ക്യാമറാ അസിസ്റ്റന്റ്! ദക്ഷിണേന്ത്യന്‍ സൂപ്പര്‍ താരങ്ങളെ നേരില്‍ കണ്ടപ്പോള്‍
|ആദ്യ ദിവസം എത്തിയത് ഒരു ക്ലബ്ബിന്റെ സെറ്റില്‍ ആണ്. ക്ലബ് ഡാന്‍സിന്റെ ചിത്രീകരണം ആണ് അവിടെ നടന്നു കൊണ്ടിരുന്നത്. വാണിശ്രീ എന്ന സുന്ദരിയായ നായികയോടൊപ്പം നൃത്തം ചെയ്യുന്നത്, നല്ല ഉയരവും തടിയുമുള്ള, ഹിന്ദി സിനിമയിലെ ഗുണ്ടയെപ്പോലെ തോന്നിപ്പിക്കുന്ന, ഒരാളായിരിന്നു. അത് പ്രസിദ്ധ തെലുഗു സിനിമാ സൂപര്‍ താരം എന്‍.ടി രാമരാവു ആണെന്ന് പിന്നെയാണ് ഞാന്‍ മനസ്സിലാക്കിയത്.
ഞാന്‍ രാവിലെ തന്നെ യു. രാജഗോപാലിന്റെ വീട്ടിലെത്തി. അവിടെ നിന്ന് അദ്ദേഹത്തിന്റെ കാറിലാണ് കോടംബാക്കത്തേക്ക് പോയത്. ഞാന്‍ അദ്ദേഹത്തോടൊപ്പം മുന്‍സീറ്റില്‍ ഇരുന്നു. നഗരത്തിന്റെ തിരക്കുകളിലൂടെ അദ്ദേഹം വിദഗ്ധമായി വണ്ടി ഓടിച്ചു. കോടംബാക്കം പാലം ഇറങ്ങിയപ്പോള്‍ രാജഗോപാല്‍ പറഞ്ഞു,'' ഇവിടെ കോടംബാക്കം തുടങ്ങുന്നു''. ഞാന്‍ ആവേശപൂര്‍വം പുറത്തേക്കു നോക്കിയിരുന്നു. ഏതെങ്കിലും സിനിമാതാരങ്ങളെ കാണുന്നുണ്ടോ? പക്ഷെ, സിനിമാതാരങ്ങളൊന്നും അങ്ങിനെ റോഡില്‍ ഇറങ്ങി നടക്കാറില്ലല്ലോ. എന്നാല്‍ ഒരു സത്യം ഞാന്‍ വളരെ വര്‍ഷങ്ങള്‍ക്കു ശേഷം മനസ്സിലാക്കി. കോടമ്പാക്കം തെരുവിലൂടെ നടക്കുന്നവരില്‍ പലരും പല സിനിമകളിലും അഭിനയിചിട്ടുള്ളവര്‍ ആയിരിക്കാം. ചിലര്‍ പണ്ട് പ്രശസ്തര്‍ ആയിരുന്നവരും, എന്നാല്‍, ഇപ്പോള്‍ വിസ്മൃതിയില്‍ ലയിച്ചവരും ആയിരിക്കും. സിനിമാക്കാരുടെ ഭാഷയില്‍ അവരെ ഫീല്‍ഡ് ഔട്ട് ആയവര്‍ എന്ന് പറയും. അതുപോലെ തന്നെ പിന്നീട് സൂപ്പര്‍ താരങ്ങളാവാന് പോകുന്ന പലരും ഇപ്പോല്‍ ഈ തെരുവില്‍ അവസരങ്ങള്‍ക്കായി അലയുന്നുണ്ടാവാം. അഭിനേതാക്കല്‍ മാത്രമല്ല, സംവിധായകരും മറ്റു സാങ്കേതിക പ്രവര്‍ത്തകരും ഒക്കെ ഇക്കൂട്ടത്തില്‍ ഉണ്ടാവും; ഇപ്പോല്‍ രംഗത്ത് സജീവമായി നില്ക്കുന്നവര് അല്ല എന്ന് മാത്രം. അസ്തമിച്ച പ്രതിഭകളോ, ഉദിക്കാന്‍ പോകുന്ന താരങ്ങളോ ആയിരിക്കും.
വാഹിനി സ്റ്റുഡിയോയും, എ.വി.എം സ്റ്റുഡിയോയും ഒക്കെ കടന്നു ഞങ്ങള്‍ വടപളനിയിലെ ഒരു സ്റ്റുഡിയോയുടെ മുന്നിലെത്തി. വലിയ കവാടത്തിന് മുകളിലുള്ള ആര്‍ച്ചില്‍ ഇങ്ങനെ എഴുതിയിരുന്നു. Sharada Studios- Leasees of Majestic Studios. കാര്‍ പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ ഓഫീസ് കെട്ടിടത്തിലേക്ക് കയറി. ജനറല്‍ മാനേജര്‍ രാമലിംഗം ചെട്ടിയാര്‍ എന്നെഴുതിയ ബോര്‍ഡിനു മുന്നില്‍ എന്നെ നിര്‍ത്തിയിട്ട് രാജഗോപാല്‍ അകത്തേക്ക് പോയി. അല്പം കഴിഞ്ഞു അദ്ദേഹം വന്നു എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. ഒരു വലിയ മേശക്കു പിന്നില്‍ പ്രൗഡിയോടെ ഇരിക്കുന്ന നരച്ച തലമുടിയുള്ള ചെട്ടിയാര്‍. അദ്ദേഹത്തിന്റെ കഷണ്ടി കയറിയ വിശാലമായ നെറ്റിയില്‍ ഭസ്മം കൊണ്ടുള്ള മൂന്നു നീണ്ട വരകള്‍ വരച്ചിരുന്നു. അതിന്റെ മദ്ധ്യത്തിലായി ഒരു കുങ്കുമ പൊട്ടും. രാജഗോപാല്‍, ചെട്ടിയാര്‍ക്ക് എന്നെ പരിചയപ്പെടുത്തി.
''ഇത് താന്‍ നാന് ശോന്ന ആള്''.
ഞാന്‍ ഭവ്യതയോടെ അദ്ദേഹത്തിന് വണക്കം പറഞ്ഞു. അദ്ദേഹം പേരും മറ്റു വിവരങ്ങളും ചോദിച്ചതിനു ശേഷം ചോദിച്ചു,
' when do you want to join ?'
'Now itself'
ഞാന്‍ മറുപടി പറഞ്ഞു.
അപ്പോള്‍ രാജഗോപാല്‍ അദ്ദേഹത്തോട് പറഞ്ഞു.
'' ഇയാള്‍ സാറിന് ഒരു ചെറിയ ഗിഫ്റ്റ് തരാന്‍ ആഗ്രഹിക്കുന്നു''. ചെട്ടിയാര്‍ ചിരിച്ചുകൊണ്ട് തലയാട്ടി. രാജഗോപാല്‍ എന്നോട് ആംഗ്യം കാണിച്ചു. ഞാന്‍ കയ്യില്‍ കരുതിയിരുന്ന, നൂറു രൂപാ അടങ്ങിയ, കവര്‍ ഭവ്യതയോടെ അദ്ദേഹത്തിന്റെ മുന്നിലേക്ക് നീട്ടി. അദ്ദേഹം സന്തോഷത്തോടെ അത് വാങ്ങി. 1968 ല്‍ നൂറു രൂപാ ഒരു വലിയ സംഖ്യ തന്നെയാണ്. അതിന്റെ മഹത്വം എനിക്ക് ഉടനെ ബോധ്യപ്പെടുകയും ചെയ്തു. ചെട്ടിയാര്‍ രാജഗോപാലിനോട് പറഞ്ഞു,
'' നിങ്ങള്‍ ധൈര്യമായി പൊയ്ക്കോളൂ. ആദിയുടെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം''
''ആദിയല്ല സാര്‍, ആദം'' ഞാന്‍ പറഞ്ഞു.
'''' അതെ, അതെ ആദം,'' അദ്ദേഹം പറഞ്ഞു.
രാജഗോപാല്‍ അദ്ദേഹത്തിന് നന്ദി പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. നൂറു രൂപയുടെ അത്ഭുതപ്രഭാവം അപ്പോള്‍ തന്നെ കണ്ടു തുടങ്ങി. ചെട്ടിയാര്‍ സ്വയം ഓഫീസില്‍ നിന്നിറങ്ങി എന്നെ നേരിട്ട് ക്യാമറ ഡിപ്പാര്‍ട്മെന്റിലേക്കു കൂട്ടിക്കൊണ്ടു പോയി. ബാബു റാവു എന്ന കറുത്ത് തടിച്ച ഒരു മനുഷ്യനാണ് ക്യാമറ വിഭാഗത്തിന്റെ ചുമതല. ചെട്ടിയാര്‍ അയാളോട് പറഞ്ഞു.
'' ഇത് ആദിമ അയുബ്. എനക്ക് റൊമ്പ വേണ്ടപ്പെട്ടവര്‍. ക്യാമറ ഡിപ്പാര്‍ട്മെന്റിലെ ഇന്നേക്ക് ജോയിര് പണ്ണ്റാര്. നല്ലാ ഗൌനിച്ചിടുങ്കോ.''
ബാബു റാവു വിനയത്തോടെ തലകുലുക്കി. ചെട്ടിയാര്‍ എന്റെ ചുമലില്‍ തട്ടി അഭിനന്ദിച്ചു കൊണ്ട് തിരിച്ചു പോയി. ബാബു റാവു മേശപ്പുറത്തിരുന്ന ഒരു തടിച്ച രജിസ്റ്റര്‍ എടുത്ത് തുറന്ന് അതില്‍ എന്റെ പേരെഴുതാന്‍ തുടങ്ങി. ' ആദിമ..? എന്നാ ?''
''ആദിമ അല്ല സാര്‍, ആദം അയുബ്'' ഞാന്‍ പറഞ്ഞു.
''സരി, നീങ്കളെ എളുതുങ്കോ'' അദ്ദേഹം രജിസ്റ്റര്‍ എന്റെ മുന്നിലേക്ക് നീക്കിവെച്ചു. അതില്‍ മറ്റു പേരുകളെല്ലാം തമിഴിലാണ് എഴുതിയിരിക്കുന്നത്. തമിഴ് അറിയാത്തതു കൊണ്ട് ഞാന്‍ റജിസ്റ്റില്‍ ഇംഗ്ലീഷില്‍ എന്റെ പേരെഴുതി.
സ്റ്റുഡിയോയില്‍ ഷൂട്ടിംഗ് നടക്കുന്ന വലിയ ഹാളിന് ഫ്ലോര്‍ എന്നാണ് പറയുക. അവിടെ എ. മുതല്‍ ഡി വരെ നാല് ഫ്ളോറുകള്‍ ആണുള്ളത്. ഓരോ ഫ്ളോറിലും പല തരത്തിലുള്ള കൂറ്റന്‍ സെറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സിനിമ പൂര്‍ണമായും സ്റ്റുഡിയോ ഫ്ളോറിലെ കൃത്രിമ സെറ്റുകളില്‍ ഷൂട്ട് ചെയ്യുന്ന കാലമായിരുന്നു അത്. അന്ന് സിനിമയില്‍ ഡബ്ബിംഗ് ഉണ്ടായിരുന്നില്ല. സൗണ്ട് പ്രൂഫ് ആയ സ്റ്റുഡിയോ ഫ്ലോറുകളില്‍ അഭിനേതാക്കളുടെ ശബ്ദം, ദൃശ്യങ്ങള്‍ക്കൊപ്പം നേരിട്ട് റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ബാബു റാവു എന്നെ ഡി. ഫ്ളോറിലേക്ക് കൊണ്ട് പോയി. അവിടെ ഒരു തെലുഗു പടത്തിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. ഒരു ക്ലബ്ബിന്റെ സെറ്റ് ആണ്. എന്ന് വെച്ചാല്‍ തീറ്റയും കുടിയും നൃത്തവും ഒക്കെ നടക്കുന്ന സ്ഥലം. ഒരു ക്ലബ് ഡാന്‍സിന്റെ ചിത്രീകരണം ആണ് അവിടെ നടന്നു കൊണ്ടിരുന്നത്. വാണിശ്രീ എന്ന സുന്ദരിയായ നായികയോടൊപ്പം നൃത്തം ചെയ്യുന്നത്, നല്ല ഉയരവും തടിയുമുള്ള, ഹിന്ദി സിനിമയിലെ ഗുണ്ടയെപ്പോലെ തോന്നിപ്പിക്കുന്ന, ഒരാളായിരിന്നു. അത് പ്രസിദ്ധ തെലുഗു സിനിമാ സൂപര്‍ താരം എന്‍.ടി രാമരാവു ആണെന്ന് പിന്നെയാണ് ഞാന്‍ മനസ്സിലാക്കിയത്. (ഈ എന്‍.ടി രാമറാവു ആണ് പിന്നീട് തെലുഗുദേശം പാര്‍ട്ടി സ്ഥാപിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആയത്). ഓരോ സിനിമയുടെയും ക്യാമറമാന് പുറത്തു നിന്നുള്ള ആളാണെങ്കിലും, ക്യാമറയും ലൈറ്റുകളും മറ്റു ഉപകരണങ്ങളും സ്റ്റുഡിയോയുടെ ആയതിനാല്‍ ക്യാമറ അസിസ്റ്റന്റ്മാര്‍ സ്റ്റുഡിയോയുടെ ജോലിക്കാരാണ്. അന്നുമുതല്‍ ഞാനുമവരില് ഒരാളായി. ക്യാമറാ ശ്രേണിയുടെ ഏറ്റവും താഴെയുള്ളവരാണ് ലൈറ്റ് ബോയ്സ്. അവര്‍ക്ക് മേലെയാണ് ക്യാമറാ അസ്സിസ്റ്റന്റുമാര്‍. (തുടക്കക്കാരനായത് കൊണ്ട് ഞാല് തല്ക്കാലം ക്യാമറാ അപ്രന്റീസ് ആണ്.) അതിനു മേലെ അസ്സിസന്റ്റ് ക്യാമറമാന്. പിന്നെ ക്യാമറാമാന്. കൂട്ടത്തില്‍ സീനിയര്‍ ആയ ഒരു ക്യാമറാ അസിസ്റ്റന്റ്നെ എന്നെ എല്പിച്ചതിനു ശേഷമാണ് ബാബു റാവു മടങ്ങിപ്പോയത്.
ഓരോ ക്യാമറയോടൊപ്പവും രണ്ടു ക്യാമറ അസിസ്റ്റന്റുമാര്‍ ഉണ്ടാവും. ഒരാള്‍ ലെന്‍സുകള്‍ മാറ്റുക, ഫോകസ് ചെയ്യുക തുടങ്ങിയ ജോലികല്‍ ചെയ്യാനായി എപ്പോഴും ക്യാമറമാനോടൊപ്പം തന്നെ ഉണ്ടാവും. മറ്റേയാല്‍ ക്യാമറ മൌണ്ട് ചെയ്യുക, മാഗസിന് ലോഡ് ചെയ്യുക, അണ്‍ലോഡ് ചെയ്യുക തുടങ്ങിയ ജോലികല്‍ ചെയ്യുന്നു. ആദ്യ ദിവസം എല്ലാം നോക്കിക്കാണുക മാത്രമാണ് ഞാന്‍ ചെയ്തത്. രണ്ടാം ദിവസവും എന്നെ ക്യാമറയുടെ സമീപത്തേക്ക് അവര്‍ അടുപ്പിച്ചില്ല. മറ്റു ക്യാമറ അസിസ്റ്റന്റുമാര്‍ എന്നെ ഒരു അത്ഭുത വസ്തുവിനെ പോലെ നോക്കുകയായിരുന്നു. ആരും എന്നോട് സംസാരിക്കാന്‍ പോലും താല്പര്യം കാണിച്ചില്ല. അതിന്റെ പൊരുള്‍ ഞാന്‍ പിന്നീട് മനസ്സിലാക്കി. സ്റ്റുഡിയോ ജോലിക്കാരുടെ മക്കള്‍ പത്താംക്ലാസ് പലവുരു എഴുതിയിട്ടും പാസ്സാകാതെ വന്നാല്‍ അവര്‍ ചെട്ടിയാരുടെ മുന്നില്‍ വന്നു തൊഴുതു പറയും,
'' അയ്യാ, അവനാലെ പെരിയ തൊന്തരവ് ആച്ച്''
അപ്പോള്‍ ചെട്ടിയാര്‍ പറയും, ' സറി അവനെ തൂക്കി ക്യാമറാ ഡിപ്പാര്‍ട്ട്മെന്റിലെ പോട്''.
അങ്ങനെ സ്റ്റാഫിന്റെ മക്കളെ, നന്നാക്കാന്‍ കൊണ്ടുവന്ന് തള്ളുന്ന ഒരു ഇടമായിരുന്നു ക്യാമറാ ഡിപ്പാര്‍ട്ട്മെന്റ്. വീട്ടുകാര്‍ക്ക് ശല്യമാകുന്ന കൗമാരക്കാരെ തളച്ചിടാല് അല്ലെങ്കില്‍ ശല്യം ഒഴിവാക്കാന്‍ ഉപയോഗിക്കുന്ന ഒരു സ്ഥലമാണ് എല്ലാ സ്റ്റുഡിയോകളിലെയും ക്യാമറാ ഡിപ്പാര്‍ട്ട്മെന്റ്കള്‍. അങ്ങിനെയുള്ള ഒരു തടവറയിലേക്ക് സ്വന്തം ഇഷ്ടപ്രകാരം വന്ന ആളായിരുന്നു ഞാന്‍. അതും നൂറു രൂപാ പാരിതോഷികം അങ്ങോട്ട് കൊടുത്തിട്ട്. വൃത്തിയുടെയും വസ്ത്രധാരണത്തിന്റെയും കാര്യത്തില്‍ വളരെ അശ്രദ്ധരായിരുന്ന മറ്റു ക്യാമറാ അസിസ്റ്റന്റുമാരുടെ ഇടയില്‍ ദിവസവും കുളിച്ച്, സ്റ്റൈലായി വസ്ത്രധാരണം ചെയ്ത് കൃത്യമായി സ്റ്റുഡിയോയില്‍ എത്തി റെജിസ്റ്ററില്‍ ഒപ്പിടുന്ന ഞാന്‍ മറ്റു ക്യാമറ അസിസ്റ്റന്റുമാരില്‍ നിന്നും വ്യതസ്തനായി പലര്‍ക്കും തോന്നി. പിന്നെ തമിഴ് അറിയാത്തതു കൊണ്ട് ഞാന്‍ ഇംഗ്ലീഷില്‍ ആണ് സംസാരിച്ചത്. അതുകൊണ്ട് തന്നെ മറ്റു ക്യാമറാ സഹപ്രവര്‍ത്തകര്‍ എന്നെ അല്പം അസൂയയോടെ അകറ്റി നിര്‍ത്തി. എന്നാല്‍ ജനറല്‍ മാനേജര്‍ ചെട്ടിയാരുടെ സ്വന്തം ആളാണെന്ന പരിവേഷം എനിക്ക് ഗുണകരമായി. എല്ലാ ദിവസവും രാവിലെ ചെട്ടിയാര്‍ ഫ്ളോറുകളിലൂടെ റോന്തു ചുറ്റാന്‍ ഇറങ്ങും. എല്ലാവരും അദ്ദേഹത്തെ കാണുമ്പോല്‍ നട്ടെല്ല് വളച്ച് ''വണക്കം സാര്‍ '' പറയും. പക്ഷെ, അത്ഭുതം എന്ന് പറയട്ടെ, ചെട്ടിയാര്‍ എന്നെ കാണുമ്പോള്‍''ഗുഡ് മോര്്ണിംഗ്, How are you getting on ? '' എന്ന് ചോദിക്കും. ഇത് മറ്റുള്ളവരുടെ മുന്പില് എനിക്ക് വലിയ മതിപ്പ് ഉണ്ടാക്കി. പക്ഷെ, ഇത് സഹപ്രവര്‍ത്തകരുമായുള്ള എന്റെ അകല്‍ച്ച വര്‍ധിപ്പിക്കുകയാണ് ചെയ്തത്.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് മറ്റൊരു ഫ്ളോറിലേക്ക് ഡ്യൂട്ടി മാറിക്കിട്ടി. ശിവാജി ഗണേശന് നായകനായ ''ഗുരുദക്ഷിണ'' എന്ന സിനിമയുടെ ഷൂട്ടിംഗ് ആയിരുന്നു അവിടെ. ഞാന്‍ അവിടെ എത്തിയ ദിവസം, ശിവാജി ഗണേശനെ കാണാന്‍ അദ്ദേഹത്തിന്റെ സുഹൃത്ത് കൂടി ആയ ഹിന്ദി നടന് രാജേന്ദ്ര കുമാര്‍ എത്തിയിരുന്നു. മദിരാശിയില്‍ ഒരു ഹിന്ദി സിനിമയുടെ ഷൂട്ടിംഗിന് എത്തിയതായിരുന്നു അദ്ദേഹം. എന്നാല്‍ എനിക്ക് അന്നും താരങ്ങളോട് വലിയ അഭിനിവേശമോ ആരാധനയോ ഒന്നും തോന്നിയിരുന്നില്ല. എനിക്കെന്റെ ജോലിയില്‍ ആയിരുന്നു താല്പര്യം. അതുകൊണ്ടു ഞാന്‍ പദ്മനാഭന് എന്ന ക്യാമറാ അസിസ്റ്റന്റുമായി ചങ്ങാത്തം സ്ഥാപിചു. കഴിയുന്നത്ര വേഗം ജോലികള്‍ പഠിച്ചെടുക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പദ്മനഭനുമായുള്ള സൗഹൃദം ഗുണം ചെയ്തു. എനിക്ക് ട്രോളി തള്ളാനുള്ള അവസരം ലഭിച്ചു! റെയില്‍പാളം പോലുള്ള ട്രാക്കിന്മേല് നാല് ചക്രങ്ങളുള്ള ട്രോളി വെച്ച്, അതിന്മേല് ക്യാമറ സ്ഥാപിച്ച് ചലിപ്പിക്കുന്നതാണ് ട്രോളി ഷോട്ട്. എവിടെ തുടങ്ങണം, എപ്പോള്‍ തുടങ്ങണം, എവിടെ നിര്‍ത്തണം, എത്ര വേഗതയില്‍ തള്ളണം, തുടങ്ങിയ കാര്യങ്ങള്‍ ക്യാമറമാന്റെയും സംവിധായകന്റെയും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ചെയ്യണം. ചലനവേളയില്‍ ഒരുതരത്തിലുള്ള വിറയലും (jerk) ഉണ്ടാവാന്‍ പാടില്ല. വളരെ വേഗം തന്നെ ഞാന്‍ ആ ജോലി പഠിച്ചു.
എന്റെ അടുത്ത ഡ്യൂട്ടി, ഒരു കന്നഡ സിനിമ ചിത്രീകരിക്കുന്ന ഫ്ളോറില്‍ ആയിരുന്നു. കന്നഡ സൂപ്പര്‍സ്റ്റാര്‍ രാജ്കുമാര് നായകനായ ഒരു സിനിമ ആയിരുന്നു അത്. എസ്.ആര് പുട്ടണ്ണ എന്ന പ്രസിദ്ധ സംവിധായകന് ആയിരുന്നു അതിന്റെ സംവിധായകന്. ഈ ചിത്രത്തിന്റെ ഭൂരിഭാഗവും അവിടെ തന്നെയാണ് ചിത്രീകരിച്ചത്. അതുകൊണ്ട് കുറെ നാള് ഞാന്‍ ഈ സിനിമയുടെ സെറ്റില്‍ ജോലി ചെയ്തു. ഷൂട്ടിംഗ് സമയത്ത് അതില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും ഭക്ഷണം നിര്‍മാതാവിന്റെ വകയാണ്. സ്റ്റുഡിയോ ഡൈനിങ്ങ് ഹാളിലാണ് താരങ്ങള്‍ ഒഴികെ മറ്റെല്ലാവരും ഭക്ഷണം കഴിക്കുന്നത്, എന്നാല്‍ ഈ വിവരം മനഃപൂര്‍വം അസൂയാലുക്കളായ ക്യാമറാ അസിസറ്റന്റുമാര്‍ എന്നിന് നിന്ന് മറച്ചു വെച്ചു. അവര്‍ ഊണ് കഴിക്കാന്‍ പോകുമ്പോള്‍ എന്നെ വിളിക്കാറില്ല. ഞാന്‍ എല്ലാ ദിവസവും സ്റ്റുഡിയോക്കു പുറത്തു പോയി, കൈയ്യില്‍ നിന്ന് പണം ചിലവാക്കി, ഹോട്ടലില്‍ നിന്നാണ് ഊണ് കഴിച്ചിരുന്നത്. ഒരു ദിവസം ഉച്ചക്ക് ഇടവേള സമയത്ത് ഞാന്‍ ഊണ് കഴിക്കാന്‍ പുറത്തേക്കു പോകാന്‍ തുടങ്ങിയപ്പോള്‍ പദ്മനാഭന് ചോദിച്ചു,
'' എവിടെ പോകുന്നു?''.
''ഊണ് കഴിക്കാന്‍'' ഞാന്‍ പറഞ്ഞു.
''എവിടെ ?''
''പുറത്തു ഹോട്ടലില്‍''
''ഉനക്ക് പൈത്യമാ?'' (നിനക്ക് വട്ടാണോ).
എല്ലാവര്ക്കും ഭക്ഷണം സ്റ്റുഡിയോയില്‍ തന്നെയാണെന്ന് അയാല്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അറിഞ്ഞത്. അയാളോടൊപ്പം ഞാന്‍ ഡൈനിങ്ങ് ഹാളില്‍ പോയി. അവിടെ സീനിയര്‍ സ്റ്റാഫിന് ഇരുന്നു കഴിക്കാന്‍ ബെഞ്ചും ഡെസ്കുമുണ്ട്. ലൈറ്റ് ബോയ്സ്, ക്യാമറാ അസിസ്റ്റന്റുമാര്‍, മേക്അപ്പ്-കോസ്ട്യൂം അസിസ്റ്റന്റുമാര്‍ തുടങ്ങിയവര്‍ നിലത്തിരുന്നാണ് കഴിക്കുന്നത്. ഞാനും പദ്മനാഭനോടൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിച്ചു. സിനിമാതാരങ്ങള്‍ക്കും സംവിധായകനും ഒക്കെ കഴിക്കാന്‍ എ.സി മുറികളുണ്ട്. ഉച്ച നീചത്വങ്ങള്‍ വളരെ പ്രബലമായി നിലനില്‍ക്കുന്ന ഒരു വ്യവസായമാണ് തമിഴ് സിനിമ, അഥവാ എല്ലാ ദക്ഷിണേന്ത്യന്‍ സിനിമകളുടെയും കേന്ദ്രമായ കോടമ്പാക്കം. കൃത്യമായ സേവന-വേതന വ്യവസ്ഥകളും നിര്‍വചിക്കപ്പെട്ടിട്ടില്ല. ക്യാമറാ അസിസ്റ്റന്റുമാര്‍ ശമ്പളമില്ലാതെയാണ് ജോലി ചെയ്യുന്നത്. കൃത്യമായ ജോലി സമയങ്ങളും ഇല്ല. മിക്ക ദിവസവും രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെയാണ് കാള്‍ ഷീറ്റ്. ഞങ്ങള്‍ രാവിലെ ഏഴു മണിക്ക് സ്റ്റുഡിയോയില്‍ എത്തണം. ചിലപ്പോല്‍ രാത്രി വൈകിയും ഷൂട്ടിംഗ് തുടര്‍ന്നേക്കാം. വരാനും പോകാനുമൊക്കെ സ്വന്തം ഏര്‍പ്പാടുകള്‍ ചെയ്യണം. രാവിലെയും ഉച്ചയ്ക്കും ഭക്ഷണം സൗജന്യമാണ് എന്നത് മാത്രമാണ് ആകെയുള്ള ഇളവ്. രാത്രി വൈകിയും ഷൂട്ടിംഗ് തുടര്‍ന്നാല്‍ രാത്രി ഭക്ഷണവും കിട്ടും. ഒഴിവു ദിനങ്ങല്‍ ഇല്ല. അപ്പോള്‍ അനുസരണക്കേടുള്ള ആണ്മക്കളെ ഒരു ശിക്ഷയെന്നോണം ഇവിടെ കൊണ്ടുവന്ന് തള്ളുന്നതിന്റെ സാങ്കത്യം മനസ്സിലായി. വീട്ടുകാര്‍ക്ക് ശല്യം ഒഴിഞ്ഞു കിട്ടും. രണ്ടു നേരത്തെ ആഹാരവും കൊടുക്കണ്ട. ഞാന്‍ റൂം വാടകയും യാത്രച്ചിലവും എല്ലാം കൈയ്യില്‍ നിന്ന് ചിലവാക്കി പഠിക്കാന്‍ വന്നതാണല്ലോ. അതുകൊണ്ട് എന്നെ സംബന്ധിച്ച് അതൊന്നും പ്രശ്നമായിരുന്നില്ല. പൊതുവേ മറ്റു ക്യാമറ അസിസ്റ്റന്റുമാരില്‍ താല്പര്യപൂര്വം ജോലി ചെയ്യുന്നവര്‍ വളരെ കുറവായിരുന്നു. എന്നാല്‍ ഞാന്‍ വളരെ ആവേശത്തോടെയാണ് എന്റെ ജോലി ജോലിയെ സമീപിച്ചിരുന്നത്. ഓരോ ദിവസം കഴിയുന്തോറും ജോലിയില്‍ ഞാന്‍ പുരോഗമിച്ചു കൊണ്ടിരുന്നു. പദ്മനാഭന് ഫിലിം ലോഡ് ചെയ്യാന്‍ പോകുമ്പോള്‍ ഡാര്ക്ക്റൂമിലേക്ക് എന്നെയും കൊണ്ട് പോകാന്‍ തുടങ്ങി. ക്രമേണ മാഗസിനില്‍ ഫിലിം ലോഡ് ചെയ്യാനും അണ്‍ലോഡ് ചെയ്യാനും ഞാന്‍ പഠിച്ചു.
ഒരു മാസം കഴിഞ്ഞ് പുതിയ മാസം ആരംഭിച്ചപ്പോള്‍ രജിസ്റ്റരില്‍ പുതിയ പേജില്ഡ# ബാബു റാവു എല്ലാ സ്റ്റാഫിന്റെയും പേരുകള്‍ എഴുതിചേര്‍ത്തിരുന്നു. ഓരോ പേരുകള്‍ക്ക് മുന്നിലും അവരുടെ ഔദ്യോഗിക സ്ഥാനവും എഴുതിയിരുന്നു. ഞാന്‍ ഒന്നാം തിയതി രാവിലെ രജിസ്റ്ററില്‍ ഒപ്പിടാനായി പേജു മറിച്ചപ്പോള്‍ എന്റെ പേരിനു നേരേ എഴുതിയിരിക്കുന്നത് കണ്ടു- ' ക്യാമറാ അസിസ്റ്റന്റ് ' എന്റെ മനസ്സ് സന്തോഷം കൊണ്ട് തുളുമ്പി. അങ്ങിനെ ഞാന്‍ ഔദ്യോഗികമായി ക്യാമറാ അസിസ്റ്റന്റ്റ് ആയി!