'മതത്തെ വിമോചനമാർഗമാക്കി, കറുത്തവംശജരുടെ മിശിഹയായി'; ടെസ്മണ്ട് ടുട്ടുവിന്റെ ഇതിഹാസ ജീവിതം
|നെൽസൺ മണ്ടേല കഴിഞ്ഞാൽ വർണവിവേചനത്തിനെതിരായ നിലക്കാത്ത പോരാട്ടത്തിന്റെ പേരായി ലോകം ചർച്ച ചെയ്ത പേരാണ് ഡെസ്മണ്ട് ടുട്ടുവിന്റേത്
ഒരിക്കൽ ഡെസ്മണ്ട് ടുട്ടു എന്ന കറുത്ത വംശജനായ ബാലൻ അമ്മയ്ക്കൊപ്പം നഗരപാതയിലൂടെ നടന്നുപോവുകയാണ്. ഈ സമയത്ത് എതിർദിശയിൽനിന്ന് പൊക്കംകൂടിയ ഒരു വെള്ളക്കാരൻ അതുവഴി നടന്നുവരുന്നു. വർണവിവേചനം ശക്തമായി നിലനിന്ന അക്കാലത്ത് വെള്ളക്കാരൻ വരുന്നത് കണ്ടാൽ കറുത്തവംശജർ വഴിമാറിനിൽക്കണം. വെളുത്തവനെ ആദരിക്കണം.എന്നാൽ, ആ വെള്ളക്കാരൻ ഡെസ്മണ്ടിനും അമ്മയ്ക്കും വഴിമാറിക്കൊടുക്കുകയാണ് ചെയ്തത്. അൽപ്പം മുന്നോട്ടുനീങ്ങിയ അയാൾ തന്റെ തൊപ്പിയൂരി ഉയർത്തിക്കാട്ടി ഡെസ്മണ്ടിനും അമ്മയ്ക്കും ആദരമർപ്പിക്കുകയും ചെയ്തു.
സാമൂഹിക അസമത്വങ്ങൾക്കെതിരെ ചെറുത്തുനിൽപ്പ് നടത്തിയ ആംഗ്ലിക്കൻ ബിഷപ്പ് ട്രെവർ ഹഡിൽസ്റ്റണായിരുന്നു ആ മനുഷ്യൻ. ഡെസ്മണ്ട് ടുട്ടുവിന്റെ വീരനായകൻ. ഹഡിൽസ്റ്റണെ അമ്മ ഡെസ്മണ്ടിന് പരിചയപ്പെടുത്തി; അയാൾ ദൈവത്തിന്റെ മനുഷ്യനാണെന്ന്. വർണവിവേചനത്തിനെതിരായി ഹഡിൽസ്റ്റൺ നടത്തിയ പോരാട്ടത്തിന്റെ കഥകളെല്ലാം അമ്മ വിവരിച്ചുകൊടുത്തു.അന്ന് ഡെസ്മണ്ട് മനസിൽ കുറിച്ചിട്ടതാണ്; തനിക്കും അത്തരമൊരു ദൈവത്തിന്റെ മനുഷ്യനാകണമെന്ന്. അമ്മ പറഞ്ഞുതന്ന കഥകളെല്ലാം മനസിൽ തീജ്വാലയായി ഏറെക്കാലം ആളിക്കത്തിക്കൊണ്ടിരുന്നു. അന്നുതൊട്ട് അയാൾ വർണവിവേചനത്തിനെതിരായ പോരാട്ടം സ്വന്തം ജീവിതദൗത്യമായേറ്റെടുക്കുകയായിരുന്നു. പിൽക്കാലത്ത് പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും മിശിഹയായി മാറിയ ഡെസ്മണ്ട് ടുട്ടുവിന്റെ പോരാട്ടജീവിതം ആരംഭിക്കുന്നത് അങ്ങനെയാണ്. നീതിബോധത്തിന്റെ ശബ്ദമെന്നാണ് അദ്ദേഹത്തെ സാക്ഷാൽ നെൽസൺ മണ്ടേല ഒരിക്കൽ വിശേഷിപ്പിച്ചത്. നെൽസൺ മണ്ടേല കഴിഞ്ഞാൽ വർണവിവേചനത്തിനെതിരായ നിലക്കാത്ത പോരാട്ടത്തിന്റെ പേരായി ലോകം ചർച്ച ചെയ്ത പേരാണ് ഡെസ്മണ്ട് ടുട്ടുവിന്റേത്. സാമൂഹിക ഉച്ചനീചത്വങ്ങളുടെ തീച്ചൂളയിൽനിന്ന് ദക്ഷിണാഫ്രിക്കയിലെ കറുത്തവംശജരെ വിമോചനത്തിന്റെ പുതിയ പുലരിയിലേക്ക് പടനയിച്ച നേതാവായിരുന്നു അദ്ദേഹം.
ദക്ഷിണാഫ്രിക്കൻ തിരഞ്ഞെടുപ്പിൽ കേപ്ടൗണിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു മാധ്യമങ്ങളോട് സംസാരിക്കുന്നു
പഠനം, ജീവിതം
1931 ഒക്ടോബർ ഏഴിന് ദക്ഷിണാഫ്രിക്കയിലെ ക്ലെർക്ക്ഡോപ്പിൽ സക്കറിയ സിലിലിയോ ടുട്ടുവിന്റെയും ഭാര്യ അലാറ്റയുടെയും മൂന്ന് മക്കളിൽ രണ്ടാമനായാണ് ഡെസ്മണ്ട് ടുട്ടുവിന്റെ ജനനം. പഠനകാലത്ത് വൈദ്യനാകാനായിരുന്നു ആഗ്രഹിച്ചത്. എന്നാൽ, കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി അതിന് അനുവദിച്ചില്ല. കുടുംബത്തിന്റെ സ്ഥിതി മനസിലാക്കി ഡെസ്മണ്ട് പിതാവിനെ പിന്തുടർന്ന് അധ്യാപനരംഗത്തേക്ക് കാലെടുത്തുവച്ചു.
1955ൽ വിദ്യാർത്ഥിയായിരിക്കെയാണ് അധ്യാപികയായ ലിയ ഷെൻക്സാനുമായി സൗഹൃദത്തിലാകുന്നത്. സൗഹൃദം പിന്നീട് വിവാഹത്തിൽ കലാശിച്ചു. ലിയ ഷെൻക്സാനുമൊത്തുള്ള ദാമ്പത്യത്തിൽ നാല് കുട്ടികളുമുണ്ട് ഡെസ്മണ്ടിന്.
1960ൽ അധ്യാപകജോലി രാജിവച്ച് അദ്ദേഹം പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് ജോഹന്നാസ്ബർഗിലെ സെന്റ് പീറ്റേഴ്്സ് കോളേജിൽനിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കിയ ഡെസ്മണ്ട് പുരോഹിതനായി ഔദ്യോഗിക ജീവിതവും ആരംഭിച്ചു.
ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു, മുൻ പ്രസിഡന്റ് നെൽസൺ മണ്ടേലയുടെ സ്മരണാർത്ഥം ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലുള്ള സെന്റ് ജോർജ്ജ് കത്തീഡ്രലിൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നു.
2005ലെ ഗാന്ധി സമാധാന പുരസ്കാരം ഡെസ്മണ്ട് ടുട്ടുവിന് രാഷ്ട്രപതിയായിരുന്ന ഡോ.എപിജെ അബ്ദുൽ കലാം സമ്മാനിക്കുന്നു
പോരാട്ടഭൂമിയിലേക്ക്
1972ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന സെവേറ്റോ കലാപത്തോടെയാണ് വർണവിവേചനത്തിനെതിരെയുള്ള പോരാട്ടങ്ങളുടെ ഭാഗമാകാൻ ഡെസ്മണ്ട് തീരുമാനിച്ചത്. 1976 മുതൽ 1978 വരെ സൗത്ത് ആഫ്രിക്കയിലെ കൗൺസിൽ ഓഫ് ചർച്ചിന്റെ സെക്രട്ടറി ജനറലായി സേവനരംഗത്തെത്തിയതോടെ പോരാട്ടഭൂമിയിൽ നേരിട്ടിറങ്ങി. പ്രസംഗങ്ങളിലൂടെയും എഴുത്തിലൂടെയും ഡെസ്മണ്ട് സമൂഹിക വിവേചനമെന്ന വിപത്തിനെതിരെ ശക്തമായ പ്രതിരോധം തീർത്തു.
വർണവിവേചനത്തിനെതിരെ സന്ധിയില്ലാസമരം നടത്താൻ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.വർണവിവേചന വിരുദ്ധ പോരാട്ടങ്ങൾക്ക് ലോകത്തിന്റെ അംഗീകാരവും ലഭിച്ചു ഇതിനിടെ. 1984ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിലൂടെയായിരുന്നു അത്. സമാധാന നൊബേൽ ലഭിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കക്കാരനുമായി ഡെസ്മണ്ട് ടുട്ടു; രണ്ടാമത്തെ കറുത്ത വംശജനും.
ഡെസ്മണ്ട് ടുട്ടു ദലൈ ലാമയോടൊപ്പം
1986 ൽ ദക്ഷിണാഫ്രിക്കയുടെ ആർച്ച് ബിഷപ്പായി ഡെസ്മണ്ട് നിയമിതനായി. ആ പദവിയിലെത്തുന്ന ആദ്യത്തെ കറുത്തവംശജനാണ് അദ്ദേഹം. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി പോരാടാനാണ് ഡെസ്മണ്ട് തന്റെ പദവി ഉപയോഗിച്ചത്. ദാരിദ്ര്യ നിർമാർജനദൗത്യവും എയ്ഡ്സ് രോഗികളുടെ പരിചരണവുമായി ഇതേസമയത്തു തന്നെ സാമൂഹികപ്രവർത്തനരംഗത്തും അദ്ദേഹം സജീവമായി ഇടപെട്ടുകൊണ്ടിരുന്നു. സ്വവർഗാനുരാഗികൾക്കെതിരായ സാമൂഹിക പൊതുബോധം തിരുത്താൻ മുന്നിട്ടിറങ്ങിയും വേറിട്ട വഴികളിലൂടെ നടന്ന ഒരു പുരോഹിതനായി മാറി ഡെസ്മണ്ട ടുട്ടു.