Column
കാവിച്ചുവപ്പും ചെന്താമരയും
Click the Play button to hear this message in audio format
Column

കാവിച്ചുവപ്പും ചെന്താമരയും

നയതന്ത്ര
|
28 April 2022 12:15 PM GMT

പകല്‍ ചെങ്കൊടിയും രാത്രി കാവിക്കൊടിയും പിടിക്കുന്നവര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ പെരുകുന്നുണ്ട്. അതിനെയാണ് നയതന്ത്ര കാവിച്ചുവപ്പ് ചെന്താമര സിന്‍ഡ്രോം എന്നു വിശേഷിപ്പിക്കുന്നത്. ജയരാജന്മാര്‍ വാചകമടി നിര്‍ത്തി ജാഗ്രത പാലിച്ചാലേ പാര്‍ട്ടി സുരക്ഷിതമാകൂ...

അതാ അങ്ങോട്ടു നോക്കു... അവിടെ നിങ്ങള്‍ക്കൊരു വീട് കാണുന്നില്ലേ. അത് ആരുടെ വീടാണ്. ആ വീടിന്റെ ഉടമസ്ഥന്‍ ആരാണ്. അവിടെ ആരാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. അരാണ് അവിടെ അയാളെ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യയും, പോരാത്തതിന് തന്ത്രമന്ത്രങ്ങളും ആള്‍ദൈവ ശാസ്ത്രവുമൊക്കെ ഏറെ വികസിച്ച കേരളത്തിനെ ഇപ്പോള്‍ കുഴക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യമാണിത്. പകലില്‍ കേരള പൊലീസും അന്തിയായാല്‍ കേരളത്തിലെ ചാനലുകളും ഒരുപോലെ കിണഞ്ഞു പരിശ്രമിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഇത് ഇന്നും തുടരുന്നു. സംഭവം നടക്കുന്നത് പേരും പെരുമയുമുള്ള ഒരു നാട്ടിലാണ്. പിണറായി എന്നാണ് ആ പ്രദേശത്തിന്റെ പേര്.

അതാ.. ഇപ്പോള്‍ ഒരു പൊലീസ് ജീപ്പ് പാറിപ്പറന്നു വരുന്നത് കാണുന്നില്ലേ. അത് ഒരു വീടിന് മുന്നില്‍ നില്‍ക്കുന്നുണ്ട്. അതിനടുത്ത് മൂന്നു പൊലീസ് ജീപ്പുകള്‍ വേറേയുമുണ്ട്. എപ്പോഴും നാലഞ്ചു പൊലീസുകാര്‍ ആവിടെ കാവലുണ്ട്. അവരുടെ കയ്യില്‍ അത്യാവശ്യത്തിന് ആയുധങ്ങളുമുണ്ട്. പൊലീസ് ഭരണകൂടത്തിന്റെ ഉപകരണമായതുകൊണ്ട് തന്നെ അതില്‍ വിശ്വാസമില്ലാത്തതിനാല്‍, പാര്‍ട്ടി ഗ്രാമമായ പിണറായിയില്‍ ആ വീടിന് ചുവന്നകുപ്പായമിട്ട പാര്‍ട്ടി പട്ടാളവും ശക്തമായ ബന്തവസ്സുമായി കവാത്ത് നടത്തുന്നുണ്ട്.. അതായത് ഒരു ഈച്ച പോലും പാര്‍ട്ടി അറിയാതെയും പറയാതെയും അവിടെ പറക്കില്ലെന്നര്‍ഥം.


ഇപ്പോള്‍ പാര്‍ലറിലിരിക്കുന്ന മാലോകര്‍ക്ക് സംഭവമേതാണ്ട് പിടികിട്ടിക്കാണും. ആ വീട് നമ്മുടെ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായിജിയുടെ ഭവനമാണ്. മുഖ്യമന്ത്രിയുണ്ടെങ്കിലും ഇല്ലെങ്കിലും അതീവ സുരക്ഷമേഖലയായിട്ടാണ് ആ പ്രദേശം പരിഗണിച്ചു പോരുന്നത്. ആ വീടിന്റെ തൊട്ടടുത്ത വീടാണ് നമ്മുടെ കഥാനായികയുടെ വീട്. അവിടെയാണ് പാര്‍ട്ടിക്കാരനായ ഒരു മത്സ്യത്തൊഴിലാളിയെ കൊന്ന കേസിലെ പ്രതിയായ ഒരാള്‍ ഒളിവില്‍കഴിഞ്ഞുപോന്നത്. ഒളിവില്‍ കഴിയുന്ന വിദ്യയില്‍ ചരിത്രപരമായി തന്നെ പ്രാഗല്‍ഭ്യമുള്ള പാര്‍ട്ടി സഖാക്കള്‍ക്ക് അതുപക്ഷെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. സംഭവം വിവാദമായപ്പോള്‍ ആ വീട്ടിലുള്ളവര്‍ ആര്‍.എസ്.എസുകാരാണ് എന്ന മുദ്രകുത്തി രക്ഷപ്പെട്ടിരിക്കുകയാണ് പാര്‍ട്ടി ജില്ല സെക്രട്ടറി സാക്ഷാല്‍ ജയരാജസഖാവ്. അതിന് സഖാവ് തെളിവായി അവലംബമാക്കിയിരിക്കുന്നത് പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടാണ്. കോടതി ജഡ്ജിമാര്‍ ശുംഭന്മാരാണെന്ന് ധീരതയോടെ വിളിച്ചുപറഞ്ഞയാളാണ്. അപ്പോള്‍ വെറുമൊരു പൊലീസ് റിപ്പോര്‍ട്ടിനെ വിശ്വസിക്കാമോ എന്നൊന്നും ചോദിക്കുന്നതില്‍ അര്‍ഥമില്ലല്ലോ. വേണ്ട. പക്ഷെ, സാമൂഹിക മാധ്യമസാറ്റ്‌ലൈറ്റുകള്‍ ആ വീടിന്റെ ഉടമയുടെയും ഭാര്യയുടേയും ചില ചിത്രങ്ങളും പോസ്റ്റുകളും പുറത്തുവിട്ടിട്ടുണ്ട്. അതില്‍ ലോകത്താകെ (അതായത് കേരളത്തില്‍) കമ്യൂണിസം പൂത്തുലയുന്നതിന് കാരണഭൂതനായ ഒരു മുഖ്യമന്ത്രിയെ പാടിപുകഴ്ത്തിയിട്ടുണ്ട്.

ചെങ്കൊടിയുടെ പൊടിപോലും കാണാത്ത സൗദി അറേബ്യയില്‍ പോയി പാര്‍ട്ടി പ്രവാസി സംഘടനയുടെ ചുക്കാന്‍ പിടിച്ചവരേയാണ് കേരളത്തിലിപ്പോള്‍ ചുണ്ണാമ്പു തേച്ചവരാണെന്ന് പറഞ്ഞ് പാര്‍ട്ടി തേച്ചൊട്ടിക്കുന്നത്. ഞങ്ങള്‍ക്ക് ജീവിതത്തില്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയല്ലാത്ത ഒരു ചുക്കുമറിയില്ലെന്ന് വിളിച്ചു പറഞ്ഞിരിക്കുകയാണ് അവരുടെ അഛന്മാര്‍. പോരാത്തതിന് പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പിണറായി പെരുമ എന്ന കലാപൂരത്തിനായി എത്തിയവര്‍ക്ക് താമസിക്കാനായി ഏപ്രില്‍ 15 വരെ ഈ വീട് വാടകക്ക് നല്‍കിയിരുന്നുവത്രെ. എന്നിട്ടും മിസ്റ്റര്‍ പെരേര, താങ്കള്‍ അവരെ ആര്‍.എസ്.എസ് ആക്കുകയാണോ? നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തെ കുറിച്ച് കേട്ടിട്ടുണ്ട്. നിങ്ങളെന്നെ ആര്‍.എസ്.എസാക്കി എന്നത് ആദ്യമായിട്ട് കേള്‍ക്കുകയാ. ഈ സംഭവം ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. അതായത്, പകല്‍ ചെങ്കൊടിയും രാത്രി കാവിക്കൊടിയും പിടിക്കുന്നവര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ പെരുകുന്നുണ്ട്. അതിനെയാണ് നയതന്ത്ര കാവിച്ചുവപ്പ് ചെന്താമര സിന്‍ഡ്രോം എന്നു വിശേഷിപ്പിക്കുന്നത്. ജയരാജന്മാര്‍ വാചകമടി നിര്‍ത്തി ജാഗ്രത പാലിച്ചാലേ പാര്‍ട്ടി സുരക്ഷിതമാകൂ. പറഞ്ഞേക്കാം.

ജയരാജന്മാരുടെ വാചകമടികള്‍ പക്ഷെ, പണ്ടേ പോലെ ഫലിക്കുന്നില്ല. മുന്നണി കണ്‍വീനര്‍ പട്ടം ചാര്‍ത്തിക്കിട്ടിയപ്പോള്‍ പൊട്ടിച്ച വെടിയൊന്ന് ഉന്നം തെറ്റിയാണ് കൊണ്ടത്. മുന്നണിയില്‍ ലൗജിഹാദിനുള്ള സാധ്യത തുറന്നിട്ടിരിക്കുകയാണ് സഖാവ് ഇ.പി. അറക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതം എന്ന കണക്കെയായിരുന്നു പ്രസ്താവന. സംഗതി കാനം സഖാവിന് നെഞ്ചുവേദനയുണ്ടാക്കാനുള്ള ചെപ്പടിവിദ്യയാണെന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. പക്ഷെ, പാര്‍ട്ടി തൊണ്ടക്ക് പിടിച്ചപ്പോള്‍ ലീഗിനെ മൂന്നും കെട്ടി കൊണ്ടുവരണമെന്ന് പറഞ്ഞ ഇ.പി പ്രസ്താവനയങ്ങ് പിന്‍വലിച്ചു മര്യാദരാജനായി. കുപ്പായം മാറണപോലെ മുന്നണിമാറുന്ന പാര്‍ട്ടിയല്ല ലീഗെന്ന് കുഞ്ഞാപ്പയും തുറന്നടിച്ചു. എന്നാലും പാര്‍ലറിലുള്ളവര്‍ കാത്തിരിപ്പാണ്. എന്താന്നറിയോ, അഥവാ ബിരിയാണി കൊടുത്താലോ?

രാജ്യമിപ്പോള്‍ ഭരിക്കുന്നത് ബി.ജെ.പിയാണെങ്കിലും നയിക്കുന്നത് ബുള്‍ഡോസറാണ്. കാരണം, ഉത്തരേന്ത്യയില്‍ ബുള്‍ഡോസറുകളുടെ ഉടമസ്ഥന്മാരെല്ലാം ചേക്കേറിയിരിക്കുന്നത് ആ പാര്‍ട്ടിയിലാണ്. ബുള്‍ഡോസര്‍ ബാബ, ബുള്‍ഡോസര്‍ മാമ, ബുള്‍ഡോസര്‍ ആന്റി തുടങ്ങിയ സ്ഥാനപ്പേരുകള്‍ ചാര്‍ത്തിക്കിട്ടാന്‍ പാര്‍ട്ടിനേതാക്കള്‍ മത്സരിക്കുകയാണ്. ജിഹാദ് കണ്‍ട്രോള്‍ ബോര്‍ഡ് എന്നാണ് ഇവര്‍ ജെ.സി.ബിക്ക് ചാര്‍ത്തിയിരിക്കുന്ന നാമം. അതോടെ വണ്ടിക്ക് വന്‍ഡിമാന്റായി. ഉന്നത കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ടായിട്ടും പൊളിക്കലുമായി ബുള്‍ഡോസര്‍ നീങ്ങിയത് വണ്ടിക്ക് ഓട്ടം കിട്ടാനുള്ള തത്രപ്പാട് കൊണ്ടാണത്രെ.

റോം കത്തിയെരിയുമ്പോള്‍ നീറോ വീണ വായിച്ചതായി കേട്ടിട്ടുണ്ട്. നീറോയെ തോല്‍പ്പിച്ചിരിക്കുകയാണ് ദില്ലി മുഖ്യന്‍ അരവിന്ദ് കെജ്രിവാള്‍. ടിയാനെ ദില്ലിയില്‍ കണ്ടവരുണ്ടോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. ആളെ കൊണ്ടുവരാന്‍ ചിലപ്പോള്‍ ഒരു വലിയ ബുള്‍ഡോസര്‍ തന്നെ വേണ്ടിവന്നേക്കും. ന്യൂനപക്ഷങ്ങളുടെ ഗല്ലികള്‍ക്ക് നേരേ ഉയര്‍ന്ന ബുള്‍ഡോസറിന്റെ തുമ്പിക്കൈ പിടിക്കാന്‍ ഒരു ബൃന്ദാ കാരാട്ടുണ്ടായത് രാജ്യത്തിന്റെ ഭാഗ്യം തന്നെയാണ്.

ഇടതുമുന്നണി വരും എല്ലാ ശരിയാകും എന്ന മുദ്രാവാക്യം ഓര്‍മയില്ലേ. അതിപ്പോ എല്ലാം ശശിയാക്കും എന്ന് തിരുത്തിവായിക്കേണ്ട അവസ്ഥയാണ്. ഇപ്പോഴിതാ സാക്ഷാല്‍ ശശി വന്നു കഴിഞ്ഞു. പിണറായിയുടെ പൊന്നു സെക്രട്ടറിയായി. ഇനി ഇടത്തിരിക്കാന്‍ പോകുന്നത് ശശിയേമാനാണ്. ചില ഗ്രഹപ്പിഴകളെ നീക്കം ചെയ്യാനും ചില വിഗ്രഹങ്ങളെ സ്ഥാപിക്കാനും ശശി വരണമെന്നാണ് സംസ്ഥാന സമിതി തീരുമാനിച്ചത്. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ഇതാദ്യമായി ശശിയായി എന്നു പറഞ്ഞു തുടങ്ങിയിട്ടുണ്ട്. തമ്പുരാനേ.. കാര്യങ്ങളെല്ലാം ശശിയാകാതെ ശരിയായിരുന്നാല്‍ മതിയായിരുന്നൂ... മുട്ടിപ്പായി പ്രാര്‍ഥിച്ചോളീന്‍..

വര: ബാസിത് കൊപ്പം

Similar Posts