ഹൃദയഭേദകം
|വി.ഐ.പികളെ തട്ടിയും മുട്ടിയും മര്യാദക്ക് വഴി നടക്കാന്‍ പറ്റുന്ന അവസ്ഥായിലായിരുന്നില്ല തൃക്കാക്കരക്കാര്‍. വാഗ്ദാനങ്ങളുടെ പെരുമഴയും, മെയ്മാസത്തിലെ മഴയോടൊപ്പം അവിടെ പെയ്യുന്നുണ്ടായിരുന്നു. പറഞ്ഞിട്ടെന്താ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഹൃദയം നിശ്ചലമായതുപോലെയായി. ഇന്നുവരെ ഫലത്തെപ്പറ്റി അരവരി സംസാരിച്ചിട്ടില്ല. | പൊളിറ്റിക്കല്‍ പാര്‍ലര്‍
ഇന്നത്തെ രാഷ്ട്രീയ കാലവസ്ഥയില്‍ ഉപയോഗിക്കാന്‍ പറ്റിയ ഉചിതമായ വാക്കാണ് ഹൃദയഭേദകം എന്നത്. വിപ്ലവകാരിയുടെ പേരുള്ള ലെനിന് സെന്ററില്‍ നിന്നും നേതാക്കള്‍ വിശുദ്ധയുടെ നാമത്തിലറിയപ്പെടുന്ന ലിസി ഹോസ്പിറ്റലിലേക്ക്, സ്ഥാനാര്‍ഥിക്ക് വേണ്ടി നെട്ടോട്ടമോടിയത് കെ റെയില്‍ വേഗത്തിലായിരുന്നു. ആ ആതുരാലയത്തില്‍, നാട്ടില്‍ നടക്കുന്ന കാര്യങ്ങളറിയാന്‍ നേരമില്ലാതെ, ഹൃദയശസ്ത്രക്രിയ നടത്തിയിരുന്ന ഒരു ഡോക്ടറെ ചാനലുകാരുടെ മുന്നിലേക്ക് പിടിച്ചുവലിച്ചു കൊണ്ടുവന്നതാരാണ്. സ്റ്റെതസ്കോപ്പും തൊപ്പിയും ഊരാന്‍ സമയം നല്‍കാതെ രണ്ടു പാതിരിമാരെ അപ്പുറവും ഇപ്പുറവുമിരുത്തിയാണല്ലോ മുത്തും ജോറുമായ, ജോയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. അവരെ അന്വേഷിച്ചു നടക്കുകയാണ് ഇപ്പോള്‍ തൃക്കാക്കരയിലെ ഇടതുപക്ഷഹൃദയം.
അമേരിക്കയില്‍ നിന്ന് ചികിത്സകഴിഞ്ഞ് തൃക്കാക്കരയില്‍ പറന്നിറങ്ങിയ മുഖ്യനെ സാക്ഷിനിര്‍ത്തിയാണ് ജോ ജോസഫ്, തൃക്കാക്കരയുടെ ഹൃദയം തന്നെയേല്പ്പിച്ചാല് ലിസി ആശുപത്രിയിലെ ഇന്റന്‍സീവ് കെയറിന് തുല്യമായ പരിചരണം അതിന് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. അനേകായിരങ്ങളുടെ ഹൃദയമെടുത്ത് അമ്മാനമാടുന്ന ആളാണെന്ന് പറഞ്ഞിട്ടെന്തുകാര്യം. വോട്ടര്‍മാരുടെ ഹൃദയം കവരാന്‍ പാവം ഡോക്ടര്ക്കായില്ല.
മുഖ്യമന്ത്രിയും മന്ത്രിമാരും സാമാജികരുമുള്പ്പെടെ 99 പേര് അവിടെ തമ്പടിച്ചിട്ട് സെഞ്ച്വറിയടിക്കുമെന്നാണ് പേര്‍ത്തും പേര്‍ത്തും പ്രഖ്യാപിച്ചിരുന്നത്. വി.ഐ.പികളെ തട്ടിയും മുട്ടിയും മര്യാദക്ക് വഴി നടക്കാന്‍ പറ്റുന്ന അവസ്ഥായിലായിരുന്നില്ല തൃക്കാക്കരക്കാര്‍. വാഗ്ദാനങ്ങളുടെ പെരുമഴയും, മെയ്മാസത്തിലെ മഴയോടൊപ്പം അവിടെ പെയ്യുന്നുണ്ടായിരുന്നു. പറഞ്ഞിട്ടെന്താ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഹൃദയം നിശ്ചലമായതുപോലെയായി. ഇന്നുവരെ ഫലത്തെപ്പറ്റി അരവരി സംസാരിച്ചിട്ടില്ല.
പ്രചരണത്തിന്റെ അവസാന ലാപ്പില്‍ കോടിയേരി കൊടുത്ത പണിയായിരിക്കണം പിണറായിയെ നിശബ്ദനാക്കുന്നത്. പത്രക്കാര് ചോദിക്കാതെ തന്നെ, ഈ തെരഞ്ഞെടുപ്പ് ഭരണത്തെക്കുറിച്ച വിലയിരുത്തലാകുമെന്ന് പറയുന്നതിന് യാതൊരു മടിയുമില്ലെന്ന് സെക്രട്ടറി സഖാവ് തുറന്നടിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം ജില്ലാ കമ്മിറ്റിക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ജില്ലാ സെക്രട്ടറിയും പ്രതികരിച്ചത് ആരെ ഉദ്ധേശിച്ചാണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായ രണ്ടു നേതാക്കന്മാര് തൃക്കാക്കരയില്‍ പാഞ്ഞെത്തിയിരുന്നു. കോണ്‍ഗ്രസ് ഹൃദയം ഇടുതപക്ഷത്തിന്റേതാക്കിയാണ് തോമസ് മാഷ് തോപ്പുംപടിയില്‍ നിന്നും കെ റെയില്‍ വരണമെന്ന് പറഞ്ഞ് മുഖ്യനെ കാണാനെത്തിയത്. കാലുമാറ്റക്കാരനെ തോല്‍പ്പിക്കാന്‍ എല്ലാ ഗ്രൂപ്പ് വൈരങ്ങളും മറന്ന് ഒന്നിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത് ഈ വേഷംകെട്ടല് തന്നെയായിരുന്നു. ഹൃദയം കാവിയിലേക്ക് മാറിയ പൂഞ്ഞാറിലെ പല്ലുകൊഴിഞ്ഞ സിംഹവും അവസാന മണിക്കൂറില്‍ അവിടെയെത്തി. ഇവരെ കണ്ടതുമുതലാണ് ജനത്തിന് ഉമയെ ജയിപ്പിക്കണമെന്ന വാശി കലശലായത്.
ഭൂരിപക്ഷത്തിന്റെ കണക്കുകള്‍ പുറത്തായപ്പോള്‍ പൊട്ടന് ലോട്ടറിയടിച്ചത് പോലയാണ് യു.ഡി.എഫ് നേതാക്കള്‍ ഞെട്ടിത്തെറിച്ചത്. സഹതാപതരംഗം വോട്ടാകില്ലെന്നും ജയിക്കില്ലെന്നും കര കയറിയാല്‍ തന്നെ ഭൂരിപക്ഷം നാലക്കം കടക്കില്ലെന്നും ഇടക്കിടക്ക് മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞിരുന്ന കസേര മനുഷ്യന്മാര് ഇരിക്കുന്ന ഇടമാണല്ലോ യു.ഡി.എഫ്. അവരാരും ഭൂരിപക്ഷം കണ്ട് ഹൃദയം പൊട്ടിമരിക്കാതിരുന്നത് ഭാഗ്യം. ഇതിനിടയില്‍ ലീഡര്‍ വി.ഡി വിനയം കൊണ്ടും അതിലേറെ അഭിനയം കൊണ്ടും എല്ലാവരുടേയും ഹൃദയം കീഴടക്കിയെന്നുവേണേല് പറയാം. അദ്ധേഹത്തിന്റെ വാക്കുകള്‍ കേട്ടാല്‍ ഏതു കഠിനഹൃദയനും കരഞ്ഞുപോകും. തൃക്കാക്കരയില്‍ ജയിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം എല്ലാവര്ക്കും അവകാശപ്പെട്ടതാണ്. പരാജയപ്പെട്ടാലോ അത് തന്റെ മാത്രം ഉത്തരവാദിത്തത്തിലായിരിക്കും. കോണ്‍ഗ്രസ് മക്കള്‍ ഈ പ്രസ്താവന വായിച്ചു കരച്ചിലോട് കരച്ചിലായിരുന്നു. തലസ്ഥാനത്ത് എത്തിയപ്പോഴാകട്ടെ തന്നെ ലീഡറെന്ന് വിളിക്കരുതെന്നും തന്റെ മാത്രമായി ഫ്ളക്സുകള്‍ സ്ഥാപിക്കരുതെന്നും അണികളോട് കൂപ്പുകയ്യോടെ അഭ്യര്‍ഥിച്ചു. എന്തൊരു വിനയമല്ലേയെന്ന് ചോദിച്ച് എല്ലാവരുമിപ്പോള്‍ മൂക്കത്ത് വിരല്‍ വെച്ചിരിപ്പാണ്.
രാജസ്ഥാനിലെ കോണ്‍ഗ്രസ് നിയമസഭാ സാമാജികരെ വീണ്ടും ലക്ഷ്വറി ബസില്‍ കയറ്റി റിസോര്‍ട്ടിലേക്ക് മാറ്റുന്ന ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസ്സില്‍നിന്ന് പാഠം ഉള്‍കൊണ്ടാകണം ബി.ജെ.പി.യും ആ പണി തുടങ്ങിയിരിക്കുന്നു. രാജ്യസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം നടക്കുന്നത് തടയാനാണെന്നാണ് വിശദീകരണം. ഹരിയാനയിലെ എം.എല്‍.എമാരെ ചത്തിസ്ഗഡിലേക്കാണ് നാടുകടത്തിയത്. സ്വന്തം നിയമസഭാ സാമാജികരെ വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് എന്നര്‍ഥം. അങ്ങിനെയണെങ്കില്‍ അവിടെ നടക്കുന്നത് കഴുതക്കച്ചവടം എന്നു പറയുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ വേണ്ട പാവം ആ മൃഗങ്ങള്‍ പ്രതിഷേധിക്കും.
പരിസ്ഥിതി ദിനത്തില്‍ കെ റെയില്‍ മഞ്ഞക്കുറ്റികള്‍ പറിച്ച് ആ കുഴിയില്‍ മരങ്ങള്‍ നട്ട് സമരക്കാര്‍ ആഘോഷിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ആര്‍ക്കും നാലുമണിക്കൂര്‍ കൊണ്ട് കാസറഗോഡ് നിന്ന് തിരുവനന്തപുരത്ത് എത്തേണ്ട എന്നു തോന്നുന്നു. തൃക്കാക്കര വിധി പറയുന്ന ദിവസമാണ് തുടര്‍ഭരണത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ കട്ടന്‍ ചായയും പരിപ്പുവടയും തലസ്ഥാനത്ത് വിളമ്പിയത്. പക്ഷെ, സര്‍ക്കാരിന്റെ നേട്ടങ്ങളെണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി കെറെയിലിനെ കുറിച്ച് ക മ എന്ന ഒരക്ഷരം മൊഴിഞ്ഞില്ല. ഇപ്പോ കുറ്റി ആരു പറിച്ചാലും കേസും കുട്ടീശരവുമായി പോലീസും പാര്‍ട്ടിയും പോകുന്നില്ല. ഹൃദയപക്ഷമായ ഇടതുപക്ഷം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടപ്പില്‍ കെ റെയില്‍ വേഗത്തില്‍ തോറ്റുതുന്നം പാടാതിരിക്കണമെങ്കിലുള്ള ഒരു കരുതല്‍ ഇപ്പഴേ ആവശ്യമാണ്. ആ കരുതലിന് ഒരു കൂപ്പുകയ്യുമായി പാര്‍ലറില്‍ നിന്നും വിടവാങ്ങട്ടെ.