Column
ബാവാക്ക..  പള്ളിദര്‍സില്‍ പാചകക്കാരന്‍ ആയ നക്‌സലൈറ്റ് നേതാവ്
Column

ബാവാക്ക.. പള്ളിദര്‍സില്‍ പാചകക്കാരന്‍ ആയ നക്‌സലൈറ്റ് നേതാവ്

പി.എ നാസിമുദ്ദീന്‍
|
25 May 2022 2:09 PM GMT

സി.പി.ഐ (എം.എല്‍) പലതരം സൈദ്ധാന്തിക ലൈനുകളിലൂടെ പിന്നീട് കടന്നുപോയി. രണ്ടു ലൈന്‍ സമരം എന്ന പേരിലറിയപ്പെട്ട പാര്‍ട്ടിയിലെ ആശയ സംഘര്‍ഷങ്ങള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയും പലപ്പോഴും പിളര്‍പ്പില്‍ കലാശിക്കുകയും ചെയ്തു. 1991 ല്‍ കൂടുതല്‍ ജനാധിപത്യ അന്വേഷണങ്ങള്‍ക്കായി സെന്‍ട്രല്‍ റി ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന കെ. വേണു. പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോള്‍ ആത്മസുഹൃത്തും പാര്‍ട്ടിയിലെ ഓരേ ചിന്താഗതിക്കാരനുമായ ബാവാക്കയും പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു.

പതിനഞ്ച് കൊല്ലം മുമ്പത്തെ ഒരു അപരാഹ്നം. രണ്ട് സുഹൃത്തുക്കളുമായി ഞാന്‍ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ മൈതാനത്ത് ഇരുന്നു സംസാരിക്കുകയാണ്. അതില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ അടിച്ചു. അയാള്‍ ഫോണെടുത്ത് സംസാരിച്ച ശേഷം എന്നോട് പറഞ്ഞു.

നമ്മുക്ക് ബാവാക്കയുടെ അടുത്ത് ഒന്ന് പോകണം. പുത്തനങ്ങാടി പള്ളിദര്‍സ്സില്‍ ആണ് ആളിപ്പോള്‍.

'ഏത് ബാവാക്ക..'ഞാന്‍ ചോദിച്ചു 'അറിയില്ലേ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവായിരുന്ന ബാവാക്ക. അമീര്‍ അലി എന്നാണ് ശരിക്ക് പേര്. ഞങ്ങളിവിടെ വിളിക്കുന്നത് ബാവാക്ക എന്നാണ്.'

പെട്ടെന്ന് എന്റെ മനസ്സില്‍ അമീറലി എന്ന മനുഷ്യന്റെ രൂപം വന്നുദിച്ചു. എന്റെ ജന്മനാടായ കൊടുങ്ങല്ലൂരില്‍ നെക്‌സലൈറ്റ് നേതാവായ കെ. വേണുവിനോടും സുഹൃത്തുക്കള്‍ക്കുമൊപ്പം ഒട്ടേറെ പരിപാടികളില്‍ അമീറലി എന്ന ബാവാക്കയെ ഞാന്‍ കണ്ടിട്ടുണ്ട്. ഓജസ്സ് ഉളള ശരീരം. മുഖത്ത് ഒരു കൂസലില്ലായ്മ. ധീരത സ്ഫുരിക്കുന്ന നോട്ടവും വാക്കുകളും. എന്തും നര്‍മം ചേര്‍ത്തു സംസാരിക്കുന്ന പ്രത്യേക വിരുത്.

എണ്‍പതുകളുടെ മധ്യത്തിലോ അവസാനത്തിലോ ആണെന്ന് തോന്നുന്നു. എന്റെ ഗ്രാമത്തിലെ പുഴക്കരയില്‍ നിത്യം ചെന്നിരിക്കുമായിരുന്നു. നക്‌സലൈറ്റ് ഗ്രാമം എന്ന പേരിലറിയപ്പെടുന്നതാണ് എന്റെ പ്രദേശം. അടിയന്തരാവസ്ഥയില്‍ നേതാക്കളുള്‍പ്പെടെ അന്‍പതു പേരെയെങ്കിലും പൊലീസ് അവിടെനിന്ന് കൊണ്ടുപോയിരുന്നു. പുഴക്കരയില്‍ വായിച്ചുകൊണ്ടിരിക്കെ ബീഡി കത്തിക്കാന്‍ തൊട്ടടുത്തുള്ള ഒരു സഖാവിന്റെ വീട്ടില്‍പോയി. സഖാവ് ഞങ്ങളുടെ കുടുംബ സുഹൃത്ത് കൂടിയായിരുന്നു. വീടിന്റെ ചായ്പ്പില്‍ അയാള്‍ കുറെ പേരുമായി സംസാരിക്കുന്നു. സംശയമില്ല, ഒരു രഹസ്യയോഗം തന്നെ. ഞാന്‍ ചെന്നപ്പോള്‍ സഖാവ് തീപ്പെട്ടിയുമായി പുറത്തേക്കുവന്നു. ഞാന്‍ അകത്തേക്ക് പാളി നോക്കിയപ്പോള്‍ കെ. വേണു, ഗീതാനന്ദന്‍ കൂടാതെ ഒട്ടേറെ പ്രമുഖരായ നേതാക്കള്‍. എല്ലാവരും എന്നെ നോക്കി ചിരിച്ചു. ഗൗരവമേറിയ ചര്‍ച്ചകള്‍ക്കിടയില്‍ കുറച്ചു റിലാക്‌സ് ചെയ്യാന്‍ ആകണം കെ. വേണു ചിരിച്ചുകൊണ്ട് പുറത്തേക്ക് വന്നു. കൂടെ ഗീതാനന്ദനും അമീര്‍ എന്ന ബാവാക്കയും. അവര്‍ എന്നോട് കുശലം ചോദിക്കുകയും രാഷ്ട്രീയകാര്യങ്ങള്‍ പറയുകയും ചെയ്തു.

അന്നാണ് അമീറലി എന്ന ബാവാക്കയെ ആദ്യമായി കാണുന്നത്. ഞാന്‍ അവിടെ നിന്നിറങ്ങി. ഞങ്ങളുടെ ഗ്രാമത്തില്‍ അരിമുറുക്ക് ഉണ്ടാക്കുന്ന, അത് കുടില്‍ വ്യവസായമായി ചെയ്യുന്ന ഒട്ടേറെ വീടുകള്‍ ഉണ്ട്. അവയിലൊന്നില്‍ നിന്നും കുറേ അരിമുറുക്ക് പാക്കറ്റുകള്‍ വാങ്ങി. ഒരു കടയില്‍നിന്ന് ബീഡി പൊതികളും. അത് ആ രഹസ്യ യോഗത്തിലേക്ക് കൊണ്ടുകൊടുത്തു കെ. വേണു മുറുക്ക് കടിച്ചു തിന്നു കൊണ്ട് ആ കാലത്ത് ഇറങ്ങിയ അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥം വിപ്ലവത്തിന്റെ ദാര്‍ശനിക പ്രശ്‌നങ്ങളെ പറ്റിയുള്ള എന്റെ സംശയങ്ങള്‍ തീര്‍ത്തു തന്നു. ലാളിത്യവും സാധാരണത്വവും ഉള്ള നേതാക്കള്‍. ആ കാലത്ത് ചെറുപ്പക്കാര്‍ക്ക്, വ്യക്തി താല്‍പര്യങ്ങള്‍ ബലികഴിച്ച് സമത്വസുന്ദരമായ ലോകം സ്വപ്നം കണ്ടു പൊലീസിന്റെ ക്രൂര മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയ വിപ്ലവകാരികളോട് ചെറിയ ആരാധന ഉണ്ടായിരുന്നു. ബാവാക്കയും അക്കൂട്ടത്തില്‍ പെട്ടിരുന്നു. പിന്നീട് കൊടുങ്ങല്ലൂരില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന് എത്തുമ്പോള്‍ ബാവാക്കയെ പലയിടത്തും കണ്ടു.

ഞങ്ങള്‍ പുത്തനങ്ങാടി പള്ളിയിലേക്ക് പോകുമ്പോള്‍ ആ ഓര്‍മകള്‍ എന്നില്‍ ഞെട്ടിയുണര്‍ന്നു. അതിനോപ്പം മഴയും വന്നു. ഞങ്ങള്‍ പള്ളിയുടെ മുമ്പില്‍ ഓട്ടോ നിര്‍ത്തി ഇടനാഴിയിലൂടെ വഴിയിലൂടെ ദര്‍സിന്റെ അടുക്കളയിലേക്ക് കയറിച്ചെന്നു. അപ്പോഴതാ ബാവാക്ക എന്ന വിപ്ലവകാരി ഒരു വലിയ ചട്ടകവും ആയി നില്‍ക്കുന്നു. മുമ്പിലെ അടുപ്പത്തുവെച്ച നെയ്‌ച്ചോറിന്റെ വലിയ ചെമ്പില്‍ അതുകൊണ്ട് ഇളക്കുന്നുമുണ്ട്. തൊട്ടടുത്ത് സഹായിയായി ഭാര്യയും ഉണ്ട്. വായില്‍ വെള്ളമൂറുന്ന ബീഫ് കറിയും വേറൊരു വലിയ കലത്തില്‍ തയ്യാറാകുന്നു. ബാവക്കയും എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളും പരസ്പരം സ്‌നേഹാഭിവാദ്യങ്ങള്‍ കൈമാറി.

ഇത്തിരി കഴിഞ്ഞ് സുഹൃത്തുക്കളില്‍ ഒരാള്‍ ചോദിച്ചു 'ഇയാളെ അറിയുമോ'.

'ഉവ്വ് ഉവ്വ്. 'ബാവാക്ക പറഞ്ഞു. ബാവാക്ക സുഹൃത്തുക്കളെ വിളിച്ചത് എന്തോ ആവശ്യത്തിനാണ്. കുറച്ചുകഴിഞ്ഞ് ഞങ്ങള്‍ക്ക് അവിടെവെച്ച് തന്നെ നെയ്‌ച്ചോറും ബീഫ് കറിയും വിളമ്പി. ഞങ്ങള്‍ തിരിച്ചു പോന്നു.

പിറ്റേന്ന് ഞാന്‍ ജോലി ചെയ്യുന്ന മലര്‍വാടി ബാല മാസികയിലേക്ക് തിരിച്ചുവന്നപ്പോള്‍ അന്ന് മാധ്യമം വാരികയുടെ പത്രാധിപരായിരുന്ന വി.എം കബീറിനോട് ബാവാക്ക എന്ന വിപ്ലവകാരിയേയും അയാളുടെ ഇപ്പോഴത്തെ ദൈന്യാവസ്ഥയെയും കുറിച്ച് വിവരിച്ചു. ഉടന്‍ ഒരു ഫീച്ചര്‍ തയ്യാറാക്കാന്‍ പറഞ്ഞു. പക്ഷേ, മാസികയുടെ ജോലികള്‍ക്കിടയില്‍ എനിക്ക് ബാവാക്കയെ സന്ധിക്കാന്‍ കഴിഞ്ഞത് ഏതാനും ആഴ്ചകള്‍ കഴിഞ്ഞിട്ടാണ്. അപ്പോള്‍ അദ്ദേഹം അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ ചായ വില്‍പ്പനക്കാരനായി മാറിക്കഴിഞ്ഞിരുന്നു.

ബാവാക്കയോട് ഫീച്ചറിന്റെ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും സന്തോഷമായി. അദ്ദേഹത്തിന്റെ ഒഴിവു നേരമായ രാത്രികളില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഉറക്കമൊഴിച്ച് അദ്ദേഹം പറഞ്ഞു തന്നത് മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുകയും പകര്‍ത്തി എടുക്കുകയും ചെയ്തു. അന്ന് അദ്ദേഹം പറഞ്ഞതിന്റെ രത്‌നച്ചുരുക്കം ഇവിടെ ചേര്‍ക്കുന്നു.

കേരളത്തിലെ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളെ പല രീതിയില്‍ ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്ത വിപ്ലവ പ്രസ്ഥാനമാണ് നക്‌സലൈറ്റ് പ്രസ്ഥാനം. അഥവാ, സി.പി.ഐ (എം.എല്‍). 1967 ല്‍ പശ്ചിമബംഗാളിലെ ഡാര്‍ജലിംഗ് വില്ലേജിലെ നക്‌സല്‍ബാരി അടക്കമുള്ള ഗ്രാമത്തില്‍ നടന്ന വിപ്ലവ മുന്നേറ്റത്തിന്റെ അനന്തരഫലങ്ങള്‍ ഇന്ത്യ മുഴുവന്‍ വിപ്ലവത്തിനായി ദാഹിച്ചവരുടെ മനസ്സില്‍ പുത്തന്‍ പ്രതീക്ഷ പകര്‍ന്നു. അന്ന് ബോംബെയില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്ന ബാവാക്ക അതിനെപ്പറ്റി അറിയാന്‍ പാര്‍ട്ടിസാഹിത്യങ്ങള്‍ വായിച്ചു. വികേന്ദ്രീകൃതമായ രീതിയില്‍ കേരളത്തില്‍ വിപ്ലവമുന്നേറ്റങ്ങള്‍ എന്ന പേരില്‍ വ്യക്തിവധങ്ങളും പൊലീസ് സ്റ്റേഷന്‍ ആക്രമണങ്ങളും നടക്കുന്ന ആ സമയത്ത് നാട്ടില്‍ എത്തി അതിന്റെ പ്രവര്‍ത്തകനായി. അറുപതുകളുടെ അവസാനം തൊട്ട് 1991 വരെ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി സെക്രട്ടറി. കെ. വേണു കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പാര്‍ട്ടിയില്‍ നിന്നും വിരമിച്ചപ്പോള്‍ അദ്ദേഹവും കൂടെ ഇറങ്ങിപ്പോന്നു. അതിനിടയില്‍ രണ്ടുവട്ടം ദീര്‍ഘമായ ജയില്‍ വാസങ്ങള്‍. കേരള ഘടകം ജോയിന്റ് സെക്രട്ടറി. കേന്ദ്ര പുനഃസംഘടന കമ്മിറ്റി അംഗം. കേരളഘടകം സൈനിക വിഭാഗത്തിന്റെ തലവന്‍ എന്നിങ്ങനെ വിവിധ സ്ഥാനങ്ങളുടെ ചുമതലക്കാരന്‍ ആയിരുന്നു.

1917 ല്‍ റഷ്യയില്‍ നടന്ന ഒക്ടോബര്‍ വിപ്ലവത്തിന്റെ വിജയത്തോടു കൂടി കമ്മ്യൂണിസത്തിന്റെ ആശയങ്ങള്‍ മിക്കവാറും രാജ്യങ്ങളില്‍ എത്തി. സമത്വസുന്ദരമായ സോഷ്യലിസ്റ്റ് വ്യവസ്ഥിതി എല്ലാ രാജ്യങ്ങളിലെയും ജനകോടികളെ ആകര്‍ഷിച്ചു. 1925-ല്‍ കാണ്‍പൂരില്‍ നടന്ന സമ്മേളനത്തോട് കൂടിയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഔപചാരികമായി നിലവില്‍ വന്നത്. എന്നാല്‍, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാജ്യത്ത് മൊത്തം വേരോടാനോ ബഹുജന സമരങ്ങള്‍ ഏറ്റെടുത്ത് സമ്പൂര്‍ണ്ണ വിപ്ലവമാക്കാനോ കഴിഞ്ഞില്ല. 1951 ല്‍ പാര്‍ട്ടി പാര്‍ലമെന്ററി പാത സ്വീകരിച്ചതോടെ അതില്‍ നിരാശരായ ഒരുപാട് പേര്‍ രാജ്യത്ത് ഉണ്ടായിരുന്നു. അവരുടെ വിപ്ലവ മോഹത്തെ ആളിക്കത്തിച്ചത് ചാരു മജൂംദാറിന്റെ നേതൃത്വത്തില്‍ നക്‌സല്‍ബാരി അടക്കമുള്ള ഗ്രാമങ്ങളില്‍ നടന്ന രക്തരൂക്ഷിതമായ സായുധ സമരമായിരുന്നു. ജന്മിമാരെ ഉന്മൂലനം ചെയ്ത് ഗ്രാമങ്ങള്‍ മോചിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. 1969 മെയ് ഒന്നിന് സി.പി.ഐ (എം.എല്‍) എന്ന പാര്‍ട്ടി പ്രഖ്യാപിക്കപ്പെടുകയും, സായുധ മുന്നേറ്റത്തിന് ചൈനീസ് കമ്മ്യൂണിസ്‌റ് പാര്‍ട്ടി ' ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം' എന്നു വിശേഷിപ്പിച്ച് അതിനെ സ്വാഗതം ചെയ്യുകയും ചെയ്തു.

ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് വിപ്ലവമുന്നേറ്റങ്ങള്‍ എന്ന പേരില്‍ ഒട്ടേറെ ജന്മിവധങ്ങളും പൊലീസ് സ്റ്റേഷന്‍ അക്രമണങ്ങളും കേരളത്തിലടക്കം നടന്നു. ഇക്കാലത്തു തന്നെയാണ് ബാവക്കയും പാര്‍ട്ടിയിലേക്ക് ചുവടു വെക്കുന്നത്.

ആന്മത്യാഗങ്ങളുടെ ജീവിതം

കമ്മ്യൂണിസത്തിന്റെ ഈറ്റില്ലമായ കണ്ണൂരില്‍ ജനിച്ചുവളര്‍ന്ന ബാവക്കയുടെ ഞരമ്പുകളില്‍ അതിന്റെ വീര്യം മുമ്പേ ഉണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയിലെ അഴീക്കോടിന് അടുത്തുള്ള പുതുപ്പാറ എന്ന പ്രദേശത്താണ് ജനിച്ചത്. പിന്നീട് പാപ്പിനിശ്ശേരിയിലേക്ക് കുടുംബം മാറി. പത്താംക്ലാസ് ജയിച്ച് തൊഴില്‍ തേടി ബോംബെയിലും മദ്രാസിലും ഒക്കെ എത്തി. ഹോട്ടല്‍ പണിക്കരനായിരുന്ന നാളില്‍ മലയാള സമാജം വഴി നക്‌സല്‍ പ്രസ്ഥാനത്തെ പറ്റി കൂടുതല്‍ അറിയുകയും കല്‍ക്കത്തയിലെ സി.പി.ഐ (എം.എല്‍) ന്റെ കേന്ദ്ര കമ്മിറ്റിയിലേക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യം ഉണ്ടെന്ന് എഴുതി അറിയിക്കുകയും ചെയ്തു. എന്നാല്‍, അവര്‍ കേരള ഘടകവുമായി ബന്ധപ്പെടാന്‍ പറയുകയായിരുന്നു. അതിനിടയില്‍ ബാവാക്കയുടെ ജേഷ്ഠന്‍ നക്‌സലൈറ്റ് ആയി ഉന്മൂലനം അടക്കമുള്ള കാര്യങ്ങളില്‍ പങ്കെടുത്തിരുന്നു. നാട്ടിലെത്തി കണ്ണൂര്‍ ഘടകത്തോട് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം അറിയിച്ചെങ്കിലും രഹസ്യ സംഘടന ആയതുകൊണ്ട് കോഴിക്കോട് മാവൂരില്‍ ഒരു ചെറിയ ചുമതല ഏറ്റെടുത്തത് പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ പറയുകയായിരുന്നു അവിടെ ഒരു ചായക്കടയില്‍ പണിയെടുത്ത് കൊണ്ട് ബാവാക്ക പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു.

കേന്ദ്രികരണം ഇല്ലാതെയാണ് നക്‌സല്‍ബാരി കലാപത്തെ തുടര്‍ന്നുണ്ടായ പാര്‍ട്ടി സെല്ലുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. കെ. വേണുവിന്റെ വരവോടെ ചിട്ടയായ സംഘടനാരൂപം കൈകൊള്ളുകയും ചാരുമജൂംദാര്‍ ആയിട്ടുള്ള ബന്ധം ദൃഢമാവുകയും ചെയ്തു. പിന്നീട് കണ്ണൂര്‍ ജില്ലയുടെ സജീവ അംഗമായി പാര്‍ട്ടിയിലേക്ക് ആളെ ചേര്‍ക്കാനും ഒളിവില്‍ കഴിയുന്നവര്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കാനും സ്തുത്യര്‍ഹമായ പങ്കുവഹിച്ചു. കെ. വേണു ജയിലില്‍ ആയപ്പോള്‍ പുനഃസംഘടിപ്പിച്ച സംസ്ഥാന സമിതിയില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. ഇതിനിടയില്‍ പൊലീസ് പിടിയിലായ ഒരു സംസ്ഥാന സമിതി അംഗത്തില്‍ നിന്ന് രഹസ്യവിവരങ്ങള്‍ ചോരുകയും മിക്കവാറും നേതാക്കളും അറസ്റ്റിലാവുകയും ചെയ്തു. അടിയന്തരാവസ്ഥക്ക് മുന്‍പ് തന്നെ ജയറാം പടിക്കല്‍ നെക്‌സൈലറ്റുകളെ അമര്‍ച്ച ചെയ്യാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. ജയറാം പടിക്കലിന്റെ ക്രൂരമായ മര്‍ദനങ്ങള്‍ക്ക് മറ്റു നേതാക്കന്മാരെ പോലെ ബാവക്കയും വിധേയമായി. തുടര്‍ന്ന് രണ്ട് വര്‍ഷം ജയില്‍വാസം അനുഷ്ഠിച്ചു.

ജയിലില്‍ നിന്നിറങ്ങിയ ഇറങ്ങിയ ഉടനെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. കൂടാതെ നിയമങ്ങളെ കാറ്റില്‍ പറത്തി ജയറാം പടിക്കലിനെ പോലുള്ളവര്‍ക്ക് എന്തുചെയ്യാം എന്നായി. അടിയന്തരാവസ്ഥയുടെ തുടക്കത്തില്‍ കെ. വേണുവിന്റെ നേതൃത്വത്തില്‍ നടന്ന കായണ്ണ പൊലീസ്സ് സ്റ്റേഷന്‍ ആക്രമണത്തിന് തോക്ക് എത്തിക്കേണ്ടത് ബാവക്ക ആയിരുന്നു. എന്നാല്‍, ടിക്കറ്റില്ലാതെ ട്രെയിനില്‍ സഞ്ചരിച്ചതിന് ടി.ടി.ആര്‍ ലോക്ക പ്പിലാക്കി. ഇതിനിടയില്‍ തോക്ക് റെയില്‍വേസ്റ്റേഷനിലെ ലാട്രിനില്‍ കവറിലാക്കിക്കി ഒളിപ്പിച്ചു. തടവ് കഴിഞ്ഞശേഷം അത് തിരികെ എടുത്തു.

അടിയന്തിരാവസ്ഥയില്‍ പാര്‍ട്ടി ശിഥിലമായ അവസ്ഥയിലായിരുന്നു. എന്നാലും കണ്ണൂരില്‍ അതിസാഹസികമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുകയും അടിയന്തരാവസ്ഥ അവസാനിക്കുംവരെ ഒളിവില്‍ കഴിയുകയും ചെയ്തു. അടിയന്തരാവസ്ഥ പിന്‍വലിച്ച് ഇലക്ഷന്‍ പ്രഖ്യാപിക്കുന്ന ദിവസങ്ങള്‍ക്കിടയില്‍ പിടിയിലായി ഒട്ടേറെ കേസുകളില്‍ ചാര്‍ജ് ചെയ്യപ്പെട്ട് 1979 വരെ വീണ്ടും ജയില്‍വാസം. എന്നാല്‍, കണ്ണൂര്‍ ജയിലില്‍ എല്ലാ നേതാക്കളുമായി സന്ധിക്കാനും രാഷ്ട്രീയ പഠനം നടത്താനും സാധിച്ചു.

അടിയന്തരാവസ്ഥയ്ക്കുശേഷം സംസ്ഥാന കമ്മിറ്റി നിര്‍ദേശ പ്രകാരം കണ്ണൂര്‍ ജില്ലയില്‍ നിന്ന് മലപ്പുറം ജില്ലയിലേക്ക് ബാവാക്ക പാര്‍ട്ടി പ്രവര്‍ത്തനം മാറ്റി. അടിയന്തരാവസ്ഥയിലെ ധീരരക്തസാക്ഷിയായ അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ സ്ഥലമായ അങ്ങാടിപ്പുറം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. അടിയന്തരാവസ്ഥകാലത്ത് അങ്ങാടിപ്പുറം ബാലകൃഷ്ണനെയും ശേഖരന്‍ മാസ്റ്റര്‍ എന്നൊരു സഖാവിനെയും അറസ്റ്റ് ചെയ്ത് ജീപ്പില്‍ കൊണ്ടുപോകുമ്പോള്‍ ജീപ്പിലുണ്ടായിരുന്ന തീപ്പെട്ടി ഉരച്ച് പൊലീസ് ഉദ്യോഗസ്ഥനെ വിലങ്ങു കൊണ്ട് പിടിച്ചു മുറുക്കി രണ്ടുപേരും അഗ്‌നിക്കിരയാവുകയായിരുന്നു. അങ്ങാടിപ്പുറം ബാലകൃഷ്ണന്‍ നടത്തിയിരുന്ന ഒരു ബീഡി കമ്പനി പുനുര്‍ജീവിപ്പിച്ച് അവിടെ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങി. അവിടെ നിന്ന് തന്നെ ഒരു ബീഡി തൊഴിലാളിയെ വിവാഹം കഴിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ പോഷക സംഘടനയായ സാംസ്‌കാരികവേദി ജനകീയ വിചാരണകള്‍ നടത്തുന്ന കാലമായിരുന്നു അത്. ബാവാക്കയുടെ നേതൃത്വത്തില്‍ നിലമ്പൂരിലും മഞ്ചേരിയിലും ഒക്കെ ജനകീയ വിചാരണകള്‍ അരങ്ങേറുകയും ജന്മിമാര്‍ കൈവശപ്പെടുത്തി വെച്ചിരുന്ന പാവപ്പെട്ടവരുടെ ഭൂമി തിരികെ വാങ്ങി കൊടുക്കുകയും ചെയ്തു.

സി.പി.ഐ (എം.എല്‍) പലതരം സൈദ്ധാന്തിക ലൈനുകളിലൂടെ പിന്നീട് കടന്നുപോയി. രണ്ടു ലൈന്‍ സമരം എന്ന പേരിലറിയപ്പെട്ട പാര്‍ട്ടിയിലെ ആശയ സംഘര്‍ഷങ്ങള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയും പലപ്പോഴും പിളര്‍പ്പില്‍ കലാശിക്കുകയും ചെയ്തു. 1991 ല്‍ കൂടുതല്‍ ജനാധിപത്യ അന്വേഷണങ്ങള്‍ക്കായി സെന്‍ട്രല്‍ റി ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന കെ. വേണു. പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോള്‍ ആത്മസുഹൃത്തും പാര്‍ട്ടിയിലെ ഓര ചിന്താഗതിക്കാരനുമായ ബാവാക്കയും പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. ആരംഭകാലം മുതല്‍ പ്രസ്ഥാനം എല്ലാം ആയി ജീവിച്ചയാള്‍ ഒരൊറ്റ ദിവസം കൊണ്ട് ഒന്നുമല്ലാതായി. അപ്പോഴേക്കും ബാവക്ക മൂന്ന് പെണ്‍കുട്ടികളുടെ പിതാവായി മാറിയിരുന്നു. ഉപജീവനത്തിനായി ക്വാറി തൊഴിലാളി, കോണ്‍ക്രീറ്റ് തൊഴിലാളി, ബീഡി കച്ചവടക്കാരന്‍, ടീ സ്റ്റാള്‍ തൊഴിലാളി, പള്ളിദര്‍സില്‍ പാചകക്കാരന്‍ എന്നിങ്ങനെ പലതരം പണികളെടുത്തു. ഈ കാലത്താണ് ഞാന്‍ ബാവാക്കയെ സന്ധിക്കുന്നത്. എന്തുകൊണ്ടോ ബാവാക്കയെ പ്പറ്റിയുള്ള ഫീച്ചര്‍ പ്രസിദ്ധീകരിക്കാന്‍ തടസ്സം വരികയും ഞാനത് ഉപേക്ഷിക്കുകയും ചെയ്തു. ബാവാക്കയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും വലിയ വിഷമം തോന്നിയില്ല. ഒരു സാധാരണ കാര്യമായി അതിനെ അവഗണിച്ചു.

ഇതിനിടയിലും ഒട്ടേറെ വാഗ്ദാനങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു. പല രാഷ്ട്രീയ പാര്‍ട്ടികളും നേതൃത്വത്തിലേക്ക് ക്ഷണിച്ചു. പക്ഷേ, ബാവാക്ക അതെല്ലാം നിരസിക്കുകയാണുണ്ടായത്. അദ്ദേഹം തന്റെ ആദര്‍ശത്തില്‍ നിന്ന് അണുകിട മാറിയില്ല. ഭൗതികമായ ആഗ്രഹങ്ങളോ സ്വന്തം അസ്തിത്വത്തിനുള്ള വേണ്ടുവകകളൊ ഇല്ലാതെയാണ് അദ്ദേഹം സമത്വസുന്ദരഭൂമി സപ്നം കണ്ട് പലപ്പോഴും മരണത്തെപ്പോലും മുന്നില്‍ കണ്ടു പ്രവര്‍ ത്തിച്ചത്. തന്റെ മാനുഷികമായ വീക്ഷണത്തിലും ത്യാഗപരമായ മനഃസ്ഥിതിയിലും വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. പ്രശസ്തിയോ സമ്പത്തോ ഇല്ലാതെ വളരെ വളരെ ദാരുണമായ അവസ്ഥയിലാണ് അദ്ദേഹവും കുടുംബവും എത്തിച്ചേര്‍ന്നത്.

നക്‌സ്‌ലൈറ്റ് പ്രസ്ഥാനം നമ്മുടെ കലാ സാംസ്‌കാരിക മേഖലകളെ വലിയ രീതിയില്‍ സ്വാധീനിച്ചിരുന്ന ഒന്നായിരുന്നുവെന്ന് പറഞ്ഞുവല്ലോ. സാഹിത്യകാരന്മാരെയും കലാകാരന്മാരെയും ആശയപരമായി ഉത്തേജിപ്പിക്കാന്‍ പ്രസ്ഥാനത്തിനായി. അവര്‍ക്കെല്ലാം അടിത്തറ ഒരുക്കി കൊടുത്തത് ബാവാക്കയെ പോലുള്ള അടിസ്ഥാന വിഭാഗത്തിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ആയിരുന്നു. എന്നാല്‍, അവരുടെ ത്യാഗങ്ങളെയും സാമൂഹ്യപരമായുള്ള അവരുടെ സംഭാവനകളെയും സ്വാര്‍ഥസ്വഭാവം പുലര്‍ത്തുന്ന സമൂഹം അവഗണിച്ച് മാറ്റി നിര്‍ത്തുകയാണ് ഉണ്ടായത്

ഇതിനിടയിലും ഞങ്ങള്‍ ഇടയ്ക്കിടെ കാണുമായിരുന്നു. ഒരു ദിവസം ഞാന്‍ ഓഫീസില്‍ നിന്ന് വിളിച്ചപ്പോള്‍ ഫോണെടുത്തത് മകളായിരുന്നു. ബാവാക്ക മസ്തിഷ്‌കാഘാതം വന്നു ആശുപത്രിയില്‍ ആണെന്നു മകള്‍ പറഞ്ഞു. ഞാന്‍ എത്തിച്ചേര്‍ന്നപ്പോള്‍ അദ്ദേഹം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് തന്റെ ചെറിയ കൂരയില്‍ കസേരയില്‍ നടക്കാന്‍ കഴിയാത്തവിധം ഇരിക്കുകയായിരുന്നു. അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ ചികിത്സ മുന്നോട്ടു പോകുന്നുണ്ടായിരുന്നു. താന്‍ ആത്മകഥ എഴുതാന്‍ ഉദ്ദേശിക്കുന്നു എന്നും അത് ഉടനെ ആരംഭിക്കുമെന്നും എന്നോട് പറഞ്ഞു. ഞാന്‍ പലവട്ടം അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ് ഞാന്‍ ഒരു ദീര്‍ഘയാത്രയില്‍ ആയിരുന്നു. അപ്പോള്‍ സുഹൃത്തും പ്രവാസി സാഹിത്യകാരനുമായ പെരിന്തല്‍മണ്ണ സ്വദേശി മുസഫര്‍ അഹമ്മദ് എന്നോട് ഫോണില്‍ വിളിച്ചു പറഞ്ഞു 'ബാവാക്ക പോയി ഇന്നലെ രാത്രി..'


ബാവാക്കയുടെ മരണശേഷം നാലുവര്‍ഷം കഴിഞ്ഞ് അദ്ദേഹത്തിന്റെ ആത്മകഥ മാര്‍ക്‌സ് മാവോ മലബാര്‍ ഓര്‍മക്കുറിപ്പുകള്‍ എന്ന പേരില്‍ കോഴിക്കോട്ടെ അദര്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. അസുഖബാധിതനായി ഇരുന്നപ്പോള്‍ അദ്ദേഹം എഴുതിയ പുസ്തകമാണ് അത്. അദ്ദേഹം ചരിത്രത്തിലൂടെ കടന്നുപോയ അടയാളങ്ങള്‍ ആ പുസ്തകത്തില്‍ വായിക്കാം.


25.05.2022, മീഡിയവണ്‍ ഷെല്‍ഫ്

Similar Posts