിന് വില കൂടുമ്പോള്‍ ഡീസലിന് വില കുറയുകയും ചെയ്യും. ഇതൊരു കേന്ദ്രനേതാവിന്റെ മഹാ പ്രസ്താവനയാണ്. അല്ല കേന്ദ്ര നേതാവേ എന്തു കൊണ്ട് പെട്രോളിന് വില കൂടുന്നുവെന്ന് ലളിതമായി പറഞ്ഞാല്‍ പോരേ..
പെട്രോളിനും ഡീസലിനും ടോട്ടലായിട്ട് വര്‍ധനവ് ഇല്ലത്രെ. അന്താരാഷ്ട്രാ വിപണിയില്‍ കുറയുമ്പോള്‍ കുറവിന്റെ ഒരംശമാണ് ഇന്ത്യയില്‍ കൂടിയിട്ടുള്ളത്. അപ്രകാരം അധികം കൂടാതെ പിടിച്ചു നിര്‍ത്തുന്നത് കേന്ദ്രത്തിന്റെ അപാരമായ കഴിവ് കൊണ്ടാണെന്നായിരുന്നല്ലോ മന്ത്രിയദ്ദേഹത്തിന്റെ വിചിത്ര കണ്ടുപിടുത്തം. അല്ല വല്ലതും മനസിലായോ. ഇപ്പോ ദേ ടിയാന് വീണ്ടും ചില വാദങ്ങളുമായി രംഗപ്രവേശനം ചെയ്തിട്ടുണ്ട്. യുക്രൈന് യുദ്ധമാണ് ഇന്ധന വിലവര്‍ധനവിന്റെ കാരണമെന്നാണ് പുതിയ പ്രസ്താവന. തെരഞ്ഞെടുപ്പ് കഴിഞ്ഞതും യുദ്ധം വന്നതും ഒരുമിച്ചായതിന് ഞങ്ങളെന്തു പിഴച്ചു ഹേ.. എന്നാണ് ചോദ്യം. അപ്പോ യുദ്ധത്തിനും തെരഞ്ഞെടുപ്പിനും മുന്‍പ് കൂട്ടിയിരുന്നതോ എന്നൊന്നും തിരിച്ച് ചോദിച്ചേക്കരുത്. അല്ലേലും ഇങ്ങിനെ തന്നെയാണ് പ്രസ്താവനകളുടെ കുത്തൊഴുക്ക്. വിലവര്‍ധനവ് കൊണ്ട് നട്ടെല്ലൊടിഞ്ഞ് കിടക്കുന്ന പാവം ജനത്തിന്റെ പൊളിച്ചു നില്ക്കുന്ന വായിലേക്ക് ഇപ്രകാരം തുള്ളലുകളും തള്ളലുകളും നടത്തുന്ന നേതാക്കന്മാരേ നമോവാകം.
ബഹുമാനപ്പെട്ട തോമസ് ഐസക് കേരളത്തിന്റെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ വരുമാനം വര്‍ധിപ്പിക്കുന്നതിനായി വലിയ വലിയ കണ്ടുപിടുത്തങ്ങള്‍ സാധാരണഗതിയില്‍ നടത്താറുണ്ട്. ബജറ്റ് അവതരിപ്പിക്കുമ്പോഴും അതിനു ശേഷമുള്ള ചര്‍ച്ചകളിലും ചലനങ്ങളിലും സാക്ഷാല്‍ ഐസക് ന്യൂട്ടന്റെ ഭാവമാണ് തോമസ് ഐസക് സാറിനുണ്ടായിരുന്നത്. അതിനുള്ള അര്‍ഹതയും വിവരവും അദ്ധേഹത്തിനുണ്ടായിരുന്നു. പക്ഷെ, കലികാലമെന്നല്ലേ പറയേണ്ടൂ. ഇതുപോലുള്ള ബുദ്ധിരാക്ഷസന്മാരൊന്നും നിയമസഭയിലും സെക്രട്ടറിയേറ്റിലും ഇരിക്കേണ്ട കാര്യമില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചാലെന്തുചെയ്യും. പാര്‍ട്ടിക്കാര്‍ക്ക് ദൈവത്തിലൊന്നും വിശ്വാസമില്ലാത്തതുകൊണ്ട് എവിടേം പോയി പ്രാര്‍ഥിക്കാന്‍ പറ്റില്ലല്ലോ. പക്ഷെ, ദൈവമില്ലെങ്കിലും ആ സ്ഥാനത്തവര്‍ ചില വിഗ്രഹങ്ങളെ പ്രതിഷ്ഠിക്കാറുണ്ട്. അവര്‍ പറയുന്നത് അങ്ങട് പഞ്ചപുഛമടക്കി സമ്മതിക്കും.
പാര്‍ട്ടിയുടെ ആ ഗുരുത്വാകര്‍ഷണബലം ഐസകിന് മനസിലായത് കൊണ്ടും ഗുരുത്വം ആവശ്യത്തിനുള്ളതുകൊണ്ടും അദ്ധേഹമങ്ങിനെ തലകുലുക്കി മൂലക്കിരുന്ന് ചിരിക്കുകയാണ്.
പക്ഷെ, നമ്മുടെ പുതിയ ധനമന്ത്രി ഐസക് ന്യൂട്ടനേക്കാളും വലിയ തന്ത്രങ്ങളുമായല്ലേ മുന്നോട്ട് പായുന്നത്. വീര്യം കുറഞ്ഞ മദ്യത്തില്‍ നിന്നും വീര്യം കൂടിയ വരുമാനമാണ് അദ്ധേഹത്തിന്റെ സ്വപ്നം. തിന്നാന്‍ പറ്റുന്ന സകലവസ്തുക്കളില്‍ നിന്നും കുടിക്കാന്‍ പറ്റുന്ന പാനീയമുണ്ടാക്കണമെന്ന ചിന്തയുമായി തല പതപ്പിക്കുകയാണ് ധനമന്ത്രി. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും ദിനേന വിലകൂടുമ്പോള്‍ ജനങ്ങള്‍ക്ക് സങ്കടം സഹിക്കാന്‍ പറ്റാതാകും. അതിനു പരിഹാരമുണ്ടാകണമെങ്കില്‍ മദ്യം തന്നെ സേവിക്കേണ്ടി വരും. എങ്ങിനണ്ട് ഐഡിയ...ഡ്രൈ ഡേ ഒഴിവാക്കുക, ഐടി പാര്‍ക്കുകളില്‍ ബാറുകളാരംഭിക്കുക, മദ്യശാലകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങിയ സകലവിധ നവോത്ഥാനവുമായി മുന്നോട്ടുപോവുകയാണ് ഇടതുസര്‍ക്കാര്‍. പ്രിയമുള്ളവരേ...നമുക്ക് സമസ്ഥാപരാധങ്ങളും മറക്കാം പൊറുക്കാം.
പാര്‍ട്ടി കോണ്‍ഗ്രസിന് പതാക ഉയര്‍ന്നല്ലോ. മാര്‍ച്ച് 28, 29 തിയ്യതികളില്‍ കേന്ദ്രത്തിന്റെ ദുശകുന നയങ്ങള്‍ക്കെതിരെ രണ്ടു ദിവസമാണ് രാജ്യത്താകെയുള്ള തൊഴിലാളി മക്കള്‍ പണിമുടക്കിയത്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ പണിമുടക്ക് പ്രതീക്ഷിച്ചതുപോലെ ബന്ദായി മാറി. ചിലേടത്ത് ഓട്ടോറിക്ഷ തടഞ്ഞു. ചിലര്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ ആക്രമിച്ചു, ചിലരെ മാന്തി, ചിലരെ പിച്ചി. അതൊക്കെ സ്വാഭാവികം. അതിന്റെ സംവാദവും വിവാദവും ഒരു വശത്ത് നടക്കുന്നുണ്ടല്ലോ. നടക്കട്ടെ. നമ്മളതില് ഇടപെടുന്നില്ല. പക്ഷെ, കേരളത്തിലൊരിടത്ത് മാത്രം പണിമുടക്ക് ബാധകമായില്ല. പണിയങ്ങട് ഇരട്ടിക്കിരട്ടിയായി അരങ്ങേറുകയും ചെയ്തു. അത്യപൂര്‍വമായ ആ പ്രദേശമേതാണ് എന്ന അന്വേഷണം അന്താരാഷ്ട്രാ തലത്തില്‍തന്നെ ഏറെ കൌതുകമുണര്‍ത്തിയിട്ടുണ്ട്. ഇരുപത്തുമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന കണ്ണൂരിലെ വേദിയാണ് പണിമുടക്ക് ബാധകമാകാതിരുന്ന ആ ആപൂര്വദേശം. അവിടെ ചെങ്കുപ്പായക്കാര്‍ പണിയെടുക്കുന്നതിന് കാവലിരുന്നത്രെ. എല്ലാവരും പണിമുടക്കുമ്പോള്‍ ഞങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസുകാര്‍ പണിയെടുക്കും കട്ടായം എന്ന മുദ്രാവാക്യവും മുഷ്ടി ചുരുട്ടി വിളിച്ചു.
നേതാക്കള്‍ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പറപറക്കുമ്പോള്‍ നമ്മുടെ മുന്‍ പൊതുമരാമത്ത് മന്ത്രിയദ്ധേഹം ആരോഗ്യപ്രശ്നങ്ങള്‍ കാരണം കണ്ണൂരിലേക്ക് പോകുന്നില്ലെന്നാണ് പറയുന്നത്. ടിയാന് ലീവെടുത്തിരിക്കുന്നത് പൊളിറ്റിക്കല്‍ പാര്‍ലറില്‍ ചര്‍ച്ചയായിട്ടുണ്ട്. കേരളത്തിലെ എല്ലാ ഭാഗത്തേക്കും വേഗത്തിലെത്താവുന്നവിധം ബൈപ്പാസുകളും പാലങ്ങളും സുന്ദരമായുണ്ടാക്കിയ മാന്യദേഹമാണ് സഡണ്‍ബ്രേക്കിട്ട മാതിരി കട്ടപ്പുറത്ത് കയറിയിരിക്കുന്നത്. ആര്‍ക്കായാലും സങ്കടം വരാതിരിക്കുമോ. നേരത്തെ അദ്ധേഹത്തിന് നിയമസഭയിലേക്ക് ടിക്കറ്റ് നല്‍കിയിരുന്നില്ല. സംസ്ഥാനസമിതിയില്‍ പ്രായം തികഞ്ഞതിനാല്‍ ഒഴിവാക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. ഇപ്പോളിതാ പാര്‍ട്ടി കോണ്‍ഗ്രസിനും പുറപ്പെടുന്നില്ല. പിന്നെയാള് കവിയായതു കൊണ്ട് നല്ല ഭാവന വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ കാര്യം പറഞ്ഞപ്പോഴാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാര്യം ഓര്‍മയില്‍ വന്നത്. നമ്മുടെ പ്രതിപക്ഷനേതാവിനിപ്പോള് നിക്കക്കള്ളിയില്ലാത്ത അവസ്ഥയാണ്. സ്വന്തം പാര്‍ട്ടിയിലും പ്രതിപക്ഷമുള്ള കണക്കെയാണ് സതീശന് ലീഡര്‍ക്കെതിരെ ഐഎന്‍ടിയുസിക്കാര്‍ സിന്ദാബാദ് വിളിക്കുന്നത്. ഐഎന്‍ടിയുസി പോഷകസംഘടനയല്ലെന്ന് പറഞ്ഞപ്പോ, അതില്‍ നിന്ന് പോഷകാഹാരം ലഭിക്കുന്ന ഉണ്ണികള്‍ക്ക് പൊള്ളി. അവര്‍ കിട്ടിയ ചാന്‍സില്‍ ആരുടെയോ പ്രേരണയാല്‍ കൊടിയും വടിയുമായി പ്രതിപക്ഷ നേതാവിനെതിരെ കൊലവിളി തുടങ്ങി. അടുത്ത ജാഥ ഉടന്‍ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രതീക്ഷിക്കാം. സതീശന് നേതാവ് ഇടക്കിടെ പറവൂരായതിനാല് ഇതൊന്നുമറിഞ്ഞില്ലെന്ന് വരാം. പക്ഷെ, ഉള്ളില്‍ നിന്നുള്ള ഈ പൊളളല്‍ അത്ര നിസാരമായി കാണാതിരിക്കുന്നതാണ് ഭംഗി. ഈ ഗുണകാംക്ഷയുമായി ഈ ആഴ്ച്ചത്തെ പാര്‍ലറിന് വിരാമമിടുന്നു.