സ്ട്രെസ്: വിജയത്തിലേക്കുള്ള വഴികാട്ടി
|സീനിയർ മെന്റൽ ഹെൽത്ത് കൺസൽട്ടന്റ് റീന വി. ആറിന്റെ പംക്തി ആരംഭിക്കുന്നു
പുതുതലമുറയുടെ പ്രധാന ആകുലതകളിലൊന്നാണ് സ്ട്രെസ് അഥവ മാനസിക സമ്മർദം. സ്ട്രെസ് പേടിച്ച് ജോലി ഉപേക്ഷിക്കുന്നവർ വരെയുണ്ട്. യഥാർഥത്തിൽ അത്ര പ്രശ്നക്കാരനാണോ സ്ട്രെസ്? അല്ലെന്നാണ് ശാസ്ത്രം പറയുന്നത്. സമ്മർദം എല്ലാവരിലും സ്വാഭാവികമായി സംഭവിക്കുന്ന ഒരു സാധാരണ മനുഷ്യ പ്രതികരണമാണ്. മനുഷ്യശരീരം സ്ട്രെസ് അനുഭവിക്കാനും അതിനോട് ശരിയായ രീതിയിൽ പ്രതികരിക്കാനും പറ്റുന്ന തരത്തിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. മാറ്റങ്ങൾ/വെല്ലുവിളികൾ നേരിടുമ്പോൾ ശാരീരികവും മാനസികവുമായ പ്രതികരണങ്ങൾ ഉണ്ടാകും. ഇതിനെയാണ് സ്ട്രെസ് എന്ന് വിളിക്കുന്നത്. ഇത്തരം പ്രതികരണങ്ങൾ ശരീരത്തെ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സഹായിക്കുകയാണ് ചെയ്യുന്നത്.
സമ്മർദം സൃഷ്ടിക്കുന്ന സന്ദർഭങ്ങളോടും സംഭവങ്ങളോടും ഒാരോ വ്യക്തിയും വ്യത്യസ്തമായാണ് പ്രതികരിക്കുക. ഒരു വ്യക്തിയിൽ സമ്മർദം ഉണ്ടാക്കുന്നവ മറ്റൊരാൾക്ക് സമ്മർദം ഉണ്ടാക്കണമെന്നില്ല. സമ്മർദത്തിന്റെ കാരണങ്ങൾ ആന്തരികമോ ബാഹ്യമോ ആകാം. ആന്തരിക ഘടകങ്ങൾ ഒരു വ്യക്തിയുടെ സ്വഭാവവുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്. ശുഭാപ്തി വിശ്വാസം ഇല്ലായ്മ, സാഹചര്യങ്ങളെക്കുറിച്ച ധാരണയില്ലായ്മ, യാഥാർഥ്യ ബോധമില്ലാത്ത പ്രതീക്ഷകൾ, മാറ്റങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവില്ലായ്മ, ജീവിതത്തെ മുന്നോട്ടുനയിക്കാൻ സഹായകരമല്ലാത്ത ചിന്തകൾ എന്നിവയെല്ലാം ആന്തരിക കാരണങ്ങളിൽ ഉൾപ്പെടുത്താം. ജോലി, പഠനം, ബിസിനസ്, കുടുംബ പ്രശ്നങ്ങൾ, സാമ്പത്തികാവസ്ഥ, വ്യക്തി ബന്ധങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവയാണ് ബാഹ്യ കാരണങ്ങളായി പരിഗണിക്കുന്നത്.
വ്യക്തിപരമായി പതിവിൽ കൂടുതൽ ഇടപെടൽ ആവശ്യപ്പെടുന്ന എന്തും സമ്മർദം ഉണ്ടാക്കാം. സമ്മർദത്തിന്റെ ശക്തി ആ ദൗത്യം നിർവഹിക്കാനുള്ള ഉത്തേജനം നൽകും. സമ്മർദത്തിന് നിരവധി ഉത്തേജക ഘടകങ്ങളുണ്ട്. ജീവിതത്തോടുള്ള ആവേശം നിലനിർത്താൻ സഹായിക്കുന്നതാണ് അവ. വെല്ലുവിളി നിറഞ്ഞ സന്ദർഭത്തെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾക്ക് സ്ട്രെസ് ശരീരത്തെ സഹായിക്കുമെന്നർഥം. സ്ട്രെസ് പോസിറ്റീവായും നെഗറ്റീവായും ബാധിക്കും. സ്ട്രെസ്സിനെ പോസിറ്റീവ് ആയി ഉൾക്കൊണ്ടാൽ അത് വ്യക്തിയെ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാൻ പ്രാപ്തനാക്കും. ചെയ്യുന്നകാര്യങ്ങളിൽ അത് വലിയ പ്രചോദനം നൽകും. സ്ട്രെസ് വഴി സംഭവിക്കാൻ സാധ്യതയുള്ള അപകടങ്ങളും വീഴ്ചകളും ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. സ്ട്രെസ്സിന്റെ പോസിറ്റീവ് വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ സമ്മർദത്തെ എളുപ്പം മറികടക്കാനാകും. ജീവിതത്തിൽ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന മേഖലകളിൽ കൂടുതൽ മുന്നേറാനും കഠിനാധ്വാനം ചെയ്യാനും ഇൗ സമീപനം സഹായകരമായി മാറുകയും ചെയ്യും.
ഉദാഹരണത്തിന് വളരെ പ്രധാനപ്പെട്ട ഒരു പരീക്ഷ എഴുതാൻ ഒരുങ്ങുകയാണ് എന്നിരിക്കട്ടെ. പരീക്ഷ കുട്ടികളിൽ കടുത്ത മാനസിക സമ്മർദം സൃഷ്ടിക്കുന്ന സന്ദർഭമാണ്. ഇതിനെ എങ്ങിനെയാണ് അനുകൂലമാക്കുക? പരീക്ഷ മികച്ച രീതിയിൽ എഴുതണമെന്ന തീരുമാനത്തിലേക്കും അതിനുള്ള ആലോചനകളിലേക്കും മനസ്സിനെ തിരിച്ചുവിടുകയാണ് അതിന് ചെയ്യേണ്ടത്. അതിന് ചില മാർഗങ്ങൾ പ്രയോഗിക്കാം. പരീക്ഷയെക്കുറിച്ച കാഴ്ചപ്പാട് മാറ്റുകയോ അതിൽ വ്യക്തത വരുത്തുകയോ ചെയ്യുക. പരീക്ഷ ജീവിത വിജയത്തിനുള്ള അവസാന വഴിയല്ല എന്ന് അവരെ ബോധ്യപ്പെടുത്തുക, കഴിഞ്ഞ പരീക്ഷയെക്കുറിച്ച ആകുലതകൾ ഒഴിവാക്കുക, മാർക്ക് കിട്ടാൻ സാധ്യതയുള്ള തരത്തിൽ പഠനം ക്രമീകരിക്കുക, പഠിക്കാൻ ഏറ്റവും ഇഷടപ്പെട്ട സമയം തിരിച്ചറിഞ്ഞ് ആ സമയത്ത് കൂടുതൽ പഠിക്കുക, പഠനത്തിനിടക്ക് 30-45 മിനിറ്റിനിടയിൽ ഇടവേളയെടുക്കുക, കൂടുതൽ ഉൗർജം നിലനിർത്തുന്ന ഭക്ഷണങ്ങൾ കഴിക്കുക തുടങ്ങിയവയെല്ലാം ഇതിനായി പരീക്ഷിക്കാം. അപ്പോൾ ഉണ്ടാകുന്ന സ്ട്രെസ്, കൂടുതൽ നേരം ഉണർന്നിരുന്ന് പഠിക്കാനും പരീക്ഷക്ക് വേണ്ട മറ്റ് തയ്യാറെടുപ്പുകൾ നടത്താനും സഹായിക്കും. പരീക്ഷ നന്നായി എഴുതുന്നത് വരെ ഇൗ സമ്മർദം തുടരും. പരീക്ഷ പൂർത്തിയായാൽ സ്ട്രെസ് വിമുക്ത അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യും. ഇത് മനസിനും ശരീരത്തിനും സന്തോഷവും നൽകും. ഇതേ സ്ട്രെസ് നെഗറ്റീവ് രീതിയിൽ ആണു ഉൾകൊള്ളുന്നതെങ്കിൽ അമിതമായ ഉത്കണ്ഠ മൂലം ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ കുഴങ്ങും. അറിയുന്നകാര്യങ്ങൾ പോലുംപരീക്ഷയിൽ ഫലപ്രദമായി എഴുതുവാൻ കഴിയാതാകും. ഇവിടെ പിന്നീടും സ്ട്രെസ് വിമുക്തി ഉണ്ടാകില്ല. അതിനാൽ തന്നെ ഇൗ സ്ട്രെസ് നീണ്ടു നിൽക്കാനും സാധ്യത ഏറെയാണ്. ഇങ്ങനെ ഒാരോ സമ്മർദ സന്ദർഭത്തിനും ഇണങ്ങുന്ന ചില സമ്മർദ വിമുക്തി ഉപായങ്ങൾ നമുക്ക് കണ്ടെത്താനാകും.
സ്ട്രെസ് ഉണ്ടാകുമ്പോൾ ശരീരത്തിൽ ധാരാളം മാറ്റങ്ങൾ സംഭവിക്കും. ഈ അവസ്ഥയെ രണ്ട് തരത്തിൽ ആളുകൾ നേരിടുമെന്നാണ് പഠനങ്ങൾ പറയുന്നത്: ഒന്നുകിൽ അതിനെ അഭിമുഖീകരിച്ചുകൊണ്ട് മറികടക്കാൻ ശ്രമിക്കും. അല്ലെങ്കിൽ അതിൽ നിന്ന് ഒഴിഞ്ഞുമാറുകയോ ഓടിയൊളിക്കുകയോ ചെയ്യും. ഇതിനെ " fight -or-flight response " എന്നാണ് വിളിക്കുന്നത്. സ്ട്രെസിനെ fight മോഡിൽ നേരിടുകയാണെങ്കിൽ അഥവ അതിജയിക്കുകയാണ് എങ്കിൽ മുകളിൽ സൂചിപ്പിച്ച പോസിറ്റീവ് ഫലമാണ് ജീവിതത്തിൽ ഉണ്ടാകുക. എന്നാൽ, രണ്ടാമത്തെ വഴിയായ flight മോഡ് അഥവ ഓടിയൊളിക്കുന്ന വഴിയാണ് തെരഞ്ഞെടുക്കുന്നത് എങ്കിൽ ഇത് മനസിനെയും ശരീരത്തിനെയും പലരീതിയിൽ ബാധിക്കും.
സമ്മർദം ശരീരത്തിൽ പല തരം പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഹൃദയമിടിപ്പ് ഉയരൽ, ശ്വസന താളത്തിലെ വ്യത്യാസം, കാഴ്ചകൾ മങ്ങൽ, നെഞ്ചുവേദന, തലവേദന, അമിതഷീണം, ഉറങ്ങാൻ ബുദ്ധിമുട്ട്, തലകറക്കം, വിറയൽ, ബി.പി ഉയരുക, ശരീരപേശികളുടെ മുറുക്കം, വയറിലുണ്ടാകുന്ന അസ്വസ്ഥതകൾ തുടങ്ങിയവയാണ് സാധാരണ കണ്ടുവരുന്നത്. മാനസികമായി ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളിൽ അമിതമായ വിഷാദം(depression), ഒന്നിലും സന്തോഷം തോന്നാതിരിക്കൽ, പ്രത്യേക കാരണങ്ങൾ ഇല്ലാതെയുള്ള ദുഃഖം (sadness ), മനസ്സും ശരീരവും തളർന്നു വീണുപോകുന്ന അവസ്ഥ (panic attack) തുടങ്ങിയവ ഉൾപ്പെടും. ഇത്തരം അവസ്ഥകളെ മറികടക്കാൻ പലതെറ്റായ വഴികളും തെരഞ്ഞെടുക്കാറുണ്ട്. ഉദാഹരണത്തിന്-അമിതമായി മദ്യപിക്കുക, ഭക്ഷണം അമിതമായി കഴിക്കുകയോ ഒട്ടും കഴിക്കാതിരിക്കുകയോ ചെയ്യുക, പുകവലി, മയക്കുമരുന്ന്, ബന്ധങ്ങളിൽ നിന്ന് ഉൾവലിയൽ, ഒറ്റക്ക് ഇരിക്കൽ, അമിതമായ ദേഷ്യം പോലുള്ളവ. പകരം എന്തു ചെയ്യാനാകും?
സ്ട്രെസ്സിനെ /സമ്മർദങ്ങളെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ല. പക്ഷേ, ചില തന്ത്രങ്ങളിലൂടെ അമിത സമ്മർദങ്ങളെ തടയാൻ കഴിയും. സ്ട്രെസ്സിന്റെ ലക്ഷണങ്ങൾ അനുഭവപ്പെട്ടു തുടങ്ങുമ്പോൾ തന്നെ കഴിയുന്ന തരത്തിലുള്ള വ്യായാമങ്ങൾ ചെയ്തു തുടങ്ങുക. ചെറിയ നടത്തം പോലും മാനസികാവസ്ഥയിൽ മാറ്റം വരുത്തും. ഓരോ ദിനത്തിന്റെയും അവസാനത്തിൽ എന്താണ് ആ ദിനത്തിൽ നേടിയത് എന്നുചിന്തിക്കാൻ കുറച്ചുസമയം മാറ്റിവയ്ക്കുക. ദിവസം, ആഴ്ച, മാസം, വർഷം എന്നിവ കണക്കാക്കി ചില ടാർജറ്റുകൾ നിശ്ചയിക്കുക. ഇതിനനുസരിച്ച് അടുത്ത ദിവസങ്ങൾ ക്രമീകരിക്കുക. ഇത് ഓരോ ദിവസത്തെയും ചുമതലകൾ ഫലപ്രദമായി ചെയ്തുതീർക്കാൻ സഹായിക്കുന്നു. യോഗ, മെഡിറ്റേഷൻ, ശ്വസന വ്യായാമങ്ങൾ എന്നിവ പരിശീലിക്കുകയും ഇവ ദിവസത്തിന്റെ ഭാഗമായി ഉൾപ്പെടുത്തുകയും ചെയ്യുക. ശരിയായ ഭക്ഷണം, ഉറക്കം, വ്യായാമം, ശരീരസംരക്ഷണം തുടങ്ങിയവ സ്ട്രെസ്സിനെ മറികടക്കാൻ സഹായിക്കും.
ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കാൻ കഴിയില്ല എന്നത് യാഥാർഥ്യമാണ്. മാറ്റാൻ കഴിയാത്ത സാഹചര്യങ്ങളെ ഉൾക്കൊള്ളാൻ ശ്രമിക്കുക. വളരെ തിരക്കിലോ സ്ട്രെസ്സിലോ ആയിരിക്കുമ്പോൾ അമിത ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാതിരിക്കുക. വളരെ അടുപ്പമുള്ള സുഹൃത്തിനോടോ കുടുബാംഗത്തിനോടോ തുറന്നു സംസാരിക്കാനും ഉത്തരവാദിത്വങ്ങൾ പങ്കിടാനും ശ്രമിക്കാം. മുകളിൽ പറഞ്ഞ ഒരു മാർഗവും സഹായകരമാകുന്നില്ലെങ്കിൽ ഈ മേഖലയിൽ പരിശീലനം നേടിയ തെറാപ്പിസ്റ്റിന്റെയോ മനോരോഗവിദഗ്ധരുടയോ സഹായം തേടണം.