Column
സ്വാമി ജോര്‍ജാനന്ദ
Click the Play button to hear this message in audio format
Column

സ്വാമി ജോര്‍ജാനന്ദ

നയതന്ത്ര
|
1 Jun 2022 11:44 AM GMT

പിണറായിയുടെ പൊലീസിനെ പി. സിക്ക് പേടിയില്ല. പിന്നെയോ ചിലപ്പോ ചെറിയൊരു ഭയം കാണും. അത്ര തന്നെ. അതുകൊണ്ടാണല്ലോ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് വന്നതിന് ശേഷം പൂഞ്ഞാറിലെ വസതിയിലെത്തിയ പൊലീസേമാന്മാര്‍ക്ക് അത്യാവശ്യം തടിയും വണ്ണവുമുള്ള പി.സി യെ കാണാന്‍ കഴിയാഞ്ഞത്. | പൊളിറ്റിക്കല്‍ പാര്‍ലര്‍

മോസ്‌കോയിലാണ് സംഭവം. സ്റ്റാലിന്‍ മരണമടഞ്ഞ സന്ദര്‍ഭം. റഷ്യയിലുള്ള ഡോക്ടര്‍മാരെല്ലാം ക്രെംലിന്‍ കൊട്ടാരത്തിലെത്തിയിട്ടുണ്ട്. പക്ഷെ, ഒരു ഡോക്ടറും മരണം സാക്ഷ്യപ്പെടുത്താന്‍ തയ്യാറാകുന്നില്ല. അപ്പോള്‍ നേതൃത്വം കയ്യിലേന്താന്‍ തയ്യാറായ ക്രൂഷ്‌ചേവ്, ഡോക്ടര്‍മാരോട് ചോദിക്കുന്നുണ്ട്, ഇതെന്താ ഇത്രയും ഡോക്ടര്‍മാരുണ്ടായിട്ടും ഒരാളും മരണം സ്ഥിരീകരിക്കാത്താതെന്ന്. അപ്പോഴാണ് ഡോക്ടര്‍മാര്‍ രഹസ്യമായി പറയുന്നത്. മരിച്ചത് സ്റ്റാലിനാണ്. മരിച്ചെന്ന് റിപ്പോര്‍ട്ടെഴുതി കഴിഞ്ഞിട്ട്, അഥവാ മരിച്ചിട്ടില്ലെങ്കില്‍ ടിയാന്‍ എഴുന്നേറ്റെങ്ങാനും വന്നാല്‍ നമ്മുടെ തലക്ക് ആര് ഗ്യാരണ്ടി നില്‍ക്കും.

സംഭവം സത്യമാണോ അല്ലയോ എന്ന നയതന്ത്രയ്ക്കറിയില്ല.. കാരണം, പറഞ്ഞത് നമ്മുടെ പി.സിയെന്ന പൂഞ്ഞാറാശാനാണ്. ഒരു കാര്യം നേരത്തെ തന്നെ ഉറപ്പിച്ച് പറഞ്ഞേക്കാം. പിണറായിയുടെ പൊലീസിനെ പി. സിക്ക് പേടിയില്ല. പിന്നെയോ ചിലപ്പോ ചെറിയൊരു ഭയം കാണും. അത്ര തന്നെ. അതുകൊണ്ടാണല്ലോ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് വന്നതിന് ശേഷം പൂഞ്ഞാറിലെ വസതിയിലെത്തിയ പൊലീസേമാന്മാര്‍ക്ക് അത്യാവശ്യം തടിയും വണ്ണവുമുള്ള പി.സി യെ കാണാന്‍ കഴിയാഞ്ഞത്. സി.സി.ടി.വി ദൃശ്യങ്ങളിലും ആശാനെ ലവലേശം കണ്ടെത്താനായില്ല. പൊലീസും, എങ്ങിനെയെങ്കിലും പിടിച്ചുകൊടുക്കാന്‍ നാട്ടുകാരും കിണഞ്ഞ് തെരഞ്ഞിട്ടും, പൊടി പോലുമുണ്ടായിരുന്നില്ല കണ്ടു പിടിക്കാന്‍. സ്ഥിരമായി ഉപയോഗിക്കുന്ന വാഹനത്തിന് പകരം മറ്റൊരു വാഹനത്തിലാണത്രെ പി.സി കടന്നുകളഞ്ഞത്. അപ്പോഴും പൊലീസും തടവറയും തനിക്ക് പുല്ലാണ് എന്നാണ് ആശാന്‍ മന്ത്രിച്ചുകൊണ്ടിരുന്നത്. അപ്പോഴാണ് നാട്ടുകാര്‍ക്ക് പി.സിയുടെ അത്ഭുതമഹാസിദ്ധിയെകുറിച്ച് തിരിച്ചറിവുണ്ടാകുന്നത്. പി.സിയില്‍ അവര്‍ ഒരു മഹാനെ ദര്‍ശിക്കുന്നത്. നിന്ന നില്‍പ്പില്‍ മായയാകാന്‍ അദ്ധേഹത്തിനു കഴിയുമെന്ന് അവര്‍ മനസ്സിലാക്കുന്നത്. ജാമ്യം കിട്ടിയപ്പോള്‍ പി.സി ധീരതയോടെ പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായി. നേരില്‍ കണ്ടാല്‍ പരസ്പരം മിണ്ടാത്ത ബി.ജെ.പി നേതാക്കളായ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും മറ്റുനേതാക്കളും പി.സിയുടെ പേരില്‍ ഒന്നിക്കുന്നതാണ് പിന്നെ കാണുന്നത്. അമിത്ഷയും മോദിയും നിരന്തരം ആവശ്യപ്പെട്ടിട്ടും ഒന്നിച്ചിരിക്കാത്തവരാണ് ഈ നേതാക്കളെന്നോര്‍മ്മ വേണം. അക്കാര്യത്തില്‍ പി.സിക്ക് കൊടുക്കണം ഒരു സല്യൂട്ട്.


തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ കല്‍പ്പന ലഭിച്ച പി.സി പക്ഷെ വണ്ടി തൃക്കാക്കരക്ക് വിട്ടു. അവടിരുന്നാണ് സ്റ്റാലിന്റെ മേല്‍വിവരിച്ച കഥ പറഞ്ഞത്. തന്നെ തൊട്ട അന്നു മുതല്‍ പിണറായിയുടെ അന്ത്യത്തിന്റെ കൌണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കുകയാണെന്ന് സ്വാമി പ്രവചിച്ചു. താന്‍ ഇനിയും വേണമെങ്കില്‍ മുങ്ങാമെന്നും തന്നെ പിടിക്കാന്‍ പിണറായിയുടെ പൊലീസിന് ആകുമോയെന്നും വെല്ലവിളിച്ചു. തൃക്കാക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യണമെന്ന ആഹ്വാനം ചെയ്തതോടെ പാര്‍ലറിലുള്ളവര്‍ പി.സിക്ക് ഒരു പട്ടം ചാര്‍ത്തി നല്‍കി. സ്വാമി ജോര്‍ജാനന്ദ. പതിവിന് വിപരീതമായി ബി.ജെ.പി എഴുതിക്കൊടുത്ത വാറോല വിക്കിവിക്കി വായിക്കുകയാണ് പി.സി പത്രസമ്മേളനത്തില്‍ ചെയ്തത്.

എന്തിനാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും തൃക്കാക്കരയിലിങ്ങനെ തമ്പടിക്കുന്നതെന്ന് ചോദിക്കാന്‍ തിരുവനന്തപുരത്ത് നിന്നും ആന്റണിയവര്‍കളും കഷ്ടപ്പെട്ട് തൃക്കാക്കരയിലെത്തി. സെഞ്ച്വറിയടിച്ചില്ലെങ്കിലെന്നാ കുഴപ്പമെന്നായിരുന്നു അദ്ധേഹത്തിന്റെ അന്വേഷണം. വിലക്കയറ്റവും മഴക്കെടുതിയും ജനത്തെ ദുരിതത്തിലാക്കുമ്പോഴാണ് ഭരണസ്തംഭനത്തിന് വഴിവെക്കുന്ന ഈ തമ്പടിക്കലെന്നും ടിയാന്‍ പരിഹസിച്ചു. നേരത്തെ ചങ്ങലക്കിട്ട ഒരു നായയുടെ ഉപമ കെ.പി.സി.സി പ്രസിഡണ്ടും ഉന്നയിച്ചിരുന്നു. സംഭവം വിവാദമായപ്പോള്‍ അത് മലബാറിലെ സ്ഥിരം പ്രയോഗമാണെന്ന് പറഞ്ഞായിരുന്നു സുധാകരന്റെ തടിയൂരല്‍. മലബാറും തിരുവിതാംകൂറും കേരളത്തിലാണെന്നും രണ്ടിടത്തും നായ നായയും ചങ്ങല ചങ്ങലയും തന്നെയാണെന്നും അര്‍ഥവ്യത്യാസം രണ്ടു പദങ്ങള്‍ തമ്മിലില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചിട്ടുണ്ട്.

തൃക്കാക്കരയില്‍ വികസനത്തിനായി വോട്ടു ചോദിക്കുമെന്ന് പറഞ്ഞ് കോണ്‍ഗ്രസില്‍ നിന്നും വിടുതല്‍ നേടിയ സഖാവ് കെ.വി തോമസിനെ പക്ഷെ പാര്‍ട്ടിക്കാര്‍ പിന്നീട് തെരഞ്ഞെടുപ്പ് യോഗങ്ങളിലേക്കൊന്നും അടുപ്പിച്ചില്ല. കാര്യങ്ങളുടെ ഗതി മനസ്സിലാക്കിയ തോമസ് സാര്‍ കുമ്പളങ്ങിയില്‍ നിന്ന് കഷ്ടപ്പെട്ട് തൃക്കാക്കരക്ക് യാത്രയായതുമില്ല. ടിയാന് വേഗത്തിലെത്താന്‍ കെ. റെയില്‍ വേണമായിരുന്നല്ലോ. പക്ഷെ, കല്ലിടലില്‍ നിന്നും സര്‍ക്കാര്‍ പെട്ടെന്ന് പിന്‍മാറിയത് ആ വികസനമോഹിയുടെ ഹൃദയം തകര്‍ത്തു. കല്ലിടാതെ തന്നെ പദ്ധതി നടപ്പാക്കാനാകുമെന്നാണ് ഇപ്പോള്‍ കൊടിയേരി പ്രഖ്യാപിക്കുന്നത്. അങ്ങിനെയായിരുന്നുവെങ്കില്‍ എന്തിനായിരുന്ന കെ. റെയില്‍ എന്നെഴുതിയ വലിയ മഞ്ഞക്കുറ്റികള്‍ പ്രതിഷ്ഠ കണക്കെ സ്ഥാപിക്കാന്‍, സര്‍ക്കാര്‍ കോലാഹലം കൂട്ടിയതെന്ന് കോടതി ചോദിച്ചു. ആ ചോദ്യത്തിന് ഉത്തരം പറയാന്‍ റവന്യൂ മന്ത്രി രാജനെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി മുങ്ങി. എന്തോ എന്തരോ പറഞ്ഞു രാജന്‍ മന്ത്രിയും രക്ഷപ്പെട്ടു. ജൂണില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും സ്‌കൂളില്‍ ഉച്ചക്കഞ്ഞി വിതരണം ചെയ്യാനും കാശില്ലാത്ത സര്‍ക്കാരാണോ രണ്ടുലക്ഷം കോടിയുടെ സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന് പറഞ്ഞ് പാഞ്ഞു നടക്കുന്നത് എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ചോദ്യം.

അതിനിടയില്‍ പെട്രോളിനും ഡീസലിനും വില ഇത്തരി കുറഞ്ഞു. കുറച്ചത് ഞങ്ങളാണെന്ന് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ഒരു പോലെ മൊഴിഞ്ഞത് പാര്‍ലറില്‍ കൂട്ടച്ചിരിയുണര്‍ത്തി. കുറച്ചതും കുറഞ്ഞതും നിങ്ങള്‍ കാരണമാണെങ്കില്‍ കൂട്ടുന്നത് ആരാണെന്ന് ചോദിച്ചപ്പോള്‍ കൂട്ടമുങ്ങലായിരുന്നു കാണാനായത്.

കോണ്‍ഗ്രസില്‍ നിന്നും ഇതര പാര്‍ട്ടികളിലേക്കുള്ള നേതാക്കളുടെ കൂട്ടയോട്ടം ഏറെ പുരോഗമിച്ചു വരികയാണ്. എപ്പോഴും രാജ്യസഭയിലിരിക്കണെന്നാഗ്രഹമുള്ള കപില്‍ സിബലാണ് ഈ ആഴ്ച്ചയില്‍ ആദ്യം യാത്രയായത്. പിന്നീടാ ഹര്‍ദിക്ക് പട്ടേലും. പട്ടേല്‍ പറഞ്ഞ ന്യായമാണ് രസം. കോണ്‍ഗ്രസ് പാര്‍ട്ടി മുതലാളിമാരെ ബഹുമാനിക്കുന്നില്ല പോലും. അല്ലെങ്കിലും പണത്തിന് മീതെ പരുന്തും പറക്കില്ലെന്നല്ലേ പ്രമാണം. കോണ്‍ഗ്രസിനെ ദൈവം രക്ഷക്കട്ടെയെന്ന് പ്രാര്‍ഥിച്ച് തല്‍ക്കാലും തൊഴുകയ്യോടെ അവസാനിപ്പിക്കട്ടെ.

01.06.2022, മീഡിയവണ്‍ ഷെല്‍ഫ്

Similar Posts