Column
സായിപ്പിന്റെ ബന്ദിയായ കാലം
Click the Play button to hear this message in audio format
Column

സായിപ്പിന്റെ ബന്ദിയായ കാലം

പ്രമോദ് രാമന്‍
|
8 April 2022 6:59 AM GMT

കേരളത്തിലെ ദൃശ്യമാധ്യമപ്രവര്‍ത്തനത്തിലെ ആദ്യത്തെ ബന്ദികള്‍

ഒളിച്ചോട്ടം പലവിധത്തിലുണ്ട്. വിവാഹം കഴിക്കാന്‍ വേണ്ടിയുള്ള 'ഒളിച്ചോട്ടം' മാറ്റിവച്ചാലും പലതുണ്ട്. രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഒന്ന് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. മാധ്യമങ്ങളെ വിമര്‍ശിക്കാന്‍ പൊതുസമൂഹം ഉപയോഗിക്കുന്ന വാക്കുകളിലൊന്ന് വാര്‍ത്തയില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. ഇതൊന്നുമല്ലാത്ത, നില്‍ക്കക്കള്ളിയില്ലാത്ത ഒരു ഒളിച്ചോട്ടമാണ് എന്റെ മെമ്മറി കാര്‍ഡിലുള്ളത്.

1995 ആഗസ്റ്റിലാണ് വാര്‍ത്താസംപ്രേഷണമെന്ന ദൗത്യവുമായി ഏഷ്യാനെറ്റ് പ്രതിനിധികളായി ഞങ്ങള്‍ നാലഞ്ചുപേര്‍ ഫിലിപ്പീന്‍സിലെത്തുന്നത്. ആ വര്‍ഷത്തെ ഓണം നീലന്‍ സര്‍, എന്‍.കെ രവീന്ദ്രന്‍, യുവരാജ്, ഞാന്‍ എന്നിവര്‍ക്കെല്ലാം ഫിലിപ്പീന്‍സിലായിരുന്നു. അവിടുത്തെ സാഹചര്യങ്ങളെക്കുറിച്ച് ഞാന്‍ നേരത്തേ ഈ പംക്തിയില്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഫിലിപ്പീന്‍സിന്റെ തീരദേശപട്ടണമായ സുബിക് ബേയിലെ ഒരു കുന്നിന്‍പ്രദേശത്തെ ഉപഗ്രഹസംപ്രേഷണ കേന്ദ്രത്തില്‍ നിന്നാണ് വാര്‍ത്താസംപ്രേഷണം ആരംഭിച്ചത്. അമേരിക്കന്‍ വ്യവസായിയായ ലാറി റിസ്സറിന്റെ ഉടമസ്ഥതയിലുള്ള സുബിക് ബേ സാറ്റലൈറ്റ് സിസ്റ്റംസ് (എസ്.ബി.എസ്.എസ്.ഐ). അജാനുബാഹുവായ ലാറി റിസ്സര്‍ തന്റെ സ്റ്റുഡിയോ അത്യന്തം അഭിമാനത്തോടെ ഞങ്ങളെ കാണിച്ചുതന്നത് ഓര്‍ക്കുന്നു. കൂട്ടത്തില്‍ ഒരു മുന്നറിയിപ്പും. ഏഷ്യാനെറ്റിന് വാര്‍ത്താസംപ്രേഷണത്തിന് കൃത്യമായ സമയം നിശ്ചയിച്ചാണ് ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. ആ സമയം കഴിഞ്ഞാല്‍ ഒരുമിനിറ്റ് പോലും കൂടുതല്‍ അവിടെ നില്‍ക്കരുത്. സമയം കഴിഞ്ഞാല്‍ എഡിറ്റ് സ്യൂട്ടില്‍ തൊടരുത്. ഫ്‌ളോര്‍ ഒഴിഞ്ഞുകൊടുക്കണം. ഹോ, സായിപ്പിന്റെ നക്കിത്തരം, എന്ന് ചിന്തിക്കാതിരുന്നില്ല.

ഓണം കഴിഞ്ഞ് സെപ്റ്റംബര്‍ 30 നാണ് സംപ്രേഷണം ആരംഭിച്ചത്. ഏതാണ്ട് ഒരുമാസത്തെ ഒരുക്കത്തിനുശേഷം വാര്‍ത്താസംപ്രേഷണം സുഗമമായി എന്ന് ഉറപ്പിച്ച് നീലന്‍ സര്‍ മടങ്ങി. ശേഷിച്ചത് രവിയും യുവരാജും ഞാനുമാണ്. അവിടുന്നങ്ങോട്ട് ആ സ്റ്റേഷനില്‍ ദിനേന പത്തുമണിക്കൂറെങ്കിലും ചെലവഴിച്ച് ജോലിചെയ്യുന്ന അവസ്ഥയിലായി ഞങ്ങള്‍.

ഫിലിപ്പീന്‍സിലാണ് ജോലിചെയ്യുന്നതെങ്കിലും ആ രാജ്യത്തിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ സന്ദര്‍ശിക്കാനോ കാഴ്ചകള്‍ കാണാനോ ഞങ്ങള്‍ക്ക് അവസരം കിട്ടിയില്ല. ജോലിയില്‍ പകരംവയ്ക്കാന്‍ ആളില്ല എന്നതായിരുന്നു പ്രധാനകാരണം. എങ്കിലും ഒരുതവണ തലസ്ഥാനമായ മനിലയില്‍ പോകാനും മറ്റൊരു തവണ സുബിക് ബേയ്ക്ക് ചുറ്റും കറങ്ങാനും അവസരം കിട്ടിയിട്ടുണ്ട്. മറ്റുദിവസങ്ങളിലെല്ലാം ഓഫീസ്, വീട്, ഓഫീസ്, വീട് എന്നതായിരുന്നു സ്ഥിതി. ആഴ്ചയില്‍ ഒരുദിവസം ഓഫ് എടുക്കാന്‍ പോലും സാധിച്ചില്ല. പക്ഷേ, അപ്പോഴും ചെയ്യുന്ന ജോലിയുടെ വെല്ലുവിളികള്‍ ആവേശംതരുന്നതായിരുന്നു. അതില്‍ നിന്ന് പിന്നോട്ടുപോകാനോ മാറിനില്‍ക്കാനോ ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ല.

നിങ്ങള്‍ എന്തോ മറച്ചുവയ്ക്കുകയാണ്, സിംഗപ്പൂരില്‍ ചില നീക്കങ്ങള്‍ നടക്കുന്നതിന്റെ സൂചനകള്‍ എനിക്കുണ്ട്. അതുകൊണ്ട് തല്‍ക്കാലം ഇന്ന് ന്യൂസ് വേണ്ട. അന്വേഷിച്ച് കാര്യങ്ങളറിഞ്ഞശേഷം മതി ഇനി വാര്‍ത്താസംപ്രേഷണം. അയാള്‍ ഉറപ്പിച്ചുപറഞ്ഞു.

ഏകദേശം ആറുമാസം ഇതേനിലയില്‍ തുടര്‍ന്നു. 1996 ഫെബ്രുവരിയാകുമ്പോഴേക്ക് മദ്രാസിലെ കോര്‍പറേറ്റ് ഓഫീസില്‍ നിന്ന് ഞങ്ങള്‍ക്കൊരു വിവരം കിട്ടി. അപ് ലിങ്ക് സ്റ്റേഷന്‍ സിംഗപ്പൂരിലേക്ക് മാറാന്‍ പോകുന്നു. വൈകാതെ മാറ്റം ഉണ്ടാകും. സിംഗപ്പൂരില്‍ സ്റ്റുഡിയോയും മറ്റ് സെറ്റപ്പുകളും തയ്യാറായി വരികയാണ്. ഞങ്ങള്‍ക്കും സന്തോഷം തോന്നി. കേരളത്തില്‍ നിന്ന് വാര്‍ത്തകളും ദൃശ്യങ്ങളും കിട്ടാന്‍ കുറച്ചുകൂടി എളുപ്പമാകുമല്ലോ. ഇതുവരെയും വിഡിയോ ടേപ്പുകള്‍ വിമാനത്തില്‍ സിംഗപ്പൂരിലേക്ക് അയച്ച് അവിടെനിന്ന് മനിലയില്‍ വന്ന് വീണ്ടും സുബിക് ബേയിലെത്തിച്ച് വേണം ഉപയോഗിക്കാന്‍. അതില്‍ ചെറിയൊരു മാറ്റം ഉണ്ടാകുമല്ലോ.

പക്ഷേ. എസ്.ബി.എസ്.എസ്.ഐ വിട്ട് സിംഗപ്പൂരിലേക്ക് സംപ്രേഷണം അപ്പാടെ മാറ്റുകയെന്നത് അത്ര എളുപ്പമായിരുന്നില്ല. മാനേജ്‌മെന്റിന് അതൊരു വലിയ വെല്ലുവിളിയായിരുന്നു. ഇവിടുത്തെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കണം. സംപ്രേഷണം അധികം മുടങ്ങാതെ അവിടെ ആരംഭിക്കണമെങ്കില്‍ വേറൊരു ടീമിനെ അവിടെ കൊണ്ടുവരണം. സാമ്പത്തിക മുതല്‍മുടക്ക് വേണം. ഇതിലെല്ലാം വച്ച് ഏറ്റവും പ്രധാനം ഈ നീക്കങ്ങള്‍ എസ്.ബി.എസ്.എസ്.ഐയുടെ ഉടമയായ ലാറി റിസ്സര്‍ അറിയാനും പാടില്ല എന്നതായിരുന്നു. പക്ഷേ, സിംഗപ്പൂരില്‍ സാങ്കേതിക തയ്യാറെടുപ്പ് നടത്തണമെങ്കില്‍ ഞങ്ങളുടെ കൂട്ടത്തിലെ ടെക്‌നിക്കല്‍ ഹാന്‍ഡ് ആയ യുവരാജിനെ അങ്ങോട്ടയച്ചേ പറ്റൂ. മറ്റാരെയും അത് ഏല്‍പിക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ ആദ്യം യുവരാജിനെ സുബിക് ബേയില്‍ നിന്ന് സിംഗപ്പൂരിലേക്ക് അയക്കാന്‍ തീരുമാനിച്ചു.

നാട്ടിലൊരു അത്യാവശ്യം വന്ന് പോവുകയാണെന്ന് സംപ്രേഷണ കേന്ദ്രത്തിലെ സുഹൃത്തുക്കളോട് പറഞ്ഞ് യുവരാജിനെ പതിയെ വിമാനം കയറ്റി. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി മുന്‍കരുതല്‍ എടുത്തെങ്കിലും പക്ഷേ, സായിപ്പല്ലേ, വിവരം ലാറി റിസ്സറിന്റെ ചെവിയിലെത്തി. യുവരാജ് എങ്ങോട്ടാണ് പോയതെന്ന ചോദ്യവുമായി അയാളോടി വന്നു. ഞങ്ങള്‍ ഞങ്ങള്‍ക്കായി അനുവദിക്കപ്പെട്ട മുറിയില്‍ അടുത്ത ന്യൂസ് ബുള്ളറ്റിന്റെ പണിയിലായിരുന്നു. ലാറി വന്ന് ആദ്യം തിരക്കിയത് യുവരാജ് എവിടെപ്പോയെന്നായിരുന്നു. ഞങ്ങളില്‍ മൂത്തയാളായ രവി സംശയം തോന്നാത്ത നിലയില്‍ കളവുപറഞ്ഞു. പക്ഷേ, അങ്ങേര്‍ക്ക് വിശ്വാസം വന്നില്ല. നിങ്ങള്‍ എന്തോ മറച്ചുവയ്ക്കുകയാണ്, സിംഗപ്പൂരില്‍ ചില നീക്കങ്ങള്‍ നടക്കുന്നതിന്റെ സൂചനകള്‍ എനിക്കുണ്ട്. അതുകൊണ്ട് തല്‍ക്കാലം ഇന്ന് ന്യൂസ് വേണ്ട. അന്വേഷിച്ച് കാര്യങ്ങളറിഞ്ഞശേഷം മതി ഇനി വാര്‍ത്താസംപ്രേഷണം. അയാള്‍ ഉറപ്പിച്ചുപറഞ്ഞു.

ഞങ്ങള്‍ ഉടനെതന്നെ മദ്രാസ് ഓഫീസിലേക്ക് വിളിച്ചു. ജനറല്‍ മാനേജര്‍ ടി.കെ വിഭാകറിനോടാണ് സംസാരിച്ചത്. സംഗതി ലാറി റിസര്‍ അറിഞ്ഞെങ്കില്‍ പിന്നെ രക്ഷയില്ല, നിങ്ങളും പുറപ്പെട്ടോളൂ എന്നായിരുന്നു വിഭാകറിന്റെ മറുപടി. ഞങ്ങള്‍ ആകെ അന്തംവിട്ടു. അപ്പോഴേക്ക് ലാറി വീണ്ടുംവന്നു. ഇത്തവണ അയാളുടെ മുഖം കൂടുതല്‍ ചുവന്നിരുന്നു. അയാള്‍ വിവരമെല്ലാം സ്ഥിരീകരിച്ചിരിക്കുന്നു. എന്റെ കുടിശ്ശിക തീര്‍ത്തുതരുംവരെ നിങ്ങള്‍ക്ക് ഇവിടെനിന്ന് പോകാനാവില്ല. അയാള്‍ കണിശമായി പറഞ്ഞു. നിങ്ങളുടെ മേധാവികളെ അറിയിച്ചോളൂ. അയാള്‍ അമേരിക്കന്‍ സാമ്പത്തികശാസ്ത്രത്തിന്റെ അത്യാര്‍ത്തിപൂണ്ട സൂത്രവാക്യം പുറത്തെടുത്തു.

ഞങ്ങള്‍ വിയര്‍ത്തു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഞങ്ങളുടെ വിസാ കാലാവധി തീരാന്‍ രണ്ടുദിവസം മാത്രമാണ് ബാക്കി. ഇയാള്‍ വിടാതിരിക്കുകയും വിസ പുതുക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ രവിയും ഞാനും ഫിലിപ്പീന്‍സില്‍ അനധികൃത താമസക്കാരാകും. എന്താണ് പിന്നെ സംഭവിക്കുക എന്ന് പറയേണ്ടല്ലോ.

ലാറി റിസ്സര്‍ ഭീഷണി മുഴക്കിപ്പോയതിനുശേഷം ഞങ്ങള്‍ അസ്ത്രപ്രജ്ഞരായി അവിടെയിരുന്നു. മദ്രാസിലേക്ക് ഫോണ്‍ ചെയ്ത് നോക്കുമ്പോഴാണ് ഒരുകാര്യം കൂടി മനസ്സിലായത്. ഞങ്ങളുടെ എല്ലാ കമ്യൂണിക്കേഷന്‍ ബന്ധങ്ങളും അയാള്‍ വിച്ഛേദിച്ചിരിക്കുന്നു.

ഞങ്ങള്‍ പൂര്‍ണ അര്‍ഥത്തില്‍ ബന്ദികളായി. കേരളത്തിലെ ദൃശ്യമാധ്യമപ്രവര്‍ത്തനത്തിലെ ആദ്യത്തെ ബന്ദികള്‍.

അവിടെനിന്ന് രക്ഷപ്പെട്ടത് മറ്റൊരു അധ്യായമാണ്. അടുത്ത ലക്കത്തിലേക്ക് മാറ്റിവയ്ക്കുന്നു അത്.

Related Tags :
Similar Posts